Asianet News MalayalamAsianet News Malayalam

മഴക്കെടുതി; കെഎസ്ഇബിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥയെന്ത്?

എവിടെയാണ് കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? ഇതിൽ കെ.എസ്.ഇ.ബിയുടെ അശ്രദ്ധ കൊണ്ടുണ്ടായ കെടുതി/ ദുരന്തം എന്താണ്? മഴ കൊണ്ടാണോ നാശനഷ്ടങ്ങളും പ്രളയവുമുണ്ടായത് അതോ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണോ? പശ്ചിമഘട്ടത്തിൽ മുഴുവൻ മഴക്കെടുതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ കെ.എസ്.ഇ.ബിയുടെയും സർക്കാരിന്റെയും പങ്ക് എന്താണ്? 

truth behind allegations against KSEB
Author
Idukki, First Published Aug 12, 2018, 12:18 PM IST

പ്രളയം എല്ലാം വിഴുങ്ങുകയാണ്. ജീവനും സ്വത്തും നോക്കിനിൽക്കെ ഒലിച്ചു പോകുന്നു. ഒരു നാട് ദുരിതത്തിനും നിസ്സഹായതക്കും മുന്നിൽ പകച്ചു നിൽക്കുന്നു. എന്നാൽ അപ്പോഴും ചിലർ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്. എങ്ങനെ പ്രളയമുണ്ടായി, സർക്കാർ എന്ത് ചെയ്തു, കെ.എസ്.ഇ.ബിയാണ് പ്രളയക്കെടുതിക്ക് കാരണം എന്നൊക്കെ പറഞ്ഞു ചർച്ചകൾ പൊടിപൊടിക്കുന്നു. 

കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതിയും കരുതലില്ലായ്മയുമാണോ നാട്ടിൽ ദുരിതം വിതച്ചത്? വൈദ്യുതി വകുപ്പ് ഡാമുകൾ നേരത്തെ തുറന്നു വിട്ടിരുന്നെങ്കിൽ പ്രളയക്കെടുതികൾ കുറയുമായിരുന്നോ? യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? സർക്കാരിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയോ? ഇടുക്കിയിൽ ഇപ്പോൾ ജലനിരപ്പ് 2400 അടിക്ക് താഴെ എത്തി. മഴ കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇനി വൈദ്യതി വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം. 

truth behind allegations against KSEB

1976 ലാണ് ഇടുക്കി ഡാം കമ്മീഷൻ ചെയ്തത്. ഇക്കഴിഞ്ഞ 42 വര്‍ഷത്തിനിടക്ക് രണ്ടു പ്രാവശ്യം മാത്രമാണ് ഡാം കുറച്ചെങ്കിലും സ്പിൽ ചെയ്യേണ്ടി വന്നിട്ടുള്ളത്. 1981ലും 1992ലുമായിരുന്നു അത്. അതു സംഭവിച്ചത് ഇതുപോലെ കാലവർഷത്തിലായിരുന്നില്ല, തുലാവർഷം കനത്തപ്പോഴായിരുന്നു. 2003 ൽ വെള്ളം കയറി വന്നെങ്കിലും തുറന്നു വിടേണ്ടി വന്നില്ല. അതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്ന മഴ പെയ്യുന്നത്. കെ.എസ്.ഇ.ബി ഇതിനെ നേരിടാൻ പൂർണ സജ്ജമായിരുന്നു. 

അണക്കെട്ടുകൾ എന്നുവെച്ചാൽ തന്നെ ജലസംഭരണികളാണ്. വെള്ളം സംഭരിച്ചു നിർത്താനുള്ള സാങ്കേതിക സംവിധാനങ്ങളാണവ. മഴ കടുത്തപ്പോൾ ഇത്തവണ ഇടുക്കി അണക്കെട്ടിലേക്ക് 1000 -1200 ഘനമീറ്റർ ജലമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തിക്കൊണ്ടിരുന്നത്. അതായത് 10 -12 ലക്ഷം ലിറ്റർ വെള്ളം ഓരോ സെക്കന്റിലും ഒഴുകി വന്നു കൊണ്ടിരുന്നു. അണക്കെട്ടില്ലായിരുന്നെങ്കിൽ ഈ വെള്ളമൊക്കെ നേരെ ഒഴുകി പെരിയാറിൽ ചെന്ന് ചേർന്നേനെ. എന്നാൽ അണക്കെട്ടുള്ളത് കൊണ്ട് അതിൽ സംഭരിക്കാൻ കഴിഞ്ഞു. നിയന്ത്രിതമായി പുറത്തു വിടാനും കഴിഞ്ഞു. സെക്കന്റിൽ 12 ലക്ഷം ലിറ്റർ വെള്ളം പെരിയാറ്റിലൂടെ ഒഴുകാനുള്ള മഴ ഇടുക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് പെയ്തിട്ടും ഒരിക്കൽപ്പോലും 8 ലക്ഷം ലിറ്ററിൽ കൂടുതൽ വെള്ളം പെരിയാറ്റിലൂടെ ഒഴുക്കി വിടേണ്ടി വന്നില്ല എന്നത് കെ.എസ്.ഇ.ബിയുടെ കരുതൽ കൊണ്ടാണ്.

truth behind allegations against KSEB

കൊച്ചി വെള്ളക്കെട്ടിൽ കെട്ടിപ്പൊക്കിയ ഒരു നഗരമാണ്. ആലുവയും നെടുമ്പാശ്ശേരി എയർപോർട്ടും കോടതിയുമൊക്കെ വെള്ളക്കെട്ട് നികത്തി പടുത്തുയർത്തിയതാണ്. എന്നിട്ടും അണക്കെട്ടുകളിൽ ശേഖരിക്കുന്ന വെള്ളമാണ് ഇത്തവണത്തെ മഴയിൽ ഒരു പരിധി വരെ എറണാകുളം, ഇടുക്കി പാലക്കാട്, തൃശൂർ ജില്ലകളെ വെള്ളത്തിൽ മുക്കി കളയാതിരുന്നത്. ഇടുക്കി, ഇടമലയാർ, ലോവർ പെരിയാർ തുടങ്ങിയ ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളും വെള്ളപൊക്കം നിയന്ത്രിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട്. 

2401 അടി വരെ വെള്ളം മുൻപ് പൊങ്ങിയിട്ടുണ്ട്. 2403 അടി ആണ് അണക്കെട്ടിന്റെ ഫുൾ റിസർവോയർ ലെവൽ. അതിനും മുകളിൽ അഞ്ച് അടി കൂടി വെള്ളം ശേഖരിക്കാൻ കഴിയും. 2408 അടിയാണ്‌ മാക്സിമം വാട്ടർ ലെവൽ. 2403 മുതൽ 2408 വരെയുള്ള 5 അടിയുടെ "കുഷ്യൻ" ആണ് സ്പിൽ ചെയ്യുന്ന വെള്ളം നിയന്ത്രണത്തിന് ഉപയോഗപ്പെടുന്നത്.

truth behind allegations against KSEB

FRL നും MRL നും ഇടക്കുള്ള 5 അടി കുഷ്യൻ ഉണ്ടെങ്കിലും FRLന് താഴെ 5 അടി കൂടി ഉപയോഗപ്പെടുത്തി കുഷ്യൻ കൂട്ടുക എന്നതാണ് മഴ അതി ശക്തമാകുമ്പോൾ ചെയ്യാറുള്ളത്. അതുകൊണ്ടാണ് 2398 നും ഒരടി താഴെ 2397 ൽ ട്രയൽ റൺ നടത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.  എന്നാൽ അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നത് വൈദ്യുതോത്പാദനത്തിന് ആയതു കൊണ്ട് അങ്ങനെ തുറന്നു വിട്ട് വെള്ളം കളയാറില്ല. 2408 ആയി കഴിഞ്ഞാൽ ഒറ്റയടിക്ക് സ്പിൽ ചെയ്തു വെള്ളം കളയേണ്ടി വരുന്നതിനാൽ 2397 ആവുമ്പോഴേ ട്രയൽ റൺ ചെയ്യാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. ഇത്തവണത്തെ കനത്ത മഴ പെയ്തപ്പോഴല്ല അങ്ങനെ ഒരു ആലോചനയുണ്ടായത്. കഴിഞ്ഞ മഴക്കാണ്‌ ആഗസ്ത് നാലിനോട് അടുപ്പിച്ച്. 

മഴ പെയ്തുകൊണ്ടേയിരുന്നു. വെള്ളം കൂടി കൂടി വന്നു. 2395 അടി എത്തി. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ട്രയൽ റൺ ആവശ്യം വന്നാൽ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ മഴ കുറഞ്ഞു. വെള്ളത്തിന്റെ അളവ് കൂടുന്നത് വളരെ കുറഞ്ഞ തോതിലായി. അതായത് മണിക്കൂറിൽ 0 .01 അനുപാതത്തിൽ. അതായത് ഒരടി വെള്ളം പൊങ്ങണമെങ്കിൽ 100 മണിക്കൂർ വേണം. 4 ദിവസം എടുക്കും ഒരടി വെള്ളം പൊങ്ങാൻ എന്ന അവസ്ഥ വന്നപ്പോ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നു. വൈദ്യുതോത്പാദനം നടക്കുന്നതിനാൽ വെള്ളം തുറന്നു വിടേണ്ടി വന്നില്ല. ജനറേഷൻ കൊണ്ട് തന്നെ വെള്ളത്തിന്റെ തോത് കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. 

truth behind allegations against KSEB

എന്നാൽ അതു കഴിഞ്ഞുണ്ടായ മഴയിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. 2397 അടി എത്തി. അപ്പോൾ തന്നെ ട്രയൽ നടത്താൻ കെ.എസ്.ഇ.ബി തയ്യാറായിരുന്നു. എന്നാൽ ഇതിനിടെ ഇടമലയാർ തുറക്കേണ്ടി വന്നു. അതിന്റെ പ്രത്യാഘാതം കൂടി കണക്കിലെടുക്കാതെ ട്രയൽ നടത്തിയാൽ കുഴപ്പമാകും എന്ന വിലയിരുത്തൽ വന്നതിനാൽ ട്രയൽ ഒരടി കൂടി കഴിഞ്ഞ് 2398- അടിയിൽ ആകാം എന്ന് തീരുമാനിച്ചു. 2398 ൽ ട്രയൽ റൺ ചെയ്യാൻ തീരുമാനിച്ചു. ട്രയൽ റൺ ഉച്ചക്ക് 12. 30 മുതൽ നാലു മണിക്കൂർ വെള്ളം സ്പിൽ ചെയ്തു ട്രയൽ റൺ നടത്തി. വെള്ളം അപ്പോൾ ഒലിച്ചു പോയ റൂട്ട് കെ.എസ്.ഇ.ബി നേരത്തെ കണ്ട റൂട്ട് തന്നെയായിരുന്നു. അതിനാൽ ട്രയൽ റണ്ണിൽ വെള്ളം സ്പിൽ ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ലെന്നു കണ്ടെത്തി. അതിനാൽ സ്പില്ലിങ്  തുടരാൻ തീരുമാനിച്ചു. പിറ്റേ ദിവസം മഴ കൂടി. സ്‌പില്ലിങ്ങിന്റെ അളവും അതിനനുസരിച്ചു കൂട്ടി. വെള്ളത്തിന്റെ അളവ് 2400 ൽ നിലനിർത്തി. 

കറുത്തവാവ് ആയതിനാൽ കടലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം ആലുവയിലെത്തിയാൽ കടലിലേക്ക് ഒഴുകണം. അതിനാൽ കെ.എസ്.ഇ.ബി വേലിയിറങ്ങുന്ന സമയം നോക്കിയാണ് വെള്ളം സ്പിൽ ചെയ്തിരുന്നത്. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ. അതല്ലെങ്കിൽ ആലുവയിൽ വലിയ വെള്ളപൊക്കം ഉണ്ടാവുമായിരുന്നു. 

എന്നാൽ നദി കയ്യേറി പണിത പലതും വെള്ളം ഒഴുകി പോകുമ്പോൾ ആ വഴിയിൽ ഉണ്ടായിരുന്നു. അതൊക്കെ വെള്ളത്തിനടിയിലായി. പുഴ ഒഴുകുന്നതിനു ഒരു വഴിയുണ്ട്. ചെറുതോണിയിലൊക്കെ റിവർ ബെഡിലാണ് ബസ്‌സ്ടാന്റ് അടക്കമുള്ള പലതും നിൽക്കുന്നത്. ഇങ്ങനെ പലയിടത്തും റിവർ ബെഡ് കയ്യേറി പണിത പലതുമുണ്ട്. അതൊക്കെ വെള്ളത്തിനടിയിലായി. റിവർ ബെഡിലുണ്ടായിരുന്ന കൃഷി ഒളിച്ചു പോയി. 
എന്നാൽ സർക്കാർ എല്ലാവര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു എല്ലാവരെയും മാറ്റി താമസിപ്പിച്ചിരുന്നു.

truth behind allegations against KSEB

ഇതിൽ എവിടെയാണ് കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? ഇതിൽ കെ.എസ്.ഇ.ബിയുടെ അശ്രദ്ധ കൊണ്ടുണ്ടായ കെടുതി/ ദുരന്തം എന്താണ്? മഴ കൊണ്ടാണോ നാശനഷ്ടങ്ങളും പ്രളയവുമുണ്ടായത് അതോ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണോ? പശ്ചിമഘട്ടത്തിൽ മുഴുവൻ മഴക്കെടുതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ കെ.എസ്.ഇ.ബിയുടെയും സർക്കാരിന്റെയും പങ്ക് എന്താണ്? 

നിമ്ന പ്രദേശത്തായിട്ട് പോലും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വന്നിട്ടില്ല. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും ഒരേ സമയം വെള്ളം സർക്കാർ ഒഴുക്കി വിട്ടിട്ടില്ല. പരസ്പരം ചർച്ച ചെയ്ത് അപകടമില്ലാത്ത വിധത്തിലാണ് വെള്ളം രണ്ടു അണക്കെട്ടുകളിൽ നിന്നും തുറന്നു വിട്ടത്. ഇടമലയാർ തുറന്നു വിട്ട് എന്ത് സംഭവിക്കുന്നുവെന്നു രണ്ടു ദിവസം നോക്കിയതിനു ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 

പാലക്കാട് കെ.എസ്.ഇ.ബിക്ക് അണക്കെട്ട് ഇല്ല. വയനാട് ജില്ലയിൽ ബാണാസുര സാഗറിലെ വെള്ളം നാശം വിതച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയിലെ ബാണാസുര സാഗർ അണക്കെട്ട് മൾട്ടി പർപ്പസ് ഡാമാണ്. എന്നാൽ ഇറിഗേഷനാവശ്യമായ പണികളൊന്നും പൂർത്തിയായിട്ടില്ല. ഇറിഗേഷൻ കാനാൽ ഇല്ല. അതിനാൽ വൈദ്യുതോൽപ്പാദനത്തിനു മാത്രമാണ് വെള്ളം ഉപയോഗിക്കുന്നത്. എല്ലാ വർഷവും മഴക്കാലത്ത് ബാണാസുര സാഗർ നിറഞ്ഞൊഴുകും. ഇത്തവണ മഴ കൂടുതലായിരുന്നു. അതിനാൽ തന്നെ ഡാമിൽ നിന്നും പുറത്തേക്കൊഴുകിയ വെള്ളം വലിയ നാശം വിതച്ചു. ഇതിൽ കെ.എസ്.ഇ.ബിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് എനിക്ക് അറിയില്ല. ഇറിഗേഷൻ നടത്താനായാലും മഴക്കാലത്ത് വെള്ളം ആവശ്യമില്ല. മഴക്കാലത്തൊക്കെ ഡാം നിറഞ്ഞൊഴുകും. 

truth behind allegations against KSEB

കെ.എസ്.ഇ.ബിയും മന്ത്രി എം.എം മണിയും സർക്കാരും ഇതിൽ കൂടുതൽ എന്ത് മുൻകരുതലാണ് എടുക്കേണ്ടിയിരുന്നത്? എന്ത് ദുരിതമാണ് വൈദ്യുത വകുപ്പ് കേരളത്തിൽ ഉണ്ടാക്കിയത്? വെള്ളക്കെട്ടുകള്‍ കയ്യേറി കെട്ടിടങ്ങൾ പണിഞ്ഞത് കൊണ്ട് വെള്ളം വഴിമാറി ഒഴുകില്ല. വെള്ളം അതിന്റെ വഴിയേ തന്നെ ഒഴുകിയാണ് കടലിൽ ചേരുക. അത് തന്നെയല്ലേ ഇപ്പോൾ സംഭവിച്ചിട്ടുള്ളൂ?

ഇനിയെങ്കിലും സർക്കാരിനെയും എം.എം മണിയേയും കുറ്റപ്പെടുത്തുന്നത് നിർത്തി ഒറ്റകെട്ടായി ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവൂ. രാഷ്ട്രീയം കളിക്കേണ്ടത് മനുഷ്യരും മൃഗങ്ങളും ജീവജാലങ്ങളും മരിച്ചു വീഴുമ്പോഴും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴുമല്ല. രാഷ്ട്രീയം കളിക്കാനും അതിന്റേതായ സമയമുണ്ട് ദാസാ. ഇപ്പോ അതിനുള്ള സമയമല്ല. ഒന്നിച്ചു നിൽക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഒറ്റകെട്ടായി നാടിന്റെ പുനർനിർമാണത്തിൽ പങ്കാളിയാവുക. 

Follow Us:
Download App:
  • android
  • ios