Asianet News MalayalamAsianet News Malayalam

വെളളമിറങ്ങും മുമ്പെങ്കിലും വയനാട്ടുകാർ വഴി ചോദിക്കണം

മണ്ണിടിഞ്ഞും അല്ലാതെയുമുളള കുരുക്കിൽ, ആംബുലൻസിൽ മരിച്ചവർ, പ്രസവിച്ചവർ, ചോര ഛർദിച്ചവർ അങ്ങനെ... വയനാടിന് വേറെ വഴിയില്ല. ഈ പെരുമഴയിൽ അഞ്ച് ചുരവും അടഞ്ഞു. വീണ്ടും വീണ്ടും ഒറ്റപ്പെട്ടു. ബദൽപാതയെക്കുറിച്ച് വെയിൽ വരും വരെ എല്ലാവരും ഇനിയും പറയും, മറക്കും. 

wayanad- article- sravan
Author
Thiruvananthapuram, First Published Aug 14, 2018, 12:50 PM IST

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ചെരിയുന്ന പീഠഭൂമിക്ക് അയൽജില്ലകളിലേക്ക് വളഞ്ഞിറങ്ങാതെ തരമില്ല. ഉയരക്കാഴ്ചയിൽ, തണുപ്പിൽ മയങ്ങി ചുരത്തിന്‍റെ ഉച്ചിയിൽ ബഹുനില കെട്ടിടങ്ങളുയരുന്നുണ്ട്, ഏറെ.. താങ്ങാവുന്നതിലും അപ്പുറം. വളവു നന്നാക്കാനും നവീകരിക്കാനും ചെലവിട്ടത് കോടികൾ. ഇനിയും വീതികൂട്ടിയാൽ, പാറ പൊട്ടിച്ചാൽ അത് ആത്മഹത്യാപരം. ചുരങ്ങളിൽ ഉരുൾപൊട്ടിയ വഴികളിലൂടെ  പുതിയ അരുവികളുണ്ടാവുന്നുണ്ട്. അതിന് മേലെ കലുങ്ക് പണിത് വീണ്ടും വയനാട്ടുകാർ ചുരമിറങ്ങുന്നുണ്ട്. ജീവൻ പണയപ്പെടുത്തിയുളള ഈ പോക്കും നിവൃത്തികേടുകൊണ്ടാണ്.

'വേഗം കോഴിക്കോട്ടേക്ക് കൊണ്ടുപോയ്ക്കോ' എന്ന് ഡോക്ടർ പറഞ്ഞുതീരും മുമ്പേ ആവലാതിയുടെ അറിയിപ്പ് പോകും...  കുടുംബക്കാർക്കും, അടുപ്പക്കാർക്കുമൊക്കെ വിളിയെത്തും... ചുരമിറങ്ങും വരെ ഉയിരുണ്ടാവുമോ എന്ന് ഉറപ്പില്ലാത്തവർ കൽപ്പറ്റയിലെയും, ബത്തേരിയിലെയും, മാനന്തവാടിയിലെയും ആശുപത്രികളിൽ നിന്ന് ഇതനുഭവിക്കാറുണ്ട്... വേറൊന്നുംകൊണ്ടല്ല, ഒമ്പത് വളവുകൾ ആയുസ്സിന്‍റേതാണ്. അത് കടന്നുകൂടാത്തവരാണ് അധികവും. മണ്ണിടിഞ്ഞും അല്ലാതെയുമുളള കുരുക്കിൽ, ആംബുലൻസിൽ മരിച്ചവർ, പ്രസവിച്ചവർ, ചോര ഛർദിച്ചവർ അങ്ങനെ... വയനാടിന് വേറെ വഴിയില്ല. ഈ പെരുമഴയിൽ അഞ്ച് ചുരവും അടഞ്ഞു. വീണ്ടും വീണ്ടും ഒറ്റപ്പെട്ടു. ബദൽപാതയെക്കുറിച്ച് വെയിൽ വരും വരെ എല്ലാവരും ഇനിയും പറയും, മറക്കും. വള്ളിയിൽ തൂങ്ങിപോകുന്നവർക്ക് വഴിയെന്തിനെന്ന ചിരിയിൽ തീരും എല്ലാം.

അടിവാരത്തേക്കിറങ്ങുന്ന താമരശ്ശേരി ചുരം, കോഴിക്കോടിന്‍റെ ഒരറ്റത്ത് കുറ്റിയാടിയിലേക്കുളള ചുരം, കണ്ണൂരിലെ നെടുമ്പൊയിലെത്തുന്ന പേരിയ ചുരം, കൊട്ടിയൂരിൽ തൊടുന്ന പാൽച്ചുരം, വടുവഞ്ചാലിൽ നിന്ന് മലപ്പുറത്തെ വഴിക്കടവിലെത്തുന്ന നാടുകാണിച്ചുരം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ചെരിയുന്ന പീഠഭൂമിക്ക് അയൽജില്ലകളിലേക്ക് വളഞ്ഞിറങ്ങാതെ തരമില്ല. ഉയരക്കാഴ്ചയിൽ, തണുപ്പിൽ മയങ്ങി ചുരത്തിന്‍റെ ഉച്ചിയിൽ ബഹുനില കെട്ടിടങ്ങളുയരുന്നുണ്ട്, ഏറെ.. താങ്ങാവുന്നതിലും അപ്പുറം. വളവു നന്നാക്കാനും നവീകരിക്കാനും ചെലവിട്ടത് കോടികൾ. ഇനിയും വീതികൂട്ടിയാൽ, പാറ പൊട്ടിച്ചാൽ അത് ആത്മഹത്യാപരം. ചുരങ്ങളിൽ ഉരുൾപൊട്ടിയ വഴികളിലൂടെ  പുതിയ അരുവികളുണ്ടാവുന്നുണ്ട്. അതിന് മേലെ കലുങ്ക് പണിത് വീണ്ടും വയനാട്ടുകാർ ചുരമിറങ്ങുന്നുണ്ട്. ജീവൻ പണയപ്പെടുത്തിയുളള ഈ പോക്കും നിവൃത്തികേടുകൊണ്ടാണ്.

ചുരമല്ലാതെ വേറെ വഴികളുണ്ടെന്ന് പഠനറിപ്പോർട്ടുകൾ ഒരുപാട് വന്നു. പൂഴിത്തോട് പടിഞ്ഞാറത്തറ വഴി, ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയെത്തുന്ന തുരങ്കപാത അങ്ങനെ. പഠിച്ചുതീരുന്നില്ല, പണി തുടങ്ങുന്നില്ല. ചുരമിറങ്ങുന്നപോലെയാണത്... എത്തിയാൽ എത്തി...

മൂന്ന് കൊല്ലം മുമ്പ് മാനന്തവാടി  ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതുകൊണ്ട് വാളാട് എടത്തന കോളനിയിലെ അനിതയെ കോഴിക്കോട്ടേക്ക് പറഞ്ഞുവിട്ടു. പാതിവഴിയിൽ തളർന്നുപോയ അനിത പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. ജീവൻ രക്ഷിക്കാൻ പായുന്നവന്‍റെ വഴിയടയുന്ന നാട്ടിൽ ഒരു മെഡിക്കൽ കോളേജ് ആശുപത്രിയെങ്കിലും വേണ്ടേ? ഇന്നാട്ടിൽ അങ്ങനൊന്നില്ല.  ചോദിക്കാൻ തുടങ്ങിയിട്ട് എത്രവെളളം ഒഴുകിപ്പോയെന്നറിയില്ല. എത്ര വോട്ട് കഴിഞ്ഞെന്നും. നമ്മുടെ സംവിധാനങ്ങൾ എത്ര കഴിവുകെട്ടതെന്ന് ചുരത്തിൽ കുരുങ്ങി മരിച്ചവരോട് ചോദിച്ചാലറിയാം. 

മടുത്തു മടുത്തുപോയതു കൊണ്ട് മെഡിക്കൽ കോളേജിനെക്കുറിച്ച് അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് വർത്താനം പറയാം. എന്നാൽ വെളളമിറങ്ങും മുമ്പെങ്കിലും വയനാട്ടുകാർ വഴി ചോദിക്കണം...  അനക്കമുണ്ടാകാതിരിക്കില്ല...

Follow Us:
Download App:
  • android
  • ios