തുർക്കിയിലെ ഇസ്താംബൂളിൽ ഉടമസ്ഥനിൽ നിന്നും രക്ഷപ്പെട്ടോടിയ ഒരു കാള ബാർബർ ഷോപ്പിലേക്ക് ഇടിച്ചുകയറി. പരിഭ്രാന്തരായി ആളുകൾ ഓടിമാറുന്നതും കാള കടയ്ക്കുള്ളിൽ പരക്കം പായുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മലയാള ചിത്രമാണ്. മാംസത്തിനായി കൊണ്ട് വന്ന ഒരു കൂറ്റൻ പോത്ത് രക്ഷപ്പെട്ട് ഓടുന്നതും അതിനെ പിടികൂടാനായി ഒരു കൂട്ടം ആളുകൾ ഇറങ്ങിത്തിരിക്കുന്നതുമായിരുന്നു സിനിമ. കേരളത്തിൽ പ്രത്യേകിച്ചും കിഴക്കൻ മേഖലയിൽ ഇതൊരു സാധാരണ കാഴ്ചയാണ്. എന്നാൽ, തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂൾ പോലൊരു അന്താരാഷ്ട്രാ പ്രശസ്തമായൊരു നഗരത്തിൽ ഇത്തരമൊരു കാര്യം കേട്ട് കേൾവി പോലും ഇല്ലാത്തതാണ്. എന്നാൽ അത്തരമൊരു അനുഭവത്തിലൂടെ കഴിഞ്ഞ ദിവസം ഇസ്താംബൂൾ നഗരം സാക്ഷ്യം വഹിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഓടിക്കയറിയത് സലൂണിലേക്ക്
മാരിയോ നൗഫൽ എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തെരുവിലൂടെ നടന്ന് വന്ന ഒരു കാള ബാർബർ ഷോപ്പ് കണ്ട് അങ്ങോട്ട് ഇടിച്ച് കയറുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ബാർബർ ഷോപ്പിന് ഉള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഉള്ളത്. അതിൽ അകത്ത് കയറി കാള പരിഭ്രാന്തനായി പരക്കം പായുന്നു. ഇതിനിടെ മുടിവെട്ടാനും മറ്റുമായി എത്തിയിരുന്നവർ കസേരകളിൽ നിന്നും ഇറങ്ങി ഓടുന്നതും കാള മുറിക്ക് ഉള്ളിലൂടെ ദിക്ക് തെറ്റി പരിഭാന്തനായി ഓടുന്നതും വീഡിയോയിൽ കാണാം. നിമിഷ നേരം കൊണ്ട് കടയുള്ള ഉൾവശം ഒരു യുദ്ധക്കളത്തിന്‍റെ പ്രതീതി സൃഷ്ടിച്ചു. 'ഒരു കാള തന്‍റെ ഉടമസ്ഥനിൽ നിന്നും രക്ഷപ്പെട്ടു, ഒരു ഹെയർ സലൂണിന്‍റെ വാതിലുകൾ തകർത്ത്, അകത്തു കയറി. ബ്രോ കലണ്ടറിൽ ഈദ് നോക്കി, "ഇന്ന് വേണ്ട" എന്ന് പറഞ്ഞു, അത്താഴമാകുന്നതിന് പകരം പുതിയൊരു കട്ട് എടുക്കാൻ തീരുമാനിച്ചു.' വീഡിയോ പങ്കുവച്ച് കൊണ്ട് മാരിയോ കുറിച്ചു. അടുത്ത തെരുവിൽ നിന്നും രക്ഷപ്പെട്ട് ഓടിയ കാള സലൂണിൽ അക്രമം അഴിച്ച് വിട്ടെന്നും ഒന്ന് രണ്ട് പേർക്ക് നിസരമായി പരിക്കേറ്റെന്നും റിപ്പോർട്ടുകൾ പറയുന്നു. കാളയെ പിന്നീട് പിടികൂടി.
'ആ ഹെയർ കട്ടിന് വേണ്ടി എത്തിയത്'
വീഡിയോ ഇതിനകം നാല് ലക്ഷത്തി മുപ്പതിനായിരത്തിന് അടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. പിന്നാലെ രസകരമായ കുറിപ്പുകളുമായി നിരവധി പേരാണ് എത്തിയത്. അവനെ തെറ്റിദ്ധരിക്കരുത്, അവൻ നല്ലൊരു ഹെയർ കട്ടിനായി കയറിയതാണെന്നായിരുന്നു ഒരു കുറിപ്പ്. ബാർബർ ഷോപ്പിൽ കത്തിക്ക് മുന്നിൽ ഇരുന്നവരെ കണ്ടപ്പോൾ തന്നെ പോലെ നിസഹായരാണെന്ന് കരുതി രക്ഷിക്കാനെത്തിയതാണെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. അതേസമയം അത് കാളയല്ലെന്നും പശുവാണെന്നും വാദിച്ച് മറ്റു ചിലരുമെത്തി. അതുകൊണ്ടാണ് 'ഇസാം - ബുൾ' എന്ന പേര് വന്നതെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ ട്രംപിന്‍റെ ഹെയർ കട്ട് അനുകരിച്ച് ഈദ ബലിയിൽ നിന്നും രക്ഷപ്പെട്ട ബംഗാളിലെ പോത്തിനെ ഓർത്തെടുത്ത് അതുപോലൊരു ഹെയർ കട്ടിനായി എത്തിയതാകാമെന്ന് കുറിച്ചു.


