കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരു ചുവന്ന സാരിയുടെ പേരിലാണ് കളക്ടര്‍ ചര്‍ച്ചയായത്. വേറൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ചു കളഞ്ഞ സാരിയാണ് കളക്ടര്‍ ഉടുത്തിരുന്നത്. വർക്കല മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിൽ നിന്നും ഒരു മാസം മുമ്പ് കളക്ടര്‍ ശേഖരിച്ച സാരിയായിരുന്നു അത്. റീസൈക്ലിങ്ങിന്‍റേയും, പരിസ്ഥിതി സൌഹാര്‍ദ്ദത്തിലൂന്നിയ ജീവിതത്തിന്‍റേയും പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്‍റെ ഭാഗം കൂടിയായിരുന്നു ഇത്.

എന്നാല്‍, പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചു. പ്രിവിലേജുകള്‍ അനുഭവിച്ചിട്ടില്ലാത്തതും, ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നതായിട്ടുമുള്ള  സമൂഹത്തെ സംബന്ധിച്ച് ഈ ചലഞ്ച് അങ്ങനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകരടക്കം പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. റീസൈക്ലിങ്ങ് എന്ന ആശയത്തിന് എതിരല്ലെന്നും എന്നാല്‍, അതിന്‍റെ കാരണം എന്താണെന്നും അവര്‍ തന്നെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ആനന്ദവും രാഷ്ട്രീയമാണ്!  -രേഖാ രാജ് 

ഒന്നോ രണ്ടോ ഉടുപ്പ് വാങ്ങാനുള്ള കാശ് കൂട്ടി കൂട്ടി വെച്ച് ഫാബിന്ത്യയുടെ ഉടുപ്പുകൾ (പല ഘട്ടങ്ങളിലായി )വാങ്ങി ഇട്ടത് കൊണ്ട് മാത്രം ദളിത് ബൂർഷ്വാസിയെന്ന് വിളി കേട്ടിട്ടുള്ള ആളാണ് ഞാൻ! അത് പിന്നെ പണ്ടേ ദളിതത്വത്തെ ദാരിദ്ര്യവുമായി മാത്രം ബന്ധപ്പെടുത്തി മനസിലാക്കുന്ന വർഗ്ഗ ബോധമാണല്ലോ നമ്മുടേത് എന്നോർത്ത് ഞാൻ സമാധാനിച്ചു. അന്നത്തെ വിമർശകർ ഇന്ന് അധ്യാപകരായി എന്നേലും വലിയ ബൂർഷ്വാസികളായി നടക്കുന്ന കാണുമ്പോൾ അഭിമാനവും ഉണ്ട്.ലാളിത്യം എന്നത് ചില ശരീരങ്ങൾക്ക് മാത്രം അഫോർഡ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇന്ത്യയിൽ! ഇന്നിപ്പോൾ കളക്ടറുടെ വക ആഹ്വാനം കണ്ടപ്പോൾ ഇതൊക്കെ ഓർത്തു പോയി. കേരളത്തിലെ സമകാലിക ദളിത് സ്ത്രീ ആക്ടിവിസ്റ്റുകൾ നല്ല ഭംഗിയുള്ള മോഡേൺ വസ്ത്രങ്ങൾ (ശ്രദ്ധിക്കുക കോട്ടൺ സാരിയല്ല) ധരിച്ച് പൊതു വേദിയിൽ കസറുന്ന കാണുമ്പോൾ ഉള്ള രോമാഞ്ചമാണ് രോമാഞ്ചം!!

പറഞ്ഞ് വന്നത് ഇതാണ് ഈ ചലഞ്ച് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് കളക്ടർ, പുതിയ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച് സുന്ദരിയായി നടക്കുന്നത് കൂടിയാണ് എനിക്ക് രാഷ്ടീയം അത് എന്നെ ദളിത് സ്ത്രീകളെക്കുറിച്ചുള്ള വാർപ്പു മാതൃകയിൽ നിന്നും, ആക്ടിവിസമെന്നാൽ ത്യാഗമാണെന്ന ഗാന്ധിയൻ യുക്തിയിൽ നിന്നും രക്ഷിക്കും! ആനന്ദവും രാഷ്ട്രീയമാണ്!

പ്രകൃതിയേ ഇങ്ങനെ ഈ രീതിയിൽ സംരക്ഷിക്കുക എന്നത് എന്‍റെ ബാധ്യതയല്ലാ -മായ പ്രമോദ്

#പുനരുപയോഗംപ്രോത്സഹിപ്പിക്കുക
#പ്രകൃതിയെസംരക്ഷിക്കുക 

കളക്ടറേ,
സംഭവം കളറാ, (നിങ്ങൾ മുന്നോട്ട് വെക്കുന്ന നല്ല ആശയത്തേ കാണുകയും ചെയ്യുന്നു) പക്ഷേ, നിറങ്ങൾ മങ്ങിയ പല വസ്ത്രം ധരിച്ച ഒരു തലമുറ അവർക്ക് ഈ ചലഞ്ച് ചലഞ്ചല്ലാ, ചില സമയങ്ങളിൽ ജീവിതവുമായിരുന്നു.

6 വയസ്സു മുതൽ 23 വയസ്സുവരെ (24 വയസ്സിൽ നുമ്മ പ്രമോദിന്റ ഭാര്യയായി), അമ്മ വീട്ടുജോലി ചെയ്യുന്ന വീടുകളിൽ നിന്നും കൊണ്ടുവരുന്ന, പല ബ്രാന്‍റിൽ ഉള്ള, നിറം മങ്ങിയതും, അല്ലാത്തതുമായ വസ്ത്രങ്ങൾ കെട്ടഴിക്കാൻ നോക്കിയിരുന്ന ഒരു കാലമുണ്ട്. ഇത്രയും വസ്ത്രങ്ങളിൽ, നല്ലത് തിരഞ്ഞ്, 3 പെൺമക്കൾക്കുമായി വീതിച്ചെടുക്കുന്ന ഒരമ്മ. പരാതിയില്ല, പറയാനും പാടില്ലാ. സ്കൂളിൽ യുണിഫോം, വെള്ള ഷർട്ടും, നീല പാവാടയുമാണ്. ഒമ്പതാം ക്ലാസ്സിൽ ആണ്, സ്മിത എന്നിക്ക് അവൾടെ ഒരു വെള്ള ഷർട്ട് ആരും കാണാതെ തരുന്നത്, പകരം ഒരു കണ്ടിഷൻ, ക്ലാസ്സ് ലീഡർ തിരഞ്ഞെടുപ്പിൽ അവൾടെ പേരിൽ ഞാൻ വോട്ടു നൽകണം, സമ്മതം. 

കാരണം, അവൾടെ ഡ്രസ്സുകൾ ഗൾഫായിരുന്നു. ആ വെള്ള ഷർട്ട് ഏറെ മനോഹരവും. വോട്ടെടുപ്പ് തുടങ്ങി, ഞാൻ വാക്കുപാലിച്ചു, ഭുരിപക്ഷത്തേ വിട്ട് ന്യൂനപക്ഷമായ അവൾക്കായി നൽകി വോട്ട്, വോട്ട് പൊട്ടിച്ചു. അവൾക്ക് 3 വോട്ട്, അതിൽ ഒന്ന് ഞാനായിരുന്നു, കൊടുത്ത വാക്കും, വിശ്വാസവും ആയിരുന്നു, പ്രധാനം. പിന്നീട്, പുതിയത് ഇടണമെങ്കിൽ ഒരോണക്കാലത്തിനായി കാത്തിരിക്കും. അമ്മ പ്രസവ ശുശ്രൂഷയിൽ അഗ്രഗണ്യയാണ്, കുളിപ്പീരിന് ശേഷം കിട്ടുന്ന, 300 രൂപയുടെയോ മറ്റോ ഒരു സാരി, രണ്ട് പാവാടയും ബ്ലൗസ്സുമായി മാറും. ആദ്യമായി ഒരു ടെക്സ്റ്റയിൽ റെഡിമെയ്ഡ് ഇടുന്നത്, അമ്മയുടെ ചേച്ചി അക്കാമ്മ വാങ്ങി തന്ന ആ പച്ച ഉടുപ്പിൽ തന്നെയാ. പിന്നീട് മുത്ത ചേച്ചി സജിനി അക്കയുടെ ചേട്ടൻ വഴിയും അന്ന് 13 വയസ്സാ പ്രായം. 

പിന്നീട്, ഡിഗ്രി എത്തിയപ്പോ സ്വയം കണ്ടത്തിയ വഴിയാ അമ്മയ്ക്ക് പല വീടുകളിൽ നിന്ന് കിട്ടുന്ന, പട്ടുസാരികൾ, വീട്ടിൽ പഞ്ചായത്ത് വഴി കിട്ടിയ തയ്യൽമെഷിൻ ഉപയോഗിച്ച് വിവിധ തരം പട്ടുപാവടകൾ സ്വയം ആക്കും. ഇട്ട് സുന്ദരിയായി നടക്കും. പഠിച്ചിട്ടായിരുന്നില്ല, പക്ഷേ സ്വയം പഠിക്കും ചിലതൊക്കെ PG, MPhil, കാലഘട്ടത്തിൽ ഹോസ്റ്റൽ എത്തിയപ്പോൾ ഫർഹാന, എന്‍റെ കുഞ്ഞു, അച്ചൂസ്, ഇവരുടെ ചുരിദാറുകളായി വിവിധ ഫാഷനുകളിലായി. MPhil ഫെലോഷിപ്പിൽ ആദ്യം ചെയ്യ്തത് സ്വയം കുറച്ച് ഡ്രസ്സ്, എനിക്കും വീട്ടിലേക്കുമായി എടുത്തതാണ്. പിന്നീട്, ഏട്ടൻ പ്രമോദ് ശങ്കരനിലാണ് ഇഷ്ടമുള്ള വസ്ത്രം അതും ബ്രാൻഡഡായി ഇടുന്നത്. 

അത് ഇടാൻ നേരം ഉള്ളിലൊരു സന്തോഷമുണ്ട് അപ്പോൾ, പുതുമണം തിങ്ങുന്ന സന്തോഷം, അവിടെ പ്രകൃതിയേ ഇങ്ങനെ ഈ രീതിയിൽ സംരക്ഷിക്കുക എന്നത് എന്‍റെ ബാധ്യതയല്ലാ. കാരണം നാലു ദിക്കിൽ പിരിഞ്ഞു പോയ, കന്നിട്ടു പൂട്ടുന്ന പൂട്ടിന്‍റെ മറുതലക്കൽ ഒരു കന്നായി പൂട്ടി വിടുന്ന, അപ്പനപ്പൂപ്പൻമാരുടെയും, അമ്മമാരുടെയും തലമുറയിൽപ്പെട്ട പുതു തലമുറയാണ് ഞാൻ. ആ ഞങ്ങൾക്ക് പ്രകൃതിയേ സംരക്ഷിക്കാൻ അറിയുന്നിടത്തോളം ഒരാൾക്കും അറിയില്ലാ.

അപ്പോ ശരി വസ്ത്രങ്ങൾടെ പുനരുപയോഗം നിങ്ങൾ ചെയ്യുമ്പോൾ പ്രിവിലേജ്ഡും, ഞങ്ങൾ ഇടുമ്പോൾ അത് കണ്ട വീടുകളിൽ ജോലി ചെയ്ത് ദാനം ചെയ്യുന്ന അൺ പ്രിവിലേജ്ഡും ആകും. അതാ നിങ്ങളും ഞങ്ങളും തമ്മിലുള്ള അന്തരം.

എലീറ്റായവർക്ക് എന്തും എളുപ്പമാണ് -മനീഷ നാരായണന്‍

എലീറ്റായ (Elite) ഒരാൾക്ക് സിംപ്ലിസിറ്റിയുടെ ഏത് പടിയും ചാടിക്കടക്കാം. എങ്ങനെ ചാടിയാലും അവർ എലീറ്റായേ വീഴൂ. നമ്മുടെ അവസ്ഥ അതല്ല. നമ്മൾ ആർഭാടത്തിന്‍റെ ഏതവസ്ഥാന്തരത്തിലൂടെ കടന്നു പോയാലും എലീറ്റാവില്ല. 1500 രൂപേടെ ഫാബ് ഇന്ത്യ (fab india) കുർത്തി (ഇതാണ് മ്മടെ മാക്സിമം ആർഭാടം) ഇട്ടിട്ട് പോയാലും ഒരു പാർട്ടിയിൽ, എയർ പോർട്ടിൽ, കല്യാണ വിരുന്നിൽ എന്നു വേണ്ട സകല ഇടത്തും നമ്മൾ 'odd one out' ആവും. നമ്മുടെ ഡ്രസ്സ് തൊട്ട് കമ്മൽ, ചെരിപ്പ്, മുടി തുടങ്ങി എല്ലാം നമ്മളെ ഒറ്റും. 

എത്ര അപകർഷത തോന്നിയാലും പിന്നെയും നമ്മള് ബിഗ് ബസാറിലോ മാക്സിലോ പോയി 1500 -ന് ഒരു കുർത്തി എടുക്കാതെ 300-350 റെയിഞ്ചിലുള്ള നാല് എണ്ണം എടുക്കും. വല്ലടത്തും യാത്ര പോയാൽ അഞ്ച് കമ്മൽ വാങ്ങുമ്പോ മൂന്നെണ്ണം പത്തു രൂപേടെ ആയിപ്പോവും. ഒരു സമയത്ത് ഒരു ജോടി ചെരുപ്പല്ലാതെ കൊല്ലാന്നു വെച്ചാ വേറൊന്നു വാങ്ങൂല്ല. 

സൗന്ദര്യ വർദ്ധക സാധനങ്ങളൊക്കെ കടയിൽ നിരത്തി വെച്ചതു കാണുമ്പോ കുറേ നേരം വാ പൊളിച്ച് നിന്ന് അഞ്ച് രൂപേടെ രാമചന്ദ്ര കൺമഷി വാങ്ങും. പൗഡറ് പിന്നെ അലർജിയാണല്ലോ. എവിടുന്നേലും കിട്ടുന്ന ലൊട്ടു ലൊടുക്ക് തുണി സഞ്ചിയല്ലാതെ ബാഗ് പോലും നേരാംവണ്ണം വാങ്ങൂല്ല. അങ്ങനെ സൈഡിൽ കൂടെ ജീവിച്ചു പോകുമ്പഴാണ് ആർഭാടം കുറക്കാനുള്ള ഉപദേശം കിട്ടണത്.

എലീറ്റായവർക്ക് എന്തും എളുപ്പമാണ്. അങ്ങനെയല്ലാത്തവർക്ക് പുതിയ വസ്ത്രങ്ങളാവട്ടെ, പഴയവയാവട്ടെ എന്തുമാവട്ടെ അപകർഷത തോന്നാതെ ജീവിച്ചു പോകാൻ വല്യ പാടാണ് മാഡം.

പ്രിയ വാരിയർ മുടി കളർ ചെയ്താല്‍ ആഹാ, നമ്മള്‍ ചെയ്താല്‍ ഓഹോ -ധന്യ മാധവ്

ഇത് വരെ നിറം മങ്ങിയ ഡ്രസ്സ് ഇടേണ്ടി വന്നിട്ടില്ല. പക്ഷെ, ദളിതരിൽ ഒരാൾ നിറം മങ്ങിയ ഡ്രസ്സ് ഇടുമ്പോൾ കളക്ടർ ഇടുന്ന പ്രിവിലേജ് കിട്ടില്ല എന്നുറപ്പാണ്. അതോണ്ട് കളക്ടറുടെ ചലഞ്ച് ഏറ്റെടുക്കാൻ നിർവാഹം ഇല്ല.

കഴിഞ്ഞ വര്‍ഷമാണ്... എത്ര പണം കൊടുത്താണ് മുടി കളര്‍ ചെയ്തത് എന്ന് അറിയാമോ? 

വടയമ്പാടിയിൽ സമരത്തിന് പോയപ്പോള്‍‌ എന്‍റെ മുടി കണ്ടിട്ട് തലയിൽ എണ്ണ തേക്കാത്ത, കുളിക്കാത്ത ക്ഷുദ്രജീവികൾ എന്നൊക്കെയാണ് ആര്‍.എസ്.എസ്സുകാര്‍ വിളിച്ചത്. 'എന്‍റെ മുടി കളര്‍ ചെയ്തതാണ് ബ്ലഡി ഫൂൾസ്' എന്ന് എനിക്ക് വിളിച്ചു പറയേണ്ടി വന്നു... അത്രേം ഓർത്താല്‍ മതി. നമുക്ക് നല്ല ഡ്രസ്സ് ഇടാനോ, ഒരുങ്ങാനോ യോഗ്യത ഇല്ലെന്നു വിശ്വസിക്കുന്ന സൊസൈറ്റിയിൽ ആണ് ഇപ്പോളും ജീവിക്കുന്നത്.

പ്രിയ വാരിയർ മുടി കളർ ചെയ്താല്‍ ആഹാ, നമ്മൾ മുടി കളര്‍ ചെയ്താല്‍ ഓഹോ... 

ഇതൊക്ക തന്നെ ഡ്രസ്സിന്‍റെ കാര്യത്തിലും പ്രതീക്ഷിക്കുന്നുള്ളൂ. അതോണ്ട് എന്നെ കൊന്നാലും ഞാൻ ബ്രാൻഡ് വിട്ടു കളിക്കൂല്ല. അച്ഛൻ സമ്മതിക്കൂല്ല. ആഹാ... അതിനു വേണ്ടി പത്തു മരം എല്ലാ കൊല്ലവും വച്ചേക്കാം.

ഇതൊരു വസ്ത്രപുരാണം മാത്രമല്ല -രമണി പി.വി

ഏട്ടൻ പോയ സമയത്ത് മകൻ എന്‍റെ അലമാര തുറന്ന് എവിടെ അമ്മേടെ സാരികളൊക്കെ എന്ന്... സാരികളല്ലേ, അലമാരയിൽ എന്ന് ഞാൻ. ഇത്ര കുറച്ചോ, ഞാൻ വാങ്ങിത്തന്ന സാരികൾ പോലും ഇതിലും അധികം കാണും, ഇത്ര വർഷങ്ങളായി ഇത്ര സാരിയേ അമ്മയ്ക്കുള്ളൂ... ഞാനവനോട് പറഞ്ഞു, ഇവിടെയിരിക്ക്...

സാധാരണ അമ്മമാർ ഞാൻ കുട്ടിക്കാലത്ത് അത് അനുഭവിച്ചു, ഇത് അനുഭവിച്ചു, നിങ്ങൾക്കൊക്കെ എന്ത് സുഖമാണ് എന്ന ഭാഷ മക്കളോട് ഉപയോഗിക്കുന്നത് ധാരാളം കേട്ടിട്ടുണ്ട്. ഞാനതൊന്നും നിങ്ങളോട് പറഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടിക്കാലം പോലെ ആയിരുന്നില്ല അമ്മയുടെ... ഒരു ജോഡി വസ്ത്രം ഇട്ടാണ് സ്കൂൾ കാലം കഴിച്ചിരുന്നത്. ഞാൻ ജനിച്ചപ്പോഴേ ആരുടേയോ പഴയ ഉടുപ്പുകൾ ആണ് എന്‍റെ അമ്മ എന്നെ ഇടുവിച്ചത്, ആ എനിക്ക് വസ്ത്രങ്ങളോട് ഒരു തരം ആർത്തിയും കൊതിയുമാണ്.

അതോടൊപ്പം അതിനൊരു നിയന്ത്രണവും, ലിമിറ്റ് വെച്ച വിലയുടെ വസ്ത്രമേ വാങ്ങൂ. ആവശ്യത്തിൽ കൂടുതൽ വാങ്ങില്ല. കൂട്ടത്തിൽ കയ്യിലുള്ളതിൽ നിന്നും ആവശ്യക്കാർക്ക് കൊടുക്കാനും പഠിച്ചു. പിന്നെ, ഇന്ന് വരെ മകൻ എന്‍റെ സാരിക്കണക്ക് ചോദിച്ചിട്ടില്ല. ഇന്നും ആവശ്യത്തിലധികം വസ്ത്രം ഞാൻ വാങ്ങില്ല. മക്കൾ വാങ്ങിത്തരുന്നത് തന്നെ ധാരാളം. പഠിക്കുന്ന കാലത്ത് ഒരു ജോഡി നല്ല വസ്ത്രത്തിന് കൊതിച്ചിട്ടുണ്ട്.

ഇവിടെ ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കേണ്ടതിന്‍റെ ചർച്ച നടക്കുമ്പോൾ ഒരുപാട് പേര്‍ എന്നേപ്പോലെ കുട്ടിക്കാലത്തെ വസ്ത്ര ദാരിദ്ര്യം എഴുതിക്കണ്ടു. അതെ, ഇതെഴുതുന്ന ഓരോരുത്തരും എത്ര നന്മയുള്ളവരായിരിക്കും എന്നെനിക്കറിയാം. അന്യന്‍റെ സങ്കടങ്ങൾ അവർക്ക് മനസ്സിലാകും. വെറും വസ്ത്ര ദാരിദ്ര്യമല്ല അവരെഴുതുന്നത്.

ഇതൊരു വസ്ത്രപുരാണം മാത്രമല്ല ഇന്നലെകൾ ഓർമ്മയുണ്ടാകണം. നടന്ന വഴികൾ മറക്കരുത്. വെറുതെ ആ കാലമൊക്കെ ഓർമ്മിച്ചു പോയി. എന്നും ഓർക്കും മരണം വരെ... നന്മയുള്ളവരായിരിക്കാൻ ഈ ഓർമ്മകൾ തന്നെ ധാരാളം.