Asianet News MalayalamAsianet News Malayalam

പുരുഷ സത്ത ആത്മീയവും, സ്ത്രീയുടേത് ലൈം​ഗികവുമാകുമ്പോള്‍

ശൂർപ്പണഖയുടെ മുലകൾ മുറിച്ച് കളയുന്നതിന്‍റെ കാരണവും ഇതിൽ നിന്ന് വ്യക്തമാണ്. കുഴപ്പം ശൂർപ്പണഖയുടെ മുലകൾക്കല്ല, മുലകൾ ഇളകുന്നത് കാണുമ്പോൾ ഇളകുന്ന, ഏകപത്നിവ്രതം പോലെ ചില ചര്യകൾ നിഷ്ഠയാക്കിയിട്ടുള്ള, അത് വലിയ സംഭവം ആണെന്ന് സ്വയം പ്രചരിപ്പിച്ച നടക്കുന്ന, ദുർബല പുരുഷമനസ്സാണ്. 

what is happening in sabarimala by anil kumar pv
Author
Thiruvananthapuram, First Published Oct 18, 2018, 2:03 PM IST

ബ്രാഹ്മണർ കേരളത്തിലേക്ക് വരുന്നതിന് മുൻപേ ഉണ്ടായിരുന്നതാണ് ശബരി മല. ബുദ്ധിസം തെക്കേ ഇന്ത്യയിലേക്ക് വരുന്നതിന് മുൻപും ശബരിമല ഉണ്ടായിരുന്നു. ഇവരൊക്കെ വരുന്നതിന് മുൻപും ഈ മലയിൽ ജനങ്ങൾ വന്നിരുന്നു, അവരുടേതായ ദൈവസങ്കല്പത്തിൽ നിന്ന് കൊണ്ട് ആരാധിക്കുകയും ചെയ്തിരുന്നു. ശബരി മലയിൽ ആദിവാസി ജനവിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ സൂചിപ്പിക്കുന്നത് ശബരി മലയുടെ ആദിവാസി പാരമ്പര്യമല്ലാതെ മറ്റെന്താണ്? കളരി പഠിക്കുവാൻ വന്ന ആദിവാസി യുവാവും കളരി ഗുരുവിന്‍റെ പുത്രിയായ ഈഴവ സ്ത്രീയും പ്രണയബദ്ധിതരായി എന്ന കഥ സൂചിപ്പിക്കുന്നത് ആദിവാസി പാരമ്പര്യവും ബുദ്ധിസ്റ്റ് പാരമ്പര്യവും തമ്മിലുള്ള കൂട്ടിമുട്ടലല്ലാതെ മറ്റെന്താണ്?

what is happening in sabarimala by anil kumar pv

“എന്റെ പേരിനാൽ ഞാൻ മറച്ചുപിടിക്കുന്ന ആളിതാ, ഈ ഇരുട്ടറയ്ക്കുള്ളിൽ വിലപിക്കുന്നു. ചുറ്റിലും ഈ മതിൽ കെട്ടിയുയർത്തുന്ന തിരക്കിലാണ് എപ്പോഴും ഞാൻ. ഇത് ഓരോ ദിവസവും ആകാശത്തേക്ക് ഉയർന്നുപോകുന്തോറും അതിന്‍റെ കറുത്ത നിഴലിൽ എന്‍റെ ആത്മസത്ത നഷ്ടമാവുന്നു.

വന്‍മതിലിനെക്കുറിച്ച് ഞാൻ ഊറ്റം കൊള്ളുന്നു. ഇതിലൊരു സുഷിരം പോലും വീഴാതിരിക്കാൻ ഞാനിതിൻ മേലെന്നും മണ്ണു പൂശുന്നു. മുഴുവൻ ശ്രദ്ധയും ചെലുത്തി ഞാനതിൽ മുഴുകുന്തോറും എന്‍റെ ആത്മസത്ത നഷ്ടമാകുന്നു.”  (രവീന്ദ്രനാഥ ടാഗോർ, “ഗീതാഞ്ജലി, 29”)

“HE WHOM I ENCLOSE with my name is weeping in this dungeon. I am ever busy building this wall all around; and as this wall goes up into the sky day by day I lose sight of my true being in its dark shadow.

I take pride in this great wall, and I plaster it with dust and sand lest a least hole should be left in this name; and for all the care I take I lose sight of my true being.” (Rabindranath Tagore, “Gitanjali, 29”)

ശബരി മല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാർ എടുത്ത തീരുമാനം ശ്ലാഘനീയമാണ്. അമ്പലവുമായി അല്ലെങ്കിൽ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഇതുവരെ എടുത്തിരുന്ന പ്രത്യയശാസ്ത്ര വ്യക്തതയില്ലാത്ത അഴകൊഴമ്പൻ നിലപാടുകളിൽ നിന്നുമുള്ള വ്യതിയാനത്തിന്  തുടക്കമാണ് ഇതെങ്കിൽ അത് അതിലേറെ നല്ല സംഗതിയുമാണ്. വോട്ട് രാഷ്ട്രീയം ആണ് ഇതുവരെയുണ്ടായിരുന്ന അഴകൊഴമ്പൻ നിലപാടുകൾക്ക്  പിന്നിൽ എങ്കിൽ, ഇവിടെ ആ ഭയാശങ്കകൾ ഒന്നുമില്ലാതെ ഉറപ്പിച്ചു പറയുക:
(1) ശബരി മല വിധിയെ മുൻനിർത്തി ഗവണ്‍മെന്‍റിനെതിരെയുള്ള പ്രക്ഷോഭം ഫ്യൂഡൽ  ബോധം പേറുന്ന സവർണ്ണതയുടേതാണ്. 
(2) സവർണ്ണതയുടെ പ്രധാന ഭയങ്ങളിൽ ഒന്ന് നാളെ കേരളത്തിലെ എല്ലാ അമ്പലങ്ങളിലും അവർണ്ണരായ വ്യകതികൾ പൂജാരികൾ ആയി വരുന്ന ഒരു പാരമ്പര്യ നിഷേധ സാധ്യതയാണ്. 
(3) മറ്റൊരു ഭയം ക്ഷേത്ര സ്വത്തിലും വിഭവത്തിലും ഇത് വരെ അവകാശം ലഭിയ്ക്കാത്ത അവർണ്ണർ അതിൽ അവകാശം ചോദിക്കുമോ എന്നതാണ്. 
(4) അവർണ്ണ ജാതിയിൽപ്പെട്ട വി എസ് അച്യുതാനന്ദനും പിണറായി വിജയനും ഞങ്ങളുടെ കാര്യങ്ങളിൽ കൈകടത്തുവാൻ ആര് എന്ന സവർണ്ണതയുടെ ധാർഷ്ട്യമാണ് സുപ്രീം കോടതി വിധിക്കെതിരെ കോടതിക്കെതിരെ തിരിയാതെ സർക്കാരിനെതിരെ നടത്തുന്ന സമരം.

ഇത്തരം അപരഭയങ്ങളും കീഴ്‌ജാതി പുച്ഛവും കാലാകാലങ്ങളായി സവർണ്ണത കൊണ്ടുനടന്നിരുന്നത് ആചാരാനുഷ്ടാനം, പാരമ്പര്യം എന്നിങ്ങനെയുള്ള മനോഹരമായ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ്. പക്ഷെ, വർണ്ണക്കടലാസിന്‍റെ ഭംഗിക്കും മൂടിവെക്കുവാൻ പറ്റാത്ത ചില സംഗതികളുണ്ട്. ഉദാഹരണത്തിന്, എത്ര മനോഹരമായ വർണ്ണക്കടലാസിൽ പൊതിഞ്ഞാലും മൂടി വെക്കുവാൻ കഴിയാത്തതാണ് തീട്ടത്തിന്‍റെ നാറ്റം. അതുകൊണ്ട് ആചാരം, അനുഷ്ടാനം എന്നപേരിലുള്ള  എത്ര മനോഹരമായ വർണ്ണക്കടലാസിൽ പൊതിഞ്ഞാലും വമിച്ചു തികട്ടി, തികട്ടി വരുന്ന ഒന്നാണ് സവർണ്ണത സൃഷ്ടിക്കുന്ന ദുർഗന്ധം.

ശബരിമലയിൽ നാം ദർശിക്കുന്നത് വേദങ്ങളിൽ പറയുന്ന ബ്രഹ്മ ചൈതന്യത്തിന്‍റെ പ്രത്യക്ഷ വിഗ്രഹാവിഷ്‌കാരം അല്ല

ഇടതുപക്ഷം വിശ്വാസത്തിലും ആചാരത്തിലും വെച്ചുപുലർത്തുന്ന അഴകൊഴമ്പൻ പരിപാടി മാറ്റി പ്രത്യയശാസ്ത്ര വ്യക്തതയ്ക്ക് വേണ്ടി വളരെ സൂക്ഷ്മമായി ശ്രവിക്കേണ്ടത് മറ്റാരെയുമല്ല, ഒരു സുന്ദര വിഡ്ഢിയായി നമ്മുടെയെല്ലാം മുന്നിൽ പകർന്നാടുന്ന രാഹുൽ ഈശ്വറിനെയാണ്. ജാതിഭ്രാന്ത് ബാധിച്ച ഒരു തന്ത്രി കുടുംബാംഗം എന്ന രീതിയിൽ അദ്ദേഹത്തെ തള്ളിക്കളയുന്നതിന് പകരം, തന്‍റെ വാദങ്ങൾ അവതരിപ്പിക്കുവാൻ അദ്ദേഹം ഉപയോഗിക്കുന്ന ആ ചട്ടക്കൂടിനെ അതേ ഉപകരണങ്ങൾ കൊണ്ട് പൊളിച്ചടുക്കുന്നതായിരിക്കും ഇടതുപക്ഷത്തിന് അർത്ഥവത്തായി ചെയ്യാവുന്ന കീഴാള പരിപ്രേക്ഷ്യം പേറുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം.

തത്വമസി എന്നൊക്കെ സുവർണ്ണ ലിപികളിൽ ശബരിമലയിൽ എഴുതി വെച്ചിട്ടുണ്ടെങ്കിലും, "ഇത് അതല്ല" എന്നാണ് രാഹുൽ ഈശ്വർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത്, ശബരിമലയിൽ നാം ദർശിക്കുന്നത് വേദങ്ങളിൽ പറയുന്ന ബ്രഹ്മ ചൈതന്യത്തിന്‍റെ പ്രത്യക്ഷ വിഗ്രഹാവിഷ്‌കാരം അല്ല. മറിച്ച്, താന്ത്രിക വിധിപ്രകാരമുള്ള ഒരു deity ആണ്. deity എന്ന ഇംഗ്ലീഷ് പദത്തിന് ദേവത എന്നാണ് രാഹുൽ ഈശ്വർ ആവർത്തിച്ച് വിവർത്തനം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. മാത്രമല്ല, താനൊരു ദ്രാവിഡ ബ്രാഹ്മണനാണെന്ന് ഇടക്കിടക്ക് അദ്ദേഹം തട്ടിവിടുന്നുമുണ്ട്.

അവസാനത്തെ പോയിന്‍റിൽ നിന്ന് ആദ്യം തുടങ്ങാം. എന്തിനാണ് വേദ ആരാധകനായ, 'മഹാ' ബ്രാഹ്മണ സങ്കല്പം കൊണ്ട് നടക്കുന്ന രാഹുൽ ഈശ്വർ സ്വയം ഒരു ദ്രാവിഡ ബ്രാഹ്മണനായി അവതരിക്കുന്നത്? രാഹുൽ ഈശ്വറിന്‍റെ DNA പരിശോധിച്ചാൽ മറ്റ് തെന്നിന്ത്യക്കാരിൽ നിന്ന് വ്യത്യസ്തമായി ഒരു ജീൻ അദ്ദേഹത്തിൽ  കാണുവാനുള്ള സാധ്യത തുലോം വിരളമായിരിക്കും. പക്ഷെ, ആരാണ് പറഞ്ഞത് രാഹുൽ ഈശ്വർ ദ്രാവിഡനല്ല, ഉത്തരേന്ത്യക്കാരനാണെന്ന്? ഇവിടെ ആരും അങ്ങനെ പറഞ്ഞിട്ടില്ല. മാത്രമല്ല, ജനിതകശാസ്ത്രത്തിൽ ആഴത്തിൽ ഗവേഷണം നടത്തുന്ന പലരും പറയുന്നത് ലോകമെമ്പാടുമുള്ള മനുഷ്യർ തമ്മിലുള്ള വ്യത്യാസം വളരെ ഉപരിപ്ലവമാണെന്നാണ്, അത് തൊലിപുറത്തു മാത്രമുള്ളതാണെന്നാണ്, എല്ലാ മനുഷ്യരും ഒരമ്മ പെറ്റ മക്കളുടെ പിൻഗാമികൾ ആണെന്നാണ്! പിന്നെ എന്തിനാണ് രാഹുൽ ഈശ്വർ അദ്ദേഹത്തിന്‍റെ, ആരും ചോദ്യം ചെയ്യാത്ത, ദ്രാവിഡ സ്വത്വം ഇത്ര മസിൽ പിടിച്ച് സ്വയം അവകാശപ്പെടുന്നത്? ഉത്തരം വ്യക്തമാണ്. അദ്ദേഹം  എന്തോ മറയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്. എന്താണ് അദ്ദേഹം മറയ്ക്കുവാൻ ശ്രമിക്കുന്നത്? ഞാൻ 'ദ്രാവിഡ ബ്രാഹ്മണനാണ്' എന്ന പ്രയോഗത്തിലൂടെ രാഹുൽ ഈശ്വർ മറയ്ക്കുന്നത് ബ്രാഹ്മണ്യം പകർന്ന് കിട്ടുന്നത് ജീനിലൂടെയല്ല എന്ന വസ്തുതയാണ്. ബ്രാഹ്മണ സാഹിത്യം അത്തരമൊരു ലോകബോധം സൃഷ്ടിച്ചെടുത്തിട്ടുണ്ടെങ്കിലും, ബ്രാഹ്മണ്യത്തിന്റെ ഇരകൾ ബ്രാഹ്മണ്യം ജീനിലൂടെ കിട്ടുന്ന ഒന്നാണെന്നുള്ള തെറ്റിദ്ധാരണ കൊണ്ടുനടക്കുന്നവരല്ല. യാതൊരു മയവും ഇല്ലാതെ പറയുകയാണെങ്കിൽ, ബ്രാഹ്മണ്യം ജീനിലൂടെയാണ്; ശുദ്ധത യോനിയിലൂടെയാണ്, കുടുംബത്തിലൂടെയാണ്, കുലത്തിലൂടെയാണ്, ജാതിയിലൂടെയാണ്, കൈമാറുന്നതെന്ന് പറഞ്ഞത് ബ്രാഹ്മണ്യത്തിന്റെ ഇരകൾ അല്ല, "മനു സ്‌മൃതി" ആണ്. 

ബ്രാഹ്മണ്യം എങ്ങനെയാണ് വൈറസാവുന്നത്

ബ്രാഹ്മണ്യം മനുഷ്യ ജീനിന്‍റെ സോഫ്റ്റ് വെയറിൽ കിടക്കുന്ന ഒന്നല്ല, അത് സമൂഹത്തിന്‍റെ സോഫ്റ്റ് വെയറിൽ കിടക്കുന്ന ഒന്നാണെന്ന് അംബേദ്ക്കറുടെ കാലം മുതൽ ദലിതുകൾ കൃത്യമായി ആവിഷ്‌ക്കരിച്ചതാണ്. ഒരാൾ ബ്രാഹ്മണ കുലത്തിൽ ജനിച്ചതല്ല പ്രശ്നം, ഒരാൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന ശുദ്ധത/അശുദ്ധത എന്ന ദ്വന്ദ്വത്തിലൂന്നിയ ബ്രാഹ്മണ്യം എന്ന സാമൂഹ്യ സോഫ്റ്റ് വെയർ ആണ് പ്രശ്നം. രാഹുൽ ഈശ്വർ തെറ്റിദ്ധരിപ്പിക്കുവാൻ നോക്കുന്നത് പോലെ, ബ്രാഹ്മണനായി ജനിച്ചതല്ല അദ്ദേഹത്തിന്‍റെ കുഴപ്പം. യാതൊരു ഉളുപ്പുമില്ലാതെ ഭീഷണിയിലൂടെയും പരപുച്ഛത്തിലൂടെയും അദ്ദേഹം പ്രതിരോധിക്കുവാൻ ശ്രമിക്കുന്ന, ആദ്ദേഹം പകർന്നാടുന്ന ബ്രാഹ്മണ്യം ആണ് പ്രശ്നം. ഏത് കാരണം കൊണ്ടാണോ ശബരിമല വിധിയുമായി ബന്ധപ്പെട്ട സുകുമാരൻ നായർ എതിർക്കപ്പെടേണ്ട ഒരു വ്യക്തിയാകുന്നത്, ഏത് കാരണം കൊണ്ടാണോ പ്രസ്തുത വിധിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ എതിർക്കപ്പെടേണ്ട ഒരു വ്യക്തിയാകുന്നത്, അതെ കാരണം കൊണ്ടാണ് രാഹുൽ ഈശ്വർ എതിർക്കപ്പെടേണ്ട ഒരു വ്യക്തിയാകുന്നത്. ബ്രാഹ്മണ്യം എന്ന 'വൈറസ്' സമൂഹത്തിന്‍റെ ചാലകശക്തിയായ ഭരണഘടനാ തത്വങ്ങൾ തുടങ്ങിയ എല്ലാ സോഫ്റ്റ് വെയറിലും കടത്തിവിട്ട് അവയെല്ലാം ഡിസ് ഫങ്ക്ഷണൽ ആക്കുന്നതിനാൽ ആണ് അത് എതിർക്കപ്പെടേണ്ടതായി വരുന്നത്. അത് കൊണ്ട് രാഹുലിന്‍റെ തദ്ദേശീയരുമായി സമരസപ്പെടുന്ന ആ സംഭവം പൊളിച്ചുകൊണ്ടു തന്നെ പറയാം. ദ്രാവിഡനാണോ ആര്യനാണോ എന്നതല്ല പ്രശ്നം. സവർണ്ണതയാണ് പ്രശ്നം. ജന്മം അല്ല പ്രശ്നം, കർമ്മം ആണ്. കർമ്മത്തിനാധാരമായ സോഫ്റ്റ് വെയർ ആണ് പ്രശ്നം. ആ സോഫ്റ്റ് വെയർ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആചാരങ്ങളാണ്. അത് കൊണ്ട് സ്വയം ദ്രാവിഡനായി അവതരിച്ചു കൊണ്ട് ഉദാരനായി നൈസായി ബ്രാഹ്മണ്യം വിളമ്പാം എന്ന് ധരിച്ചാൽ, ആ പരിപ്പ് വേവുന്ന കാലം കഴിഞ്ഞു എന്ന് നൈസായി ഓർമ്മിപ്പിക്കുന്നു.

അയ്യപ്പൻ എന്ന നാമം തന്നെ സ്വയം ഒരു ചരിത്രം ജപിക്കുന്നുണ്ട്!

ബ്രാഹ്മണ്യം എന്ന സമകാലീന വൈറസിനെ മാത്രമല്ല തന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ രാഹുൽ ഒളിപ്പിക്കുന്നത്. അത് ചരിത്രപരമായി കേരള സമൂഹത്തിൽ എന്താണ് ചെയ്തതെന്നും ദ്രാവിഡ വേഷം ധരിക്കുന്നതിലൂടെ രാഹുൽ നമ്മുടെ കാഴ്ചയിൽ നിന്നൊളിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനമായ ഒന്ന് ബ്രാഹ്മണേതര പാരമ്പര്യമുണ്ടായിരുന്ന കേരളത്തിലെ ബുദ്ധ പള്ളികൾ/പള്ളിക്കൂടങ്ങൾ എങ്ങനെ ബ്രാഹ്മണ ദൈവങ്ങളെ പൂജിക്കുന്ന അമ്പലങ്ങളായി എന്നതാണ്. അയ്യപ്പൻ എന്ന നാമം തന്നെ സ്വയം ഒരു ചരിത്രം ജപിക്കുന്നുണ്ട്! പട്ടാമ്പി ഗവണ്‍മെന്‍റ് കോളേജിലെ അദ്ധ്യാപകനായ എം.ആർ അനിൽകുമാർ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അയ്യപ്പൻ എന്ന നാമം പുലയർ മുതൽ പണിക്കർ വരെ പിൽക്കാലത്ത് അവർണ്ണരും ശൂദ്രരും ആയ ജനവിഭാഗങ്ങളുടെ ഇടയിൽ സർവ്വ സാധാരണമായിരുന്നെങ്കിൽ, പണ്ടൊന്നും ഒരു അയ്യപ്പ വാര്യരെയോ, അയ്യപ്പ നമ്പൂതിരിയേയോ മരുന്നിന് പോലും കണ്ടു കിട്ടാനില്ലായിരുന്നു. നാമത്തിന്‍റെ അബോധത്തിൽ തന്നെ കിടക്കുന്നുണ്ട് അയ്യപ്പനെ ആരാധിച്ചിരുന്ന ജനവിഭാഗങ്ങൾ ആരായിരുന്നു എന്ന്.

മാത്രമല്ല, ഭയം വരുമ്പോഴും മറ്റും ഒരു ജനത അബോധത്തിന്‍റെ ആഴങ്ങളിൽ നിന്ന് അറിയാതെ 'എന്‍റെ ദൈവമേ' എന്നർത്ഥത്തിൽ വിളിക്കുന്ന 'അയ്യോ' എന്ന വ്യാക്ഷേപകം കൃത്യമായി വിളിച്ചോതുന്നുണ്ട് അയ്യപ്പൻ എത്രമാത്രം വ്യാപകമായ ഒരു സങ്കല്പം ആയിരുന്നു എന്ന്. തമിഴിലും മലയാളത്തിലും ഉള്ള അയ്യപ്പൻ എന്ന സങ്കല്പം, പാലി ഭാഷ നൽകുന്ന ചരിത്രാവബോധത്തിന്‍റെ വെളിച്ചത്തിൽ, എത്തി ചേരുന്നത് ബുദ്ധനിൽ ആണെന്നാണ് ഭാഷയിൽ ഗവേഷണം നടത്തിയിട്ടുള്ളവർ പറയുന്നത്. ബ്രാഹ്മണ്യത്തെ എതിർത്ത ബുദ്ധനെ/അയ്യനെ ബ്രാഹ്മണ്യത്തിന്റെ ഏജന്റാക്കി മാറ്റിയ ആ 'തന്ത്രി' വിദ്യയാണ് ചർച്ച ചെയ്യുവാൻ രാഹുൽ ഈശ്വർ താല്പര്യപ്പെടാത്തത്. സ്ത്രീ സംസർഗം താല്പര്യമില്ലാത്ത അയ്യപ്പൻ എന്നത് ആദ്യകാല ബുദ്ധസംഘങ്ങളുടെ ചരിത്രം അറിയാവുന്നവർക്ക് വലിയ ബുദ്ധിമുട്ടുള്ള സംഗതി ഒന്നുമല്ല. സാക്ഷാൽ ബുദ്ധൻ തന്നെ സംഘത്തിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുള്ളതാണല്ലോ! സ്ത്രീകൾ ഇല്ലാത്ത ഒരു സംഘത്തിന്‍റെ അസ്തിത്വം അനന്തയോളം നീളുമെങ്കിൽ, സ്ത്രീകൾ സംഘത്തിൽ പ്രവേശിച്ചാൽ സംഘം അഞ്ഞൂറ് വർഷം പോലും തികക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പക്ഷെ തെറി വിളിക്കുന്ന അയ്യപ്പ ഭക്തരിൽ നിന്ന് വ്യത്യസ്തമായി, സംഘത്തിൽ പ്രവേശിപ്പിച്ച് ഒരു ഭിക്ഷുണി ആയി ജീവിക്കണമെന്ന തന്‍റെ ചെറിയമ്മയുടെ സ്ഥൈര്യത്തിന് മുൻപിൽ സാക്ഷാൽ ബുദ്ധനും കീഴടങ്ങി എന്നാണ് ചരിത്രം. 2000 വർഷങ്ങൾക്ക് മുൻപ് സ്ത്രീകളുടെ സ്ഥൈര്യത്തിന് മുൻപിൽ ബുദ്ധന് തന്‍റെ പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാട് ഒരു ജനാധിപത്യ രീതിയിൽ കയ്യൊഴിയാം എങ്കിൽ, അയ്യപ്പഭക്തർക്കും കൊലവിളിയോളം തികട്ടി വരുന്ന അവരുടെ സ്ത്രീ വിരുദ്ധത ഒരു ജനാധിപത്യ ലോകക്രമത്തിൽ വളരെ എളുപ്പത്തിൽ ഒഴിയാവുന്നതാണ്.    

നമ്പൂതിരിയോടുള്ള ഈ വിധേയത്വ രാഷ്ട്രീയം ശൂദ്ര പദവി ലഭിച്ചവർ ഇന്നും അഭിമാനത്തോടെ കൊണ്ട് നടക്കുന്നു

ഇത്രയും പറഞ്ഞിട്ടും കാര്യങ്ങൾ തിരിയാത്തവർക്ക് വേണ്ടി കാര്യങ്ങൾ വ്യക്തമാക്കാം. അംബേദ്ക്കറുടെ ഒരു തീസിസ് ഉണ്ട്, ബ്രാഹ്മണ ആധിപത്യത്തെ എതിർത്ത ആദ്യകാല ബുദ്ധിസ്റ്റുകൾ ആണ് ഇന്ന് കാണുന്ന അവർണ്ണർ എന്ന്. കേരളത്തിന്‍റെ കാര്യത്തിൽ ഇത് പൂർണ്ണമായും ശരി ആണെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന തെളിവുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ ബ്രാഹ്മണ ആധിപത്യം വരുന്നതിന് മുൻപ് ഒരു ജനത ഒന്നായി ആചരിച്ചിരുന്ന ഒരു ധർമ്മത്തിന്റെ ശാസ്താവ് (teacher) ആയിരുന്നു അയ്യൻ/ബുദ്ധൻ. ആദ്യകാല ബുദ്ധസംഘങ്ങളുടെ യാത്ര ഓർമിപ്പിക്കുന്ന ആ ശരണം വിളി ഉണ്ടല്ലോ, അത് ബുദ്ധ ധർമ്മമാണ് ശരണമെന്നാണ് അടിവരയിട്ടു പറയുന്നത്. ഇന്നത്തെ ശരണം വിളികളിൽ ബ്രാഹ്മണ ഇടപെടൽ കടന്നു വന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇക്കാലത്തെ ശരണം വിളികളിൽ ധർമ്മത്തെക്കുറിച്ചുള്ള മൗനം. അസ്പൃശ്യർ മുതൽ നായർ വരെയുള്ള ഈ ജനതയിൽ ബ്രാഹ്മണർ ആധിപത്യം ചെലുത്തി എളുപ്പം വിധേയപ്പെട്ടവരെ ലൈംഗിക കോളനികളാക്കി ശൂദ്ര പദവി നൽകിയപ്പോൾ, വിധേയപ്പെടാതെ ചെറുത്ത് നിന്നവരെ അവർണ്ണരാക്കി, തൊട്ടുകൂടാത്തവരാക്കി, തീണ്ടാപ്പാടകലെ ആക്കി. നമ്പൂതിരിയോടുള്ള ഈ വിധേയത്വ രാഷ്ട്രീയം ശൂദ്ര പദവി ലഭിച്ചവർ ഇന്നും അഭിമാനത്തോടെ കൊണ്ട് നടക്കുന്നു എന്നതാണ് ബ്രാഹ്മണ്യത്തിന്‍റെ വിജയം. അടിമത്വം ശൂദ്രരുടെ അബോധത്തിലേക്ക് എത്ര ശക്തമായാണ് ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ചതെന്ന് ഇന്ന് നടക്കുന്ന ഭരണകൂട വിരുദ്ധ ജാതി തെറിവിളികളിൽ വ്യക്തമായി മനസ്സിലാക്കാം.


വെള്ളാപ്പള്ളിയും മറുപടി പറയേണ്ടതുണ്ട്

അവിടെയാണ് വെള്ളാപ്പള്ളിയുടെ ഹൈന്ദവ രാഷ്ട്രീയം എന്ന തട്ടിപ്പ് തുറന്നുകാട്ടപ്പെടേണ്ടത്. വെള്ളാപ്പള്ളി എത്ര തന്നെ ബൗദ്ധ പാരമ്പര്യം നിഷേധിച്ചാലും, എത്ര തന്നെ സ്വയം ഒരു ഹൈന്ദവൻ ആയി ചിത്രീകരിച്ചാലും, വെള്ളാപ്പള്ളി എന്ന പേരിലെ ബൗദ്ധ പാരമ്പര്യം അത്ര എളുപ്പം ഒന്നും മാറ്റി വെക്കാൻ അദ്ദേഹത്തിന് കഴിയില്ല. മാത്രമല്ല, വെള്ളാപ്പള്ളി എത്ര തന്നെ സ്വയം ഒരു ഹൈന്ദവൻ ആയാലും, ഇടതുപക്ഷം കേരളത്തിൽ ജാതിയില്ലെന്ന് എത്ര തന്നെ ആണയിട്ട് പറഞ്ഞാലും, ശൂദ്രരുടെ കണ്ണിൽ ഇന്നും മുഖ്യമന്ത്രി വെറും ഒരു ചോവനാണ്. ഈ പച്ചയായ ശൂദ്ര ജാതീയതക്കെതിരായി ഒരക്ഷരം മിണ്ടാൻ ഇരട്ട ചങ്കുണ്ടെന്ന് ഫാൻസ്‌ അസ്സോസിയേഷനാൽ വാഴ്ത്തപ്പെടുന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ ജാതിയില്ലാ പാർട്ടിയിലെ ശൂദ്ര നേതാക്കളോ തയ്യാറായിട്ടില്ല എന്നത് കേരളം അത്ര എളുപ്പം മറക്കുവാൻ പോകുന്ന ഒരു ചരിത്ര മുഹൂർത്തമാണെന്ന് തോന്നുന്നില്ല. ഇടതുപക്ഷ പാർട്ടികൾക്കും  സവർണ്ണനായ പാർട്ടി സെക്രട്ടറിക്കും ജാതി തെറിവിളി അവഗണിച്ച്, ജാതി തെറിയുടെ രാഷ്ട്രീയം പറയാതെ, വിശ്വാസം/അവിശ്വാസം എന്ന സവർണ്ണർ നിർമ്മിച്ചെടുത്ത അജണ്ടയ്‌ക്കൊത്ത് കാര്യങ്ങൾ നീക്കാമെങ്കിലും, വെള്ളാപ്പള്ളിക്ക് അതിനെതിരെ പ്രതികരിക്കാതെ മുന്നോട്ട് പോകുവാൻ പറ്റില്ല എന്നുള്ളിടത്താണ് സ്വത്വരാഷ്ട്രീയം/പുരോഗമന രാഷ്ട്രീയം എന്ന ഇടതുപക്ഷ തീർത്ത ദ്വന്ദം ഒക്കെ എന്ത് മാത്രം ഫ്യൂഡൽ അവബോധം പേറുന്നതാണെന്ന് നമുക്ക് തിരിച്ചറിയുവാൻ പറ്റൂ. വെള്ളാപ്പള്ളിയോട് ചരിത്രം ചോദിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ചോദ്യമാണ്. ഹൈന്ദവതക്കെതിരെ ബുദ്ധിസത്തിന്‍റെ പാരമ്പര്യം പേറുന്ന അവർണ്ണർക്ക് ഒരു സ്വത്വ രാഷ്ട്രീയം കരുപ്പിടിപ്പിക്കുവാൻ കഴിയുമോ? അതോ ശൂദ്ര പദവിക്ക് വേണ്ടി, കുല മഹിമയ്ക്ക് വേണ്ടി, ഇന്നത്തെ ശൂദ്രർ ചരിത്രത്തിലെന്നോ ചെയ്ത ആ വിധേയപ്പെടലിന് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്‍റെ അനുയായികളും വഴിപ്പെടുമോ?      

ശബരിമലയുടെ ബൗദ്ധപാരമ്പര്യത്തോളം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട മറ്റൊന്നാണ് ആത്മീയത/ലൈംഗികത (spiritual/sexual) എന്ന ദ്വന്ദം. ഒരു പക്ഷെ പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥ വളരെ വ്യാപകമായി ലോകമാകമാനം നിർമ്മിച്ചെടുത്തിട്ടുള്ള ഒരു ദ്വന്ദ്വമാണ് മുകളിൽ സൂചിപ്പിച്ചത്. അതുകൊണ്ട് തന്നെ ആത്മീയ അന്വേഷണം എന്നത് ഭൗതിക ശരീരത്തിന്‍റെ ആവശ്യങ്ങളിൽ നിന്ന്, അതിന്‍റെ കാമനകളിൽ നിന്ന്, വിടുതൽ നേടിയ ഒരു വ്യക്തിക്ക് മാത്രം സാധ്യമായ ഒന്ന് മാത്രമായാണ് പല പുരുഷകേന്ദ്രീകൃത മതബോധങ്ങളിൽ/മതബോധനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഒരു കാഴ്ചപ്പാട്. ബുദ്ധനെക്കുറിച്ചുള്ള ഏറ്റവും ജനസമ്മതിയാർജ്ജിച്ച കാഴ്ചപ്പാട് അത്തരത്തിലുള്ള ഒന്നാണ്. തന്‍റെ ആത്മീയ അന്വേഷണത്തിന് വേണ്ടി ഭാര്യയേയും കുടുംബത്തേയും രാജ്യത്തേയും ഉപേക്ഷിച്ചിറങ്ങിയ ഒരു പരിത്യാഗിയായാണ് നാം ബുദ്ധനെ അറിയുന്നത്. (അംബേദ്‌കർ തന്‍റെ Buddha and His Dhamma എന്ന കൃതിയിൽ ഭാര്യയോടും അച്ഛനോടും നിലപാട് വ്യക്തമാക്കി, യുക്തിഭദ്രമായി അതവരെ ബോധ്യപ്പെടുത്തി പോകുന്ന ഒരു ബുദ്ധനെ, മിത്തിന്‍റെ കാല്പനികവൽക്കരണത്തിനെതിരായി, സൃഷ്ടിക്കുന്നുണ്ടെങ്കിലും, ആത്മീയ അന്വേഷണത്തിന് ഭാര്യയെ പിന്നിൽ ഉപേക്ഷിക്കണം എന്ന ജനപ്രിയ സാമൂഹ്യനിർമ്മിതിയെ അംബേദ്‌കറിന് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയുന്നതായിട്ട് കാണുന്നില്ല.) 

പോളിൻ കൃസ്ത്യാനിറ്റിയുടെ (Pauline Christianity) പരിപ്രേക്ഷ്യത്തിലൂടെ നാം അറിയുന്ന യേശു ക്രിസ്തു, സ്ത്രീ ശരീരം എന്തെന്നറിയാത്ത ഒരസാധ്യ വിപ്ലവകാരിയാണ്. കുടുംബത്തിൽ നിന്നും വ്യാപാരത്തിന്‍റെ ലോകത്തിൽ നിന്നും ഹീരാ ഗുഹയിലേക്കുള്ള ഇടക്കെല്ലാം നടത്താറുള്ള താത്കാലിക വിടവാങ്ങലുകളിൽ ഒന്നിലാണ് പ്രവാചകൻ ആദ്യമായി ഗബ്രിയേൽ മാലാഖയെ പ്രത്യക്ഷത്തിൽ അനുഭവിച്ചതെന്ന് ഇസ്ലാമിക ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. ചുരുക്കത്തിൽ, സ്ത്രീ സാമീപ്യത്തിൽ, സ്ത്രീ ദർശനത്തിൽ, സ്ത്രീ സ്പർശത്തിൽ, സ്ത്രീ ഗന്ധത്താൽ, സ്ത്രീ ശബ്ദത്താൽ ഉണരുന്ന ഒരു പുരുഷ ശരീരം ആത്മീയാന്വേഷണത്തിന് പര്യാപ്തമല്ല എന്ന കാഴ്ചപ്പാട് പുരുഷ കേന്ദ്രീകൃതമായ ആത്മീയാന്വേഷണത്തിന്‍റെ / ആത്മാന്വേഷണത്തിന്‍റെ ഏറ്റവും ശക്തമായ ധാരയാണ്. കുട്ടിയായിരിക്കുമ്പോൾ തന്‍റെ ആത്മീയാന്വേഷണത്തിന് വേണ്ടി വീട് വിട്ടിറങ്ങുന്ന രമണ മഹർഷി എഴുതുന്ന കത്തിൽ "ഇത് അന്വേഷിക്കേണ്ട" എന്നെഴുതിയത് ഇതിനോടൊപ്പം ചേർത്ത് വായിക്കാം (തന്‍റെ ശരീരത്തിനെ "ഞാൻ" എന്ന ബോധത്തിൽ നിന്ന് വേർപെടുത്തി അതിനെ വെറും "ഇത്" ആയി കാണുവാനുള്ള ആത്മീയ ഉൾക്കാഴ്ച രമണ മഹർഷി വളരെ ചെറുപ്പത്തിലേ നേടി എന്ന് വ്യംഗ്യം).


സ്ത്രീ പുരുഷന്‍റെ പാപമാണ്

അന്വേഷണത്തിന്‍റെ ഭൂമികയായി (ground) ആത്മീയം/ലൈംഗികം എന്ന ദ്വന്ദ്വ ചട്ടക്കൂട് നിർമ്മിച്ചിട്ടുള്ള പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടിനെ ഏറ്റവും മൗലികമായി നിരാകരിക്കുന്നത് ഒരു പക്ഷെ, പ്രസ്തുത ദ്വന്ദ്വത്തെ അതിന്‍റെ പ്ളേയ്റ്റോണിക് ഉയരങ്ങളിലേക്ക് (Platonic heights) കൊണ്ട് പോയ, ലോകം  കണ്ട ഏറ്റവും കുപ്രസിദ്ധനായ ഒരു സ്ത്രീ വിരുദ്ധ ചിന്തകനാണെന്നുള്ളത് ചരിത്രത്തിന്റെ വലിയൊരു വിരുദ്ധോക്തി (irony) ആയിരിക്കാം. മേൽ സൂചിപ്പിച്ച ദ്വന്ദ്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓട്ടോ വെയ്നിൻഗർ (Otto Weiningar) തന്റെ Sex and Character എന്ന പുസ്തകം ഫ്രെയിം ചെയ്യുന്നത്. ആ യുക്തിയുടെ അടിസ്ഥാനത്തിലാണ്, പ്ളേയ്റ്റോണിക് ആശയം (Platonic idea) എന്ന നിലയിൽ സ്ത്രീ, പുരുഷൻ എന്നീ ആശയങ്ങളുടെ സത്ത (essence) പ്രസ്തുത കൃതിയിൽ അദ്ദേഹം അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഒടുവിലെ തീർപ്പ് ഇപ്രകാരമാണ്: പുരുഷന്‍റെ സത്ത ആത്മീയവും, സ്ത്രീയുടേത് ലൈംഗികവും. വെയ്നിൻഗറിനെ കുറച്ചുകൂടി ലഘുവാക്കി സ്ളാവോയ് ഷീഷെക് (Slavoj Zizek) ഈ രീതിയിൽ വിവരിക്കുന്നു: അറിവിനെ അറിവിന് വേണ്ടി മാത്രം, സൗന്ദര്യത്തിനെ സൗന്ദര്യത്തിന് വേണ്ടി മാത്രം അന്വേഷിക്കുന്ന സവിശേഷമായ ആത്മീയ അനുഭവം സ്ത്രീയ്ക്ക് ഇല്ല, അത് പുരുഷന്‍റെ സത്താപരമായ സവിശേഷതയാണ്. 

ഒരു സ്ത്രീ അറിവ് അന്വേഷിക്കുന്നുണ്ടെങ്കിൽ, സൗന്ദര്യാനുഭൂതിയിൽ മുഴുകുന്നുണ്ടെങ്കിൽ, അത് കേവലമായ അറിവിന് വേണ്ടിയോ, കേവലമായ സൗന്ദര്യാസ്വാദനത്തിന് വേണ്ടിയോ അല്ല, മറിച്ച് അതിന്‍റെ പിന്നിൽ പുരുഷനെ വശീകരിക്കുവാനുള്ള രോഗാതുരമായ ഒരു അബോധ ചോദന വർത്തിക്കുന്നുണ്ട്. കാരണം, വെയ്നിൻഗറിന്റെ കാഴ്ചപ്പാടിൽ, സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ അസ്തിത്വം ലൈംഗികം ആണ്. ഇവിടെ ഒരു തെറ്റിദ്ധാരണ ഒഴിവാക്കണം എന്ന് തോന്നുന്നു. സ്ത്രീ ലൈംഗികത എന്ന് പറയുന്നത് ശാരീരിക വേഴ്ച (coitus) മുൻനിർത്തിയുള്ള ഒരനുഭവമായിട്ടല്ല വെയ്നിൻഗർ വിശദീകരിക്കുന്നത്. യഥാർത്ഥത്തിൽ ശാരീരിക വേഴ്ചക്ക് സ്ത്രീ ലൈംഗികതയിൽ വലിയ സ്ഥാനമൊന്നും വെയ്നിൻഗർ കൽപ്പിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ: "സ്ത്രീ പൂർണമായും ലൈംഗികത മാത്രമാണ്. അവളുടെ ലൈംഗികത അവളുടെ ശരീരം മുഴുവൻ വ്യാപിച്ചിരിക്കുകയും ചിലയിടങ്ങളിൽ അത് മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി സാന്ദ്രമാകുകയും ചെയ്യുന്നു. അവൾ എല്ലാത്തിനാലും ലൈംഗികമായി സ്വാധീനിക്കപ്പെടുകയും എല്ലാത്തിനാലും വേഴ്ചക്ക് വിധേയയാവുകയും ചെയ്യപ്പെടുന്നു. നമ്മൾ പലപ്പോഴും ലൈംഗിക വേഴ്ച എന്ന് പറയുന്നത് ഏറ്റവും തീവ്രതയാർന്ന വെറുമൊരു പ്രത്യേക സംഗതി മാത്രമാണ്... ആ കാരണം കൊണ്ട് തന്നെ പിതൃത്വം എന്ന് പറയുന്നത് ഗർഹണീയമായ ഒരു വഞ്ചനയാണ്. പിതൃത്വം എന്നത് നമ്മൾ എല്ലായ്പ്പോഴും അസംഖ്യം അപരവസ്തുക്കളുമായും അപരവ്യക്തികളുമായും പങ്കിടേണ്ട ഒന്നാണ്. എല്ലാ നിമിഷവും വേഴ്ചക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഉണ്മ, എല്ലായിടത്തും എല്ലാ വസ്തുക്കളാലും ഗർഭിണിയാക്കപ്പെടാം; 'അമ്മ എന്നത് സ്വയം ഒരു സംഭരണി ആണ്. അവളിൽ എല്ലാം സജീവമാകുന്നു. ജൈവശാസ്ത്രപരമായി പറയുകയാണെങ്കിൽ അവളുടെ മേൽ എല്ലാതും അധികാര പ്രയോഗം നടത്തി അവളുടെ കുട്ടിക്ക് രൂപം കൊടുക്കുന്നു."  

(Woman is only and thoroughly sexual, since her sexuality extends to her entire body and is in certain places, to put it in physical terms, only more dense than in others - she is sexually affected and penetrated by every thing -and on the entire surface of her body. What we usually call coitus is merely a special case of the highest intensity ... Fatherhood is for that reason a miserable deception: we have always to share it with innumerable other things and people . . . . An entity which can be at every point sexually penetrated by all things can also get pregnant everywhere and by all things; mother is in herself a receptacle. In her, all things are alive, since physiologically everything acts upon her and forms her child.)  

വിശ്വാമിത്രൻ സ്വയം തപസ്സിൽനിന്നും വ്യതിചലിച്ചതിനാലാണ് മേനക എന്ന മാദക നർത്തകിയെ കണ്ടത്

ഇത്രയും കടുത്ത സ്ത്രീവിരുദ്ധതയിൽ നിലപാട് തറ ഉറപ്പിച്ചതിനു ശേഷമാണ് വെയ്നിൻഗർ പുരുഷ കേന്ദ്രീകൃത ലോകത്തിന്‍റെ ആത്മീയ പൊള്ളത്തരങ്ങളിലേക്ക് വ്യാപിപ്പിക്കാവുന്ന അദ്ദേഹത്തിന്‍റെ ഉല്പതിഷ്ണുവായ തീസിസ് അവതരിപ്പിക്കുന്നത്: സ്ത്രീ പുരുഷന്‍റെ പാപമാണ് (Woman is the sin of man.)  കാര്യത്തേയും കാരണത്തേയും തിരിച്ചിടുന്ന അസാധാരണ യുക്തിയാണ് ഇത്. സാധാരണ നമ്മൾ തിരിച്ചാണ് കേട്ടിട്ടുള്ളതു. ഹവ്വയാണു ആദമിന്റെ വീഴ്ച്ചക്കു കാരണം, അല്ലങ്കിൽ മേനക വിശ്വാമിത്രന്‍റെ തപസ്സിളക്കി, എന്നിങ്ങനെ. എന്നാൽ, വെയ്നിൻഗറുടെ യുക്തി പിൻതുടർന്നാൽ, വിശ്വാമിത്രൻ സ്വയം തപസ്സിൽനിന്നും വ്യതിചലിച്ചതിനാലാണ് മേനക എന്ന മാദക നർത്തകിയെ കണ്ടത് എന്നു മനസ്സിലാക്കാം. വിശ്വാമിത്രൻ പൂർണ്ണമായും തപസ്സിൽ മനസ്സു കേന്ദ്രീകരിക്കുകയായിരുന്നുവെങ്കിൽ, അദ്ദേഹം ഒരിക്കലും മേനകയെ കാണില്ലായിരുന്നു. മേനക വിശ്വാമിത്രനെ വീഴിച്ചതല്ല; വിശ്വാമിത്രൻ വീണതു കൊണ്ട്, അദ്ദേഹത്തിന്‍റെ ആത്മീയാനുഭവത്തിൽ നിന്ന് മുൻപേ തന്നെ പുറത്തുകടന്നതിനാൽ, മേനകയെ കണ്ടു എന്നു മാത്രം. വിശ്വാമിത്രന്‍റെ വീഴ്ച്ച അഥവാ വിശ്വാമിത്രൻ ചെയ്ത പാപം എന്താണെന്നു വെച്ചാൽ, പുരുഷനു ജന്മസിദ്ധമായി ലഭിച്ച സത്യം അന്വേഷിക്കുവാനുള്ള 'ആത്മീയ മനോഭാവം'--ആദമിന്‍റെ കാര്യത്തിൽ, ദൈവാജ്ഞയെ ധിക്കരിക്കാതിരിക്കുവാനുള്ള 'ആത്മീയ മനോഭാവം'-- വെടിഞ്ഞു, സ്വയം സെക്ഷ്വൽ ആയി മാറി എന്നതാണ്. ആ പാപം നിമിത്തമാണു മേനക എന്ന സ്ത്രീ പുരുഷന്‍റെ കണ്ണിൽ മാദക സുന്ദരി ആയി ജനിക്കുന്നത്. അതുകൊണ്ടാണു, വെയ്നിൻഗറുടെ കണ്ണുകളിൽ, സ്ത്രീ പുരുഷന്‍റെ പാപം ആകുന്നത്. ചുരുക്കത്തിൽ, പുരുഷത്വത്തിന്‍റെ സത്ത ആത്മീയാന്വേഷണം ആയതിനാൽ,  പൂർണ്ണമായും ആത്മീയനായ ഒരു പുരുഷന്‍റെ ലോകത്തിൽ സ്ത്രീ ഇല്ല. 

കുഴപ്പം ശൂർപ്പണഖയുടെ മുലകൾക്കല്ല

ശൂർപ്പണഖയുടെ മുലകൾ മുറിച്ച് കളയുന്നതിന്‍റെ കാരണവും ഇതിൽ നിന്ന് വ്യക്തമാണ്. കുഴപ്പം ശൂർപ്പണഖയുടെ മുലകൾക്കല്ല, മുലകൾ ഇളകുന്നത് കാണുമ്പോൾ ഇളകുന്ന, ഏകപത്നിവ്രതം പോലെ ചില ചര്യകൾ നിഷ്ഠയാക്കിയിട്ടുള്ള, അത് വലിയ സംഭവം ആണെന്ന് സ്വയം പ്രചരിപ്പിച്ച നടക്കുന്ന, ദുർബല പുരുഷമനസ്സാണ്. സ്ത്രീകളുടെ ബ്രായുടെ വള്ളി കാണുമ്പോൾ അസ്വസ്ഥരാകുന്ന, അവരെ മര്യാദ പഠിപ്പിക്കാനിറങ്ങുന്ന സമകാലീന പുരുഷന്മാർക്ക്, വെയ്നിൻഗറുടെ കാഴ്ചപ്പാടിൽ, മര്യാദ ലവലേശം ഇല്ല എന്ന് മാത്രമല്ല, പുരുഷത്വവും ഇല്ല. കാരണം ലിംഗം കൊണ്ട് ചിന്തിക്കുന്നത് അല്ല പുരുഷത്വം, മറിച്ച് ലിംഗം ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് അപ്പുറം പോകുന്ന മാനസികഭാവമാണ് പുരുഷത്വം. മറ്റുള്ളവരുടെ മുല മുറിച്ചല്ല, സ്വയം മര്യാദക്കാരനും പുരുഷകേസരിയും ആകേണ്ടത്. മുലകളോട് സ്വയം ഉദാസീനനായാണ്  മര്യാദക്കാരൻ ആകേണ്ടത്, പുരുഷൻ ആകേണ്ടത്!

ആർക്കാണ് സ്ത്രീകളെ കാണുമ്പോഴേക്കും നഷ്ടപ്പെടുന്നതാണ് അയ്യപ്പന്‍റെ നിഷ്ഠ എന്ന് സങ്കൽപ്പിക്കാൻ ധൈര്യം ഉണ്ടാവുക?

ഇപ്രകാരം എല്ലാ കാമനകളെയും ആഗ്രഹങ്ങളെയും അതിജീവിച്ച ഒരു നൈഷ്ഠികനായാണ് അയ്യപ്പനെ സങ്കൽപ്പിക്കുന്നത്. ആ അയ്യപ്പൻറെ അടുത്ത് ആര് വന്നാൽ എന്ത്, എപ്പോൾ വന്നാൽ എന്ത്, എങ്ങനെ വന്നാൽ എന്ത്? പക്ഷെ അയ്യപ്പഭക്തർ എന്ന ഫാൻസ് അസോസിയേഷൻ അയ്യപ്പൻ തങ്ങളുടെ പോലെ ഉള്ള ഒരാളാണെന്ന് കരുതി, തങ്ങളുടെ കുറ്റങ്ങളും കുറവുകളും, തങ്ങളുടെ തന്നെ അല്പത്തരവും അയ്യപ്പനിൽ ആരോപിക്കുകയാണ് ചെയ്യുന്നത്.  മനഃശാസ്ത്രവിദഗ്ദർ പ്രൊജക്ഷൻ എന്ന് വിളിക്കുന്ന ആ പ്രക്രീയയാണ് ഇവിടെ കാണുവാൻ കഴിയുന്നത്.  സ്ത്രീയുടെ ബ്രായുടെ വള്ളി കാണുമ്പോൾ വള്ളി പൊട്ടുന്ന ഒരു വിത്തുകാളയായി മാത്രം സ്വയം കാണുന്ന പുരുഷന്മാർക്കല്ലാതെ, എല്ലാ പുരുഷന്മാരും തന്‍റെ പരിചയവലയത്തിലുള്ള വിത്തുകാളകളെ പോലെയാണെന്ന്  ധരിക്കുന്ന സ്ത്രീകൾക്കല്ലാതെ, ആർക്കാണ് സ്ത്രീകളെ കാണുമ്പോഴേക്കും നഷ്ടപ്പെടുന്നതാണ് അയ്യപ്പന്‍റെ നിഷ്ഠ എന്ന് സങ്കൽപ്പിക്കാൻ ധൈര്യം ഉണ്ടാവുക? അവർക്കല്ലാതെ ആർക്കാണ് സ്ത്രീകളെ കാണുമ്പോഴേക്കും ആഗ്രഹങ്ങളെ ഉല്ലംഘിച്ച അയ്യപ്പൻ, ആ ഉദാത്ത തലം വെടിഞ്ഞ് വെറും സാധാരണ അയ്യപ്പ ഫാൻസിന്‍റെ നിലവാരത്തിലേക്ക് പതിക്കുമെന്ന് ചിന്തിക്കുവാൻ കഴിയുക? നാട്ടുകാരെ മുണ്ടുപൊക്കി ദർശനം നൽകുന്ന, മുഖ്യമന്ത്രിയെ ജാതികുശുമ്പിൽ തെറി അഭിഷേകം ചെയ്യുന്ന, ഈ അയ്യപ്പ ഭക്തരുടെ ലെവലിലുള്ള ഒരാളായിട്ടാണോ നിങ്ങൾ അയ്യപ്പനെ സങ്കല്പിച്ചിരിക്കുന്നത്? സോറി, ഭക്തരെ, അയ്യപ്പൻ വേറെ ലെവലാണ്!  അയ്യപ്പനെ നിങ്ങളുടെ ലെവലിൽ ആക്കുന്നതിന് പകരം നിങ്ങൾ അയ്യപ്പൻറെ ലെവലിൽ ആകുന്നതാണ് ഭക്തി. രാഹുൽ ഈശ്വറും, കൊല്ലം തുളസിയും, പ്രയാർ ഗോപാലകൃഷ്ണനും, മണിയമ്മയും, ബി ഗോപാലകൃഷ്ണനും ആണ് യഥാർത്ഥ അയ്യപ്പ ഭക്തരെങ്കിൽ, അവർ കാണിച്ചുകൂട്ടുന്ന കോപ്രായത്തിനെ ആണ് അയ്യപ്പ ഭക്തി എന്ന് വിളിക്കുന്നതെങ്കിൽ, അയ്യപ്പ സന്നിധിയിൽ പോയാൽ ലഭിക്കുന്നത് ഈ അഹന്ത ആണെങ്കിൽ, മറ്റു ഭക്തർ അവിടെ പോകാതിരിക്കുന്നതാണ് ഭേദം.

ധാർഷ്ട്യവും അഹങ്കാരവും അതിന്‍റെ പരകോടിയിൽ എത്തിയവർക്ക് മാത്രമേ തോന്നൂ അയ്യപ്പന് സ്വരക്ഷയ്ക്ക് തങ്ങളെ ആവശ്യമുണ്ടെന്ന്. വിനയമുള്ള ഒരു ഭക്തനും തോന്നില്ല ഉപാസന മൂർത്തിയുടെ ആവശ്യമാണ് താനെന്ന്. തനിക്കാണ് മറ്റുള്ളവരുടെ ആവശ്യം എന്ന് വിനയവും ഉൾക്കാഴ്ചയും ഉള്ള ഒരാൾക്കേ തോന്നൂ. ആ ബോധത്തിന്‍റെ അഭാവമാണ്, ആ വിനയത്തിന്‍റെ അഭാവമാണ്, കാരുണ്യത്തിന്‍റെ അഭാവമാണ്, സ്വയം ഒരു തെമ്മാടിക്കൂട്ടമായി, ഉള്ളിൽ തെറിവിളിയും പുറത്ത് നാമജപവുമായി പോകാൻ അയ്യപ്പ ഫാൻസ് അസോസിയേഷനെ പ്രേരിപ്പിക്കുന്നത്. 

ഇനി രാഹുൽ ഈശ്വറിന്‍റെ ആദ്യ വാദഗതി പരിശോധിക്കാം. ശബരി മലയിൽ വേദ പാരമ്പര്യമല്ല, താന്ത്രിക പാരമ്പര്യമാണ് എന്ന് അവർത്തിച്ചുപറയുമ്പോൾ എന്താണ് അദ്ദേഹം മറച്ചുപിടിക്കുവാൻ ശ്രമിക്കുന്നത്. ഉത്തരം ലളിതമാണ്: നമ്പൂതിരിമാർക്കും തന്ത്രിമാർക്കും അവകാശപ്പെട്ടതല്ല താന്ത്രികപാരമ്പര്യം എന്ന ചരിത്ര വസ്തുത. നമ്പൂതിരിമാർക്ക് അവകാശപ്പെട്ടത് വേദപാരമ്പര്യമാണ്. ശബരി മലയിലെ താന്ത്രിക പാരമ്പര്യം താന്ത്രിക ബുദ്ധിസവുമായി ബന്ധപ്പെട്ടതാണ്. താന്ത്രിക പാരമ്പര്യത്തിൽ, ബ്രാഹ്മണ്യത്തിന്‍റെ ശുദ്ധാശുദ്ധ മോക്ഷ സങ്കൽപ്പങ്ങളെ നിരാകരിക്കുന്ന ഒരു പാരമ്പര്യമുണ്ട്. വേദിക് പാരമ്പര്യത്തിന് വിരുദ്ധമായി, താന്ത്രിക പാരമ്പര്യത്തിൽ കാണുന്നത് പഞ്ചമകാരങ്ങൾ (മൽസ്യം, മാംസം, മദ്യം, മൈഥുനം, മുദ്ര) ആണ്. മോക്ഷത്തിനെ മരണാനന്തര ജീവിതവുമായോ ആത്മാവുമായോ കൂട്ടികുഴക്കാറുമില്ല. ഇത്തരം ആചാരങ്ങൾ അവിടെ നിലനിന്നിരുന്നോ ഇല്ലയോ എന്ന് അന്വേഷണം നടത്താനുള്ള ധൈര്യം രാഹുൽ ഈശ്വരനോ ഭക്തർക്കോ ഉണ്ടോ? 

ബ്രാഹ്മണർ കേരളത്തിലേക്ക് വരുന്നതിന് മുൻപേ ഉണ്ടായിരുന്നതാണ് ശബരി മല. ബുദ്ധിസം തെക്കേ ഇന്ത്യയിലേക്ക് വരുന്നതിന് മുൻപും ശബരിമല ഉണ്ടായിരുന്നു. ഇവരൊക്കെ വരുന്നതിന് മുൻപും ഈ മലയിൽ ജനങ്ങൾ വന്നിരുന്നു, അവരുടേതായ ദൈവസങ്കല്പത്തിൽ നിന്ന് കൊണ്ട് ആരാധിക്കുകയും ചെയ്തിരുന്നു. ശബരി മലയിൽ ആദിവാസി ജനവിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ സൂചിപ്പിക്കുന്നത് ശബരി മലയുടെ ആദിവാസി പാരമ്പര്യമല്ലാതെ മറ്റെന്താണ്? കളരി പഠിക്കുവാൻ വന്ന ആദിവാസി യുവാവും കളരി ഗുരുവിന്‍റെ പുത്രിയായ ഈഴവ സ്ത്രീയും പ്രണയബദ്ധിതരായി എന്ന കഥ സൂചിപ്പിക്കുന്നത് ആദിവാസി പാരമ്പര്യവും ബുദ്ധിസ്റ്റ് പാരമ്പര്യവും തമ്മിലുള്ള കൂട്ടിമുട്ടലല്ലാതെ മറ്റെന്താണ്? അവർ തമ്മിൽ അനന്ത കാലത്തോളം അവിവാഹിതരായി തുടരും എന്നത് ഈ രണ്ടു പാരമ്പര്യങ്ങളും തമ്മിൽ ഒരിക്കലും കൂടിച്ചേരുവാൻ പറ്റാത്ത തരാം വൈരുധ്യങ്ങൾ പേറുന്നവയാണെന്ന വസ്തുതയല്ലാതെ എന്താണ് സൂചിപ്പിക്കുന്നത്? 

ശബരിമലയിൽ രണ്ടു തരം അപ്പ്രോപ്രിയേഷൻ സംഭവിച്ചിട്ടുണ്ട്. ആദ്യമായി ഉണ്ടായിരുന്ന ആരാധനക്രമം, കുതിരാൻ മലയിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നത് പോലെ, ആദിവാസി ജനവിഭാഗങ്ങൾ പുലർത്തിയിരുന്ന ഒരു ആരാധനക്രമം. അത് പിന്നീട് ബുദ്ധിസവുമായി ഏതൊക്കെ രീതിയിൽ സമന്വയിക്കുകയും സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴും ശബരി മല സ്വകാര്യ സ്വത്ത് എന്ന നിലയിലേക്ക് വ്യാപാരവൽക്കരിക്കപ്പെട്ടിട്ടില്ല. അത് സംഭവിച്ചത് ബ്രാഹ്മണാധിപത്യത്തോട് കൂടിയാണ്. പരശുരാമൻ മഴുവെറിഞ്ഞു നേടിയതാണ് കേരളം എന്ന ഒരു തട്ടിപ്പു കഥയും പരശുരാമന്‍റെ ക്ഷത്രിയ വിരോധം എന്ന ഉപ കഥയും മിക്സ് ചെയ്ത് വളരെ വൃത്തിയായി ഇവിടത്തെ ഭൂമി രാജസ്വം, ദേവസ്വം, ബ്രഹ്മസ്വം വക എന്ന രീതിയിൽ വിഭജിച്ച് ഭൂമി ബ്രാഹ്മണാധിപത്യത്തിൽ കൊണ്ട് വന്നൂ എന്നതാണ് ബ്രാഹ്മണർ ചെയ്ത മഹത്തായ സേവനം. ഇതിന്‍റെ ഫലമായാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള സ്വകാര്യ സ്വത്തവകാശത്തിന് ശബരിമല വഴിപ്പെട്ടത്. രാജകുടുംബം, തന്ത്രി കുടുംബം, തുടങ്ങിയ ഫ്യൂഡൽ സ്വത്തുടമ സമ്പ്രദായത്തിന്‍റെ ഏജന്‍റുകളിലൂടെ ശബരിമല ബ്രാഹ്മണവലക്കരിക്കപ്പെടുകയായിരുന്നു. ഈ ഫ്യൂഡൽ സ്വത്തുടമ സമ്പ്രദായത്തിലേക്ക് ശബരി മലയെ കൂടുതൽ കൂടുതൽ ചുരുക്കുന്ന പ്രക്രീയയെയാണ് "ദേവഹിതം" എന്ന ബ്രാഹ്മണിക ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. 

അതുകൊണ്ട് തന്നെയാണ് സുപ്രീം കോടതി വിധി വന്നപ്പോൾ തല്പര കക്ഷികൾക്ക് ഇത്രയും ഹാലിളകിയിരിക്കുന്നത്

അധികാരവും അവകാശങ്ങളും മറ്റു ജനതകളിൽ നിന്ന് പതുക്കെ പതുക്കെ ഇല്ലാതാക്കി, അവ ചില കുടുംബങ്ങളിലേക്ക് ചുരുക്കുന്ന "തന്ത്രി" വിദ്യയാണ് "ദേവഹിതം/ദേവപ്രശ്നം". ഇങ്ങനെ ദേവഹിതത്തിന്‍റെ സഹായത്തോടെ അധികാരവും അവകാശങ്ങളും സവർണ്ണരിൽ കേന്ദ്രീകരിച്ച പ്രക്രിയയെയാണ്, അവസാന വിശകലനത്തിൽ, സുപ്രീം കോടതി ഏറ്റവും മൗലികമായി ചോദ്യം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് സുപ്രീം കോടതി വിധി വന്നപ്പോൾ തല്പര കക്ഷികൾക്ക് ഇത്രയും ഹാലിളകിയിരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ എല്ലാവർക്കും ഇനി ലഭ്യമാവാൻ സാധ്യതയുണ്ട് എന്ന ബോധപൂർവ്വമോ അബോധപൂർവമോ ആയ അറിവാണ് അവരെ ഏറ്റവും ഭയപ്പെടുത്തുന്നത്. നാളെ അവർണ്ണനായ ഒരു തന്ത്രി വരുമെന്നോ, ക്ഷേത്രത്തിന്‍റെ വിഭവങ്ങളിൽ അവർണ്ണ ജനവിഭാഗങ്ങൾ അവകാശം ഉന്നയിക്കുമോ എന്നൊക്കെയുള്ള ഭയമാണ് ഇന്ന് നടക്കുന്ന സവർണ്ണ ലഹളയ്ക്ക് മൂലാധാരം. സാങ്കേതികമായി പറയുകയാണെങ്കിൽ, “മൂലാധാരം” എന്ന ആധുനികവൽക്കരിക്കപ്പെട്ട ബ്രാഹ്മണിക സങ്കല്പം തന്നെയാണ് ഇന്നത്തെ മൂലക്കുരു പൊട്ടലിന് കാരണമായിട്ടുള്ളത്. അതിന് ഭക്തിയുമായി യാതൊരു ബന്ധവുമില്ല. അതിന് സ്വത്തുമായി മാത്രമേ ബന്ധമുള്ളൂ, സ്വത്തിന്‍റെ വീതം വെക്കലുമായി മാത്രമേ ബന്ധമുള്ളൂ.

മാന്യതയുണ്ടെങ്കില്‍ അയ്യപ്പനെ തിരിച്ച് കൊടുക്കൂ

അതുകൊണ്ട് മാന്യത എന്ന ഒന്ന് രാഹുൽ ഈശ്വറിനും കൂട്ടർക്കും ഉണ്ടെങ്കിൽ "കാനനവാസ"നായ അയ്യപ്പനെ ആധുനികവൽക്കരിക്കപ്പെട്ട സ്വകാര്യസ്വത്തുടമാ സമ്പ്രദായത്തിന്‍റെ നീരാളി പിടുത്തത്തിൽ നിന്ന് മോചിപ്പിച്ച്, മലയെ അതിന്‍റെ ആദിമ അവകാശികൾ ആയ (സ്വകാര്യ സ്വത്ത് എന്ന നിലയിലുള്ള അവകാശം അല്ല) ആദിവാസി ജനങ്ങൾക്ക് തിരിച്ചു നൽകുകയാണ് വേണ്ടത്. അങ്ങനെ മാത്രമേ അയ്യപ്പനെ നമുക്ക് ശരിയായി ആരാധിക്കുവാൻ കഴിയൂ. നാട്ടിലെ ജീവിതത്തിന്‍റെ ബഹളങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞ് കാട്ടിലേക്ക് പോയ ഒരാളെ, അവിടെ ചെന്ന് നാട്ടുകാർ നാട്ടിലെ ബഹളങ്ങൾ മുഴുവൻ ഓർമ്മിപ്പിക്കുന്നത്, നാട്ടിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്, അദ്ദേഹം അന്വേഷിച്ചുപോയ കാടിന്‍റെ ആ സ്വച്ഛതയ്ക്ക് ഭംഗം വരുത്തുന്നത്, അയ്യപ്പനോട് ചെയ്യുന്ന നീതി നിഷേധമല്ലെങ്കിൽ മറ്റെന്താണ്? അദ്ദേഹത്തിന്‍റെ ഏകാന്തമായ ധ്യാനപരതയ്ക്ക് ചുറ്റും നിന്ന് ശരണം വിളിക്കുന്നതാണോ ഭക്തി? അദ്ദേഹത്തിനോട് സ്നേഹമുണ്ടെങ്കിൽ, തികഞ്ഞ ബഹുമാനമുണ്ടെങ്കിൽ, അദ്ദേഹം തിരെഞ്ഞെടുത്ത ഏകാന്തതയെ അംഗീകരിക്കുകയല്ലേ ഭക്തർ ചെയ്യേണ്ടത്? ഈയർത്ഥത്തിൽ ലോകത്തിലെ ഏറ്റവും ഉദാത്തരായ ദൈവ വിശ്വാസികൾ നിരീശ്വരവാദികൾ ആണെന്ന അപനിർമ്മാണ യുക്തി ഏറ്റവും സംഗതമായ ഇടമാണ് ശബരി മല. 

അയ്യപ്പൻറെ തെരഞ്ഞെടുപ്പിനെ, അദ്ദേഹത്തിന്റെ ഏകാന്തതയെ, അയ്യപ്പന്‍റെ ധ്യാനപരതയെ, ഏറ്റവും ഗൗരവമായി ഉൾകൊള്ളുന്നവർ ഭക്തിയുടെ പേരിൽ അവിടെ പോകുവാൻ തയ്യാറല്ലാത്ത നിരീശ്വരവാദികളാണ്. അവർക്കാണ് അയ്യപ്പൻ കാട്ടിലേക്ക് പോയതെന്തിനാണെന്ന് ശരിക്കും മനസ്സിലാകുന്നുള്ളൂ. അവരാണ് ഏകാന്തത അന്വേഷിച്ചുപോയ അയ്യപ്പനെ അദ്ദേഹത്തിന്‍റെ ഏകാന്തതയ്ക്ക് വിട്ടുകൊടുക്കുന്നുള്ളൂ. അവർക്കാണ് ധ്യാനനിരതമായ ഒരു മനസ്സ് എന്താണെന്ന് മനസിലാകുന്നുള്ളൂ. നാട്ടിൽ കിടന്ന് ബഹളം വെക്കുന്ന ഭക്തർ, മറ്റുള്ളവരെ തെറി വിളിക്കുന്ന, മുണ്ടുപൊക്കികാണിക്കുന്ന, തടയുന്ന ഭക്ത ജനത്തിന് എന്ത് ഏകാന്തത, എന്ത് ധ്യാനം? അവർ വിചാരിക്കുന്നത് പോലെയുള്ള രക്ഷ അവർക്ക് അയ്യപ്പന് നൽകുവാൻ കഴിഞ്ഞേക്കും! പക്ഷെ അവരെ രക്ഷിക്കുവാൻ ഒരു ദൈവത്തിനും കഴിയില്ല! ഒരു സന്നിധിയ്ക്കും വളരെ എളുപ്പം സ്വയം ഗുണ്ടയായി അഴിഞ്ഞാടാൻ കഴിയുന്ന അവരുടെ ആ മനോഭാവം മാറ്റി അവരുടെ മനസ്സിൽ ധ്യാനപരതയും കാരുണ്യവും നിറയ്ക്കുവാനും കഴിയില്ല. രാഹുൽ ഈശ്വറിന്‍റെ ചിരിയിലും ഭാവത്തിലും കാണുന്നത് ഭക്തിയാണോ, അതോ കാര്യങ്ങൾ വ്യക്തമായി പദ്ധതി ചെയ്യുന്ന ഒരു മാനേജ്മെന്‍റ് വിദഗ്ധന്‍റെ മനുഷ്യത്വരാഹിത്യമാണോ? 

നിങ്ങളോട് ഓർമ്മിപ്പിക്കുവാനുള്ളത് ഒരു യഥാർത്ഥ ഭക്തന് വേണ്ട മനോഗുണത്തെക്കുറിച്ചാണ്

അതുകൊണ്ട് രാഹുൽ ഈശ്വറിനോടും കൂട്ടരോടും അവർത്തിക്കാനുള്ളത് ഇത്ര മാത്രം. സി.കെ ജാനുവും ചില ആദിവാസി സംഘടനകളും ഉയർത്തുന്ന ആദിവാസി രാഷ്ട്രീയം, ഭൂരാഷ്ട്രീയം, ആദിവാസികൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവ ഇനിയുള്ള കേരളം ചർച്ച ചെയ്യുക തന്നെ ചെയ്യും. തന്ത്രിമാർക്കും പന്തളം രാജകുടുംബത്തിനും മലയിറങ്ങേണ്ടി വരുമോ എന്ന ഭയമാണ് നിങ്ങളെ ഇത്രയും അക്രമാസക്തരാക്കുന്നത്. നിങ്ങളോട് ഓർമ്മിപ്പിക്കുവാനുള്ളത് ഒരു യഥാർത്ഥ ഭക്തന് വേണ്ട മനോഗുണത്തെക്കുറിച്ചാണ്. ഭക്താ, പണം വരും പോകും, പ്രശസ്തി വരും പോകും, ഭൂമി വരും പോകും, സ്ഥായിയായുള്ളത് അചഞ്ചലമായ ഭക്തി മാത്രമാണ്. പക്ഷെ രാഹുൽ ഈശ്വറും കൂട്ടരും തിരിച്ചാണ് വിശ്വസിക്കുന്നത് എന്ന് തോന്നുന്നു. ഭക്തി വരും പോകും (സ്ത്രീകൾ വരുന്ന മുറക്കനുസരിച്ച്!), പക്ഷെ പണമാണ് ശാശ്വതമായുള്ളത്, ഭൂമിയാണ് ശാശ്വതമായുള്ളത്, അധികാരമാണ് ശാശ്വതമായുള്ളത്! ഈ 'ജാതി' ഭക്തിക്കല്ലേ ഒരു കുതിരപ്പവൻ കൊടുക്കേണ്ടത്!  ഈ 'ജാതി' ഭക്തരല്ലേ ഇവിടുത്ത സവർണ്ണതയുടെ ഐശ്വര്യം! 

അവസാനമായി രാഹുൽ ഈശ്വർ ആവർത്തിക്കുന്ന ദേവതാ സങ്കല്പം. ഇത് മനസ്സിലാക്കണമെങ്കിൽ, ഇതിന്റെ രാഷ്ട്രീയം മനസ്സിലാക്കണമെങ്കിൽ, ആർ.എസ്.എസ്സിന്റെ  ബാലഗോകുലം മുതലായ 'സംസ്കൃത' പരിപാടികളെ നേരിടാൻ സ്വയം ആർ.എസ്.എസ്സായി കൊണ്ടിരിക്കുന്ന ഇടതുപക്ഷം ചെയ്യേണ്ടത് ഇന്ത്യൻ ഇടതുപക്ഷം സൃഷ്ടിച്ചിട്ടുള്ള ഏറ്റവും സൈദ്ധാന്തിക അടിത്തറയുള്ള ഹെഗേലിയൻ മാർക്സിസ്റ്റ് തത്വ ചിന്തകനായ ദേബിപ്രസാദ് ചട്ടോപാധ്യായുടെ "ലോകായത: പൗരാണിക ഇന്ത്യൻ ഭൗതികവാദത്തിൽ ഒരു പഠനം" (Lokayata: A Study in Ancient Indian Materialism) എന്ന ബൃഹദ് പുസ്തകം മനസ്സിരുത്തി വായിക്കുകയാണ്. അക്കാലത്ത് ലഭ്യമായ നരവംശശാത്രത്തിന്‍റെ കാഴ്ചപ്പാടുകളെ മുൻനിർത്തി, കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ജനതകളും (agriculture societies) അജപാല/പശുപാല സമൂഹങ്ങളും (pastoral societies) സൃഷ്ടിച്ചെടുത്തിട്ടുള്ള ദൈവസങ്കൽപ്പത്തിലെ വ്യത്യാസത്തെക്കുറിച്ച് അദ്ദേഹം സുദീർഘം ചർച്ച ചെയ്യുന്നുണ്ട് പ്രസ്തുത പുസ്തകത്തിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന ജനത മിക്കവാറും ലോകവ്യാപകമായി 'അമ്മ ദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. കാരണം ചരിത്രപരമായി കാർഷികവൃത്തി സ്ത്രീയുടെ കണ്ടുപിടുത്തമായിട്ടാണ് പല നരവംശ ശാസ്ത്രജ്ഞന്മാരും ഉദ്ഘോഷിക്കുന്നത്. കാർഷികവൃത്തിയുടെ  നിദാനമായിട്ടാണ് 'അമ്മ ദൈവങ്ങൾ കയ്യിൽ അരിവാൾ ഏന്തിയിരിക്കുന്നത്. കാർഷിക സമൂഹങ്ങളിൽ പ്രഥമ തത്വം സ്ത്രീ ആയിരുന്നു. ദായക്രമം അമ്മയെ അടിസ്ഥാനപ്പെടുത്തിയിട്ടാണ്. ജീവിതത്തെ നിർണ്ണയിച്ചിരുന്നത് സ്വന്തം ‘തായും 'മറ്റേ അമ്മ' എന്നർത്ഥമുള്ള 'മറു താ' എന്ന 'അമ്മ ദൈവവും ആണ് (മറ്റേ അമ്മയായ ഈ 'മറു താ'യാണ്, ഈ 'അമ്മ ദൈവമാണ്, പിൽക്കാല ബ്രാഹ്മണിക വ്യവഹാരത്താൽ  നിർണ്ണയിക്കപ്പെട്ട മലയാള ഭാഷയിൽ തെറിയാകുന്നത്! കഴുവിൽ ഏറിയ ക്രിസ്തുവിന്‍റെ അനുയായികളെ "കഴുവേറി" എന്ന തെറിയിലൂടെ ബ്രാഹ്മണിക ബാധയേറ്റ ഇതേ ഭാഷയും അതിന്‍റെ ലോകബോധവും വ്യവഹരിച്ചത് പോലെ!) 

ഇവിടെ ആത്മീയത/ലൈംഗികത എന്ന ദ്വന്ദം ഇല്ല. ശരീരം തന്നെയാണ് ആത്മാവ്. ആത്മാവ് തന്നെയാണ് ശരീരം. ഒന്ന് മറ്റൊന്നിൽ നിന്ന് വേർതിരിക്കുന്ന പുരുഷ കേന്ദ്രീകൃത മതസങ്കല്പം ഇവിടെ ഇല്ല. ഭൗതികത തന്നെയാണ് ആത്മാനുഭവം. ഇഹലോകം തന്നെയാണ് പരലോകം. വസൂരി പോലുള്ള ഇഹലോക പ്രശ്നങ്ങളെ പരിഹരിക്കുവാനാണ് 'അമ്മ ദൈവം. അല്ലാതെ എങ്ങാണ്ടോ ഇണ്ട് എന്നു പറയപ്പെടുന്ന പരലോക മോക്ഷത്തിന് വേണ്ടിയല്ല. നിങ്ങളിലെ സ്ത്രീയെ അറിയുക, നിങ്ങളാകുന്ന സ്ത്രീയെ അറിയുക, ബോധമണ്ഡലം മറച്ചുപിടിച്ചിട്ടുള്ള, നിങ്ങളുടെ അബോധത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുക. അതാണ് ഭക്തി, അതാണ് മോക്ഷം. നിങ്ങളുടെ ശരീരത്തിന്‍റെ ഭൗതികതയുടെ സൂക്ഷ്മാംശങ്ങളിലേക്ക്, അതിന്‍റെ പ്രക്രിയകളിലേക്ക്, അതിന്‍റെ പ്രവാഹത്തിലേക്ക് (becoming) സ്വയം ഊർന്ന് ഉണ്മയെ (being) മറികടക്കുകയാണ്. വാൾട്ടർ ബെന്യാമിന്റെ (Walter Benjamin) അനതിസാധാരണമായ രൂപകം ഉപയോഗിക്കുകയാണെങ്കിൽ  നിങ്ങളുടെ കാഴ്ച്ചാനുഭവം (optic) തീർത്ത വ്യത്യസങ്ങളുടെ ലോകത്തിനെ (discontinuous) സ്പർശാനുഭവത്തിന്‍റെ (haptic) അനുസ്യൂതതയിൽ മറികടക്കുക. എല്ലാവരും ഒന്നാകുക. ഒറ്റ ആത്മാവുക. അതാണ് പേരും ഊരും അഹന്തയും നഷ്ടപ്പെട്ട സ്വാമി. അല്ലാതെ ഹിന്ദു മതം ഉദ്ഘോഷിക്കുന്ന വിജൃംഭിത, അക്രമാസക്ത പൗരുഷ്യം അല്ല സ്വാമി. സ്വാമി ഒരു ഉണ്മയല്ല (being), അതൊരു പ്രവാഹമാണ്. സ്വാമിയിൽ ആണില്ല, പെണ്ണില്ല, ജാതിയില്ല, മതമില്ല, ദേശമില്ല, അതിൽ ഒഴുക്ക് മാത്രമേയുള്ളൂ. അഹം ബോധത്തെ മറികടന്ന നിതാന്തമായ പ്രവാഹം.     

ദൈവസങ്കല്‍പങ്ങള്‍ ഉണ്ടാകുന്നത്

ഇതിന് വിരുദ്ധമായാണ് പശുപാല/അജപാല സമൂഹത്തിലെ ദൈവസങ്കല്പം. ദൈവം പുരുഷന്‍റെ രൂപത്തിലാണ് ആടുമേക്കൽ സമൂഹങ്ങളിൽ അവതരിക്കുന്നത്. കാരണം ആടിനെ മേക്കുന്നത് പുരുഷന്മാരുടെ ജോലി ആയിരുന്നു (പല മലയാളികളും വിളിക്കുന്നത് പോലെ ഇസ്ലാം ആടുമേയ്ക്കൽ സമൂഹത്തിന്‍റെ മതമല്ല. അത് ഒരു നാഗരിക മതമാണ്. അതിനാൽ തന്നെ ഇസ്ലാമിൽ ദൈവത്തിന്, ആടുമേയ്ക്കൽ സമൂഹങ്ങളിലെ ദൈവങ്ങളെപ്പോലെ, സ്വന്തം ഗോത്ര കേന്ദ്രീകൃതമായ അച്ഛൻ ഭാവം ഇല്ല. ഇസ്ലാമിലേക്ക് ആദ്യമായി പരിവർത്തനം ചെയ്തത് അടിമകളും സ്ത്രീകളും ആണെന്നത് സുവിദിതമാണല്ലോ.   മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ, ഈയൊരു കാരണം കൊണ്ടാണ് ഇസ്ലാമിനെ വിഖ്യാത ജർമ്മൻ തത്വചിന്തകനായ ഹെയ്ഗൽ (GWF Hegel) "ഉത്തുംഗതയുടെ മതം" (religion of sublimity) എന്ന വിശേഷിപ്പിച്ചതെന്ന് വേണമെങ്കിൽ വായിക്കാവുന്നതാണ്). ആടുമേയ്ക്കൽ സമൂഹങ്ങളിൽ പിതാവിന് പുത്രനോടുള്ള സ്നേഹമാണ് പ്രഥമ തത്വം. അമ്മയുടെ സ്നേഹം തീർത്തും അപ്രത്യക്ഷമാണ് സെമിറ്റിക് മതങ്ങളിൽ. ഇത്തരം ഒരു ആടുമേക്കൽ സമൂഹത്തിൽ കാണുന്നതാണ് വിരാട പുരുഷ സങ്കൽപ്പവും. 

അപ്രകാരം ആടുമേച്ചിരുന്ന ഒരു സമൂഹം, പ്രാഥമികമായും സ്ത്രീ കേന്ദ്രീകൃതമായ, 'അമ്മ ദൈവത്താൽ നിർണ്ണയിക്കപ്പെട്ടിരുന്ന ഒരു കാർഷിക സമൂഹത്തിനെ കീഴടിക്കിയ കഥയാണ് ഇന്ത്യൻ ചരിത്രത്തിന്റെ ഒരു മുഖ്യധാര. അതിനാൽ പുരുഷ കേന്ദ്രീകൃത ദൈവസങ്കല്പങ്ങളോടുള്ള ഒരു ജനതയുടെ വലിയ, ശക്തമായ എതിർപ്പിനെ മറികടക്കുവാനായിരുന്നു ബ്രാഹ്മണിക വ്യവഹാരങ്ങൾ സ്ത്രീയ്ക്ക് ഒരു വിധത്തിലും സ്വാതന്ത്ര്യം അനുവദിക്കാത്ത വിധത്തിൽ ഇത്രയും സ്ത്രീ വിരുദ്ധമായത്. സതിയോടുള്ള താല്പര്യം, വിധവാ പുനർവിവാഹത്തിനോടുള്ള എതിർപ്പ്, ശൈശവ വിവാഹത്തിനോടുള്ള ആർത്തി, ആർത്തവ രക്തത്തിനോടുള്ള കലിപ്പ് എല്ലാം ഘടനാപരമായി ഒരു വ്യവഹാരത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്, അമ്മ ദൈവങ്ങളുടെ ചെറുത്ത് നില്പിനെ, കാർഷിക സമൂഹങ്ങൾ നടത്തിയ ചെറുത്ത് നിൽപ്പിനെ മറികടക്കുവാനുള്ള വന്യമായ ശ്രമങ്ങളല്ലാതെ മറ്റെന്താണ്? സമകാലീന മാരിയമ്മൻ കോവിലുകളിൽ നടക്കുന്ന "രാമായണ" പാരായണം 'അമ്മ ദൈവങ്ങളെ മറികടക്കുവാനുള്ള പുരുഷ കേന്ദ്രീകൃത പൗരോഹിത്യത്തിന്‍റെ താല്പര്യമില്ലാതെ മറ്റെന്താണ്? 

മറ്റേതെല്ലാം ആത്മീയ കച്ചവടമാണ്

'അമ്മ ദൈവങ്ങൾ കുടിയിരിക്കുന്ന, കൊടുങ്ങല്ലൂർ കാവിലെ തെറിവിളിയും, ചെനക്കത്തൂർ കാവിലെ "അയ്യയോ തച്ചു കൊല്ലുന്നേ" എന്ന പ്രയോഗവും (ഉത്സവസമയത്ത് പരിസര പ്രദേശങ്ങളിലെ ചെറു ബാല്യക്കാർ സമയ ഭേദമില്ലാതെ വിളിച്ചുപറയുന്നതാണിത്)  ശ്രദ്ധിച്ചാൽ ഈ ചെറുത്തുനിൽപ്പും അതിനോട് എത്ര വന്യമായാണ് അക്കാലത്തെ അധിനിവേശ ശക്തികൾ പ്രതികരിച്ചതെന്നും വ്യകതമാകും (ബൈബിളിൽ കാർഷിക വൃത്തിയും ആടുമേയ്ക്കലും തമ്മിലുള്ള യുദ്ധം തുടക്കത്തിൽ തന്നെ ആടുമേക്കലിന് അനുകൂലമായി സെറ്റിൽ ചെയ്യുന്നുണ്ട്. സഹോദരങ്ങളായ കായേനിന്റെയും ആബേലിന്റെയും കഥകളിലൂടെ. കായേൻ കൃഷീവലനും, ആബേൽ ആടിനെ ബലി നൽകുന്നവനും ആയാണ് ബൈബിളിൽ നാം വായിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങൾ സമർപ്പിക്കുന്ന കായേനെ അനുഗ്രഹിക്കാതെ, ദൈവം പക്ഷപാതപരമായി ആട്ടിടയനായ ആബേലിന്റെ മൃഗബലിയാണ് സ്വീകരിക്കുന്നത്. ഇതിൽ വിഷണ്ണനായ കായേൻ ആബേലിനെ ബലി കൊടുക്കുന്നു. പക്ഷെ ദൈവം കോപാകുലനായാണ് ഈ ബലിയോട് പ്രതികരിക്കുന്നത്. അങ്ങനെയാണ് കായേൻ ആദ്യത്തെ കൊലപാതകിയും ആബേൽ ആദ്യത്തെ രക്തസാക്ഷിയും ആകുന്നത്. തിന്മയുടെ പ്രാഗ്രൂപം ഇപ്രകാരം കായേനായി മാറുന്നുണ്ട് ബൈബിളിൽ. നമ്മുടെ 'അമ്മ ദൈവങ്ങൾ തെറി വിളിക്കപ്പെടേണ്ട 'മറുതാകൾ' ആയത് പോലെ).

പൗരോഹിത്യ/പുരുഷ കേന്ദ്രീകൃതമായ ഈ ബ്രാഹ്മണിക ദൈവസങ്കല്പത്തെ ചെറുക്കണമെങ്കിൽ, ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ, അതിനുള്ള ആർജ്ജവം ഉണ്ടെങ്കിൽ, അവർ ചെയ്യേണ്ടത് ഇന്ത്യൻ ഭൗതികസംസ്കാരത്തിന്റെ ഇഹലോക പ്രശ്നങ്ങളെ പരിഹരിക്കുവാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ള അമ്മ ദൈവങ്ങളുടെ പാരമ്പര്യത്തെ മുറുകെ പിടിക്കുകയാണ്. അതാണ് ഏറ്റവും മികച്ച ഭൗതിക വാദം. അതാണ് ഏറ്റവും മികച്ച ആത്മീയതയും. മറ്റേതെല്ലാം ആത്മീയ കച്ചവടമാണ്. അത് ആത്മാവെന്തെന്നറിയാത്ത കച്ചവടക്കാർ ചെയ്യട്ടെ!    

Follow Us:
Download App:
  • android
  • ios