എനിക്ക് ഓര്‍മകളില്ല. ഓര്‍മകളുടെ ഓര്‍മകളാണ് ഉള്ളത് എന്ന് തോന്നുന്നു...തിയതിയും നേരവും ഒന്നും ഓര്‍ക്കാതെ അനുഭവത്തന്റെ സത്ത  മാത്രം പിഴിഞ്ഞൂറ്റി  കുടിക്കുകയാണ് എന്റെ  ബോധം എന്ന് തോന്നാറുണ്ട് . ശരിക്കും പറഞ്ഞാല്‍ ഇന്ദ്രിയങ്ങളെ അനുകരിക്കാനാണ് നാം കലകളും ക്യാമറ പോലുള്ള  പകര്‍ത്തുപകരണങ്ങളും  എല്ലാം കണ്ട്  പിടിച്ചത്. അതേ ഇന്ദ്രിയാനുഭവങ്ങളും അതിനെ അനുഭവിപ്പിക്കുന്ന  തലച്ചോറും നാം കണ്ട് പിടിക്കയാണ് കംപ്യൂട്ടറിലൂടെയും  ക്യാമറയിലൂടെയും  റോബോട്ടുകളിലൂടെയും. മനുഷ്യ വിനിമയങ്ങള്‍ മനുഷ്യരല്ലാതെ ചെയ്യുന്ന രീതി.അമ്പരപ്പിക്കുന്നതാണ്  ഈ സാങ്കേതിക മുന്നേറ്റം. എന്നാല്‍  മനുഷ്യനുള്ള   കഴിവുകള്‍ കുറയുകയാണ്, യന്ത്ര സഹായത്തോടെ. ഓര്‍മകളില്‍ കലര്‍പ്പും വരുന്നു നാം അറിയാതെ.

കൊച്ചു കുഞ്ഞിന്റെ കുട്ടിക്കാലം ക്യാമറയിലോ വീഡിയോയിലോ  പകര്‍ത്തുന്നു.പിന്നീട് പല തവണ കാണുന്നു. കാണും തോറും നമ്മുടെ ഓര്‍മകള്‍ക്ക് പകരം ആവുകയാണ് ഈ പകര്‍പ്പ്. പിന്നെ നമുക്കും ഇത് മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവും പണികളും  നാം മറ്റൊരു  ഏജന്‍സിക്കു  ഏല്‍പ്പിച്ച പോലെയാണ് സംഭവിക്കുന്നത്.ചെരിപ്പുകള്‍ കാലുകളെ സംരക്ഷിക്കയാണോ അതോ കൂടുതല്‍ അവശര്‍ ആക്കുകയോ? മുള്ളും കല്ലും ചവിട്ടാന്‍ ഉള്ള കഴിവ് നശിപ്പിക്കയാണ് ചെരിപ്പുകള്‍ എന്ന് പറയാമോ.

എല്ലാ ദാമ്പത്യങ്ങളിലും പ്രണയ ബന്ധങ്ങളിലും ഈ മൃദു ക്രൂര കാലങ്ങള്‍ സംഭവിക്കുന്നു. എന്ത് കൊണ്ടാണ് അത്?പഴകിപ്പോവുക എന്നത് മനുഷ്യമനസ്സിന് മാത്രം സംഭവിക്കുന്ന ഒന്നാണ്

മനുഷ്യരുടെ എല്ലാ നേട്ടങ്ങളും പരിമിതികള്‍ കൂടിയാണ്. രതി ഒരു കലയാണ് എന്ന് പറയുന്നവരുണ്ട്. രതിയില്‍ [sex] സ്‌നേഹത്തിനു സ്ഥാനമില്ല എന്ന് പല പുതു തലമുറക്കാരും പറയുന്നു.ഒരു തൊടല്‍  കലയാണോ, സ്പര്‍ശ കല മാത്രമാണോ രതി? നന്നായി വികാരം ഉണര്‍ത്തും വിധം പരസ്പരം തൊടലാണോ രതി? അപ്പോള്‍ അപരിചിതരുമായുള്ള  ഒറ്റത്തവണ  ബന്ധങ്ങള്‍ ഒരു കലാ പ്രകടനം ആണോ? വേശ്യാവൃത്തി  ചെയ്യുന്നവര്‍ കലാകാരന്‍/രി ആണോ? ചരിത്രത്തിലൂടെ പോയാല്‍ കണ്ണിനും മെയ്യിനും കുളിര്‍മ നല്‍കുന്ന അഴകും നൃത്തം  സംഗീതം തുടങ്ങിയ ഇന്ദ്രിയ കലകളില്‍ പ്രാവീണ്യവും ഉള്ള ഉയര്‍ന്ന ജീവിത ബോധം ഉള്ളവരായിരുന്നു വേശ്യകള്‍. രതിക്കോ കുട്ടികളുടെ പിറവിക്കോ  സ്‌നേഹം വേണ്ട എന്നത് നിരന്തരം നാം കാണുന്നു.സ്‌നേഹമില്ലാതെ  രതി സാധ്യമാണ് എന്നതിന് വികലമായ അല്ലെങ്കില്‍ ഒരു ശീലം മാത്രമായിപ്പോയ ദാമ്പത്യജീവിതങ്ങള്‍ ഉദാഹരണമാണ്. ദൂരെ ഒന്നും പോകണ്ട ,ചുറ്റുപാടും നോക്കിയാല്‍ മതി. 

ലോഹസ്പര്‍ശമില്ലാത്ത മരപ്പലകയുടെ നിര്‍വികാരത ഇല്ലാത്ത അധികാര പ്രയോഗമല്ലാത്ത ഒരു രതി എപ്പോഴാണ് സാധ്യമാവുക എന്നല്ലേ ആരായേണ്ടത്?..സ്പര്‍ശത്തിന്റെ ഒരു സുഖലോകം.

കുറ്റിക്കാട്ടിലെ നരി എന്ന മാധവിക്കുട്ടിയുടെ കഥയില്‍ പൂച്ചട്ടിക്ക് പിന്നില്‍ നൃത്തം ചെയ്യുന്ന നരിയായി ആ സ്‌നേഹരാഹിത്യം അവിടെ ഉണ്ട്. സുന്ദരിയായ മാര്‍ഗറ്റ് സ്‌നേഹിച്ചു കല്യാണം കഴിച്ച അലക്‌സാണ്ടറും  അച്ഛനും മാത്രമുള്ള  കുടുംബത്തില്‍ പൂച്ചെടികളുടെ പിന്നില്‍ നരിയായി അസംതൃപ്തി ചുറ്റി പറ്റി നില്‍ക്കുന്നു.ഒരു കാലത്ത്  സുന്ദരിയായ അവള്‍  ഇന്ന് വിരൂപിയായ  കാരണം പുറത്തിറങ്ങാന്‍ മടിക്കുന്നു.ആ വീട്ടിലെ ജോലികള്‍ ജോലികള്‍ ഏതാണാ യുവതിയെ തളര്‍ത്തിയത്.അസ്വസ്ഥത കാരണം ഞാന്‍ കടലില്‍ ചെന്ന് ചാടണോ എന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍  അവള്‍ പറയുന്നു..അതൊരു ആലോചനയാണ് ശരിക്കും. 'കടലില്‍ ചാടുകയോ, അച്ഛാ?എത്ര നല്ല  ഒരു ആശയമാണത്. രാത്രി ഞാന്‍ കടലിന്റെ ശബ്ദം കേള്‍ക്കാറുണ്ട്..അത് എന്നോട് സംസാരിക്കുകയാണ്. അത് എന്നെ പെഗ്ഗീ എന്ന് വിളിക്കുന്നു. 'ഭര്‍ത്താവ് വിളിക്കുന്ന ഓമനപ്പേര് കടലാണ് അവളെ വിളിക്കുന്നത്.കടല്‍ കാണാന്‍ കല്യാണം കഴിഞ്ഞ്  അഞ്ച് വര്‍ഷമായിട്ടും അവര്‍ ഒരുമിച്ച് പോയിട്ടുമില്ലല്ലോ.....

അലക്‌സാണ്ടര്‍ ഒരിക്കല്‍ സ്‌നേഹിച്ച പ്രേമിച്ചു വിവാഹം കഴിച്ച അവളെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ വെമ്പുന്നു.

അവള്‍ ചോദിക്കുന്നു, 'അലക്‌സ്,നിങ്ങള്‍ എത്ര ക്രൂരതയോടെയാണ്  സംസാരിക്കുന്നത്. അന്ന് എന്റെ അരക്കെട്ടില്‍ നിങ്ങള്‍ ആശ്‌ളേഷിച്ചു  മൃദുവായി. ഒരു പൂച്ചെണ്ടിനെ ആശ്ലേഷിക്കുന്നതു പോലെ മൃദുവായി രമ്യതയോടെ...പിന്നീട് എന്തുണ്ടായി അലക്‌സ്?'

ഒരു തൊടല്‍ കല മാത്രമല്ല രതി.സ്‌നേഹത്തോട് കൂടിയുള്ള സ്പര്‍ശമാണ്.മടുപ്പിക്കാത്ത അലിവുള്ള ഒരു പാരസ്പര്യമാണ്.വാത്സല്യവും സംരക്ഷണ ഭാവവും പരസ്പരം തോന്നുന്ന ഒരു കൂട്ട്.

എല്ലാ ദാമ്പത്യങ്ങളിലും പ്രണയ ബന്ധങ്ങളിലും ഈ മൃദു ക്രൂര കാലങ്ങള്‍ സംഭവിക്കുന്നു. എന്ത് കൊണ്ടാണ് അത്?പഴകിപ്പോവുക എന്നത് മനുഷ്യമനസ്സിന് മാത്രം സംഭവിക്കുന്ന ഒന്നാണ്.പ്രണയത്തില്‍ പെട്ടിരിക്കുമ്പോള്‍ ഓരോ വാക്കിനും നോക്കിനും അര്‍ത്ഥമുണ്ട്.ആള്‍ക്കൂട്ടത്തില്‍ വെച്ച അവളെ/അവനെ കാണുമ്പോഴും ഒരേ കാറ്റ് പരസ്പരം തൊടുമ്പോള്‍ പോലും സന്തോഷം ഊറി ഊറി വരുന്നു.നമ്മുടെ മുഖം നിലാവ് വീണു നനഞ്ഞു തിളങ്ങുന്നു.എഴുതാത്ത കണ്ണുകളില്‍ പോലും കറുത്ത തിളക്കം അനുരാഗം ജ്വലിപ്പിക്കുന്നു. 

അപ്പോള്‍ ഒരു തൊടല്‍ കല മാത്രമല്ല രതി.സ്‌നേഹത്തോട് കൂടിയുള്ള സ്പര്‍ശമാണ്.മടുപ്പിക്കാത്ത അലിവുള്ള ഒരു പാരസ്പര്യമാണ്.വാത്സല്യവും സംരക്ഷണ ഭാവവും പരസ്പരം തോന്നുന്ന ഒരു കൂട്ട്. അതിനെ ഉറപ്പിക്കുന്നത് പണമോ ജാതിയോ മതമോ ആവരുത് പരസ്പരം അറിയാനുള്ള ഒരു മനോഭാവം ആയിരിക്കണം. 

പുതുതലമുറക്കുട്ടികളേ, രതിയില്‍ സ്‌നേഹം വേണ്ട എന്ന് എല്ലാവര്‍ക്കും അറിയാം. സ്‌നേഹം ഇല്ലാത്ത രതിയില്‍ നിന്ന് പിറന്നവരായിരിക്കും മുക്കാല്‍ മനുഷ്യരും.ശ്രീനാരായണ ഗുരു 'പുണര്‍ന്ന് പെറുന്നവരാണു നര ജാതി'' എന്ന് പറയുന്നു. എന്നാല്‍ സ്‌നേഹത്തോടെ ഉള്ള രതി ..അത് സാധ്യമല്ല എന്ന് നാം ഇന്ന് പറയുന്നു എങ്കില്‍, നമ്മുടെ സ്‌നേഹം പഴകും തോറും കയ്ക്കുന്ന ,പഴുക്കും തോറും കയ്ക്കുന്ന കനിയാണ് എങ്കില്‍ നമുക്ക് എവിടെയോ പിഴച്ചു പോയിരിക്കുന്നു...രതിയെ പറ്റിയും സ്‌നേഹത്തെ പറ്റിയും മനസ്സ് തുറന്നു കുറെ കൂടി അറിയാന്‍ ബാക്കിയില്ല,  എങ്കില്‍  പിന്നെ എന്താണ് ജീവിതം?,ലോഹസ്പര്‍ശമില്ലാത്ത മരപ്പലകയുടെ നിര്‍വികാരത ഇല്ലാത്ത അധികാര പ്രയോഗമല്ലാത്ത ഒരു രതി എപ്പോഴാണ് സാധ്യമാവുക എന്നല്ലേ ആരായേണ്ടത്?..സ്പര്‍ശത്തിന്റെ ഒരു സുഖലോകം.

ഇക്കാലത്തു ഇക്കാലത്തു എന്ന് നാം കാലത്തെ കുറ്റപ്പെടുത്തും. കാലം നിര്‍മിക്കുന്നതും മനുഷ്യര്‍ തന്നെ. അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തു എക്കാലത്തും വേണ്ടത്.

മാധവിക്കുട്ടിയുടെ കഥ അവസാനിക്കുന്നത് ഇങ്ങനെ.

അര്‍ധരാത്രിയോട് അടുത്ത് സാമാനം തൂക്കിയെടുത്തു മാര്‍ഗററ്റ് തളത്തില്‍ എത്തി.നരി അപ്പോഴും നൃത്തം ചെയ്യുകയായിരുന്നു.
ഞാന്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ്.അവള്‍ നരിയോട് പറഞ്ഞു.'എനിക്ക് ഭ്രാന്താണെന്ന് ഇവര്‍ പറയുന്നു.എനിക്ക് ഭ്രാന്തുണ്ടോ?'
ഇല്ല, നരി പറഞ്ഞു..'നിനക്ക് തീര്‍ച്ചയായും ഭ്രാന്തില്ല'.

നരി അവളുടെ കയ്യില്‍ നിന്ന് പെട്ടി വലിച്ചെടുത്തു. 

'നീയും എന്റെ കൂടെ വരുമോ?' അവള്‍ ചോദിച്ചു.
'ഞാന്‍ അല്ലാതെ നിന്റെ കൂടെ ആരാണ് ഈ ഘട്ടത്തില്‍ വരിക?' 'നരി ചോദിച്ചു.
'നീ എന്റെ കൂടെ എന്നും ഉണ്ടാവുമോ?'അവള്‍ ചോദിച്ചു. 
'തീര്‍ച്ചയായും' നരി മന്ത്രിച്ചു.
പുറത്തു ചന്ദ്രന്‍ ജ്വലിച്ചു കൊണ്ടിരുന്നു.

അതെ. ഉന്മാദം കുറ്റിക്കാട്ടിലെ നരിയെ പോലെ സ്‌നേഹമില്ലാത്ത ഇടങ്ങളില്‍ നൃത്തം ചെയ്യുന്നു.

രതിയിലോ സ്‌നേഹത്തിലോ  ഒതുങ്ങുന്നതല്ല പ്രണയം. ത്യാഗമല്ല അതിന്റെ ഞരമ്പ്.മുറിച്ചു കളയാന്‍, കയര്‍ കുരുക്കില്‍ പിടയാന്‍  വിസമ്മതിക്കുന്ന പരസ്പര  സമത്വത്തിന്റെ,  പരസ്പര വിശ്വാസത്തിന്റെ, അപരനിലെ തനിക്കിഷ്ടമില്ലാത്ത പൊടിപ്പുകളെ  നുള്ളിക്കളയാതെ  വളരാന്‍ സമ്മതിക്കുന്ന കാരുണ്യത്തിന്റെ മൃദു സാന്നിധ്യം അതിനു വേണം.ഇക്കാലത്തു ഇക്കാലത്തു എന്ന് നാം കാലത്തെ കുറ്റപ്പെടുത്തും. കാലം നിര്‍മിക്കുന്നതും മനുഷ്യര്‍ തന്നെ. അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തു എക്കാലത്തും വേണ്ടത്.

 

ഈ കോളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്:

ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...