Asianet News MalayalamAsianet News Malayalam

അമലിന്റെ അമ്മ ഇനി മുപ്പതിനായിരം ഡോക്ടര്‍മാരുടെ അമ്മ; അവയവദാതാവിന്റെ അമ്മയുടെ ചികിത്സ ഏറ്റെടുത്ത് ഐഎംഎ

മകന്റെ ആരോഗ്യമുള്ള അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് കാണാൻ മഹാദാനം നടത്തിയ ഈ അമ്മയുടെ ആരോഗ്യ പരിരക്ഷയും ചികിത്സയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തിരിക്കുകയാണ്. ഇനി മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ കൂടിയാണ് വിജയശ്രീ. 

vijayasree will be the mother of thirty thousand doctors dr sulfi noohu fb post
Author
Thiruvananthapuram, First Published Jan 10, 2019, 12:14 PM IST

തിരുവനന്തപുരം: മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് അമലിനെയും അച്ഛനെയും മരണം അപകടത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു അമൽ. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭർത്താവ് രാജൻപിള്ള സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഏകമകൻ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ വിജയശ്രീ എന്ന അമ്മയെ തളര്‍ത്താന്‍ വിധിയ്ക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

മസ്തിഷ്കമരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഈ അമ്മ സമ്മതം നല്‍കിയപ്പോള്‍ നാല് പേരാണ് ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. മകന്റെ ആരോഗ്യമുള്ള അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് കാണാൻ മഹാദാനം നടത്തിയ ഈ അമ്മയുടെ ആരോഗ്യ പരിരക്ഷയും ചികിത്സയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തിരിക്കുകയാണ്. ഇനി മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ കൂടിയാണ് വിജയശ്രീ.

കൊല്ലം ശൂരനാട് അർച്ചനയിൽ വിജയശ്രീയുടെയും രാജൻപിള്ളയുടെയും ഏകമകനായിരുന്നു അമൽ‌രാജ്.  നഷ്ടപ്പെട്ട മകന് പകരമാകില്ലെങ്കിലും വിജയശ്രീയെ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മയായി സ്വീകരിച്ചതായും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.എൻ.സുൾഫി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോക്ടർ സുൾഫി നൂഹു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഡോ.സുൾഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അങ്ങനെ തുടങ്ങട്ടെ 2019 

കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂർണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തിൽ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം. അപകടത്തിൽ മരിച്ച അമൽ എന്ന മകന്റെ  അവയവങ്ങൾ ദാനം നൽകാൻ സമ്മതം മൂളിയ  കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തിൽ ഏതാണ്ട് അഞ്ചിൽ താഴെ  മാത്രം അവയവദാനം  നടന്നു എങ്കിൽ 2019-ലെ ആദ്യദിവസങ്ങളിൽ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊർജ്ജം നൽകുന്നു.

രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോൾ അവരിൽ പ്രതീക്ഷ നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട്. ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകൾക്ക് പുനർജന്മം നൽകാൻ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാകില്ല. എങ്കിലും ഞങ്ങൾ കൂടെയുണ്ട്.

ഡോ സുൽഫി നൂഹു 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

Follow Us:
Download App:
  • android
  • ios