Asianet News MalayalamAsianet News Malayalam

ഒരു ബോഗിയിലെ യാത്രക്കാരുടെ ടിക്കറ്റ് മുഴുവന്‍ ടി ടി ഇ യുടെ പോക്കറ്റിലെത്തിച്ച വാഴക്കുന്നം

ഇന്ന് ഫെബ്രുവരി 8, വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരി എന്ന വിഖ്യാത മാന്ത്രികന്റെ ജന്മദിനമാണ്. നാളെ അദ്ദേഹത്തിന്റെ ചരമദിനവും. വാഴക്കുന്നത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രിയശിഷ്യർ ആ മഹാമാന്ത്രികനെ ഓർക്കുമ്പോൾ..  

Vazhakkunnam, the legendary magician from Kerala
Author
Trivandrum, First Published Feb 8, 2019, 9:26 AM IST

ഇന്ന് ഫെബ്രുവരി 8, വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരി എന്ന വിഖ്യാതമാന്ത്രികന്റെ ജന്മദിനമാണ്. നാളെ അദ്ദേഹത്തിന്റെ ചരമദിനവും. 1903ൽ ഇന്നത്തെ പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ വരുന്ന തിരുവേഗപ്പുറ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.  ഭാഗവത പണ്ഡിതനായിരുന്ന വാസുദേവൻ നമ്പൂതിരിയുടെ അനുജനായിരുന്ന അദ്ദേഹം നന്നേ  ചെറുപ്പത്തിൽ തന്നെ ഓതിത്തീർന്ന ശേഷം അത്യാവശ്യം  ഇംഗ്ലീഷും മാതംഗലീലയുമൊക്കെ അഭ്യസിച്ചു.  ഒരു നാൾ മനയിലെത്തിയ, മുണ്ടായ ഈച്ചരവാര്യർ എന്ന മാന്ത്രികൻ ഒരു പാത്രത്തിൽ നിന്നും നിലയ്ക്കാത്ത ജലധാര പുറപ്പെടുവിക്കുന്ന അത്ഭുതവിദ്യ കണ്ടാണ് ഇന്ദ്രജാലത്തിൽ ആദ്യമായി നീലകണ്ഠന് കമ്പം കേറുന്നതും  പുള്ളിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതും.  അദ്ദേഹം പിന്നീട് പള്ളിത്തേരി നമ്പ്യാത്തൻ  നമ്പൂതിരിയുടെ കീഴിലും ജാലവിദ്യ അഭ്യസിക്കുന്നുണ്ട് . അവിടെ നിന്നും കയ്യടക്കത്തിലും കയ്യൊതുക്കത്തിലും വേണ്ടത്ര പയറ്റിത്തെളിയുന്ന അദ്ദേഹം പിന്നീടെപ്പോഴോ ബേക്കർ എന്ന  മാന്ത്രികനിൽ നിന്നും ബുള്ളറ്റുവിദ്യയും, മുടി വിദ്യയും മറ്റും പഠിച്ചെടുത്തു.

ഓങ്ങല്ലൂർ അമ്പലത്തിൽ ചെപ്പും പന്തും കളിച്ചുകൊണ്ടായിരുന്നു വാഴക്കുന്നം മാന്ത്രികപ്രകടനത്തിൽ അരങ്ങേറ്റം കുറിച്ചത്. പ്രസിദ്ധനായതോടെ നാട്ടിലെ മാജിക്ക് കമ്പമുള്ള പല യുവാക്കളും അദ്ദേഹത്തെ തേടിവന്നു. അദ്ദേഹം അവരെ തന്റെ വിദ്യകൾ പഠിപ്പിച്ച് അവരോടൊപ്പം  ആയിരക്കണക്കിന് വേദികളിൽ ജാലവിദ്യാപ്രകടനങ്ങൾ നടത്തി . പലപ്പോഴും തെരുവിൽ കൺകെട്ടെന്ന നിഗൂഢതയിൽ അവസാനിക്കേണ്ടിയിരുന്ന സാധനയെ, ഒരു കലയുടെ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് വാഴക്കുന്നം നമ്പൂതിരി എന്ന ഇന്ദ്രജാലക്കാരനും അദ്ദേഹത്തിന്റെ പരശ്ശതം ശിഷ്യന്മാരും ചേർന്നാണ്. 

Vazhakkunnam, the legendary magician from Kerala

'വാഴക്കുന്നത്തിന്റെ കുടുംബം' 

1940കളിൽ മാത്രമാണ് വാഴക്കുന്നം സ്റ്റേജുകളിൽ ഷോ രൂപത്തിൽ മാജിക്ക് അവതരിപ്പിച്ചു തുടങ്ങുന്നത്. അതുവരെ നാട്ടിലെ പ്രമാണിമാർ ഒരുക്കുന്ന സദസ്സുകളിൽ 'ക്ളോസ് അപ്പ് ' ആയി നിന്നുള്ള കളി മാത്രമായിരുന്നു പതിവ്. വേഷവിധാനങ്ങളും വളരെ ചുരുക്കം. ഒളിവും മറവും ഒക്കെ കുറവായിരുന്നതുകൊണ്ടുതന്നെ കാര്യമായ കയ്യടക്കവും കയ്യൊതുക്കവും വേണമായിരുന്നു വിദ്യകൾ വിജയിപ്പിച്ചെടുക്കാൻ. കണ്ട ആളുകൾ തമ്മിൽ പറഞ്ഞു പ്രചരിച്ച വാഴക്കുന്നത്തിന്റെ 'ലെഗസി' യ്ക്ക് ഒരു വടക്കൻ പാട്ടിന്റെ സ്വഭാവമുണ്ട്. ചെവിയിൽ നിന്നും ചെവിയിലേക്ക് അത് മാറിമറിഞ്ഞു പോവുമ്പോൾ ഒന്ന് പത്താവും.. പത്ത് നൂറും.. സാങ്കേതികവിദ്യ ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ലാത്ത, സാമൂഹ്യമാധ്യമങ്ങളൊന്നും തന്നെ നിലവിലില്ലാത്ത അന്ന് ആളുകൾ തമ്മിൽ കാണുന്ന അപൂർവ്വാവസരങ്ങളിൽ പങ്കുവെച്ചിരുന്നു കുശലങ്ങളിലൂടെ മാത്രമേ മിത്തുകൾക്ക് വ്യാപ്തി കിട്ടിയിരുന്നുള്ളൂ സമൂഹത്തിൽ.   ഒരു പക്ഷേ, വാഴക്കുന്നം ശരാശരിക്ക് മീതെ നിൽക്കുന്ന ഒരു ഇന്ദ്രജാലക്കാരൻ മാത്രമാവും.. എന്നാൽ, അദ്ദേഹത്തെക്കുറിച്ച് ശിഷ്യരും, ശിഷ്യരെന്നവകാശപ്പെടുന്നവരും, ആരാധകരായ പരശ്ശതം സാധാരണക്കാരും ചേർന്നു പറഞ്ഞുപരത്തിയിരിക്കുന്ന കഥകൾ അദ്ദേഹത്തിന്  ഒരു അമാനുഷിക പരിവേഷം തന്നെ കല്പിച്ചു കൊടുത്തിട്ടുണ്ട്. 

ഉദാഹരണത്തിന് അറുപതുകളുടെ അവസാനത്തിലോ അല്ലെങ്കിൽ എഴുപതുകളുടെ തുടക്കത്തിലോ മറ്റോ  അദ്ദേഹം സായിബാബയെ സന്ദർശിക്കാൻ പോയ ഒരു കഥയുണ്ട്. അന്ന് ഒരു ഓണക്കാലത്ത്  അദ്ദേഹത്തിന്റെ സുഹൃത്തുക്കളും  കടുത്ത സായിഭക്തരുമായിരുന്ന  കണ്ണുഡോക്‌ടർ ഡോ. ബി ബി മേനോൻ,  ജസ്റ്റിസ് ഏറാടി എന്നിവരൊക്കെ ചേർന്ന് അദ്ദേഹത്തെ പുട്ടപർത്തിയിലേക്ക് കൊണ്ടുപോവുന്നു. ഭഗവാനെ ഒന്ന് നമ്പൂതിരിക്ക് കാണിച്ചുകൊടുക്കണം. അദ്ദേഹത്തിന്റെ അഭിപ്രായം തിരക്കണം. അത്രയുമേ സുഹൃത്തുക്കൾക്കുണ്ടായിരുന്നുള്ളു. നമ്പൂരിയുടെ വികടസ്വഭാവമറിയാവുന്ന സുഹൃത്തുക്കൾ ആദ്യമേ ഒരു നിബന്ധന മാത്രം വെച്ചു. ദയവായി അങ്ങ് ഭഗവാനെ മാന്ത്രിക വിദ്യയൊന്നും കാട്ടി ഭയപ്പെടുത്തരുതേ എന്ന്. ബാബയ്ക്ക് മുന്നിൽ എന്തായാലും ഒന്നും കാണിക്കില്ല എന്ന് നമ്പൂതിരി ഉറപ്പുകൊടുത്തു. അത് പാലിക്കുകയും ചെയ്തു. എന്നാൽ പുട്ടപർത്തി കോംപ്ലക്സിൽ നിന്നും പുറത്തു വന്നയുടനെ അദ്ദേഹം അവിടെ കൂടി നിന്ന സായി ഭക്തരെ ഭസ്മം എടുത്തുകൊടുത്തും മറ്റും ഞെട്ടിക്കുകയുണ്ടായി. എന്നാൽ ഈ കഥ പ്രചാരത്തിൽ വരുമ്പോഴേക്കും സായിബാബ വാഴക്കുന്നത്തിന് ഒരു പിടി ഭസ്മം കൊടുത്തുവെന്നും, വെറുമൊരു ഈരിഴ തോർത്ത് മാത്രമുടുത്തു ചെന്ന വാഴക്കുന്നം ശൂന്യതയിൽ നിന്നും ഒരു കുമ്പളങ്ങ എടുത്തുകൊടുത്തിട്ട്  " ഇന്റെ കയ്യിൽ തൽക്കാലം ഇതേയുള്ളൂ ഭഗവാൻ.."  എന്ന് പറഞ്ഞതായും ഒരു  ലെജൻഡ് തന്നെ പിറന്നു കഴിഞ്ഞിരുന്നു.

പിന്നീടൊരിക്കൽ, ഒരു യാത്രയ്ക്കായി തീവണ്ടിയാപ്പീസിൽ നേരം വൈകിച്ചെന്ന വാഴക്കുന്നത്തിന് ടിക്കറ്റെടുക്കാൻ നേരം കിട്ടിയില്ല. അദ്ദേഹം പ്ലാറ്റഫോമിലേക്ക് ഓടിയെത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. അദ്ദേഹം മറ്റൊന്നുമോർക്കാതെ ചാടിക്കേറി. തിരക്കുള്ള കംപാർട്ട്‌മെന്റിൽ ഒരു സീറ്റു തപ്പിപ്പിടിച്ച് ഇരിപ്പുറപ്പിച്ചു. അപ്പോൾ അതാ വരുന്നു ടിടിഇ. ടിക്കറ്റെവിടെ എന്ന് ചോദ്യം. ഇല്ലെന്ന് വാഴക്കുന്നം. അതെന്തേ എന്ന് മറുചോദ്യം. ഇവിടാരും എടുത്തിട്ടില്ല എന്ന് മാന്ത്രികൻ. നോക്കുമ്പോൾ ആ കംപാർട്ട്‌മെന്റിൽ ആരുടെ കയ്യിലും ടിക്കറ്റില്ലാ പോലും. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയത്രേ..  പട്ടാമ്പിക്കാരൻ സ്റ്റേഷൻ മാസ്റ്റർക്ക് ആളെ അറിയാം. " എന്താ നമ്പൂരി ഒരു ബഹളം..? " എന്ന് ആശാൻ ചോദിച്ചപ്പോൾ വാഴക്കുന്നം പറഞ്ഞത്രേ, " ഒരിക്കൽ ടിക്കറ്റെടുത്തു, അത് ഈ വിദ്വാൻ വാങ്ങി കീശയിൽ വെക്കുകയും ചെയ്തിരിക്കുന്നു.. രണ്ടു വട്ടം എടുക്കുക പതിവുണ്ടോ..? വ്വോ..?  " ടിടിഇ പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ ആ കംപാർട്ട്‌മെന്റിലെ മുഴുവൻ യാത്രക്കാരുടെയും ടിക്കറ്റതാ ആശാന്റെ പോക്കറ്റിൽ ഇരിക്കുന്നു. വാഴക്കുന്നം എന്ന സൂത്രശാലിയായ മാന്ത്രികൻ ചിലപ്പോൾ സംസാരത്തിനിടെ തന്റെ അടുത്തിരിക്കുന്ന സീറ്റുകളിൽ  ഉള്ളവരുടെ ടിക്കറ്റുകൾ കയ്യടക്കിക്കാണും.. എന്നാൽ കഥകൾ പരക്കുന്തോറും  ആ ആളുകളുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കും..

ഇങ്ങനെയുള്ള ഇതിഹാസ കല്പനകളിൽ അഭിരമിച്ചുകൊണ്ടാണ് ഇന്ന് മാന്ത്രിക കലയിൽ സുപ്രസിദ്ധരായ  പല മജീഷ്യന്മാരും, ഈ മേഖലയിലേക്കെത്തിപ്പെടുന്നത്. വാഴക്കുന്നം നമ്പൂതിരി എന്ന മാന്ത്രികന്റെ പേരിൽ വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന യുഗാമി ഫെസ്റ്റും, അതിലെ വാഴക്കുന്നം കൺവെൻഷനും അവിടെ നടക്കുന്ന വാഴക്കുന്നം എവർ റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള മാജിക്ക് മത്സരവും കേരളത്തിലെ പല യുവ മജീഷ്യന്മാരും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. കേരളത്തിലെ വിവിധജില്ലകൾ ഊഴമിട്ട് ഈ കൺവെൻഷൻ വർഷാവർഷം മുടങ്ങാതെ നടത്തുന്നുണ്ട്. ഇക്കുറി ഇത് നടക്കുന്നത് തൃശൂർ ജില്ലയിൽ വെച്ചാണ്. 

അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യരിൽ പ്രധാനികൾ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട് എന്ന അറിയപ്പെടുന്ന നടനും, ചീരക്കുഴി ഉണ്ണികൃഷ്ണൻ നായരും ഒക്കെയുണ്ടായിരുന്നു. അക്കൂട്ടത്തിൽ നിന്നും പിന്നീട് ആഗോളപ്രശസ്തരായി വളർന്നു വന്ന രണ്ടുപേർ, മഞ്ചേരി അലിഖാൻ, ആർ കെ മലയത്ത് എന്നിവരായിരുന്നു. ഇവരുടെ ശിഷ്യന്മാരായിരുന്ന കോഴിക്കോട് ജോയ് ഒളിവർ, തൃശൂർ കുമാർ, കുറ്റ്യാടി നാണു, ജൂനിയർ മാൻഡ്രേക്ക് എന്നിങ്ങനെ പലരും തങ്ങളുടെ ഗുരുനാഥന്മാരുടെ ഗുരുവിന്റെ സമക്ഷത്തിൽ നേരിട്ട് ചെന്ന് ചിലവിദ്യകളൊക്കെ പഠിച്ചെടുക്കുകയുണ്ടായിട്ടുണ്ട്. തന്റെ മക്കളായ അരവിന്ദാക്ഷൻ രാജ, തുളസീദാസ് രാജ എന്നിവരെയും അദ്ദേഹം മാന്ത്രികവിദ്യകൾ പഠിപ്പിച്ചിരുന്നു.  എന്ത് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവോ അതുമാത്രം പഠിപ്പിക്കുക എന്നതായിരുന്നു ഗുരുനാഥന്റെ ശൈലിയെന്ന്‌ മജീഷ്യൻ നാണു ഓർത്തെടുക്കുന്നുണ്ട്. നാണു ചെപ്പും പന്തും പഠിക്കാൻ താത്പര്യം കാണിച്ചപ്പോൾ, അതിൽ കയ്യടക്കം പ്രകടിപ്പിച്ചപ്പോൾ ഗുരുനാഥൻ ആ വിദ്യ അദ്ദേഹത്തിനു പകർന്നുനൽകി. അതുപോലെ പലപല വിദ്യകളും വാഴക്കുന്നം തന്റെ ശിഷ്യരിൽ പലർക്കായി കൈമാറി. 

ആർകെ മലയത്ത് എന്ന് പിൽക്കാലത്ത് പ്രസിദ്ധനായ നിലമ്പൂർക്കാരൻ രാമകൃഷ്ണൻ, വാഴക്കുന്നത്തിന്റെ അരികിലെത്തുന്നതിന്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്. നിലമ്പൂർക്കാരായ പല ചെറുപ്പക്കാർക്കും മാജിക്ക് എന്ന പേരിൽ അപൂർവം ചില നാടോടികളും കുറവന്മാരുമൊക്കെ നടത്തുന്ന മായാജാലവിദ്യകൾ പഠിക്കാനുള്ള താല്പര്യം രഹസ്യമായെങ്കിലും ഉണ്ടായിരുന്നു. രാമകൃഷ്ണനും കൂട്ടുകാരും കൂടി ഒരു തെരുവുമാന്ത്രികന് അന്നത്തെ അഞ്ചുരൂപ നൽകി പ്രലോഭിപ്പിക്കാൻ നോക്കി എങ്കിലും, അവരിൽ നിന്നും കാശും വാങ്ങി, വിദ്യ പറഞ്ഞും കൊടുക്കാതെ അവരെപ്പറ്റിച്ച് അയാൾ മുങ്ങി. ആ യുവാക്കൾക്ക് പിന്നെയും തങ്ങളുടെ ആഗ്രഹം ഉള്ളിലൊതുക്കി നടക്കേണ്ടി വന്നു.

അങ്ങനെയിരിക്കുന്ന ഘട്ടത്തിൽ നിലമ്പൂരിൽ ഒരു ഉത്സവം വരുന്നു. എല്ലാ ജനുവരി മാസത്തിലും മുടങ്ങാതെ നടത്തപ്പെട്ടിരുന്ന ആ ഉത്സവത്തിന്റെ പേര് നിലമ്പൂർ പാട്ടുത്സവം എന്നായിരുന്നു. അതിനോടനുബന്ധിച്ച് രാമകൃഷ്ണനടക്കമുള്ളവർ അംഗങ്ങളായ അന്നാട്ടിലെ ഒരു ക്ലബ്ബിന്റെ ഫണ്ട് റൈസിംഗിന് വേണ്ടി,  അല്പസ്വല്പം കൺകെട്ടൊക്കെ പരമ്പരാഗതമായി വശമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഒരു കുറവ സമുദായത്തിൽപ്പെട്ട സ്നേഹിതന്റെ പ്രേരണയാൽ യുവാക്കൾ ചേർന്ന് ഒരു മാജിക്ക് ഷോ സംഘടിപ്പിച്ചു ഈ ഫെസ്റ്റിൽ. ആദ്യത്തെ ദിവസം ആദ്യത്തെ ഷോ തന്നെ ഫ്ലോപ്പായി. അപ്പോൾ വളണ്ടിയർ ബാഡ്‌ജൊക്കെ കുത്തി നിന്നിരുന്ന രാമകൃഷ്ണൻ, ആൾക്കാർ കൈകാര്യം ചെയ്താലോ എന്നുള്ള ഭയത്തിൽ അതൊക്കെ ഊരിവെച്ചു.  അല്ല, കാശിന് ടിക്കറ്റുവെച്ചാണ് പ്രകടനമെന്നോർക്കണം. രണ്ടാമത്തെ ഷോയുടെ വിധിയും മറ്റൊന്നായിരുന്നില്ല. മുറുമുറുത്തുകൊണ്ട് ആളുകളൊക്കെ പിരിഞ്ഞു പോയശേഷവും കാണികളിൽ രണ്ടുപേർ മാത്രം പിരിഞ്ഞു പോവാതെ ബാക്കി നിന്നു. രണ്ടുപേരും നേരെ സ്റ്റേജിലേക്ക് കേറിവന്ന് യുവാക്കളെ ഉപദേശിക്കാൻ തുടങ്ങി.. ഇങ്ങനെയല്ലല്ലോ പരിപാടി ചെയ്യേണ്ടത്..? ഇങ്ങനെ ചെയ്‌താൽ ആളുകൾ കൈകാര്യം ചെയ്യില്ലേ.. ? എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടെയിരുന്നു ചീട്ടും റിബ്ബണുമെല്ലാം എടുത്ത് ഓരോ മാജിക്ക് ട്രിക്കുകൾ കാണിക്കാൻ തുടങ്ങി. രാമകൃഷ്‌ണനടക്കം അവിടെ നിന്ന എല്ലാവരുടെയും കണ്ണുതള്ളി.  അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അത് മഞ്ചേരി അലി ഖാനെന്ന പ്രസിദ്ധ മാന്ത്രികനും അദ്ദേഹത്തിന്റെ സുഹൃത്തുമായിരുന്നു എന്ന്.

അവിടെ വെച്ചുതന്നെ അദ്ദേഹത്തിന്റെ വിലാസം എഴുതിവാങ്ങിയ രാമകൃഷ്ണൻ അടുത്ത ദിവസം പുലർച്ചെ തന്നെ മഞ്ചേരിയിലുള്ള അലി ഖാന്റെ വസതി തേടിച്ചെല്ലുന്നതും, ശിഷ്യത്വം സ്വീകരിക്കുന്നതും. തുടർന്നാണ് ഗുരുനാഥന്റെ ഗുരുവായ വാഴക്കുന്നത്തെ പരിചയപ്പെടുന്നതും. അദ്ദേഹത്തിന്റെ സഹായിയായി നിന്നുകൊണ്ട് മാജിക്ക് അവതരിപ്പിക്കാനൊക്കെ അവസരം ലഭിക്കുന്നതും, പിന്നീട് ആർ കെ മലയത്ത് എന്ന പേരിൽ പ്രസിദ്ധനാവുന്നതും. വാഴക്കുന്നം നമ്പൂതിരിയുടെ ഈ പ്രിയ ശിഷ്യനാണ് പിൽക്കാലത്ത് തിയട്രിക്സിന്റെ സാദ്ധ്യതകൾ മാന്ത്രികവിദ്യയുടെ അരങ്ങിലെ പ്രകടനങ്ങളിൽ പരമാവധി ഉപയോഗപ്പെടുത്തുന്നത്. മജീഷ്യന്മാർക്ക് അത്രയ്ക്കൊന്നും ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ലാത്ത അക്കാലത്തും ആർ കെ മലയത്ത് ഉത്തരേന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ച് അവിടെ നിന്നുള്ള പുതിയ വിദ്യകൾ കേരളത്തിലെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. 

ഇതുപോലെ രസകരമായ ഒരു കഥയാണ് കുറ്റ്യാടിക്കാരൻ നാണു ഇന്ദ്രജാലക്കാരനാവുന്നതിന്റെ പിന്നിലും. കുട്ടിക്കാലത്ത് മറ്റുപലരെയും പോലെ നാണുവിനും മാജിക്കിനോട് അഭിനിവേശം ഉള്ളിലുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്‌കൂളിൽ ഒരു മാജിക്ക് ഷോ അരങ്ങേറുന്നത്. ഓരോ ട്രിക്ക് കാണുമ്പോഴും നാണു ആവേശം മൂത്ത് കയ്യടിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഇതൊന്നും കണ്ട മട്ടേ കാണിക്കാതിരിക്കുന്ന തന്റെ സതീർത്ഥ്യനെ നാണു ശ്രദ്ധിക്കുന്നത്. കാരണം ചോദിച്ചപ്പോഴാണ് സ്നേഹിതൻ പറയുന്നത്.. " ഇതൊക്കെ എന്ത്.. ഞ്ഞി.. വാഴക്കുന്നത്തിന്റെ പരിപാടി കണ്ടിക്കാ..? അതാന്നും മോനെ പരിപാടി.. " ഇത്രയും കേട്ടപ്പോൾ നാണുവിന് കുതൂഹലമേറിയെങ്കിലും അന്നത്തെ സാഹചര്യത്തിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിക്ക് വാഴക്കുന്നത്തിന്റെ പരിപാടി തേടിപ്പിടിച്ചു ചെന്ന് കാണുക അസാധ്യമായിരുന്നു. ആറ്റുനോറ്റിരുന്ന് ഒടുക്കം നാണുവിന്റെ വീട്ടിന് അധികം ദൂരെയല്ലാതെ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിൽ വെച്ച് വാഴക്കുന്നത്തിന്റെ മാജിക്ക് ഷോ നടക്കുന്നു എന്നൊരു പത്രപരസ്യം നാണുവിന്റെ കണ്ണിൽപ്പെടുന്നു. അദ്ദേഹം അവിടെ ചെല്ലുകയും ആ പരിപാടി നേരിൽ കാണുകയും ചെയ്തു. തന്റെ സ്നേഹിതൻ അന്നങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്ന് പരിപാടി നേരിൽ കണ്ടപ്പോഴാണ് നാണുവിന്റെ ബോധ്യം വന്നത്. 1974  മുതൽക്ക് നാണു വാഴക്കുന്നത്തിന്റെ കീഴിൽ ശിഷ്യനായും സഹായിയായും ഒക്കെ പ്രവർത്തിച്ചുപോന്നു.   

താൻ നേരിട്ട് ജാലവിദ്യ അഭ്യസിപ്പിച്ചവരിൽ മാത്രമൊതുങ്ങുന്നില്ല വാഴക്കുന്നം എന്ന മാന്ത്രികന്റെ സ്വാധീനം. ആർ കെ  മലയത്തിൽ തുടങ്ങുന്ന ആ ശിഷ്യസംഘത്തിന്റെ ഏറ്റവും പുതിയ കണ്ണിയാണ് യദുനാഥ്  പള്ളിയത്ത് എന്ന യുവമാന്ത്രികൻ. ഒരിക്കൽപ്പോലും വാഴക്കുന്നത്തെ നേരിൽ കാണാനുള്ള ഭാഗ്യം യദുവിനുണ്ടായിട്ടില്ലെങ്കിലും, ഇന്ന് താൻ ഒരു ഇന്ദ്രജാലപ്രകടനക്കാരനായി ജീവിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും യദു കൊടുക്കുന്നത് വാഴക്കുന്നം നമ്പൂതിരി എന്ന ഇതിഹാസത്തിനാണ്. അദ്ദേഹത്തെക്കുറിച്ചുള്ള അത്ഭുതകഥകൾ കേട്ടുവളർന്നു ബാല്യമാണ് യദുവിനെ ഒരു പ്രൊഫഷണൽ മജീഷ്യനാവാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോൾ  കേരളമെങ്ങും അറിയപ്പെടുന്ന ഒരു പ്രസിദ്ധ മജീഷ്യനാണ്  യദു. വർഷാവർഷം നടക്കുന്ന വാഴക്കുന്നം കൺവെൻഷനും അതിലെ ഇന്ദ്രജാല മത്സരവുമാണ് തന്നിലെ പ്രതിഭയെ വാർത്തെടുത്തതെന്ന് യദു പറഞ്ഞു. 

പലരും കയ്യടക്കം, കയ്യൊതുക്കം എന്നിവയെ ഒന്നെന്നു കരുതി ഒന്നിന് പകരം മറ്റൊന്ന് ഉപയോഗിച്ച് കാണാറുണ്ട്. മാന്ത്രിക വിദ്യയിൽ ആവശ്യം വേണ്ടുന്ന തികച്ചും വ്യത്യസ്തമായ രണ്ടു ഗുണങ്ങളാണ് ഇവ. കയ്യടക്കം എന്നത് മുന്നിലിരിക്കുന്ന കാണികളിൽ നിന്നും ഒരു വസ്തു ശരീരത്തിൽ എവിടെയെങ്കിലും, പലപ്പോഴും കൈക്കുള്ളിലോ പിന്നിലോ ഒക്കെയായി മറച്ചുപിടിക്കാനും, അവരുടെ ശ്രദ്ധ തെറ്റുമ്പോൾ തിരിച്ചു വെളിപ്പെടുത്താനുമുള്ള കഴിവാണ്.. എന്നാൽ കയ്യൊതുക്കം ഒരുതരം മെയ്‌വഴക്കമാണ്. കയ്യെത്തും ദൂരത്തുള്ള എന്തെങ്കിലും ഒരു വസ്തു, നിമിഷാർദ്ധനേരത്തേക്ക് കാണികളുടെ ശ്രദ്ധയെ തിരിച്ചുവിട്ടുകൊണ്ട് വളരെ ചടുലമായ ഒരു നീക്കത്തിലൂടെ തിരിച്ചെടുത്ത് കളിക്കളത്തിനുള്ളിലേക്ക് കൊണ്ടുവന്ന് വെക്കാനും അതുപോലെ തിരിച്ച് അപ്രത്യക്ഷമാക്കാനുമുള്ള കഴിവാണ്. ഇത് രണ്ടും ഒരുപോലെ സമ്മേളിച്ചിരുന്ന അപൂർവമായ ഒരു പ്രതിഭയായിരുന്നു ശ്രീമാൻ വാഴക്കുന്നം നമ്പൂതിരി.  തന്റെ പ്രകടനങ്ങൾക്കായി അമിതമായി പ്രോപ്പർട്ടികളെ ആശ്രയിക്കുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ള ഇന്ദ്രജാലക്കാരിൽ നിന്നും വ്യത്യസ്തമായി മിക്കവാറും ഒരു വെള്ള ജുബ്ബയും പൈജാമയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. പലപ്പോഴും കാണികൾക്ക് വളരെ 'ക്ളോസ് അപ്പ്'  ആയി ചെന്ന് നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അതുകൊണ്ടുതന്നെ വളരെയധികം സാധകം ചെയ്തു നിലനിർത്തേണ്ടുന്ന ഒരു സിദ്ധിയുമായിരുന്നു അത്. ചെപ്പും പന്തുമെന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഐറ്റത്തിൽ അദ്ദേഹം ഒഴിഞ്ഞ ചെപ്പിൽ നിന്നും ആദ്യം തുണികൊണ്ടുള്ള ഒരു പന്ത് പുറത്തെടുക്കും, പിന്നെ രണ്ട്‌, മൂന്നെന്ന് എണ്ണം കൂട്ടും.. അങ്ങനെ തേളിനെ വരെ പുറത്തെടുത്തിരുന്നുവത്രെ അദ്ദേഹം. ഒരു നാഴി കടുകുവരെ കയ്യിൽ ഒതുക്കാനുള്ള അപാര സിദ്ധിയുണ്ടായിരുന്ന മാന്ത്രികനായിരുന്നു തന്റെ ഗുരുവെന്ന്  ശിഷ്യനായിരുന്ന ആർ കെ മലയത്ത് ഓർത്തെടുക്കുന്നു. ചെറിയ സാധനങ്ങൾ മുതൽ സാമാന്യം വലിപ്പമുള്ളൊരു കുമ്പളങ്ങ വരെ കയ്യിലൊതുക്കാൻ നല്ലപോലെ സാധകം ചെയ്തുപോരുന്ന ഏതൊരു ഇന്ദ്രജാലക്കാരനും സാധിക്കുമെങ്കിലും ഒരു നാഴി കടുകിനെ കയ്യിലൊതുക്കുക എന്ന് പറയുന്നത് തങ്ങളുടെയൊക്കെ ഭാവനയ്ക്കുപോലും അപ്പുറത്തായിരുന്നു എന്ന് മലയത്ത് പറഞ്ഞു.

സ്റ്റേജുകളിൽ ചെന്നുനിന്നാൽ ഒരു ശ്ലോകവും ഗാന്ധിസ്‌തുതിയും ഒക്കെ ചൊല്ലിക്കൊണ്ടായിരുന്നു വാഴക്കുന്നം ഷോ തുടങ്ങിയിരുന്നത്. സ്റ്റേജിനു നടുവിൽ വെറും കയ്യുമായി ഒരു മുണ്ടുമാത്രമുടുത്ത് ചെന്നിരുന്ന്, വളരെ നേരിയ ഒരു മറ നിമിഷാർദ്ധനേരത്തേക്ക് കൊണ്ടുവന്ന്  അതിനുള്ളിൽ അടുത്ത നിമിഷം പൂജാ സാമഗ്രികളും ശംഖും വിളക്കും മന്ത്രോച്ചാരണങ്ങളുമായി പ്രത്യക്ഷപ്പെട്ട് ആളുകളെ തുടക്കത്തിലേ ഞെട്ടിക്കുന്ന ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജാതിവിവേചനം കൊടികുത്തി വാണിരുന്ന അക്കാലത്തും അദ്ദേഹം ഇന്ദ്രജാല വിദ്യകൾ ആരിൽ നിന്നും പഠിച്ചെടുക്കുന്നതിൽ ഒരു കുറവും വിചാരിച്ചിരുന്നില്ല. കണ്ടുകിട്ടിയിരുന്ന കുറവന്മാരിൽ നിന്നും കാക്കാലന്മാരിൽ നിന്നും തെരുവ് മജീഷ്യൻസിൽ നിന്നുമെല്ലാം കിട്ടിയ വിദ്യകളൊക്കെ അദ്ദേഹം പഠിച്ചെടുത്തിരുന്നു. 

വാഴക്കുന്നം നമ്പൂതിരിയും അദ്ദേഹത്തിന്റെ സരസന്മാരായ അനുയായികളും ചേർന്ന് മാജിക്കിൽ സരസമായ ഒരു പ്രകടന ശൈലി കൊണ്ടുവന്നു. ഇന്ദ്രജാല വിദ്യയുടെ ജനപ്രിയത ദിനം പ്രതി വർദ്ധിച്ചുകൊണ്ടേയിരുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ പോലീസ്  കമ്മീഷണറുടെ മോതിരം അപ്രത്യക്ഷമാക്കിക്കൊണ്ട് അദ്ദേഹം നടത്തിയ ജാലവിദ്യ വളരെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്ന മലയത്ത് ഓർത്തെടുക്കുന്നുണ്ട്. സംഭവം ഇങ്ങനെയാണ്. മഹാകവി ഉള്ളൂരും പോലീസ് കമ്മീഷണറും കൂടി ഒരു തിരുവിതാംകൂർ മുറജപകാലത്ത്  ശംഖുംമുഖം കടപ്പുറത്തൂടെ ഒരു സായാഹ്‌ന സവാരിക്കിറങ്ങുന്നു. നടന്നുപോവും വഴി അതാ വാഴക്കുന്നം നമ്പൂതിരി എതിരെ വരുന്നു. ഉള്ളൂരിന് മാന്ത്രികനെ നേരത്തെ പരിചയമുണ്ട്. " ആളെ അറിയില്ലേ..? എന്നായി കവി കമ്മീഷണറോട്..കമ്മീഷണറുടെ കയ്യിൽ കിടന്ന കനമുള്ള സ്വർണ്ണമോതിരം ഊരി വാങ്ങി. " നല്ല സ്വർണ്ണമാണെങ്കിൽ തിരിച്ചു വരും.. ഇല്ലെങ്കിൽ കടലുകൊണ്ടോവും.. " എന്നും പറഞ്ഞ് വാഴക്കുന്നം മോതിരമെടുത്ത് കടലിലെറിഞ്ഞു. കവിയും കമ്മീഷണറും സ്തബ്ധരായി നിന്നുപോയി. അൽപ നേരം കഴിഞ്ഞിട്ടും മോതിരം തിരികെ വരാഞ്ഞതോടെ കമ്മീഷണർ അസ്വസ്ഥനാവാൻ തുടങ്ങി. മഹാകവി ദയനീയമായി തന്റെ സുഹൃത്തിനെ നോക്കി. അപ്പോൾ ആ വഴി പോയ രണ്ടു നമ്പൂതിരി സുഹൃത്തുക്കളെ തടഞ്ഞു നിർത്തി  വാഴക്കുന്നം മടിശീല അഴിപ്പിച്ചെന്നും മടിക്കുത്തിലിരുന്ന മുറുക്കാൻ പൊതിയ്ക്കുള്ളിൽ നിന്നും ആ മോതിരം കണ്ടെടുത്തു എന്നുമാണ് ചരിത്രം. ആ വഴി യാദൃച്ഛികമെന്നോണം കടന്നുവന്ന നമ്പൂതിരിയുവാക്കളിൽ ഒരാൾ ഈ പറഞ്ഞ പരിയാനമ്പറ്റ കുഞ്ഞുണ്ണി നമ്പൂതിരിയായിരുന്നു എന്നുമാത്രം. അതുപോലെതന്നെയാണ് കോഴിക്കോട് ടൗൺ ഹാളിൽ തോക്കുകൊണ്ട് ജാലവിദ്യ കാട്ടാനൊരുങ്ങവേ അബദ്ധവശാലെന്നോണം തോക്കുപൊട്ടി ഒരു ഹാജിയാരുടെ നെഞ്ചിൽ നിന്നും ചുടുചോര കുടുകുടാന്ന് ചീറ്റിയൊഴുകി. അയാൾ നിലത്തുവീണു പിടക്കാൻ തുടങ്ങി. ഉടൻ പോലീസ് സ്ഥലത്തെത്തി. കാണികളിൽ പലരും മാജിക്ക് സംഘത്തിന്റെ അശ്രദ്ധമായ പെരുമാറ്റത്തിന്റെ പേരിൽ അവരോടു കയർക്കാൻ തുടങ്ങി. പിന്നീടാണ് മനസ്സിലായത് സംഗതി വാഴക്കുന്നത്തിന്റെ ഒരു ജാലവിദ്യയായിരുന്നു എന്നും ഹാജിയാരുടെ വേഷത്തിൽ വന്നത് ശിഷ്യൻ പരിയാനമ്പറ്റ തന്നെ ആയിരുന്നു എന്നും. ഒരു ജാലവിദ്യ കാട്ടൂ എന്ന് ആവശ്യപ്പെട്ട പ്രിയകവി പി കുഞ്ഞിരാമൻ നായർക്ക് ശൂന്യതയിൽ നിന്നും മാമ്പഴമിറുത്ത് നൽകിയ കഥയും പ്രസിദ്ധമാണ്. 

'ഉറുമാൽപ്പട' എന്നൊരു വിശേഷയിനവും വാഴക്കുന്നത്തിന്റേതായിട്ടുണ്ട്. സദസ്സിൽ നിന്നും ഏതെങ്കിലും ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് സ്റ്റൂളിട്ടിരുത്തുന്നു. വെറും കയ്യോടെ ആ കുട്ടിയ്ക്കരികിൽ ചെന്ന് നിന്ന് ശൂന്യതയിൽ നിന്നും ഒരു ഉറുമാലെടുത്ത് ആ കുട്ടിക്ക് നൽകുന്നു. അതിനെ രണ്ടാക്കും.. പിന്നെ ഒന്നിന് പിന്നാലെ ഒന്നായി ഉറുമാലുകളുടെ ഘോഷയാത്രയാണ് ശൂന്യതയിൽ നിന്നും. ഒടുക്കം ആ കുട്ടിയെ ഇട്ടുമൂടാനുള്ള ഉറുമാൽ സ്റ്റേജിലെത്തുമത്രേ..അങ്ങനെ സ്റ്റേജിൽ കുമിഞ്ഞു കൂടിക്കിടക്കുന്ന ഉറുമാലുകൾക്കിടയിൽ നിന്നും ഒരു കുമ്പളങ്ങ കൂടി പുറത്തെടുത്തുകൊണ്ടാണ് അദ്ദേഹം ആ ഐറ്റം അവസാനിപ്പിച്ചിരുന്നത്. 

Vazhakkunnam, the legendary magician from Kerala

'വാഴക്കുന്നത്തിന്റെ ചിത'
 

അക്കാലത്ത് ഇന്ത്യയിലങ്ങോളമിങ്ങോളവും വിദേശത്തുമായി ഒട്ടനവധി പരിപാടികൾ അദ്ദേഹത്തിന്റെ സംഘം അവതരിപ്പിച്ചു.  പരിപാടികൾക്ക് കൃത്യമായി ചെന്നെത്തുന്ന ശീലമായിരുന്നു വാഴക്കുന്നതിന്റേത്. തന്റെ ജീവിതത്തിൽ അദ്ദേഹം ഒരേയൊരു പരിപാടിക്ക് മാത്രമാണ് പറഞ്ഞ നേരത്തിന് ചെല്ലാതിരുന്നിട്ടുള്ളത്. 1983 ഫെബ്രുവരി 9ന്  നടത്താനിരുന്ന പരിപാടിക്ക് അദ്ദേഹം ചെന്നെത്തും മുമ്പ് ആ അനുഗ്രഹീത ജീവിതത്തിന് അവിചാരിതമായി തിരശീല വീഴ്ത്തി അന്നാദ്യമായി വിധി അദ്ദേഹത്തെ അതിശയിപ്പിച്ചു. അദ്ദേഹം മരണപ്പെട്ട് ആണ്ടൊന്നു തികയുന്ന ദിവസം അദ്ദേഹത്തിന്റെ നാടായ തിരുവേഗപ്പുറയിലെ യുഗാമി എന്ന ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ശിഷ്യരും ആരാധകരുമെല്ലാം ഒത്തുചേർന്നു. അന്നുതൊട്ടിന്നുവരെ പലയിടങ്ങളിലായി മുടങ്ങാതെ നടത്തിവരുന്ന യുഗാമി വാഴക്കുന്നം കൺവെൻഷൻ ഇന്നും നിരവധി ചെറുപ്പക്കാരെ മാജിക്കിന്റെ വെള്ളിവെളിച്ചത്തിലേക്കെത്തിച്ചു പോരുന്നു.

Follow Us:
Download App:
  • android
  • ios