Asianet News MalayalamAsianet News Malayalam

മഴ കാത്തൊരു കൊട്ടാരം

udaypur travelogue
Author
Udaipur, First Published Apr 29, 2016, 9:46 AM IST

udaypur travelogue

ആദ്യ ഭാഗം
സ്വപ്‌നങ്ങളിലേക്ക് ഒരു തീവണ്ടി

ഉദയ്പൂരില്‍ ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ രാത്രി ഒരു പാട് വൈകിയിരുന്നു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് നടന്നു. മുന്‍കൂറായി റും ബുക്ക് ചെയ്തവര്‍ക്കുള്ള ബസ് ഇതാണെന്ന് ടൂര്‍ മാനേജര്‍   പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഞങ്ങള്‍ റൂം ബുക്ക് ചെയ്തിരുന്നില്ല. റൂം മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് ഡോര്‍മെറ്ററിയിലായിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്. കസിന്‍സ് വിരുന്നു വന്നിരുന്ന അവധിക്കാലത്ത് നമ്മളൊക്കെ നടുത്തളത്തില്‍ ഷീറ്റ് വിരിച്ചു കിടന്നവരല്ലേ ഇതും നല്ലൊരു അനുഭവമായിരിക്കും എന്നൊക്കെ ലേഖ എന്നെ സമാധാനിപ്പിച്ചു.

വിശാലമായ നടുമുറ്റമുള്ള വലിയൊരു നാലുനില കെട്ടിടത്തിനു മുന്‍പിലാണ് ബസ്സിറങ്ങിയത്. ആ കെട്ടിടത്തിലായിരുന്നു ഞങ്ങള്‍ക്കുള്ള ഡോര്‍മെറ്ററി. അഞ്ചോ ആറോ ബസ് ആളുകളുണ്ടായിരുന്നു. ഗോവണി   കയറി ഡോര്‍മെറ്ററിയില്‍ ചെന്നപ്പോള്‍ അന്തം വിട്ടു നിന്നു പോയി. വലിയൊരു ഓഡിറ്റോറിയത്തിന്റെ വലുപ്പമുള്ള ഹാള്‍. അതില്‍ കട്ടിലോ മറ്റു സൗകര്യങ്ങളോ ഒന്നും ഇല്ല. അതു കണ്ടപ്പോള്‍ റോഡ്   സൈഡിലൊക്കെ ഉറങ്ങുന്നവരെ   കുറിച്ചോര്‍ക്കൂ എന്നായി ലേഖ. കയ്യില്‍ കരുതിയിരുന്ന ഷീറ്റ് വിരിച്ച് എല്ലാവരും കിടക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു ഒരു ബെഡ് ഷീറ്റ് വിരിച്ച് ഞങ്ങളും കിടന്നു. തറയില്‍   വിരിച്ച കോട്ടാ സ്റ്റോണില്‍ നിന്ന് തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു. കണ്ണടച്ചു കിടക്കൂ അപ്പോ ഉറങ്ങിക്കോളും എന്നൊക്കെ ലേഖ ഇടക്കിടെ പറയുന്നുണ്ട്. വീടിനെ കുറിച്ചും കുടുംബത്തെക്കുറിച്ചുമോര്‍ത്ത്   അഞ്ചു മണിയാവുന്നതും കാത്ത് ഞാന്‍ കിടന്നു.

രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ ബാത്‌റൂമിനു മുന്‍പില്‍ വലിയ ക്യു. എന്തു ചെയ്യുമെന്നോര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് പഴയ ഒരു ചങ്ങാതി ചിരിച്ചു കൊണ്ട് മുന്‍പില്‍ വന്നത്. സമരങ്ങളുടെ മുന്‍നിരയില്‍   കൈകള്‍ ഉയര്‍ത്തി ഉച്ചത്തില്‍ ഇങ്ക്വിലാബ് വിളിച്ചിരുന്ന അവനെ കോളെജ്  വിട്ടിട്ട് ആദ്യമായി   കാണുകയായിരുന്നു. വിശേഷങ്ങള്‍   ചോദിച്ചറിയുന്നതിനിടെ താഴെ ഒരു രാജസ്ഥാനി സുന്ദരി ബക്കറ്റിനു പത്തു   രൂപ  നിരക്കില്‍  ചൂടുവെള്ളം   വില്‍ക്കുന്നുണ്ട്. അവരുടെ ബാത്ത് റൂം ഉപയോഗിക്കാമെന്ന് പറഞ്ഞപ്പോള്‍  അവന്റെ  പിറകെ ഞങ്ങളും നടന്നു. കുളിമുറിക്ക്  അത്ര വൃത്തിയൊന്നുമുണ്ടായിരുന്നില്ല. ഏഴുമണിക്കു ചൂടുള്ള പ്രഭാത  ഭക്ഷണം  വിളമ്പി തുടങ്ങിയപ്പോഴേക്കും ഞങ്ങളും എത്തി. ഉദയ്പൂരിന്റെ കാഴ്ചകള്‍ കാണാന്‍ ബസ്സിലേക്ക് കയറി.

udaypur travelogue
സാലഭഞ്ജികമാര്‍ സാക്ഷി!
തടാകങ്ങളുടെ നാടാണ് ഉദയ്പൂര്‍. കോട്ടകളുടേയും കൊട്ടാരങ്ങളുടേയും നാട്. 1568ല്‍ അക്ബര്‍ ചിത്തോര്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് റാണാ ഉദയസിംഹന്‍ നിര്‍മ്മിച്ച നഗരമാണ് ഉദയ്പൂര്‍.

ഉദയ്പൂരിന്റെ രാജവീഥികളിലൂടെ ബസ് പായുമ്പോള്‍ ടൂര്‍ മാനേജറുടെ അറിയിപ്പ് വന്നു. ജഗദീശ് ടെമ്പിളും സിറ്റിപാലസും കാണാനാണ് ആദ്യം പോവുന്നത്. ഷെയര്‍ ഓട്ടോ വിളിച്ചു പോകാവുന്നതാണ്. പന്ത്രണ്ട്   മണി ആവുമ്പോഴേക്ക് എല്ലാവരും ബസില്‍ തിരിച്ചെത്തണമെന്നൊക്കെ  പറയുന്നതിനിടെ ബസ് വിശാലമായൊരു പാര്‍ക്കിങ്ങ് ഏരിയയിലേക്ക് പ്രവേശിച്ചു. സ്‌നാക്‌സും  വെള്ളവുമൊക്കെ ബാക്ക്പാക്കില്‍ എടുത്ത് ഞങ്ങള്‍ മൂന്നുപേരും പുറത്തിറങ്ങി. സഹയാത്രികരെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ബസിനടുത്ത് കാത്തു നില്‍ക്കേ ഒരു ഓട്ടോറിക്ഷ ഞങ്ങളുടെ അരികില്‍ നിര്‍ത്തി.നാലുപേര്‍ക്ക് കയറാവുന്ന ഓട്ടോയില്‍   അഞ്ചു പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഡ്രൈവറുടെ  സീറ്റിനോട് ചാരി  മടക്കി വെച്ചിരുന്ന കുഷ്യനിട്ട ഒരു  പലക  നിവര്‍ത്തി അതിലിരിക്കാന്‍ പറഞ്ഞു. തിങ്ങി ഞെരുങ്ങി ഞങ്ങളും ഇരുന്നു. കൊട്ടാരത്തിലേക്കുള്ള   വഴിയിലൂടെ ഓട്ടോ നീങ്ങുമ്പോള്‍ എത്രയോ   ആനകളും അമ്പാരിയും ഭടന്മാരുമൊക്കെ പോയ വഴിയാവണമെന്നൊക്കെ ഓര്‍ത്തു ഞാനിരുന്നു. കുളമ്പടി ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് വെറുതേ ചെവിയോര്‍ത്തു   നോക്കി.

ഓട്ടോ കൊട്ടാരവാതിലിനടുത്ത് നിര്‍ത്തി. കൊട്ടാരത്തിലേക്കുള്ള വഴിയില്‍ തന്നെയായിരുന്നു ജഗദീശ് ക്ഷേത്രവും. ഇന്തോ ആര്യന്‍ രീതിയില്‍ പണിത ക്ഷേത്രം 1651 ല്‍ നിര്‍മിച്ചതാണ്. റോഡില്‍ നിന്ന് പന്ത്രണ്ട്   പടവുകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍.ചെരിപ്പഴിച്ചു വെച്ച് ഇടതു ഭാഗത്തുള്ള ഇരു നിലകളുള്ള പ്രധാന ക്ഷേത്ര വഴിയിലൂടെ ലേഖ അപ്രത്യക്ഷയായി. ട്രീസ കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന   തിരക്കിലായിരുന്നു. വലതു ഭാഗത്തെ ഒരാള്‍പൊക്കമുള്ള ശില്‍പ്പ വേലകളാല്‍ സമൃദ്ധമായ തറയുടെ അരികിലൂടെ ഞാന്‍ പതുക്കെ നടന്നു. മൂന്നു നിലകളിലായാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഒരാളുയരത്തില്‍   തറനിരപ്പില്‍ നിരന്നുനില്‍ക്കുന്ന അന്‍പതോളം  തൂണുകള്‍. കല്ലില്‍ കൊത്തിയ  വാദ്യോപകരണങ്ങള്‍ വായിക്കുന്ന നിരയായി നില്‍ക്കുന്ന ആളുകള്‍, ആനകള്‍, നൃത്തം ചെയ്യുന്ന സാലഭഞ്ജികമാര്‍.    . അത്ഭുതത്തോടെ  തൊട്ടും കണ്ട് പതുക്കെ നടന്നു ചെന്നത് ലേഖക്കു മുന്‍പിലായിരുന്നു.

പിന്നീട് സിറ്റിപാലസിലേക്ക് നടന്നു. ടിക്കറ്റ് നിരക്ക് അല്‍പ്പം  കൂടുതലാണവിടെ.

udaypur travelogue

ചേതക്ക് എന്ന കുതിര
മേവാര്‍ ഭരിച്ചിരുന്ന രജപുത്ര രാജാവായ റാണാ പ്രതാപ് സിങ്ങിന്റെ പിതാവ് മഹാറാണ ഉദയ്‌സിങ്ങ് നിര്‍മിച്ചതാണീ കൊട്ടാരം. നിരവധി പ്രവേശന കവാടങ്ങള്‍ കടന്നു വേണം കൊട്ടാരത്തിലേക്ക് പ്രവേശിക്കാന്‍.  പിച്ചോള തടാകത്തിനരികില്‍ സ്ഥാപിച്ച ഈ കൊട്ടാരം അതിമനോഹരമാണ്. ആദ്യ ഗേറ്റായ ബഡി പോളിലൂടെ  അകത്തളത്തേക്ക് നടന്നു. മനോഹരമായ പെയ്ന്റിങ്ങുകളും വിലപിടിപ്പുള്ള വസ്ത്രങ്ങളും വന്‍   ആയുധ ശേഖരങ്ങളും കണ്ട് നടക്കുന്നതിനിടയിലാണ് മട്ടുപാവിലെ ജാലകത്തിലൂടെ  വെണ്ണകല്ലില്‍ തീര്‍ത്ത ലേക് പാലസ്  കണ്ടത്. അതിമനോഹരമായ കാഴ്ചയാണത്. ബോട്ടില്‍ കയറി അതിനടുത്തു കൂടി  പോവാമെങ്കിലും ഉള്‍തടങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. താജ് ഗ്രൂപ്പിന്റെ ഒരു സ്റ്റാര്‍ ഹോട്ടലാണത്.

വലിയൊരു പെയിന്റിങ്ങിന്റെ ഭംഗിയും നോക്കി നില്‍ക്കുമ്പോഴാണ് രണ്ട് വിദേശവനിതകളേയും കൂട്ടി ഒരു ഗൈഡ് വന്നത്. ഒരു യുദ്ധത്തിന്റെ   ചിത്രമായിരുന്നു അത്. റാണാപ്രതാപിനു യുദ്ധത്തില്‍   മുറിവേല്‍ക്കുന്നതും മുറിവേറ്റ രാജാവിനേയും കൊണ്ട്  ചേതക്  എന്നു  പേരുള്ള  കുതിര യുദ്ധഭൂമിയില്‍ നിന്ന് കുതിച്ചു പാഞ്ഞ് വലിയൊരു നദി എടുത്ത് ചാടി അനുജന്റെ   അടുത്ത് എത്തിച്ചു മരിച്ചു വീഴുന്നതും   അയാള്‍ വിവരിച്ചു. ഒരു ചലച്ചിത്രത്തിലെന്ന  പോലെ ആ  ചിത്രം എന്റെ   മുമ്പില്‍ തെളിഞ്ഞു  വന്നു. ആനകളേയും   അമ്പാരികളെയും  വകഞ്ഞു മാറ്റി ഭടന്മാര്‍ക്കിടയിലൂടെ   കുതിച്ചു   പായുന്ന   ചേതക്കിനെ   ഞാന്‍   കണ്ടു. ആ  ചിത്രത്തിലേക്ക് നോക്കി ഒരു  ഏറെ നേരം നിന്നു പോയി. ലേഖയും ട്രീസയും ഒരു പാട് മുന്നിലായിരുന്നു. കൊട്ടാരത്തിന്റെ   മട്ടുപാവില്‍ നിന്നുള്ള ഉദയ്പൂരിന്റെ  കാഴ്ചയും അതിമനോഹരം തന്നെ. കാഴ്ചകള്‍ കണ്ട് സമയം പോയതേ അറിഞ്ഞില്ല. തിരിച്ചെത്തിയപ്പോഴേക്കും ബസ് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മഹാരാജാ സജ്ജന്‍ സിങ്ങ് 1884ല്‍ മഴ മേഘങ്ങളെ കാണാന്‍ നിര്‍മിച്ച മഴക്കാല വസതിയാണ് സജ്ജന്‍ ഘര്‍. കൊട്ടാര നിര്‍മാണം പാതിവഴിയില്‍ എത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. പിന്നീട് രാജാവായ ഫത്തേഹ് സിങ്ങാണ് കൊട്ടാര നിര്‍മാണം പൂര്‍ത്തികരിച്ചത്.


രാജ്ഞിയും തോഴിമാരും
ഹേലിയോം കീ ബാരി കാണാനായിരുന്നു അടുത്ത യാത്ര. ഫത്തേസാഗര്‍ തടാകക്കരയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മഹാറാണാ  സാംഗ്രാം സിങ്ങ് നിര്‍മിച്ചതാണീ കൊട്ടാരം. വിവാഹ ശേഷം നാല്‍പ്പത്തെട്ടു   തോഴിമാരുമായി വന്ന റാണിക്കും തോഴിമാര്‍ക്കും താമസിക്കാന്‍ നിര്‍മിച്ചതാണീ കൊട്ടാരം. മനോഹരമായ ലോട്ടസ് തടാകവും ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന ഫൗണ്ടനും പുല്‍ത്തകിടിയും മാര്‍ബിള്‍ കൊണ്ട്   നിര്‍മിച്ച  പവലിയനുമൊക്കെ  കണ്ട്  പുറത്തിറങ്ങിയപ്പോള്‍ മുകളില്‍ സൂര്യന്‍ കത്തി  ജ്വലിക്കുകയായിരുന്നു.

അടുത്തൊരു പാര്‍ക്കിലായിരുന്നു ലഞ്ച് ഒരുക്കിയിരുന്നത്. ഭക്ഷണവും കഴിച്ചു ബസ്സില്‍ കയറിയപ്പോള്‍ റാണാ പ്രതാപ്  മെമ്മോറിയലും ഫത്തെഹ് സാഗര്‍  തടാകത്തിലൂടെ ഒരു ബോട്ട് യാത്രയും കഴിഞ്ഞ്   അഞ്ചരക്ക് ബസ് പുറപ്പെടുമ്പോഴേക്ക് തിരിച്ചെത്തണമെന്ന് ടൂര്‍ മാനേജര്‍  ഫൈസല്‍ അറിയിച്ചു.  നേരം രണ്ടു   മണി  കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.ധാരാളം   സമയമുണ്ടായിരുന്നു.ഉദയ്പൂരിന്റെ   വീഥിയിലൂടെ   ബസ് നീങ്ങുമ്പോള്‍  ഉദയ്പൂരില്‍   എന്തൊക്കെ   കാണാനുണ്ടെന്ന്  ഗൂഗിളില്‍   തിരയുകയായിരുന്നു   ഞാന്‍.

ഫത്തെഹ് സാഗര്‍ തടാക കരയില്‍ ബസ് നിര്‍ത്തിയപ്പോഴേക്ക് എല്ലാവരും എങ്ങോട്ടൊക്കെയോ തിരക്കിട്ട് നടന്നു പോയി. അടുത്ത് കണ്ട ഒരു കല്ലിലിരുന്ന്  മാനേജര്‍ ഫൈസലിനോട് ദൂരെയായി കണ്ട കൊട്ടാരത്തിലേക്ക് എങ്ങിനെ പോവുമെന്ന് ചോദിക്കുമ്പോഴാണ് സാഹിലിനെ കണ്ടത്. സജ്ജന്‍ ഘറിലേക്ക് കൂട്ടു പോവാന്‍ എല്ലാവരോടും ചോദിച്ചു മടുത്ത് ബസ് പുറപ്പെടുന്ന സമയം ചോദിക്കാന്‍ വന്നതായിരുന്നു അവന്‍. എവിടെ പോവുന്നു ഞങ്ങളും വന്നോട്ടെ എന്ന് വെറുതെ ചോദിച്ചതായിരുന്നു ഞാന്‍.

udaypur travelogue

മഴ കാത്തൊരു കൊട്ടാരം
വരൂ, എന്നവന്‍ പറഞ്ഞതും ഞങ്ങള്‍ ചാടി പുറപ്പെട്ടു. ഓട്ടോ ചാര്‍ജിന് വില പേശുന്നത് കണ്ട് ട്രെയിനില്‍ ഉണ്ടായിരുന്ന രണ്ടു സഹയാത്രികരും കൂടെ കൂടി. തടാകത്തിനരികിലൂടെയുള്ള റോഡിലൂടെ ഓട്ടോ നീങ്ങി. ആരവല്ലി മലനിരകളുടെ മുകള്‍ ഭാഗത്താണ് സജ്ജന്‍ ഘര്‍. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ കുന്നുകയറിയ വഴി വലിയൊരു ഗേറ്റിനരികിലാണ് അവസാനിച്ചത്. അവിടുന്നങ്ങോട്ട് ഒരാള്‍ക്ക് നൂറു രൂപ ടിക്കറ്റെടുത്ത് ഫോറസ്റ്റ് വക വാഹനത്തിലേ മുകളിലേക്ക് പോവാനാവു. മഹാരാജാ സജ്ജന്‍ സിങ്ങ് 1884ല്‍ മഴ മേഘങ്ങളെ കാണാന്‍ നിര്‍മിച്ച മഴക്കാല വസതിയാണ് സജ്ജന്‍ ഘര്‍. കൊട്ടാര നിര്‍മാണം പാതിവഴിയില്‍ എത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. പിന്നീട് രാജാവായ ഫത്തേഹ് സിങ്ങാണ് കൊട്ടാര നിര്‍മാണം പൂര്‍ത്തികരിച്ചത്.

സിറ്റി പാലസിന്റെ ധാരാളിത്തത്തിനെക്കാളും സഹേലിയോന്‍ കി ബാരിയുടെ കുളിര്‍മയെക്കാളും എനിക്കേറെ ഇഷ്ടം തോന്നിയത് സജ്ജന്‍ ഘര്‍നോടാണ്. മുകളിലേക്കുള്ള യാത്രയില്‍ കാണുന്ന കാഴ്ച്ച ക്യാമറയിലേക്ക് പകര്‍ത്തുമ്പോള്‍ 'നിങ്ങളെന്താ ബാഗില്‍ നിന്ന് ക്യാമറ എടുക്കുന്നേ ഇല്ലല്ലോ' എന്നായി സാഹില്‍. ഞാനങ്ങിനെയാണ്. യാത്രകള്‍ ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെ മൊബൈലോ ക്യാമറയോ തൊടില്ല. യാത്രയിലെ മനോഹര ദൃശ്യങ്ങളും അനുഭവങ്ങളും കണ്ണിലും മനസ്സിലും പകര്‍ത്താനാണെനിക്കിഷ്ടം.

കുന്നിന്‍ മുകളിലെ ആ കൊട്ടാരം കണ്ടപ്പോള്‍ ഏതോ ഫെയറി ടെയില്‍ ലോകത്ത് എത്തിയ പോലെ. രാജസ്ഥാന്‍ കൊട്ടാരങ്ങളുടേയും കോട്ടകളുടേയും ഉള്ളിലേക്ക് കാലെടുത്ത് വെക്കുമ്പോഴേ സുഖദമായ ഒരു തണുപ്പ് നമ്മെ വന്ന് പൊതിയും. വളഞ്ഞു പിരിഞ്ഞു കോണിപടികള്‍ കയറി മട്ടുപ്പാവിലെ പവലിയനില്‍ ഇരുന്നപ്പോള്‍ ഒരു മഴ പെയ്‌തെങ്കില്‍ എന്ന് വെറുതേ മോഹിച്ചു. വിശാലമായ മുറ്റത്തെ ചെറിയ മതിലില്‍ ഇരുന്ന് പിച്ചോള തടാകത്തിന്റെ വിദൂര ദൃശ്യം നോക്കിയിരിക്കെ കൂട്ടുകാര്‍ സമയം വൈകിയെന്ന് തിരക്ക് കൂട്ടി. ഫോറസ്റ്റ് വകുപ്പിന്റെ വാഹനത്തില്‍ ഗേറ്റിനരികില്‍ എത്തിയപ്പോള്‍ ഓട്ടോക്കാരന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. 

വലിയൊരു പെയിന്റിങ്ങിന്റെ ഭംഗിയും നോക്കി നില്‍ക്കുമ്പോഴാണ് രണ്ട് വിദേശവനിതകളേയും കൂട്ടി ഒരു ഗൈഡ് വന്നത്. ഒരു യുദ്ധത്തിന്റെ   ചിത്രമായിരുന്നു അത്. റാണാപ്രതാപിനു യുദ്ധത്തില്‍   മുറിവേല്‍ക്കുന്നതും മുറിവേറ്റ രാജാവിനേയും കൊണ്ട്  ചേതക്  എന്നു  പേരുള്ള  കുതിര യുദ്ധഭൂമിയില്‍ നിന്ന് കുതിച്ചു പാഞ്ഞ് വലിയൊരു നദി എടുത്ത് ചാടി അനുജന്റെ   അടുത്ത് എത്തിച്ചു മരിച്ചു വീഴുന്നതും   അയാള്‍ വിവരിച്ചു. ഒരു ചലച്ചിത്രത്തിലെന്ന  പോലെ ആ  ചിത്രം എന്റെ   മുമ്പില്‍ തെളിഞ്ഞു  വന്നു.

നിറങ്ങള്‍ തന്‍ നൃത്തം
റാണാപ്രതാപ് മെമ്മോറിയല്‍ കാണാനായിരുന്നു അടുത്ത യാത്ര. കുന്നിന്‍ മകളിലെ പ്രതാപ് മെമ്മോറിയല്‍ മ്യൂസിയവും കണ്ട് ചേതക് കുതിരയുടെ മുകളില്‍ ഇരിക്കുന്ന പ്രതാപ് സിങ്ങിന്റെ വലിയ പ്രതിമക്കു മുന്‍പില്‍ ചെന്നപ്പോള്‍ സഞ്ചാരികളുടെ തിരക്ക്. കുന്നിറങ്ങി താഴെ വന്നപ്പോള്‍ അവിടവിടെയായി സിമന്റു ബെഞ്ചിലിരിക്കുന്ന സഹയാത്രികരെ കണ്ടപ്പോള്‍ ഫതേഹ്‌സാഗര്‍ പാര്‍ക്കിന്റെ നടുവിലുള്ള നെഹ്രു പാര്‍ക്കിലേക്ക് പോവാമെന്നായി എല്ലാവരും. വൈകുന്നേരത്തെ ഇളം വെയിലില്‍ ബോട്ടിലൂടെയുള്ള ആ യാത്രയും സന്തോഷം തരുന്നതായിരുന്നു.

പാര്‍ക്കില്‍ ചെന്നപ്പോള്‍ തിരക്ക് നന്നെ കൂറവായിരുന്നു. എല്ലാവരും തടാകക്കരയില്‍ അവിടവിടെയായി നിശബ്ദം ഇരുന്നു. സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. മാനേജര്‍ ഫൈസലിനെ വിളിച്ച് ബസ്സിന്റെ സമയം ഒരിക്കല്‍ കൂടെ തീര്‍ച്ചപ്പെടുത്തി. തിരക്ക് കുറവായതിനാല്‍ മതിയായ  യാത്രക്കാരില്ലാത്തതാവാം ഞങ്ങള്‍ക്ക് തിരിച്ചു പോവാനുള്ള ബോട്ട് വന്നതേയില്ല. വൈകിയാല്‍ ബസ് പുറപ്പെടും പിന്നെ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ വിളിച്ചു  വരേണ്ടിവരും എന്ന് ഓര്‍മപ്പെടുത്താന്‍ ഫൈസലിന്റെ വിളി വന്നപ്പോള്‍ എനിക്കും ടെന്‍ഷന്‍ തോന്നി. അല്‍പ്പ സമയത്തെ കാത്തിരിപ്പിനു ശേഷം  ബോട്ടെത്തി. എല്ലാവരും ചാടി കയറി. അഞ്ച് ഇരുപത്തഞ്ചായപ്പോള്‍ ദൂരെ നിര്‍ത്തിയിട്ട ബസ്സിലേക്ക് ഓടി കിതച്ചു ചെന്നു കയറിയപ്പോള്‍ സഹയാത്രികരുടെ  മുഖത്തെല്ലാം കനം. കാണാത്ത ഭാവത്തില്‍ പിന്‍സീറ്റില്‍ പോയി ഇരുന്ന് ഞങ്ങള്‍ അടക്കി ചിരിച്ചു. റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയില്‍ ഒന്‍പതരക്കേ എത്തൂ. ഷോപ്പിങ്ങിനു പോവേണ്ടവര്‍ക്ക് പോവാം ട്രെയിന്‍ കൃത്യം ഒന്‍പത് നാല്‍പ്പത്തഞ്ചിനു പുറപ്പെടുമെന്ന് പറഞ്ഞ ഫൈസല്‍ ഞങ്ങളെ നോക്കി ചിരിച്ചതെന്താണെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു.

ഉദയ്പൂരിലെ തെരുവിലൂടെ അലഞ്ഞു നടക്കുന്നതും ഒരു രസമായിരുന്നു. കണ്ട കടയിലൊക്കെ കയറി വില ചോദിച്ചും വിലപേശിയും ഞങ്ങള്‍ മൂന്നും  നടക്കുന്നതിനിടയില്‍ സാഹില്‍ മുന്നിലെത്തി. രാജസ്ഥാന്‍ ഭക്ഷണം രുചി നോക്കാന്‍ പോവുകയാണവന്‍. ഞങ്ങളും കൂടെ കൂടി. വഴിയരികില്‍ കണ്ട ഓട്ടോക്കാരും കല്ലുപിടിപ്പിച്ച പാവാടകള്‍ വാങ്ങിയപ്പോള്‍ കടയുടമസ്ഥനും നിര്‍ദ്ദേശിച്ചത് ഒരേ ഹോട്ടല്‍. ഒരു കുഞ്ഞു ഹോട്ടലായിരുന്നു അത്. കാര്യം പറഞ്ഞപ്പോള്‍ തന്നെ അവിടെ നിന്നിരുന്ന പയ്യന്‍ ഒരു പ്ലെറ്റില്‍ നെയ്യ് ഒഴിച്ച ദാല്‍, ബാട്ടി, ചുറുമയും പിന്നെ ഒരു ഗ്ലാസ്സില്‍ മോരിന്റെ രുചിയുള്ള ഛാച് എന്നു പേരുള്ള പാനീയവും വിളമ്പി. രുചിയുള്ള ഭക്ഷണമായിരുന്നു. വൈവിധ്യം നിറഞ്ഞ സംസ്‌ക്കാരമാണ് രാജസ്ഥാനിന്റേത്. നിറങ്ങളോട് അമിതമായ അഭിനിവേശമുള്ളവരാണവര്‍. ഭക്ഷണത്തിലും തനതായ ഒരു സംസ്‌കാരമുണ്ടവര്‍ക്ക്. നേരം പോയതറിഞ്ഞില്ല. ഒരു ഓട്ടോ വിളിച്ച് റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എല്ലാവരും ബോഗികളില്‍ കയറിയിരുന്നു. നല്ല ക്ഷീണം തോന്നി. മുകളിലെ ബെര്‍ത്തിലേക്ക് കയറി ഇയര്‍ ഫോണും ചെവിയില്‍ തിരുകി മെഹദി ഹസനേയും കേട്ട് കിടക്കെ ഉറങ്ങി പോയത് അറിഞ്ഞില്ല.

ആദ്യ ഭാഗം
സ്വപ്‌നങ്ങളിലേക്ക് ഒരു തീവണ്ടി


 

Follow Us:
Download App:
  • android
  • ios