പശ്ചിമ ബംഗാൾ അതിർത്തിയിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഫലമായി നിരവധി കുടിയേറ്റക്കാർ തിരികെ പോകാൻ ശ്രമിക്കുമ്പോൾ, നുഴഞ്ഞുകയറ്റം തടയാൻ ഡ്രോണുകൾ ഉൾപ്പെടെയുള്ള ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണമാണ് ഈ നീക്കത്തിന് പിന്നിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ കർശനമായ പരിശോധനകളും നടപടികളും ആരംഭിച്ചു. ഇതോടെ നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരാണ് ബംഗ്ലാദേശിലേക്ക് തിരികെ പോകാൻ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം അതിർത്തി രക്ഷാ സേനയും സംസ്ഥാന പോലീസും സംയുക്തമായാണ് ഈ നീക്കം നടത്തുന്നത്. അതിർത്തിയിലെ വേലികളില്ലാത്ത ഭാഗങ്ങളും നദീതടങ്ങളും വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ നിരീക്ഷണം ശക്തമാക്കി. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി പാർപ്പിക്കുന്നതിനായി പശ്ചിമ ബംഗാളിൽ പ്രത്യേക ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിട്ടുപോകുകയാണെങ്കിൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അനധികൃത താമസക്കാരെ കണ്ടെത്താനായി വിപുലമായ പരിശോധനകൾ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

അതിർത്തി വഴിയുള്ള ഈ നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ജനസംഖ്യാ ഘടനയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ ഭരണമാറ്റത്തിന് ശേഷം കുടിയേറ്റ വിഷയത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നതകൾ മാറി ഐക്യം ശക്തിപ്പെട്ടതാണ് നടപടികൾ ഊർജ്ജിതമാകാൻ കാരണം.