ചൈനയിലെ സിൻജിയാങ് മേഖലയിലെ ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട ചുരുക്കം ആളുകളിൽ ഒരാളാണ് കസാഖ് നിവാസിയായ ഒമിർ ബെകാലി. ചൈനീസ് തടങ്കൽപ്പാളയത്തിനുള്ളിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഒരു ഉയ്​ഗർ മുസ്ലീമാണ് അദ്ദേഹം. കസാഖ്, ഉയ്​ഗർ മേഖലയിലുള്ള പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണെന്ന് കരുതപ്പെടുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിനെ വിദ്യാഭ്യാസ ക്യാമ്പുകളെന്ന് വിശേഷിപ്പിക്കുമ്പോഴും, അവിടെ മുസ്ലിമുകൾ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ കൈകളിൽ ചുറ്റികകൊണ്ട് അടിച്ചുവെന്നും ഇരുമ്പിന്റെ ചാട്ടകൊണ്ട് ശരീരത്തിൽ അടിച്ചുവെന്നും ഒമിർ അവകാശപ്പെടുന്നു. തങ്ങളെ വംശീയ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് അധികാരികൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അതുകൂടാതെ ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് മുസ്ലിമുകളുടെ അവയവങ്ങൾ അനധികൃതമായി നീക്കം ചെയ്ത് കച്ചവടം നടത്തുന്നതായും അദ്ദേഹം സംശയിക്കുന്നതായി മിറർ.യുകെ എഴുതുന്നു.  

ഉയ്ഗർ, കസാഖ് മുസ്ലീങ്ങളെ തടങ്കലിൽ വയ്ക്കുന്നത് സംബന്ധിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു ടൂറിസം കമ്പനി നടത്തിയിരുന്നു. ജോലിയുടെ ഭാഗമായി ചൈനയിലേക്ക് പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. 2017 മാർച്ചിൽ സിൻജിയാങ്ങിലെ ടർപാനിലുള്ള തന്റെ അമ്മയെ കാണാൻ പോയപ്പോൾ, അവിടെ വച്ച് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ പിടിച്ച് കൊണ്ടുപോയി. "തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നു" എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എട്ട് ദിവസം അദ്ദേഹം ലോക്കപ്പിൽ കിടന്നു. 

അവർ കൈകൾ ബന്ധിച്ച്, ഒരു കറുത്ത തുണി കൊണ്ട് മുഖവും മൂടി. ഒരു ഡോക്ടർ വന്ന് അദ്ദേഹത്തിന്റെ രക്തം എടുത്തുവെന്നും ഒമിർ പറഞ്ഞു. അനധികൃതമായി അവയവം കടത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ഒരു നടപടിക്രമമാണ് അതെന്ന് ഒമിർ വിശ്വസിക്കുന്നു. തുടർന്ന് പീഡനം തുടങ്ങി. "എന്നെ ഒരു കസേരയിൽ കെട്ടിയിട്ടു. എന്റെ കൈകൾ ചുറ്റികകൊണ്ട് അടിച്ച് പൊട്ടിക്കുകയും, ഇരുമ്പ് ചമ്മട്ടികൊണ്ട് എന്റെ ശരീരം മുഴുവൻ അടിക്കുകയും ചെയ്തു" അദ്ദേഹം വിശദീകരിച്ചു. ഒരു ഘട്ടത്തിൽ ഒമീറിനെ തലകീഴായി കെട്ടിത്തൂക്കി വയറിന് താഴെ അടിക്കാൻ തുടങ്ങി.  

ഏഴു മാസവും പത്തു ദിവസവും അദ്ദേഹം ജയിലിൽ കിടന്നു. "ആദ്യത്തെ മൂന്ന് മാസം അവർ എന്നെ ചങ്ങലയ്ക്കിട്ടു. ചങ്ങല ഒരു വടിയുമായി ബന്ധിപ്പിച്ചിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. അവിടെ കിടന്ന് മരിച്ചു പോകുമോ എന്ന് ഞാൻ ഭയന്നു. ഞാൻ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന് സമ്മതിപ്പിക്കാനാണ് അവർ എന്നെ പീഡിപ്പിച്ചത്" ഒമിർ അവകാശപ്പെടുന്നു. ക്യാമ്പുകളിൽ ആളുകളെ പഠിപ്പിക്കുന്നുവെന്നത് വെറും നുണയാണ് എന്നദ്ദേഹം പറയുന്നു. മറിച്ച് അവിടെ നടക്കുന്നത് ബലാത്സംഗവും ശാരീരികവും മാനസികവുമായ പീഡനങ്ങളും മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവരുടെ അവയവങ്ങൾ അനധികൃതമായി കടത്തുന്നുണ്ടോ എന്ന് താൻ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കസാക്കിസ്ഥാനിലെ റേഡിയോയിൽ തടവിലാക്കപ്പെട്ടതിനെക്കുറിച്ച് ഭാര്യ സംസാരിക്കുകയും രാജ്യത്തെ ചൈനീസ് അംബാസഡറിന് കത്തെഴുതുകയും ചെയ്ത ശേഷമാണ് ഒമിറിനെ വിട്ടയച്ചത്. മോചിതനായ ശേഷം ഒമിർ തുർക്കിയിലേക്ക് പലായനം ചെയ്തു. സിൻജിയാങ്ങിലെ സ്ഥിതി ലോകത്തിന് മുന്നിൽ അദ്ദേഹം തുറന്നുകാട്ടി. എന്നാൽ അതിനെത്തുടർന്ന് ചൈനീസ് ഉദ്യോഗസ്ഥരിൽ നിന്ന് വധഭീഷണി ലഭിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. 

സിൻ‌ജിയാങ്ങിലെ ഉയ്ഗറുകളെ കൂട്ടത്തോടെ തടവിലാക്കുന്നതും അവയവമാറ്റ ശസ്ത്രക്രിയയുടെ ഉയർച്ചയും തമ്മിൽ നേരിട്ട് ബന്ധമുണ്ട് എന്ന് കാൻ‌ബെറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് വിദ്യാർത്ഥിയായ മാത്യു റോബർ‌ട്ട്സൺ പറയുന്നു. അവയവങ്ങളുടെ ആരോഗ്യത്തെ വിലയിരുത്തുന്നതിന് ആവശ്യമായ രക്തപരിശോധനയ്ക്കും മറ്റ് മെഡിക്കൽ പരിശോധനകൾക്കും ഉയ്ഗറുകൾ വിധേയരായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കാമ്പെയ്‌ൻ ഫോർ ഉയ്ഗർ‌സിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റുഷൻ അബ്ബാസ് പറയുന്നതനുസരിച്ച്, ചൈനയിൽ ദശലക്ഷക്കണക്കിന് ആളുകൾ ഡിഎൻ‌എ പരിശോധനയ്ക്ക് വിധേയരാകുകയും, ശസ്ത്രക്രിയക്ക് വിധേയരാവുകയും ചെയ്യുന്നു.  

ഈ വിഷയത്തിൽ വിദഗ്ദ്ധനായി കണക്കാക്കപ്പെടുന്ന ഒരു സ്വതന്ത്ര ഗവേഷകനായ എതാൻ ഗുട്ട്മാൻ പറയുന്നത് ഈ കാര്യം നടക്കുന്നുവെന്നതിൽ സംശയമില്ല എന്നാണ്. “ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി [സിസിപി] 1994 -ൽ തന്നെ സിൻജിയാങ്ങിന്റെ വധശിക്ഷാ കുറ്റവാളികളുടെ അവയവങ്ങളെടുക്കുന്നുണ്ടായിരുന്നു. 1997 ആയപ്പോഴേക്കും ശസ്ത്രക്രിയാ വിദഗ്ധർ ഉയ്ഗർ രാഷ്ട്രീയ, മതതടവുകാരിൽ നിന്ന് കരൾ, വൃക്ക എന്നിവ എടുക്കാൻ തുടങ്ങി" അദ്ദേഹം പറഞ്ഞു. സിൻജിയാങ്ങിൽ പ്രതിവർഷം 25,000 പേരെങ്കിലും കൊല്ലപ്പെടുകയും അവരുടെ അവയവങ്ങൾ കച്ചവടം ചെയ്യുപ്പെടുന്നുവെന്നും ഗുട്ട്മാൻ വിശ്വസിക്കുന്നു. പ്രധാനമായും സമ്പന്നരായ ചൈനീസ് ജനതയാണ് ഇത് വാങ്ങുന്നതെന്നും ഗുട്ട്മാൻ അഭിപ്രായപ്പെടുന്നു.