Asianet News MalayalamAsianet News Malayalam

ഒരു മകള്‍ അച്ഛന് എഴുതാത്ത വരികള്‍!

VM Girija column on her father
Author
Thiruvananthapuram, First Published Dec 1, 2016, 6:59 AM IST

VM Girija column on her father

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അനുഭവക്കുറിപ്പുകള്‍ വന്നു കൊണ്ടിരുന്ന സമയം . പ്രമുഖ വിമര്‍ശകനായ  എം തോമസ് മാത്യു സര്‍ പറഞ്ഞു, ഇത് ഒരു വിത്തെടുത്തുണ്ണലാണ്. കവിതകള്‍ ആകേണ്ട  അനുഭവങ്ങളാണ്  ബാലചന്ദ്രന്‍ ഇങ്ങനെ എഴുതി പാഴാക്കുന്നത്.

അപ്പോളൊക്കെ ഞാന്‍ സ്വയം ചോദിച്ചു, കവിതയ്ക്ക് മാത്രമാണോ പ്രാധാന്യം? കവിത മനസ്സിലാക്കാത്തവര്‍ പോലും അനുഭവക്കുറിപ്പുകള്‍ വായിക്കുന്നു,മനസ്സിലാക്കുന്നു. എളുപ്പത്തില്‍ ദഹിക്കുന്ന  ഭക്ഷണമാണോ പോഷക ഭക്ഷണം? പൂന്താനത്തിന്റെ  ജ്ഞാനപ്പാന പോലെ പച്ച വെള്ളം പോലുള്ള കവിതകള്‍ ദാഹമാറ്റും,ജീവന്‍ നിലനിര്‍ത്തും.....അതാണോ വേണ്ടത്?

മനുഷ്യര്‍ സൃഷ്ടിച്ച  ലോകത്തില്‍  സുഖങ്ങളെക്കാള്‍ ദുഃഖങ്ങള്‍  ആണുള്ളത്.സുഖം നിഴലും ദുഃഖം വസ്തുവുമാണ്. 'ഇടയ്ക്കു  കണ്ണീരുപ്പു  പുരട്ടാതെന്തിന് ജീവിത പലഹാരം' എന്ന് ഇടശ്ശേരി  പറഞ്ഞാലും അതാരും ആഗ്രഹിക്കുന്നില്ല.ഏറ്റവും വലിയ അത്ഭുതം മനുഷ്യര്‍ ഈ ഭൂമിയിലെ വാഴ്‌വ്  അത്രയധികം കൊതിക്കുന്നു എന്നാണ് .

മക്കള്‍ അച്ഛനെ മനസ്സിലാക്കാറില്ല എന്നും ഒരു പാട് വൈകിയാണ്  മനസ്സിലാക്കാറുള്ളത് എന്നും പറയാറുണ്ട്. പക്ഷെ എനിക്ക് എന്റെ അച്ഛനെ അടിമുടി അറിയാമായിരുന്നു. എന്റെ അച്ഛന്‍ ഷൊര്‍ണ്ണൂര്‍ പരുത്തിപ്ര വടക്കേ പാട്ടു മനക്കല്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് എന്ന ഒരു പ്രത്യേകതയുമില്ലാത്ത ഒരാള്‍ ഈ പതിനെട്ടാം തിയതി വൈകിട്ട് മരിച്ചു. പിറ്റേന്ന് ഉച്ച ആവുമ്പോഴേക്കും ചിതയില്‍ കത്തി അമര്‍ന്നു.അച്ഛന്‍  മരിക്കാന്‍ തയാറായിട്ട് ,മാനസികമായി ഒരുങ്ങിയിട്ട് വളരെ കാലം ആയിരിക്കുന്നു.

VM Girija column on her father

വി.എം ഗിരിജയുടെ മാതാപിതാക്കള്‍. പഴയ ചിത്രം. 

ഒരു ഒന്നൊന്നര കൊല്ലമായി അച്ഛന്‍ മരിച്ചാല്‍ മതി എന്ന് സത്യസന്ധമായി കൊതിക്കുന്നു. ലൗകിക ജീവിതത്തോടുള്ള അച്ഛന്റെ കെട്ടുപാട്  ഇല്ലാതായിരിക്കുന്നു. മരിച്ചാല്‍ ക്രിയകള്‍, കര്‍മങ്ങള്‍ ഒന്നും ചെയ്യണ്ട എന്നും കണ്ണും  ശരീരവും ദാനം ചെയ്യണം എന്നും അച്ഛന്‍ പറഞ്ഞത് മുഴുവന്‍ നടപ്പിലാക്കാനായില്ല.അച്ഛന്‍ നെടുമ്പാശ്ശേരി ആയിരിക്കുമ്പോ കണ്ണുദാന ഫോറം  എഴുതി കൊടുത്തിട്ടുണ്ട്. പരപ്പനങ്ങാടി  വന്നപ്പോള്‍ അച്ഛന്‍ പുറം ലോകവുമായുള്ള ബന്ധം മുറിച്ചു. എന്നാലും എന്റെ ചേച്ചിയുടെ  ഭര്‍ത്താവ് ബേബിയേട്ടന്‍  അക്കാര്യം അന്വേഷിച്ചിരുന്നു. പക്ഷേ  നടന്നില്ല. അദ്ദേഹം ഒരു സജീവ പാലിയേറ്റീവ് പ്രവര്‍ത്തകന്‍ കൂടിയാണ്. 

എന്റെ ഓര്‍മ്മകളും ചിന്തകളും മുറിഞ്ഞു പോകുന്നു, മുടന്തി  പോകുന്നു.അച്ഛന്‍ ഒരു ഓര്‍മ്മയാവുന്ന കാലം എങ്ങനെ ഞാന്‍ സഹിക്കും എന്ന് ഞാന്‍ അമ്പരന്നിട്ടുണ്ട്. ഇതാ ഇപ്പോള്‍ ശാന്തമായി ഞാന്‍ ആ ദിവസങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.അച്ഛന്‍ വയ്യാതായി കിടക്കുമ്പോള്‍ അച്ഛന്‍  ഉള്ളിലേക്ക് പിന്‍വലിഞ്ഞു പോയിരുന്നു.നാം പറയുന്ന വാക്കുകള്‍ അച്ഛന്റെ ഉള്ളിലേക്ക് കേറാതെ ചിറകു കുഴഞ്ഞ പക്ഷികളായി വീഴുന്നത് കണ്ട്  ഞാന്‍ ഈ ഒന്നരക്കൊല്ലക്കാലം സങ്കടപ്പെട്ടിട്ടുണ്ട്.  

VM Girija column on her father

വിഎം ഗിരിജയുടെ പിതാവ് വാസുദേവന്‍ ഭട്ടതിരിപ്പാടും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനും
               
കഥകളി ,കാളിദാസവ്യാസാദികള്‍ ഇവ എല്ലാം ചര്‍ച്ച ചെയ്യാന്‍ അച്ഛന് വലിയ കമ്പമായിരുന്നു.'രാമങ്കുട്ടി'യെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലായിരുന്നു. (കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്‍) പല പാട്  ഞാന്‍ എഴുതിയിട്ടുണ്ട് ഇത്. ഒരു വേരില്‍ നിന്ന് പൊട്ടിമുളച്ചു  പരസ്പരം നോക്കി നില്‍ക്കുന്ന രണ്ടു വന്‍ വൃക്ഷങ്ങള്‍ പോലെ അവര്‍ നില്‍ക്കുന്നതായി എനിക്ക് തോന്നീട്ടുണ്ട്. വ്യക്തിപരമായി വളരെ അടുത്താണ്  അവര്‍ ജീവിച്ചത് എന്ന് തോന്നുന്നില്ല. എന്നാല്‍ അച്ഛന്റെ ശ്വാസം പോലെ ആയിരുന്നു കഥകളി , പ്രത്യേകിച്ച് രാമന്‍കുട്ടി ആശാന്‍. കലയും ആസ്വാദനവും  തമ്മിലുള്ള പാരസ്പര്യം എങ്ങനെ ഉണ്ടാവണം എന്നതിനുദാഹരണം ആയിരുന്നു അവര്‍.ആഴത്തില്‍ അറിഞ്ഞിട്ടും ഒപ്പം കളിച്ചും കണ്ടും വളര്‍ന്നിട്ടുമുള്ള  ഒരാഴം അവരെ ഇണക്കി.സത്യം പറഞ്ഞാല്‍ അരങ്ങത്തെ രാമന്‍കുട്ടി ആശാനായിരുന്നു അച്ഛന്റെ ജീവിതത്തെ  സുന്ദരമാക്കിയിരുന്നത്.

ഞങ്ങള്‍ നാല് പെണ്‍കുട്ടികളെ കലാമണ്ഡലത്തിലേക്ക് മാത്രമേ സമാധാനമായി അച്ഛന്‍ കളി കാണാന്‍ കൊണ്ട് പോകാറുള്ളൂ. തലേ ദിവസം തന്നെ പിറ്റേന്ന് കളിക്കുന്ന കളിയുടെ കഥ, ആട്ടശ്ലോകങ്ങള്‍,  ഇതേ സന്ദര്‍ഭത്തില്‍  പഴയ വേദികളില്‍ നടന്ന പഴയ 'കേട്ടു 'കഥകള്‍, രാഗങ്ങള്‍ എല്ലാം പറയും.പിറ്റേന്ന് ഉച്ചക്ക് കിടത്തി ഉറക്കും. വൈകിട്ട് പകലൂണും കഴിച്ചു കഥകളിക്ക് പോകും.പരുത്തിപ്രയില്‍ നിന്ന് ചെറുതുരുത്തി വരെ നടക്കുമ്പോള്‍ എല്ലാം രാവുണ്ണിമേനോനെ കുറിച്ചോ മറ്റോ ഉള്ള കഥകള്‍ പറയും. അടുത്തിരുത്തി  മുദ്രകള്‍ പറഞ്ഞുതരും. 

കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, അപ്പുക്കുട്ടിപ്പൊതുവാള്‍,നീലകണ്ഠന്‍ നമ്പീശന്‍ ഈ നാലാളും ചേര്‍ന്ന കളികള്‍ ആണ് അച്ഛനെ ജീവിപ്പിച്ചിരുന്നത് . ദാരിദ്ര്യത്തെ അത് ലഘുവാക്കി. തറവാട് ഭാഗിച്ചു കിട്ടിയ അധികം ഫലപുഷ്ടി ഇല്ലാത്ത കുന്നിന്‍ ചെരുവില്‍ താമസം.കൃഷി എല്ലാം വിറ്റു പോയി.ഒരു സ്‌കൂള്‍ ഉണ്ടായിരുന്നത് പഞ്ചായത്തിന് കൊടുത്തു.ജോലി ഇല്ല.രണ്ടു അമ്മമാര്‍, ഭാര്യ, നാല് മക്കള്‍ ...കടം വാങ്ങിക്കുക എന്ന അപമാനം അച്ഛനെ  വളരെ വിഷമിപ്പിച്ചിരുന്നു.എന്നാല്‍ ഒരിക്കല്‍ പോലും അച്ഛന്‍ പരാതിപ്പെട്ടില്ല.ഉണ്ണാന്‍  ഇരുന്നാല്‍ ഒന്നും ഇല്ലെങ്കിലും അച്ഛന്‍ പ്രസന്നനാകും.എല്ലാവര്‍ക്കും തികയുന്നില്ല എന്ന ഒരു വേവലാതി കാരണമാകും ഏറ്റവും അവസാനമാണ് അച്ഛനും അമ്മയും ഊണ് കഴിച്ചത്. 

കിടക്കാന്‍ പോയാല്‍ മാതൃഭൂമി ആഴചപ്പതിപ്പ്  'അമ്മ ഉറക്കെ വായിക്കും.അച്ഛന്‍ കേള്‍ക്കും (അച്ഛന് അല്‍പ്പം 'വിക്ക്' ഉണ്ടായിരുന്നു). പലപ്പോഴും ആ വായന ഒരുറക്കത്തിന് ശേഷം ഉണര്‍ന്ന ഞാന്‍ കേട്ടിട്ടുണ്ട്. എന്നെ പൊതിഞ്ഞു സൂക്ഷിച്ച ഒരു മന്ത്രമായിരുന്നു അത്. 

വാക്കുകള്‍, അക്ഷരം,കഥകളി ഇവയെല്ലാം നെയ്തതാണ് എല്ലാവരുടെയും ജീവിതം എന്ന് ഞാന്‍ അന്ന് വിചാരിച്ചിരുന്നു.കലയ്ക്ക് വേണ്ടി അച്ഛന്‍ ചെലവാക്കിയത് പണമല്ലായിരുന്നു തന്റെ ജീവിതം തന്നെ ആയിരുന്നു, എല്ലാ വീടുകളിലും അതങ്ങനെ അല്ല എന്ന് ഞാന്‍ പിന്നീടറിഞ്ഞു. എന്നെ രൂപീകരിച്ച മിക്ക  ഒഴുക്കുകളുടെയും തുടക്കം അച്ഛനായിരുന്നു.

 

കഥകളിയെക്കുറിച്ച് അച്ഛന്‍ വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി വിഎം ഗിരിജ നടത്തിയ ദീര്‍ഘ സംഭാഷണം
 

എന്റെ ഇല്ലത്ത്  മന്ത്രവാദവും വൈദ്യവും വേദവും കാവ്യനാടകാദികളും ഉണ്ടായിരുന്നു.എന്നാല്‍ സമ്പത്ത്  ഉണ്ടായിരുന്നില്ല.മുത്തശ്ശന്‍ പുരോഗമനവാദി ആയിരുന്നു.മാതൃഭൂമി പത്രത്തിന് വേണ്ടി  പണം പിരിവോ ഷെയര്‍  പിരിക്കലോ  ഉണ്ടായിരുന്നപ്പോള്‍ മുത്തശ്ശന്‍  സംഭാവന കൊടുത്തിരുന്നു. അങ്ങനെ പത്രം അവിടെ വന്നിരുന്നു. തപാലില്‍. മുത്തശ്ശന്‍  നാലപ്പാട്ടിന്റെ 'പാവങ്ങള്‍' വായിച്ചിട്ടുണ്ട് എന്ന്  അച്ഛന്‍ പറഞ്ഞിരുന്നു.പഴയ പാരമ്പര്യത്തിന്റെ ചില നന്മകള്‍, പുതിയ ചില വെളിച്ചങ്ങളിലേക്ക് എടുത്തു വെയ്ക്കാന്‍ നമ്പൂതിരിമാര്‍ ശ്രമിച്ചിരുന്നതിന്റെ ഒരു തെളിവായിരുന്നു അച്ഛന്‍. 

അച്ഛന്റെ കൂട്ടുകാരന്‍ രാമനുണ്ണി വാരിയര്‍ കേരളവര്‍മ്മ  കോളേജില്‍ പഠിച്ചിരുന്നപ്പോള്‍  സഹപാഠിയായ  ടി.കെ.സി .വടുതലയെ  കൊണ്ട് വന്ന് എന്റെ  ഇല്ലത്ത്  താമസിപ്പിച്ചിട്ടുണ്ടത്രെ.വടുതല എന്നത് അമ്മമാര്‍ ഒരില്ലപ്പേരാണെന്ന്  വിചാരിച്ചു  കാണും എന്ന് പറഞ്ഞു  അച്ഛന്‍  ചിരിക്കാറുണ്ടായിരുന്നു.
                           
അച്ഛന്‍ ജാതിയിലോ മതത്തിലോ സമ്പത്തിലോ വിശ്വസിച്ചില്ല.കമ്മ്യൂണിറ്റ് ആയിട്ടാണ് ജീവിച്ചതും വോട്ട്  ചെയ്തതും.ക്ഷേത്രങ്ങളെ നിരസിച്ചു.എന്നാല്‍ ക്ഷേത്രകലകളെ,ക്ഷേത്രത്തിലെ നല്ല കൊത്തുപണികള്‍ ശില്പരീതികള്‍  ഒക്കെ ആസ്വദിച്ചു.ഗുരുവായൂര്‍ ക്ലബ് കളിക്ക് ഒരിക്കല്‍ എന്നെ കൊണ്ട് പോയി.കലാമണ്ഡലം കൃഷ്ണന്‍  നായരാശാന്റെ രണ്ടാം ദിവസത്തെ നളനും രാമന്‍കുട്ടി നായരുടെ കാട്ടാളനും ആയിരുന്നു. ഗുരുവായൂര്‍ അമ്പലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.എന്നാല്‍ ദൈവം ഇല്ല എന്ന് വാദിച്ചു കേട്ടിട്ടില്ല.നല്ലത് ചെയ്യക മാത്രമാണ് ദൈവാരാധന എന്ന് ഇപ്പോഴും  പറഞ്ഞിരുന്നു. പ്രവര്‍ത്തിച്ചിരുന്നു. 
                   
അച്ഛാ. ആ വെളിച്ചം എവിടെ...ആ തണുപ്പും വേഗമില്ലായ്മയും ആനന്ദവും കൊണ്ട് പണിത നമ്മുടെ സാധാരണ ജീവിതം എവിടെ?എവിടെ?

 

ഈ കോളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്:

ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...

രതി, ഒരു സ്പര്‍ശ കല മാത്രമല്ല!

സ്‌നേഹം വേദനയുടെ ഒരു ലോകഭാഷ

Follow Us:
Download App:
  • android
  • ios