വെയിൽസിലെ അബെർ‌ഹോസൻ‌ എന്ന ഗ്രാമത്തിലും, അതിന്റെ അയൽഗ്രാമങ്ങളിലുമുള്ള താമസക്കാർക്ക് കഴിഞ്ഞ 18 മാസമായി ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് നേരെ ലഭിക്കുന്നില്ലായിരുന്നു. രാത്രിയെല്ലാം നല്ല രീതിയിൽ ഇന്‍റർനെറ്റ് സ്പീഡ് ഉണ്ടാകുമ്പോൾ കാലത്ത് കൃത്യം ഏഴ് മണിയാകുമ്പോൾ അത് പ്രശ്‌നങ്ങൾ കാണിക്കാൻ തുടങ്ങും. കണക്റ്റിവിറ്റി പ്രശ്‌നങ്ങളും, വേഗതക്കുറവും എല്ലാമായി ആകെ കുഴപ്പമായിരിക്കും പിന്നെ. അതും ഒന്നോ രണ്ടോ പേരല്ല, മറിച്ച് ഒരു ഗ്രാമം മുഴുവനും ഈ പ്രശ്നത്തെ അഭിമുഖീകരിച്ചു. ഇതെന്ത് കഥയെന്ന് മനസിലാകാതെ ഗ്രാമവാസികൾ ആകെ കുഴപ്പത്തിലായി. 

ഒടുവിൽ എഞ്ചിനിയർമാരെ വിളിച്ച് ഗ്രാമത്തിലെ ഇന്‍റര്‍നെറ്റ് തകരാറുകൾ കണ്ടെത്താൻ അവർ തീരുമാനിച്ചു. എന്നാൽ, എഞ്ചിനിയർമാർക്ക് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അത് മാത്രവുമല്ല അവിടത്തെ ഇന്‍റർനെറ്റ് സിഗ്നൽ പരിശോധിച്ചപ്പോൾ അത് നല്ല ശക്തമായിരുന്നുതാനും. ഒടുവിൽ കേബിളുകൾ മാറ്റിസ്ഥാപിച്ചു നോക്കി അവർ. അപ്പോഴും ഒരു മാറ്റവുമില്ല. ഇതെന്ത് സംഭവിച്ചെന്ന് ഓർത്ത് എഞ്ചിനീയർമാർ തലപുകച്ചു. ഒടുവിൽ അവർ അപരാധിയെ കണ്ടെത്തി. ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പഴയ ടി വി യാണ് ഈ പുകിലൊക്കെ ഉണ്ടാക്കിയിരുന്നത്. എല്ലാ ദിവസവും രാവിലെ ഏഴ് മണിയാകുമ്പോഴാണ് ഇന്‍റര്‍നെറ്റിന് പ്രശ്‍നമുണ്ടാകുന്നതായി എഞ്ചിനിയർമാർ കണ്ടെത്തിയത്. ആ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നുമുള്ള എന്തോ ഒരു ഉപകരണത്തിന്‍റെ പ്രവര്‍ത്തനമാണ് അതിന് കാരണമെന്നും അവര്‍ കണ്ടെത്തി.

അന്വേഷിച്ച് ചെന്നപ്പോഴാണ് സംഗതി മനസിലായത്. സംഭവമെന്തെന്നാൽ ഒരു ഗ്രാമവാസി അദ്ദേഹത്തിന്റെ പഴയ ടെലിവിഷൻ എല്ലാ ദിവസവും കാലത്ത് ഏഴ് മണിക്ക് പ്രവർത്തിപ്പിക്കാൻ ആരംഭിക്കും. അതോടെ ബ്രോഡ്ബാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തുടങ്ങും. ടെലിവിഷനിൽ നിന്ന് പുറപ്പെടുന്ന തരംഗങ്ങള്‍ ബ്രോഡ്‌ബാൻഡ് സിഗ്നലിനെ ബാധിക്കുന്നതായിരുന്നു കാരണം. ബ്രോഡ്‌ബാൻഡ് കമ്പനിയായ ഓപ്പൺ‌റീച്ച് ആണ് ഈ പ്രശ്‌നം കണ്ടെത്തിയത്. എഞ്ചിനീയർ മൈക്കൽ ജോൺസ് ആ വീട്ടുടമസ്ഥനോട് കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. അതിൻപ്രകാരം ആ പഴയ ടെലിവിഷൻ ഇനി മുതൽ ഉപയോഗിക്കില്ല എന്നദ്ദേഹം വാക്കും കൊടുത്തു. “അത് സ്വിച്ച് ഓഫ് ചെയ്യാമെന്നും, അത് വീണ്ടും ഉപയോഗിക്കില്ലെന്നും വീട്ടുകാർ ഉടൻ സമ്മതിച്ചു” എഞ്ചിനീയർ മൈക്കൽ ജോൺസ് പറഞ്ഞു. ഗ്രാമത്തിന് ഇപ്പോൾ സ്ഥിരമായ ബ്രോഡ്‌ബാൻഡ് സിഗ്നൽ ഉണ്ട്.

ഒരു പഴയ ടി വിയാണ് കഥയിലെ വില്ലനെങ്കിലും, മാസങ്ങളായി ആ ഗ്രാമത്തെ വെള്ളം കുടിപ്പിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കമ്പനിയും, ഗ്രാമീണരും.