Asianet News MalayalamAsianet News Malayalam

സംവരണം ഒരു തൊഴിൽദാന പദ്ധതിയോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോ അല്ല; അധികാര പങ്കാളിത്തത്തിന്‍റെ വിഷയമാണ്

ഞാൻ ജാതി സംവരണത്തെ അനുകൂലിക്കുന്നു. അത്‌ തുടരണമെന്നും കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു. ഈ വിഷയത്തിലെ എന്റെ അഭിപ്രായങ്ങൾ ഇവിടെ ക്രോഡീകരിക്കാൻ ശ്രമിക്കുകയാണ്

vt balram on cast reservation
Author
Thiruvananthapuram, First Published Jan 9, 2019, 12:49 PM IST

ഈയിടെ അന്താരാഷ്ട്ര യുവജന ദിനത്തിൽ പ്രശസ്ത മാന്ത്രികൻ ശ്രീ. ഗോപിനാഥ്‌ മുതുകാടിന്‍റെ നേതൃത്വത്തിലുള്ള കഴക്കൂട്ടം മാജിക്‌ പ്ലാനറ്റിൽ വെച്ച്‌ ഞാനടക്കം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട പുതുമുഖ എം.എൽ.എ.മാർക്ക്‌ വിദ്യാർത്ഥികളും ചെറുപ്പക്കാരുമടങ്ങുന്ന ഒരു സദസ്സിനെ അഭിമുഖീകരിക്കാനവസരം ലഭിച്ചു. വളരെ പ്രസക്തമായ പല ചോദ്യങ്ങളുമാണ് സദസ്സിൽനിന്ന് ഉയർന്നുവന്നത്‌. അവരവരുടെ രാഷ്ട്രീയ വീക്ഷണങ്ങളിലൂന്നി നിന്നുകൊണ്ടാണെങ്കിലും ഞങ്ങളെല്ലാം അവയ്ക്ക്‌ മറുപടി നൽകാൻ ശ്രമിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത്‌ 'ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുകളയാറായില്ലേ' എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യമായിരുന്നു. മുമ്പ് പലയിടത്തും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇവിടെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്‌ ചോദ്യകർത്താവ്‌ ഈ വിഷയത്തിലേക്ക്‌ കടന്നതും സദസ്സിൽനിന്ന് വ്യാപകമായി ഉയർന്നുകേട്ട കയ്യടികളായിരുന്നു. മറ്റൊരു ചോദ്യത്തിനും ഉത്തരത്തിനും ലഭിക്കാത്ത പിന്തുണയാണ് ഈ ചോദ്യത്തിന് ആ ചെറുപ്പക്കാരിൽ നിന്ന് ലഭിക്കുന്നതായി കണ്ടത്‌.

ഈയിടെ തിരുവനന്തപുരം സി ഇ ടി കോളേജിലെ ദൗർഭാഗ്യകരമായ അപകടമരണത്തേക്കുറിച്ചുള്ള അതേ കോളേജിലെ അധ്യാപകന്‍റെ ഫേസ്ബുക്ക്‌ കുറിപ്പിലും ആരോപണവിധേയരായ വിദ്യാർത്ഥികൾ പട്ടികജാതിയിൽപ്പെട്ടവരും സംവരണത്തിലൂടെ പ്രവേശനം നേടിയവരുമാണെന്ന് അസ്ഥാനത്ത്‌ എടുത്തുപറഞ്ഞതായി കണ്ടു. സംവരണമെന്നത്‌ അനർഹർക്ക്‌ കിട്ടുന്ന വഴിവിട്ട സഹായമാണെന്നുള്ള പൊതുബോധം നമ്മുടെ സമൂഹത്തിലെ ഏതൊക്കെ തലങ്ങളിലുള്ളവർ പങ്കുവെക്കുന്നു എന്ന് ഇത്‌ വെളിപ്പെടുത്തുന്നുണ്ട്‌.

സംവരണമെന്ന ഭരണഘടനാധിഷ്ഠിത അവകാശത്തിനെതിരെ വ്യാപകമായ പ്രചരണങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്നുണ്ട്‌. പരിഹാസരൂപത്തിലുള്ള മീമുകളും ഫോട്ടോ കമന്റുകളും ഫേസ്ബുക്കിലും വാട്ട്സ്‌ ആപ്പിലും നിരന്തരം കാണേണ്ടി വരാറുമുണ്ട്‌. ഗുജറാത്തിലെ പട്ടേൽ വിഭാഗക്കാരുടെ സംവരണ സമരം അക്രമാസക്തമായി കത്തിപ്പടരുന്നതോടുകൂടി സംവരണ വിരുദ്ധ ചർച്ചകളും കൊഴുക്കുകയാണ്. ഈ സാഹചര്യത്തിൽ സംവരണത്തിന്റെ ആവശ്യകതയും സംവരണ വിരുദ്ധതയുടെ പിന്നിലെ പ്രതിലോമ രാഷ്ട്രീയത്തേയും തുറന്നുകാട്ടിക്കൊണ്ടുള്ള പോസിറ്റീവായ ബദൽപ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെത്തന്നെ മുന്നോട്ടുകൊണ്ടുപോകേണ്ടത്‌ അനിവാര്യമായിത്തോന്നുന്നു.

സംവരണം കൊണ്ട്‌ സംവരേണതര വിഭാഗങ്ങൾക്ക്‌ കാര്യമായ നഷ്ടമൊന്നുമുണ്ടാവുന്നില്ല

ഞാൻ ജാതി സംവരണത്തെ അനുകൂലിക്കുന്നു. അത്‌ തുടരണമെന്നും കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു. ഈ വിഷയത്തിലെ എന്റെ അഭിപ്രായങ്ങൾ ഇവിടെ ക്രോഡീകരിക്കാൻ ശ്രമിക്കുകയാണ്:

1) സംവരണം അടിസ്ഥാനപരമായി ഒരു തൊഴിൽദാന പദ്ധതിയോ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോ അല്ല, അധികാര പങ്കാളിത്തത്തിന്റെ വിഷയമാണ്. ഇന്ത്യ പോലെ ഇത്രത്തോളം വൈവിധ്യങ്ങൾ ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്ന ഒരു സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ അധികാരത്തിന്റെ എല്ലാ തലങ്ങളിലും ആനുപാതികമായി റപ്രസന്റ്‌ ചെയ്യപ്പെടുന്നു എന്നതും സമൂഹം എല്ലാവരേയും ഉൾക്കൊള്ളുന്നു എന്നതും ഉറപ്പു വരുത്തേണ്ടത് നമ്മുടെ ബഹുസ്വര ജനാധിപത്യത്തിന്റെ ചുമതലയാണ്.

2) സംവരണം കൊണ്ട്‌ സംവരേണതര വിഭാഗങ്ങൾക്ക്‌ കാര്യമായ നഷ്ടമൊന്നുമുണ്ടാവുന്നില്ല. ഇപ്പോൾ നിലവിൽ സർക്കാർ സർവ്വീസുകളിൽ മാത്രമാണു സംവരണം നടപ്പാക്കിയിട്ടുള്ളത്‌. ആകെ ജനസംഖ്യയുടെ 2 ശതമാനത്തിൽത്താഴെ ആളുകൾക്ക്‌ മാത്രമേ അല്ലെങ്കിൽത്തന്നെ സർക്കാർ സർവ്വീസുകളിൽ ജോലി നേടാൻ കഴിയുന്നുള്ളൂ. അതിൽ അമ്പത്‌ ശതമാനം സംവരണം നടപ്പാക്കിയാലും ഇല്ലെങ്കിലും ബാക്കിയുള്ള 98 ശതമാനത്തിനും അതുകൊണ്ട്‌ കാര്യമായി ഒരു അവസരനഷ്ടവുമുണ്ടാകാൻ പോകുന്നില്ല.

3) "The biggest scam ever in India is the caste system". എല്ലാവർക്കും തുല്യമായും നീതിപൂർവ്വകമായും വിതരണം ചെയ്യപ്പെടേണ്ട സമ്പത്തും പൊതു വിഭവങ്ങളിലുള്ള ഉടമസ്ഥാവകാശവും അധികാരമോ അധികാര സാമീപ്യമോ ഉപയോഗിച്ച് ചുരുക്കം ചിലർ കൈവശപ്പെടുത്തുന്നതിനേയാണല്ലോ നാം അഴിമതി എന്ന് വിളിക്കുന്നത്. ആ വിശാലാർത്ഥത്തിൽ നോക്കുകയാണെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ, ഏറ്റവും ആസൂത്രിതമായ, ഏറ്റവും ദീർഘകാലം നീണ്ടുനിന്ന അഴിമതിയുടെ പേരാണ് ജാതി വ്യവസ്ഥ എന്നത്.

4) സംവരണം ഒരു തെറ്റ്‌ തിരുത്തൽ നടപടിയാണ്. നേരത്തെ സൂചിപ്പിച്ച മട്ടിൽ നമ്മുടെ സമൂഹത്തിൽ ഇന്ന് കാണുന്ന എല്ലാ ഉച്ചനീചത്ത്വങ്ങളുടേയും അടിസ്ഥാനകാരണം എത്രയോ സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിൽക്കുന്ന ജാതിവ്യവസ്ഥയാണ്. ഭൂമിയുടെ മേലുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഇഷ്ടപ്പെട്ട തൊഴിലെടുക്കാനുള്ള അവകാശം എന്നിവക്കപ്പുറം വഴി നടക്കാനും വെള്ളമെടുക്കാനും മാറുമറക്കാനും മീശവെക്കാനുമൊക്കെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ വരെ ക്രൂരമായി ജാതിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കപ്പെട്ടിരുന്ന ഫ്യൂഡൽ/രാജഭരണ കാലത്തെ സംസ്ക്കാരത്തെയാണു നമ്മളിൽച്ചിലരിന്ന് "ആർഷ ഭാരത സംസ്ക്കാര"മെന്ന് പാടിപ്പുകഴ്ത്തുന്നത്‌. ആ കാലവും അന്നത്തെ സാമൂഹിക വ്യവസ്ഥിതിയും സൃഷ്ടിച്ച അസമത്വങ്ങൾക്ക്‌ പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഇന്നത്തെ ജനാധിപത്യ കാലത്തിനുണ്ട്‌. ജാതിയുടെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളോടുമുള്ള ഡിസ്ക്രിമിനേഷനിലൂടെ സമൂഹം സൃഷ്ടിച്ച അസമത്ത്വങ്ങൾ പരിഹരിക്കാനുള്ള റിവേഴ്സ്‌ ഡിസ്ക്രിമിനേഷൻ ആണു സംവരണം. സ്വാഭാവികമായി അതും ജാതിയുടെ അടിസ്ഥാനത്തിൽത്തന്നെ ആയിരിക്കും.

സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം മാത്രമല്ല

5) സവർണ്ണ സമുദായങ്ങളിൽപ്പെട്ട ചിലരുടെ ദാരിദ്ര്യവും സംവരണ വിഭാഗങ്ങളിൽപ്പെട്ട ചിലരുടെ സമ്പന്നതയും സംബന്ധിച്ച ഒറ്റപ്പെട്ട ഉദാഹരണങ്ങൾ എടുത്തുകാണിച്ചുകൊണ്ട്‌ സംവരണത്തിനെതിരെ വ്യാപകമായ പ്രചരണം നടന്നുവരുന്നുണ്ട്‌. പൊളിഞ്ഞ സവർണ്ണ തറവാടുകളേക്കുറിച്ചുള്ള ഗൃഹാതുരത്ത്വം ആവർത്തിച്ച് അയവിറക്കി നമ്മുടെ സിനിമയും സാഹിത്യവുമൊക്കെ ഈ പ്രചരണത്തിനായി പലപ്പോഴും ഉപയോഗപ്പെടുത്തുന്നുമുണ്ട്‌. എന്നാൽ സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം മാത്രമല്ല, സാമൂഹിക ശാക്തീകരണമാണെന്ന് ആവർത്തിക്കുന്നു. ഇന്നത്തെ സവർണ്ണ വിഭാഗങ്ങളോട്‌ സമൂഹം ഒരു കാലത്തും ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അവരിൽച്ചിലർ ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരം നൽകേണ്ടതും പരിഹാരം കാണേണ്ടതും സമൂഹത്തിന്റെ മുൻഗണനയാവേണ്ടതില്ല. സമൂഹം ചിലരോട്‌ ചെയ്ത തെറ്റുകൾക്കാണു നാം ആദ്യം പരിഹാരം കാണേണ്ടത്‌. സർക്കാരുകളുടെ പൊതുവായ ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തിയാണ് മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്‌.

6) പഴയകാലത്തേതുപോലുള്ള ജാതീയമായ അടിച്ചമർത്തലുകൾ ഇന്ന് പ്രത്യക്ഷത്തിൽ കുറഞ്ഞിട്ടുണ്ടായിരിക്കാം, എന്നാൽ നേരിട്ടല്ലാതെയോ അദൃശ്യതലത്തിലോ ഉള്ള ജാതീയ വിവേചനങ്ങൾ ഇന്നും സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക തലങ്ങളിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്‌. യഥാർത്ഥത്തിൽ ഓരോ പിന്നാക്ക ജാതിക്കാരനും മൾട്ടിപ്പിൾ ഡിസ്ക്രിമിനേഷൻ ആണു അനുഭവിക്കുന്നത്‌. സാമ്പത്തികമായ പിന്നാക്കാവസ്ഥ അതിലൊന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ സംവരണ വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും കുടുംബങ്ങൾ ഈയിടെയായി സാമ്പത്തികമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിൽത്തന്നെ ആ ഒരൊറ്റക്കാരണം പറഞ്ഞ്‌ സംവരണം പാടേ ഒഴിവാക്കുന്നത്‌ ഉചിതമല്ല. എന്നാൽ ഓരോ സംവരണ വിഭാഗത്തിനുള്ളിലും അതിലെ ക്രീമിലെയറിനേക്കാൾ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ മുൻഗണന ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനേക്കുറിച്ച് ചർച്ച ആകാവുന്നതാണ്. സംവരണ വിഭാഗങ്ങളുടെ വെർട്ടിക്കൽ മൊബിലിറ്റി ഉറപ്പു വരുത്തുക എന്നതും ഇക്കാര്യത്തിൽ പ്രധാന പരിഗണനയാകണം.

7) ആയിരക്കണക്കിനു വർഷങ്ങൾ കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട അസമത്വം പൂർണ്ണമായി പരിഹരിക്കാൻ അമ്പതോ അറുപതോ വർഷം ഒരുപക്ഷേ അപര്യാപ്തമായിരിക്കും. ഇത്രയും കാലം സംവരണം നൽകിയിട്ടും പൂർണ്ണ പ്രയോജനം ലഭിച്ചില്ലെന്നമട്ടിൽ ചിലരുന്നയിക്കുന്ന ആക്ഷേപം തന്നെയാണു സംവരണം ഇനിയും തുടരണമെന്നതിനും കൂടുതൽ മേഖലയിലേക്ക്‌ വ്യാപിപ്പിക്കണമെന്നതിനുമുള്ള ന്യായീകരണം. സംവരണം എടുത്തുകളഞ്ഞാലും എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കുമെന്ന സാഹചര്യം വരാത്തിടത്തോളം സംവരണം തുടരുക തന്നെ വേണം. ഇത്രയൊക്കെ സംവരണം നൽകിയിട്ടും സർക്കാർ സർവ്വീസിൽപ്പോലും പല സവർണ്ണ സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായതിൽ എത്രയോ കൂടുതൽ പ്രാതിനിധ്യം ആണിപ്പോഴുമുള്ളത്‌ എന്നതും സംവരണത്തിന്റെ അനിവാര്യതയേയാണു സൂചിപ്പിക്കുന്നത്‌.

8.) ജാതി സംവരണത്തിനു ബദലായി പലരും ഉയർത്തിക്കാട്ടുന്ന സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം യാഥാർത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമാണ്. നമ്മുടെ നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥരൊഴിച്ച്‌ മറ്റാരുടെയും കാര്യത്തിൽ യഥാർത്ഥ വരുമാനം എത്രയാണെന്ന് കണക്കാക്കാനുള്ള ഒരു തരത്തിലുള്ള ആധികാരിക മാർഗ്ഗങ്ങളുമില്ല. വില്ലേജ്‌ ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്‌ പലപ്പോഴും ഒരു തമാശ മാത്രമാണ്. വിവിധ സ്രോതസ്സുകളിൽനിന്നായി ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ളവർക്കും ഒരുപക്ഷേ ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്നത്‌ രണ്ടായിരമോ മറ്റോ ആയിരിക്കും. അതുകൊണ്ടൊക്കെത്തന്നെ ഇന്നത്തെ നിലയിൽ സാമ്പത്തികമാനദണ്ഡങ്ങൾ മാത്രം വെച്ച്‌ സംവരണമേർപ്പെടുത്തിയാൽ അത്‌ വലിയതോതിലുള്ള ദുരുപയോഗങ്ങൾക്ക്‌ വഴിതെളിക്കുമെന്നതിൽ സംശയമില്ല. യഥാർത്ഥത്തിൽ ജാതി സംവരണമെന്ന അനിവാര്യതയെ നേരിട്ടെതിർക്കാൻ ആത്മവിശ്വാസമില്ലാത്തവർ അതിനെ അട്ടിമറിക്കാൻ ഉയർത്തിക്കൊണ്ടുവരുന്ന കപട ആശയമാണു സാമ്പത്തിക സംവരണമെന്നത്‌.

സംവരണം മെറിറ്റിനെ ഒരുതരത്തിലും അട്ടിമറിക്കുന്നില്ല

9) സംവരണം മെറിറ്റിനെ ഒരുതരത്തിലും അട്ടിമറിക്കുന്നില്ല എന്ന് മാത്രമല്ല, മെറിറ്റ്‌ എന്ന സങ്കൽപ്പത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും സമഗ്രമായും നോക്കിക്കാണുന്നു എന്നതാണു വാസ്തവം. ഏതെങ്കിലും ഒരു പരീക്ഷയിൽ എത്ര മാർക്ക്‌ കിട്ടി എന്നത്‌ മാത്രം പരിശോധിക്കുന്നത്‌ അർത്ഥശൂന്യമാണ്. ഓരോ പരീക്ഷാർത്ഥിയുടേയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അവരുടെ മാർക്കുകളെ നിശ്ചയമായും സ്വാധീനിക്കും. നൂറു മീറ്റർ ഓട്ടമത്സരത്തിൽ ആരാണ് ഫിനിഷിംഗ്‌ ലൈനിൽ ആദ്യമോടിയെത്തുന്നത്‌ എന്ന് മാത്രം നോക്കിയാൽ പോരാ, ആരെല്ലാം എവിടെ നിന്നാണു തുടങ്ങുന്നതെന്ന് കൂടി നോക്കണം. ചിലർ സീറോയിൽ നിന്ന് തുടങ്ങുന്നു, ചിലർ അമ്പത്‌ മീറ്ററിൽ നിന്ന് തുടങ്ങുന്നു, ചിലർ തുടങ്ങുന്നത്‌ തൊണ്ണൂറാം മീറ്ററിൽ നിന്നാണ്. എല്ലാവർക്കും അവസര സമത്വം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നമുക്ക്‌ മെറിറ്റിനെക്കുറിച്ച്‌ സംസാരിക്കാനർഹതയുള്ളൂ. സ്വാശ്രയ കോളേജുകളേയും പണം നൽകിയുള്ള എയ്ഡഡ് സ്‌ക്കൂൾ/കോളേജ് നിയമനങ്ങളേയുമൊക്കെ മടി കൂടാതെ അംഗീകരിക്കുന്നവർ തന്നെയാണ് സംവരണത്തിന്റെ കാര്യം വരുമ്പോൾ മാത്രം മെറിറ്റും പൊക്കിപ്പിടിച്ച് വരുന്നതെന്ന് തികഞ്ഞ കാപട്യമാണ്.

10) സംവരണം ജാതി ചിന്തയെ ബലപ്പെടുത്തില്ലേ എന്നും ശാശ്വതമായി നിലനിർത്തില്ലേ എന്നും പലരും സംശയമുന്നയിച്ചുകാണാറുണ്ട്‌. കഴിഞ്ഞ കാലങ്ങളിൽ ജാതിമേധാവിത്തത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച സവർണ്ണ വിഭാഗങ്ങളിൽപ്പെട്ടവരാണു ഈ ചോദ്യമുന്നയിക്കുന്നവരിൽ മഹാഭൂരിപക്ഷവും എന്നാണു വസ്തുത. ജാതിയുടെ കെടുതികൾ അനുഭവിച്ചിട്ടില്ലാത്തവർക്ക്‌ മറ്റുള്ളവരോട്‌ അത്‌ മറക്കാൻ പറയുക എളുപ്പമാണ്. എന്നാൽ അതിന്റേതായ ദുരിതങ്ങൾ മുൻതലമുറകൾ തൊട്ട്‌ അനുഭവിച്ച്‌ പോരുകയും അത്‌ സമ്മാനിച്ച പിന്നാക്കാവസ്ഥ ഇന്നും തലയിൽപ്പേറുകയും ചെയ്യുന്നവർക്ക്‌ അതത്ര എളുപ്പമല്ല. വേറൊരാളുടെ മുഖത്തിനിട്ട്‌ ഏകപക്ഷീയമായി പത്ത്‌ അടി കൊടുത്തിട്ട്‌ ഇനി അതെല്ലാം മറക്കണമെന്ന് പറഞ്ഞാൽ അതെല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. ജാതി സൃഷ്ടിച്ച അസമത്വങ്ങൾ ജാതിയിലൂടെത്തന്നെ പരിഹരിച്ച്‌ എല്ലാവർക്കും ഒരു ലെവൽ പ്ലെയിംഗ്‌ ഫീൽഡ്‌ ഉറപ്പുവരുത്തിയാൽ മാത്രമേ നമുക്ക്‌ ജാതിചിന്തയെ ഒഴിവാക്കാനാവുകയുള്ളൂ. അതിനുള്ള ഒരു ഉപാധിയാണ് സംവരണം.

ഇതുകൊണ്ട് ജാതി സംവരണം തുടരണമെന്ന് മാത്രമല്ല, സ്വകാര്യ മേഖല അടക്കം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് വേണ്ടത്‌.

(ഫേസ്ബുക്ക് പോസ്റ്റ്)

Follow Us:
Download App:
  • android
  • ios