Asianet News MalayalamAsianet News Malayalam

ആത്മഹത്യാശ്രമം, കൊലപാതകം, അതിവിചിത്രമായ പെരുമാറ്റം, ഒടുവില്‍ ആ ഇരട്ടസഹോദരിമാര്‍ക്ക് സംഭവിച്ചതെന്ത്?

സഹോദരിമാരുടെ വിചിത്രമായ പെരുമാറ്റം വിശദീകരിക്കാൻ പലരും പല സിദ്ധാന്തങ്ങളും മുന്നോട്ട് വച്ചു. മയക്കുമരുന്നിന്റെ സ്വാധീനമാണോ അതെന്ന് ചിലർ ചോദിച്ചു.

What prompted the twins to dash out into the traffic
Author
Sweden, First Published Sep 4, 2020, 10:57 AM IST

ഇരട്ട സഹോദരങ്ങൾക്കിടയിൽ എപ്പോഴും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മബന്ധം നിലനിൽക്കുമെന്ന് പറയപ്പെടുന്നു. ഗർഭപാത്രത്തിൽ വെച്ച് തന്നെ ഉരുത്തിരിയുന്ന ഒരു ബന്ധമാകാം അത്. എന്ത് തന്നെയായാലും, ഒരു മനസ്സും രണ്ടു ശരീരവുമാണ് അവർക്ക് എന്നാണ് പറയുന്നത്. സ്വീഡിഷ് ഇരട്ടകളായ ഉർസുലയ്ക്കും സബീന എറിക്സണിനും അത്തരത്തിൽ ഒരു അടുപ്പമായിരുന്നു പരസ്‍പരം ഉണ്ടായിരുന്നത്. എന്നാൽ, അവരുടെ ഈ ബന്ധം തീർത്തും വിചിത്രമായ ഒരു യാത്രയിൽ അവസാനിച്ചു. കൊലപാതകത്തിന്റയും, ആത്മഹത്യാശ്രമത്തിന്‍റെയും ഇരുണ്ട വഴികളിലൂടെ അവർ കൈകോർത്തു പിടിച്ച് നടന്നുപോയി. 2008 -ലാണ് അവരുടെ പേരുകൾ വാർത്തകളിൽ നിറയുന്നത്. എന്നാൽ കൂടിയും ഇന്നും ആ ഇരട്ടകൾക്ക് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വ്യക്തമായി ആർക്കും അറിയില്ല. പൊലീസിന് പോലും. ലോകം അവരെ കുറിച്ചറിയിരുന്നത് 2010 -ലെ ബിബിസി ഡോക്യുമെന്ററി, 'മാഡ്നെസ് ഇൻ ദ ഫാസ്റ്റ് ലെയ്ൻ' എന്ന പരിപാടിയിലൂടെയാണ്. 

അതുവരെ വളരെ സാധാരണമായ ഒരു ജീവിതം നയിച്ചിരുന്ന എറിക്സൺ സഹോദരിമാരുടെ ആ വിചിത്രമായ യാത്ര ആരംഭിക്കുന്നത് 2008 മെയ് മാസത്തിലാണ്. അക്കാലത്ത് യുഎസ്സിൽ താമസിച്ചിരുന്ന ഉർസുല അയർലന്‍ഡിലുള്ള അവളുടെ ഇരട്ട സഹോദരി സബീനയെ കാണാൻ തീരുമാനിച്ചു. അവർ പരസ്‍പരം കണ്ടുമുട്ടി 24 മണിക്കൂറിനുള്ളിൽ ഇരുവരും പെട്ടികളുമായി വീട് വിട്ടിറങ്ങി. തുടർന്ന് യാത്ര ചെയ്‍ത് ലിവർപൂളിൽ എത്തി. അവിടെ എത്തിയ ഇരുവരും സെന്‍റ് ആൻ പൊലീസ് സ്റ്റേഷനിലേക്ക് പോയി, അയർലന്‍ഡിലെ മക്കളുടെ സുരക്ഷയെക്കുറിച്ച് ആകുലയാണെന്നും അവര്‍ക്ക് ശ്രദ്ധ വേണമെന്നും സബീന പരാതി നൽകി. വേണ്ടത് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകുകയും ചെയ്‌തു. 

അതിനുശേഷം സബീനയും ഉർസുലയും ലണ്ടനിലേക്കുള്ള നാഷണൽ എക്സ്പ്രസ് ബസിൽ കയറി. പിന്നീടുള്ള അവരുടെ പെരുമാറ്റം തീർത്തും വിചിത്രമായിരുന്നു. ബസില്‍ വച്ച് വിചിത്രമായ എന്തൊക്കെയോ രീതികളിലായിരുന്നു അവരുടെ പെരുമാറ്റം. അവരുടെ അസാധാരണ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാരൻ അവരുടെ ബാഗുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അവർ അതിന് കൂട്ടാക്കിയില്ല. ഇതുകണ്ട് സഹയാത്രികർക്ക് ഭയം തോന്നാൻ തുടങ്ങി. അതിനകത്ത് ബോംബോ മറ്റോ ആണോ എന്ന് ആളുകൾ സംശയിച്ചു. ഒടുവിൽ പൊലീസെത്തി ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ ബാഗ് തുറക്കാൻ സഹോദരിമാർ സമ്മതിച്ചു. എന്നാൽ, അതിനകത്ത് അവരുടെ വസ്ത്രങ്ങളല്ലാതെ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആ സംഭവം അവിടെ തീർന്നു. 

അവരുടെ പെരുമാറ്റത്തിൽ അസ്വസ്ഥനായ ഡ്രൈവർ, ബസ് ഒരു സർവീസ് സ്റ്റേഷനിൽ നിർത്തിയപ്പോൾ അവരെ അതിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ, ബസിൽ നിന്നിറങ്ങിയ സബീനയും ഉർസുലയും വണ്ടികൾ ചീറിപ്പാഞ്ഞു വരുന്ന തിരക്കേറിയ എം 6 മോട്ടോർവേയിലൂടെ നടക്കാൻ തുടങ്ങി. അതിവേഗത്തിലാണ് ആ റോഡിലൂടെ വണ്ടികൾ പോകുന്നത്. അത് കാൽനടയാത്രക്കാർക്കായി രൂപകൽപ്പന ചെയ്‍തിട്ടുള്ളതല്ല. ഒടുവിൽ പരിഭ്രാന്തരായ വാഹനയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ അവിടെ എല്ലാം ശാന്തമായിരുന്നു. ഇത്രയൊക്കെ ഒപ്പിച്ച ഒരു ഭാവമേ ഉണ്ടായിരുന്നില്ല അവരിരുവർക്കും. ഒരാൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ശാന്തമായി സംസാരിക്കുമ്പോൾ, മറ്റെയാൾ സിഗരറ്റ് വലിച്ച് നിൽക്കുന്നതാണ് പൊലീസ് കണ്ടത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായ ആ നിമിഷത്തിൽ ഉർസുല പെട്ടെന്ന് റോഡിലേക്ക് എടുത്ത് ചാടുകയായിരുന്നു. പാഞ്ഞുവരുന്ന ട്രക്കിന്റെ അടുത്തേക്ക് അവളോടി. 56 മൈൽ വേഗതയിലാണ് അത് യാത്ര ചെയ്‍തിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുൻപ് തന്നെ സബീനയും റോഡിലേക്ക് എടുത്തു ചാടി. ഫോക്സ്വാഗൺ പോളോയുടെ വിൻഡ്ഷീൽഡിലേക്ക് ഇടിച്ച് സബീന റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഉർസുലയുടെ കാലുകൾ തകർന്നു. ഏകദേശം 15 മിനിറ്റ് സബീന അബോധാവസ്ഥയിലായിരുന്നു. പക്ഷേ ഭാഗ്യത്തിന്, ഇരുവരും രക്ഷപ്പെട്ടു.

What prompted the twins to dash out into the trafficWhat prompted the twins to dash out into the traffic

കാലുകൾക്ക് സാരമായി പരിക്കേറ്റ ഉർസുലയെ മൂന്നുമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്‍ചാർജ് ചെയ്‍തപ്പോൾ അവൾ യുഎസിലേക്ക് മടങ്ങി. സബീന അഞ്ച് മണിക്കൂറിന് ശേഷം ആശുപത്രിയിൽ നിന്ന് മോചിതയാവുകയും, മോട്ടോർവേയിൽ അതിക്രമിച്ചു കയറിയതിനും ഒരു പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും കസ്റ്റഡിയിലാവുകയും ചെയ്‌തു. എന്നാൽ, കുറച്ച് ദിവസത്തിന് ശേഷം അവളെ വിട്ടയക്കുകയാണ് പൊലീസ് ചെയ്‍തത്. എല്ലാം കഴിഞ്ഞു എന്നാശ്വസിക്കാനുള്ള ഇട അവൾ നൽകിയില്ല. പിന്നീട് അവൾ തീർത്തും ഭയാനകമായ കാര്യങ്ങളാണ് ചെയ്‍തു കൂട്ടിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അവൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ തെരുവുകളിലൂടെ അലഞ്ഞുനടക്കുമ്പോൾ, രണ്ടുപേരെ കണ്ടുമുട്ടുകയുണ്ടായി. ആശുപത്രിയിലായിരുന്ന സഹോദരിയെ തിരയുകയാണെന്നും രാത്രി കിടക്കാൻ ഒരിടം വേണമെന്നും അവൾ അവരോട് പറഞ്ഞു. അനുകമ്പയുള്ള പാരാമെഡിക്കായ 54 -കാരന്‍ ഗ്ലെൻ ഹോളിൻസ്ഹെഡ് സബീനയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പിറ്റേന്ന്, കാരണമറിയാത്ത ദേഷ്യത്തിൽ സബീന ഹോളിൻസ്ഹെഡിനെ കത്തി ഉപയോഗിച്ച് അഞ്ച് തവണ കുത്തുകയായിരുന്നു. 

ഗ്ലെൻ ഹോളിൻസ്ഹെഡിനെ കൊലപ്പെടുത്തിയ ശേഷം സബീന ഓടി രക്ഷപ്പെട്ടു. അയാളുടെ വീട്ടിൽ നിന്ന് ഒരു ചുറ്റികയെടുത്ത അവൾ റോഡിലെത്തിയ ശേഷം സ്വന്തം തലയിൽ ആവർത്തിച്ച് അടിക്കാൻ തുടങ്ങി. ഇത് കണ്ടുവന്ന മോട്ടോറിസ്റ്റ് ജോഷ്വ ഗ്രാറ്റേജ് അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവൾ അയാളെയും അടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് 40 അടി പാലത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച സബീനയെ ആളുകൾ പിന്തുടർന്നു പിടിച്ചു. അവൾക്ക് നിരവധി ഒടിവുകൾ സംഭവിച്ചെങ്കിലും രക്ഷപ്പെട്ടു. അവളെ ഒടുവിൽ പൊലീസ് അറസ്റ്റു ചെയ്യുകയും, കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്‌തു. എന്നാൽ വിചാരണ വേളയിൽ അവൾ ഒന്നിനും മറുപടി പറഞ്ഞില്ല. എല്ലാ ചോദ്യത്തിനും എനിക്കൊന്നും പറയാനില്ല എന്ന് മാത്രം പറഞ്ഞു. അഞ്ചു വർഷത്തേയ്ക്ക് അവൾ ശിക്ഷിക്കപ്പെട്ടു. 2011 -ൽ മോചിതയായ ശേഷം അവളും ഇരട്ട സഹോദരിയും എവിടേക്കോ പോയി മറഞ്ഞു. ഇപ്പോൾ അവർ എവിടെയാണെന്ന് ആർക്കും അറിയില്ല.  തീർത്തും സാധാരണമായി പെരുമാറാനുള്ള കാരണമെന്താണെന്നോ, അവർക്ക് പെട്ടെന്നു എന്ത് സംഭവിച്ചുവെന്നത് ഇന്നും ആർക്കും മനസ്സിലായിട്ടില്ല. 

സഹോദരിമാരുടെ വിചിത്രമായ പെരുമാറ്റം വിശദീകരിക്കാൻ പലരും പല സിദ്ധാന്തങ്ങളും മുന്നോട്ട് വച്ചു. മയക്കുമരുന്നിന്റെ സ്വാധീനമാണോ അതെന്ന് ചിലർ ചോദിച്ചു. എന്നാൽ, പരിശോധനയിൽ അവരുടെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കോടതിയുടെ രേഖകൾ അനുസരിച്ച്, ഫോളി ഡ്യൂക്സ് എന്ന അപൂർവ മാനസികരോഗത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണങ്ങളിലൊന്നാണ് ഇത് എന്നാണ് അനുമാനിക്കുന്നത്. ഇൻഡ്യൂസ്‍ഡ് ഡില്യൂഷണൽ ഡിസോർഡർ അല്ലെങ്കിൽ ‘ഷെയേർഡ് സൈക്കോസിസ്’ എന്നും ഇത് അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ വിശ്വാസങ്ങൾ, അല്ലെങ്കിൽ ചിന്തകൾ കൂടെയുള്ള ആളും അതേപടി സ്വീകരിക്കുന്ന ഒരവസ്ഥയാണ് ഇത്. സാധാരണയായി അടുത്ത ബന്ധമുള്ള ആളുകൾക്കിടയിലാണ് ഇത് സംഭവിക്കുന്നത്, സഹോദരങ്ങൾ, ദമ്പതികൾ, മികച്ച സുഹൃത്തുക്കൾ, മാതാപിതാക്കൾ, അവരുടെ കുട്ടികൾ. ഇവരുടെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. എന്നിരുന്നാലും, ഇതെല്ലാം അനുമാനങ്ങൾ മാത്രമാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പറയാൻ ആ സഹോദരിമാർക്ക് മാത്രമേ കഴിയൂ എന്നതാണ് സത്യം.  
 

Follow Us:
Download App:
  • android
  • ios