അടുത്തകാലത്തായി കേരളം വ്യാപകമായി ചര്‍ച്ച ചെയ്ത ഒരു സംഭവമായിരുന്നു തിരുവനന്തപുരം വെള്ളറടയിലെ വില്ലേജ് ഓഫീസ് ആക്രമണം. കേസില്‍ അറസ്റ്റിലായ സാം കുട്ടി എന്ന ഗ്രാമീണന്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനാല്‍ ജയില്‍വാസം തുടരുന്നു. ആനപ്പാറയ്ക്കടുത്ത് കോവില്ലൂരിലെ പിതൃഭൂമി വിറ്റ് കടബാദ്ധ്യത തീര്‍ക്കാന്‍ ഇറങ്ങിയതായിരുന്നു പ്രാരാബ്ധക്കാരനായ ഈ പാവം ഗൃഹനാഥന്‍. വില്ലേജ് ഓഫീസ് ആക്രമണവും സാം കുട്ടിയുടെ അറസ്റ്റും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍, എന്തു കൊണ്ട് സാം കുട്ടി ഇത്തരമൊരു കടുംകൈ ചെയ്തു എന്ന കാര്യത്തിലേക്ക് നമ്മുടെ അന്വേഷണങ്ങളൊന്നും കാര്യമായി ചെന്നെത്തിയിട്ടില്ല. പൊലീസ് ഭാഷ്യത്തിനപ്പുറം പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ വശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താധിഷ്ഠിത പരിപാടിയായ 'അന്വേഷണം' സാം കുട്ടിയുടെ ദേശത്തേക്ക് ക്യാമറ തിരിച്ചത്. എം.ജി അനീഷ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
സാം കുട്ടിയുടെ കഥ
തിരുവനന്തപുരത്തിനടുത്ത് വെള്ളറട കോവില്ലൂര്‍ ചന്തക്ക് സമീപം കതിരടിച്ചാന്‍പാറയില്‍ ചെറുപുരക്കോണം വീട്ടില്‍ മനാസ് യോഹന്നാന്റെയും ചെല്ലമ്മയുടെയും മകനായ സാം കുട്ടിയെന്ന അഹിംസാവാദിയായ പെന്തക്കോസ്തുസഭാവിശ്വാസി വെള്ളറട വില്ലേജാപ്പീസ് ആക്രമിച്ചുവെന്ന വാര്‍ത്ത പരക്കുന്നത് ഏപ്രില്‍ 28നാണ്. സംഭവം നടന്ന് മൂന്നാം നാള്‍ അടൂരിനടുത്ത് ആനന്ദപ്പള്ളിയിലെ വാടകവീട്ടില്‍ നിന്നും സാം കുട്ടി പിടിക്കപ്പെട്ടു. വള്ളിപുള്ളി തെറ്റാതെ, നടന്ന സംഭവങ്ങളത്രയും അന്വേഷണോദ്യോഗസ്ഥരോട് സാം കുട്ടി വെളിപ്പെടുത്തി.
വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാനുറപ്പിച്ച് ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിവച്ചാണ് 28ന് സാംകുട്ടി ആനപ്പാറയിലെ വില്ലേജാപ്പീസിലെത്തിയത്. പക്ഷെ 35 വര്‍ഷം ഒപ്പം ജീവിച്ച ഭാര്യ പുഷ്പ്പമ്മയും മൂന്നാണ്‍ മക്കളും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. ആക്രമണകാരിയായൊരു സാംകുട്ടി അവരുടെ സങ്കല്‍പ്പത്തിലെവിടെയുമുണ്ടായിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും ഇതുതന്നെ ആവര്‍ത്തിച്ചു. കോവില്ലൂരില്‍ തന്റെപേരില്‍ പിതാവ് യോഹന്നാന്‍ 1991ലെഴുതിക്കൊടുത്ത 18 സെന്റ് ഭൂമിവിറ്റ് കടബാധ്യത തീര്‍ക്കാന്‍ അഞ്ചുവര്‍ഷമായി സര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങിയ രോഗിയായ സാംകുട്ടിയെ കുറ്റവാളിയാക്കിയത് ഭരണകൂടമാണെന്ന് നിഷ്പക്ഷകേരളം വിലയിരുത്തി.
തമിഴ്‌നാട് അതിര്‍ത്തിയിലെ ശിവലോകം ഡാമിനടുത്ത് ജനിച്ചുവളര്‍ന്ന പുഷ്പ്പമ്മയെ 1981ല്‍സാംകുട്ടി വിവാഹം ചെയ്തു. അവര്‍ക്ക് മൂന്നാണ്‍ മക്കളുണ്ടായി. കോവില്ലൂരിലെ ഇപ്പൊഴത്തെ 18സെന്റ് തര്‍ക്കഭൂമിയില്‍ ചെറിയരു വീടുപണിതു. പക്ഷെ തൊണ്ണൂറുകള്‍ക്കൊടുവില്‍ കോവില്ലൂരുപേക്ഷിച്ച് സാംകുട്ടിയും കുടുംബവും അടൂരിനടുത്ത് ആനന്ദപ്പള്ളിയിലേക്ക് പോന്നു. റബര്‍ കേരളത്തിന്റെ പ്രതീക്ഷയായി വളരുന്ന കാലം. മുറിച്ചുമാറ്റാറായ മരങ്ങള്‍ വെട്ടി പരമാവധി ലാഭമുണ്ടാക്കുന്ന സ്ലാട്ടര്‍ സമ്പ്രദായമായിരുന്നു ലക്ഷ്യം. കൊടുമണ്ണില്‍ വെറും വെള്ളക്കെട്ടായ ഭൂമിയില്‍ ഷെഡ്ഡു കെട്ടിപ്പാര്‍ത്ത് ആ കുടുംബമൊന്നടങ്കം പ്രയത്‌നിച്ചു. അപ്പൊഴും കോവില്ലൂരിലെ 18സെന്റ് പ്രതീക്ഷയായി നിന്നു. പക്ഷെ സാംകുട്ടി അവിചാരിതമായി രോഗിയായി മാറി. ഒപ്പം റബര്‍വിലയുമിടിഞ്ഞു. പ്രാരത്ഥനയും വഴിപാടുകളുമായി കഴിഞ്ഞൊരു കുടുംബം തകരാന്‍ തുടങ്ങി. പലിശപ്പണവും വായ്പ്പകളും ചികിത്സയും കൊണ്ടുമുടിഞ്ഞു. ഗതികെട്ട സാംകുട്ടി, ഒരേയൊരത്താണിയായ കോവില്ലൂരിലെ 18 സെന്റ് വില്‍ക്കാന്‍ നിശ്ചയിച്ചു.
35 വര്‍ഷം ഒപ്പം ജീവിച്ച ഭാര്യ പുഷ്പ്പമ്മയും മൂന്നാണ്‍ മക്കളും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. ആക്രമണകാരിയായൊരു സാംകുട്ടി അവരുടെ സങ്കല്‍പ്പത്തിലെവിടെയുമുണ്ടായിരുന്നില്ല.
വ്യവഹാരത്തിനൊരുങ്ങുമ്പോഴാണ് സാംകുട്ടി ശരിക്കും പെട്ടത്. 1964ല്‍ 4283-ാം നമ്പറില്‍ പട്ടയം കിട്ടിയ, പിതാവ് യോഹന്നാന്‍ ബാങ്ക് വായ്പ്പക്ക് ഈടായി സമര്‍പ്പിച്ചിരുന്നതും 91ല്‍ സാം കുട്ടിയുടെ പേരില്‍ ആധാരമാക്കിയതും അതുവരെയുള്ള കരമൊടുക്കിയതുമായ ഈ പിതൃഭൂമി റവന്യൂരേഖകളില്‍ സര്‍ക്കാര്‍ തരിശായി മാറി. സാം കുട്ടി സ്വന്തം ഭൂമി തിരിച്ചുപിടിക്കാനിറങ്ങിപ്പുറപ്പെട്ടു. ഇല്ലാത്ത പണം ചെലവിട്ട് ടാപ്പിംഗ് ജോലി മാറ്റിവച്ച് ആനന്ദപ്പള്ളിയില്‍ നിന്നും 130 കിലോമീറ്റര്‍ സഞ്ചരിച്ച് ആനപ്പാറയിലെ വില്ലേജാപ്പീസിലേക്കും നെയ്യാറ്റിന്‍കര താലൂക്കാപ്പീസിലേക്കും നിരന്തരം വന്നുപോയി. ഒരു സെന്റിന്റെ കാശ് കളഞ്ഞാല്‍ പ്രശ്‌നപരിഹാരം സാധ്യമാണെന്ന് പറഞ്ഞപ്പോള്‍ അതും മുടക്കി. കൈക്കൂലിയായി വന്‍തുക ചെലവാക്കിയിട്ടും അഞ്ചുവര്‍ഷം പെടാപ്പാടുപെട്ടിട്ടും ഭൂമി കിട്ടാത്തതിന്റെ നിരാശയാണ് സാംകുട്ടിയെ ആക്രമണകാരിയാക്കിയത്.
സാംകുട്ടിയിപ്പോള്‍ ജയില്‍ശിക്ഷയനുഭവിക്കുന്നൊരു കുറ്റവാളിയാണ്. ജീവനക്കാരെയും മറ്റും കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് സെക്ഷന്‍ 307, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗികകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് സെക്ഷന്‍ 332, സ്‌ഫോടകവസ്തുക്കളുപയോഗിച്ച് ഓഫീസ് തകര്‍ക്കാന്‍ ശ്രമിച്ചതിന് സെക്ഷന്‍ 436, ജീവനക്കാരോടുള്ള വിരോധം നിമിത്തം വില്ലേജോഫീസില്‍ അതിക്രമിച്ചുകയറിയതിന് സെക്ഷന്‍ 450, പൊതുമുതല്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതിന് പി.ഡി.പി.പി ആക്ട് എന്നിവയനുസരിച്ച് ശിക്ഷയനുഭവിക്കേണ്ട പ്രതി. ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പുകളാണ്. പക്ഷെ സാംകുട്ടിയെ കുറ്റവാളിയാക്കിയവരും സാഹചര്യങ്ങളും എങ്ങനെ ശിക്ഷിക്കപ്പെടും?
കാലാകാലങ്ങളായി കേരളത്തിലെ റവന്യരേഖകളില്‍ സംഭവിച്ചുകൊണ്ടിരുന്ന അവിശ്വസനീയമായ തിരിമറികളും കൈക്കൂലിയിലൂടെ അത് ശരിപ്പെടുത്തുന്ന സര്‍ക്കാര്‍ സേവകരുടെ ജാലവിദ്യകളുമാണ് സാംകുട്ടിമാരെ സൃഷ്ടിക്കുന്നതെന്ന് വെള്ളറടയിലെ സംഭവവും തെളിയിക്കുന്നു.
ഉദ്യോഗസ്ഥര്‍ ഒരു ദേശത്തോട് ചെയ്തത്
ഇവിടെയാണ് സാംകുട്ടിയെന്ന വിഷയത്തിന്റെ കാതല്‍. കാലാകാലങ്ങളായി കേരളത്തിലെ റവന്യരേഖകളില്‍ സംഭവിച്ചുകൊണ്ടിരുന്ന അവിശ്വസനീയമായ തിരിമറികളും കൈക്കൂലിയിലൂടെ അത് ശരിപ്പെടുത്തുന്ന സര്‍ക്കാര്‍ സേവകരുടെ ജാലവിദ്യകളുമാണ് സാംകുട്ടിമാരെ സൃഷ്ടിക്കുന്നതെന്ന് വെള്ളറടയിലെ സംഭവവും തെളിയിക്കുന്നു. വെള്ളറട വില്ലേജാപ്പീസാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ഏഷ്യനെറ്റ് ന്യൂസിന്റെ അന്വേഷണത്തില്‍ ഇതേ താലൂക്കാഫീസിന്റെയും വില്ലേജാപ്പീസിന്റെയും പരിധിക്കുള്ളില്‍ സര്‍ക്കാരാപ്പീസിന് തീകൊളുത്താനിറങ്ങിപ്പുറപ്പെട്ടേക്കാവുന്ന നൂറുകണക്കിന് സാംകുട്ടിമാരെയാണ് കാണാനായത്. വര്‍ഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന വ്യക്തിഗത ഭൂമികള്‍ പലതും 1994ലെ റീസര്‍വ്വേ പരിഷ്‌കരണത്തോടെ സര്‍ക്കാര്‍ തരിശോ, പാറത്തരിശ്ശോ കാണിപ്പറ്റ് തരിശോ ആയി മാറിയിരിക്കുന്നു. റീസര്‍വ്വേ നടപ്പിലാകുന്ന കാലത്ത് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും ഈ പ്രശ്‌നത്തിന് ന്യായമായ പരിഹാരം കണ്ടെത്താന്‍ വന്നുപോയ സര്‍ക്കാരുകള്‍ക്കൊന്നിനും കഴിഞ്ഞില്ല.
വെള്ളറട ചെമ്പൂര് ഭാഗങ്ങളില്‍ ഇങ്ങനെ സ്വന്തം ഭൂമി കൈവിട്ടുപോയ ആയിരക്കണക്കിനാളുകളുണ്ടെന്ന് വില്ലേജാപ്പീസിലും താലൂക്കാപ്പീസിലുമുള്ളവര്‍തന്നെ പറയും. പക്ഷെ അതെങ്ങനെ സംഭവിച്ചു? അതവര്‍ക്കും വ്യക്തമല്ല, വ്യക്തമായത് തുറന്നുപറയാന്‍ തയ്യാറുമല്ല. കേരളാ തമിഴ്‌നാട് അതിരെന്ന് പറയാവുന്ന ഈ പ്രദേശങ്ങളിലെ ഭൂമി മുഖ്യമായും കാണിപ്പറ്റ് തരിശ്ശ്, പാറത്തരിശ്ശ് എന്നീ ഗണത്തിലുള്‍പ്പെട്ടതാണ്. ഇഷ്ടദാനമായും ഭാഗപത്രമായും വിലായാധാരമായും മാത്രമല്ല മുന്‍കാലങ്ങളില്‍ പൂര്‍വ്വികരിലേക്ക് ഭൂമി വന്നുചേര്‍ന്നത്. കാടുവെട്ടിത്തെളിച്ചതും കൈയ്യേറിയതും പതിച്ചുകിട്ടിയതും കവര്‍ന്നെടുത്തതുമൊക്കെയായി പല വഴികളിലൂടെ വന്നുചേര്‍ മണ്ണാണ് ഈ തലമുറ പിതൃഭൂമിയൊന്നാരാധിക്കുന്നത്.
1964ലെ ലാന്റ് അസൈന്‍മെന്റ് ആക്ട് അനുസരിച്ച് ഭൂമി പതിച്ചുനല്‍കാന്‍ ലാന്റ് അസൈന്‍മെന്റ് ഓഫീസുകളുണ്ടായിരുന്ന പ്രദേശമാണ് സാംകുട്ടിയുടെ വെള്ളറടയും ചെമ്പൂരുമെല്ലാം. നിരവധിപേര്‍ക്ക് ഭൂമി പതിച്ചുകിട്ടി. അതിനുതെളിവായി ലാന്റ് അസൈന്‍മെന്റ് ഉത്തരവുകള്‍ സൂക്ഷിക്കുന്ന പതിവും ഭൂവുടമകള്‍ക്കുണ്ടായിരുന്നില്ല. അതിലെ ക്രമക്കേടുകളും അനീതിയും ചോദ്യംചെയ്യാന്‍ ഇനിയാരും ജീവിച്ചിരിപ്പില്ല. ആ കാലത്ത് അതിന് കൃത്യമായ വ്യവസ്ഥകളുമുണ്ടായിരുന്നില്ലെന്ന് ഇന്നത്തെ ഉദ്യോഗസ്ഥര്‍ പറയും. അതിന് കൃത്യമായൊരു വ്യവ്യവസ്ഥയുണ്ടാക്കാനായി നടത്തിയ റീസര്‍വ്വേ കഴിഞ്ഞപ്പോള്‍ ചട്ടിയില്‍ നിന്നും അടുപ്പില്‍വീണ ഗതിയായി റവന്യൂരേഖകള്‍ക്ക്. 1991ല്‍ സാം കുട്ടിക്കെഴുതിക്കിട്ടിയ ഭൂമിക്ക് 1989 മുതല്‍ കരമടച്ച രസിതു പോലും കാണാം. ലോകം മുഴുവന്‍ മാപ്പിലാക്കിയ ഗൂഗിളിന്റെ കാലത്താണ് കേരളസര്‍ക്കാരിന്റെ ഈ റവന്യൂദുരിതങ്ങളും സാം കുട്ടിമാരുടെ ജയില്‍വാസങ്ങളും.
നിരവധിപേരുടെ ഭൂപ്രശ്‌നം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഭൂമി ഇനിയുമൊരു പൊതുപ്രശ്‌നമായി ഉയര്‍ന്നുവരാത്തതിന്റെ കാരണം പോലും കൈക്കൂലി നല്‍കി രഹസ്യമായി അത് തിരിച്ചെടുക്കാമെന്ന ഒറ്റപ്പെട്ട പ്രതീക്ഷയാണ്
മന്ത്രിയുടെ ഇടപെടലുകള്‍
സ്വന്തം ഭൂമി വിറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ സാംകുട്ടി ജയില്‍വാസം തുടരുകയാണ്. സാംകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം ഭൂമി കൈവിട്ടുപോയ വെള്ളറടയിലെ പാവങ്ങളുണ്ട്. അവരില്‍ പലരുടെയും നില മോശമാണ്. ഉറ്റവര്‍ മരണപ്പെട്ട'് തനിച്ചായവര്‍, പ്രായം ചെന്നവര്‍, രോഗികള്‍, സ്ത്രീകള്‍ അങ്ങനെ രാഷ്ട്രീയസ്വാധീനം കൊണ്ടോ നിയമയുദ്ധം കൊണ്ടോ ഭൂമി തിരിച്ചെടുക്കാന്‍ ത്രാണിയില്ലാത്ത ഈ പാവങ്ങളോട് ഭരണകൂടമെന്തുപറയും? എല്ലാം ശരിയാകുമെന്ന പ്രതീക്ഷാനിര്‍ഭരമായ മുഖക്കുറിയോടെ അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭയിലെ റവന്യുമന്ത്രിക്കുമുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയമവതരിപ്പിക്കുമ്പോള്‍ അദ്ദേഹം സഗൗരവം അതേറ്റെടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ നെയ്യാറ്റിന്‍കര താലൂക്കാപ്പീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും നടത്തി അതേ ദിവസം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ കൃത്യമായൊരുത്തരം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കി.
സാംകുട്ടിയുടെ വിഷയത്തില്‍ മന്ത്രിക്ക് മുന്‍വിധികളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ പ്രശ്‌നപരിഹാരത്തിന് നിയമസാധുത വേണ്ടതുണ്ട്. മൊത്തത്തിലൂള്ള പരിഹാരത്തിന് ഒരു പുതിയ റീസര്‍വ്വേ മാത്രമാണ് പോംവഴിയെന്ന നിര്‍ദ്ദേശങ്ങള്‍പോലും ഉദ്യോഗസ്ഥര്‍ക്കിടയിലുയരുന്നു. വീടും പതിനഞ്ച് സെന്റും വരെയുള്ള ഭൂമി മടക്കിക്കിട്ടാന്‍ സാധ്യത പൊതുവില്‍ ബാക്കിനില്‍ക്കുമ്പോഴും സാംകുട്ടിക്ക് മുന്നിലുള്ള പോംവഴി ഭൂമി പതിച്ചുകിട്ടാനുള്ള പുതിയൊരപേക്ഷ നല്‍കലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷെ അവരാരും കാമറക്ക് മുന്നിലേക്ക് വരാന്‍ ഒരുക്കമായിരുന്നില്ല. 1964ല്‍ ഭൂമിക്ക് പട്ടയം കിട്ടിയതിനെ ശരിവക്കുന്ന ലാന്റ് അസൈന്‍മെന്റ് ഉത്തരവില്ലാത്തതാണ് സാംകുട്ടിയുടെ ഭൂമിക്കുള്ള ശരിയായ പ്രശ്‌നമൊണ് ഉദ്യോഗസ്ഥരുടെ ന്യായം. പക്ഷെ പോയ 4വര്‍ഷം കൊണ്ട് ഇങ്ങനെ സംഭവിച്ച 150-ഓളം പേര്‍ക്ക് വില്ലേജാപ്പീസിലൂടെ പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങളുമുണ്ട്. ഒരു സെന്റിന്റെ കാശുമുടക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന വാഗ്ദാനം റവന്യുസ്ഥാപനങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു.
നിരവധിപേരുടെ ഭൂപ്രശ്‌നം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഭൂമി ഇനിയുമൊരു പൊതുപ്രശ്‌നമായി ഉയര്‍ന്നുവരാത്തതിന്റെ കാരണം പോലും കൈക്കൂലി നല്‍കി രഹസ്യമായി അത് തിരിച്ചെടുക്കാമെന്ന ഒറ്റപ്പെട്ട പ്രതീക്ഷയാണ്. അപ്പൊഴും ആനന്ദപ്പള്ളിയിലെ വാടകവീട്ടിലിരു് പുഷ്പ്പമ്മയും മക്കളും കരായാതെ കരയുകയാണ് സാംകുട്ടിയുടെ മടങ്ങിവരവിനായി. കുമിഞ്ഞുകൂടുന്ന കടബാധ്യതകള്‍ക്കിടയില്‍ വില്ലേജാപ്പീസ് ആക്രമിച്ചതിന്റെ നഷ്ടപരിഹാരമായി കെട്ടിവക്കേണ്ട 1 ലക്ഷം കണ്ടെത്താന്‍ ശിഷ്ടം 30 സെന്റ് കൂടി പണയപ്പെടുത്താനുള്ള ഒരുക്കത്തിലാണവര്‍.
സാം കുട്ടിയ്ക്കപ്പുറം ഈ പ്രശ്‌നങ്ങളുടെ മാനങ്ങള്‍ എന്തൊക്കെയാണ്?
കാണുക:

