ഫ്രാൻസിലെ ലൂവർ മ്യൂസിയത്തിൽ നിന്ന് നാലംഗ സംഘം ഏഴ് മിനിറ്റിനുള്ളിൽ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു. കാലഹരണപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ മുതലെടുത്തായിരുന്നു ഈ നാടകീയ കവർച്ച. ഇത് മ്യൂസിയങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

നാല് പേർ ചേർന്ന് 7 മിനിറ്റിനകം കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കുക, അതും ഫ്രാൻസിന്‍റെ അഭിമാനമായ ലൂവർ മ്യൂസിയത്തിൽ നിന്ന്. മോഷ്ടിക്കാനും രക്ഷപ്പെടാനും കൂടിയെടുത്തത് 10 മിനിറ്റ്. ലോകത്തെ ഏറ്റവും സുരക്ഷിതമെന്നാണ് കരുതിയതെങ്കിലും അതിൽ അത്ര വാസ്തവമില്ലെന്ന് വേണം കരുതാൻ. പലതും കാലഹരണപ്പെട്ടിരുന്നു എന്നാണ് വിവരം. ജനുവരിയിൽ സാംസ്കാരിക മന്ത്രിക്ക് ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും കിട്ടിയിരുന്നു. എന്തായാലും രണ്ട് പേർ പിടിയിലായിട്ടുണ്ട്. പാരീസ് നഗരപ്രാന്തങ്ങളിലെ താമസക്കാരാണ്. ഇനി രണ്ട് പേർ പിടിയിലാവാനുണ്ട്. വിമാനത്താവളത്തിൽ വച്ചാണ് ഇവർ പിടിയിലായത്. പക്ഷേ, കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മോഷണം പക്ഷേ നാടകീയമായിരുന്നു.

ലളിതം, ശക്തം

9.30 -ന് മാസ്കിട്ട് നാല് പേരെത്തുന്നു. നീളം കൂട്ടാവുന്ന ഏണി സിയൻ നദിയോട് ചേർന്നുള്ള തെക്ക് ഭാഗത്തെ കെട്ടിടത്തിൽ ചാരിവയ്ക്കുന്നു. രണ്ട് പേർ നിർമ്മാണത്തൊഴിലാളികളുടെ വേഷത്തിൽ കമ്പി മുറിക്കാനുള്ള ഉപകരണവുമായി കയറി ജനാലക്കമ്പി മുറിച്ച്. രാജകീയ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന അപ്പോളോ ഗാലറിയിലേക്ക് കടക്കുന്നു. ചില്ലുകൂടുകൾ തകർത്ത് എട്ട് ആഭരണങ്ങളെടുക്കുന്നു. തിരികെ ഇറങ്ങുന്നു. ബൈക്കുകളിൽ കടക്കുന്നു. പക്ഷേ, പോകുന്ന വഴി നെപ്പോളിയിന്‍റെ പത്നിയുടെ കിരീടം വീണു പോകുന്നു. മോഷ്ടാക്കൾ ഉപയോഗിച്ച മറ്റ് ചിലതും വീണു പോകുന്നു.

ഇത്തരം മോഷണങ്ങൾ ആദ്യമായല്ല. പാരീസ് ദേശീയ ചരിത്ര മ്യൂസിയത്തിൽ നിന്ന് 15 ലക്ഷത്തിന്‍റെ സ്വർണം പോയത് കഴിഞ്ഞ മാസം. മറ്റൊരു മ്യൂസിയത്തിൽ നിന്ന് 80 ലക്ഷത്തിന്‍റെ വസ്തുക്കളും പോയി. ലൂവറിൽ നിന്ന് പോയത് 100 മില്യൻ ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ്. ഫ്രാൻസിന്‍റെ പാരമ്പര്യവും ചരിത്രവും ആക്രമിക്കപ്പെട്ടുവെന്നാണ് പലരുടെയും സങ്കടം. മോഷണത്തിന്‍റെ ഒരു എഐ വീഡിയോ ഇറങ്ങിയിട്ടുണ്ട് സമൂഹ മാധ്യമങ്ങളിൽ. ഇന്ത്യയിലെ മാധ്യമങ്ങളിൽ വരുന്നത് 'DHOOM 2' എന്ന് ബോളിവുഡ് ചിത്രത്തിന്‍റെ സ്റ്റൈലിൽ നടന്ന മോഷണം എന്നാണ്. ലൂവറിൽ ഇന്ത്യൻ ബന്ധമുള്ള ഒരു വജ്രമുണ്ടായിരുന്നു. പക്ഷേ, അത് മോഷ്ടാക്കൾ കൊണ്ടുപോയില്ല.

പിറ്റ് റീജന്‍റും ഇന്ത്യയും

പിറ്റ് റീജന്‍റ് (Pitt Regent) എന്നറിയപ്പെടുന്ന 140 കാരറ്റുള്ള വജ്രം. അത് കുഴിച്ചെടുത്തത് ആന്ധ്രപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നാണ്. ഒരു അടിമയോ ഖനിത്തൊഴിലാളിയോ കണ്ടെത്തി. കാലിലൊരു മുറിവുണ്ടാക്കി അതിലൊളിപ്പിച്ച് കടത്തി. ബ്രിട്ടിഷുകാരനായ നാവികനെ വിശ്വസിച്ച് അത് കാണിച്ച് കൊടുത്തു. സുരക്ഷ ഉറപ്പ് നൽകിയാൽ വിറ്റ് ലാഭം വീതിക്കാം എന്ന കരാറിൽ. പക്ഷേ, നാവികൻ അയാളെ കടലിലെറിഞ്ഞു. വജ്രം സ്വന്തമാക്കി. ബ്രിട്ടനിലെത്തിച്ച് പല തുണ്ടാക്കി വിറ്റു. ഒരു തുണ്ട് ഫ്രാൻസിലെത്തി. ലൂയി പതിനാറാമന്‍റെ കിരീടത്തിൽ പതിച്ചു. മാരി ആന്‍റോനെറ്റിന്‍റെ (Marie Antoinette) തൊപ്പിയിലും നെപ്പോളിയന്‍റെ വാളിലും ഇടംപിടിച്ചു. പക്ഷേ, 'ശാപം കിട്ടിയ വജ്രം' എന്നാണ് അറിയപ്പെടുന്നത്. ആദ്യം കിട്ടിയ ആൾ കൊല്ലപ്പെട്ടു. ലൂയി 16 -മനും ഭാര്യയും വധിക്കപ്പെട്ടു. നെപ്പോളിയൻ നാടുകടത്തപ്പെട്ടു. ഒരു ദ്വീപിൽ ഒറ്റപ്പെട്ട് മരിച്ചു. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണോ എന്നുറപ്പില്ല, മോഷ്ടാക്കൾ അത് തൊട്ടില്ല. ഇന്ത്യയിലെ ഗോൽകൊണ്ടയിൽ നിന്നെത്തിയ വേറെയും രത്നങ്ങളുണ്ട് ലൂവറിൽ. അതൊക്കെ സുരക്ഷിതം.

മ്യൂസിയം മോഷണങ്ങൾ

അടുത്ത കാലത്തായി മ്യൂസിയം മോഷണങ്ങൾ കൂടിവരുന്നുവെന്നത് പലരെയും ആശങ്കപ്പെടുത്തുന്നു. 2019-ൽ ജർമ്മനിയിലെ ഡ്രെസ്ഡൻ കോട്ടയിൽ (Dresden Fortress) ഗ്രീൻ വാൾട്ടിൽ നിന്ന് പോയത് സാക്സൺ കാലത്തെ വസ്തുക്കളാണ്. അതിൽ പലതും കണ്ടെടുത്തിരുന്നു. പക്ഷേ, ചിലത് കിട്ടിയില്ല. മോഷ്ടാക്കളിൽ ചിലരെയും. പിക്കാസോയുടെ ചില പെയിന്‍റിംഗുകൾ കാണാതായിട്ട് ഒടുവിൽ കണ്ടെത്തിയത് ഒരു കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ്. പക്ഷേ, അതുപോലെയല്ല ആഭരണങ്ങൾ. അത് കഷ്ണങ്ങളാക്കി മുറിച്ചും പൊടിച്ചും ഇളക്കിയും വിൽകാൻ കഴിയും. വീണ്ടെടുക്കാൻ പ്രയാസം.

ലൂവർ മ്യൂസിയം

ലൂവർ പണിതത് 12-ാം നൂറ്റാണ്ടിലാണ്. രാജാക്കൻമാരുടെ ഔദ്യോഗിക വസതിയായിരുന്നു. ലൂയി 14 -മനാണ് വെർസൈൽ കോട്ടാരത്തിലേക്ക് (Palace of Versailles) രാജസഭ മാറ്റിയത്. 1793-ൽ ലൂവർ മ്യൂസിയമാക്കാൻ അനുവാദവും നൽകി. ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. ഡാൻ ബ്രൗണിന്‍റെ ‘ഡവിഞ്ചി കോഡ്’ കൂടി ഇറങ്ങിയതോടെ സന്ദർശകരുടെ എണ്ണവും കൂടി, കൗതുകവും കൂടി. പക്ഷേ അതിന് അനുസരിച്ച് മ്യൂസിയത്തിൽ അറ്റുകറ്റപ്പണിയോ സുരക്ഷ പുതുക്കലോ മാത്രം ഉണ്ടായില്ല. മ്യൂസിയത്തിന്‍റെ പ്രസിഡന്‍റാണ് സാംസ്കാരിക മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയത്. ചോർച്ച, താപനില നിയന്ത്രിക്കാനാവാത്തത്, അങ്ങനെ പലതായിരുന്നു പ്രശ്നങ്ങൾ. മോണാലിസ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അഭ്യർത്ഥിച്ചു. പുനർനിർമാണത്തിൽ പരിഗണിക്കാമെന്നായിരുന്നു ഉറപ്പ്. പക്ഷേ തിരക്ക് നിയന്ത്രിക്കാനാവാത്തതും ജീവനക്കാരുടെ കുറവും മോശം തൊഴിൽ സാഹചര്യങ്ങളും കാരണം ജൂണിൽ ലൂവറിലെ ജീവനക്കാർ മ്യൂസിയം അടച്ചിട്ട് പ്രതിഷേധിച്ചു. വാഗ്ദാനങ്ങൾ നടപ്പായില്ലെന്ന് വ്യക്തം.

പല മോഷണങ്ങൾ

മോണാലിസ മോഷണം പോയിട്ടുണ്ട്, 1911 -ൽ. ജോലിക്കെത്തിയ ഇറ്റലിക്കാരൻ വസ്ത്രത്തിനടയിൽ വച്ച് കൊണ്ടുപോയി. രണ്ടുവർഷം തെരഞ്ഞിട്ടാണ് ആളെക്കിട്ടിയത്. അതോടെ മോണലിസ പ്രസിദ്ധമായി. 16-ാം നൂറ്റാണ്ടിലെ പടച്ചട്ട 40 വർഷം മുമ്പ് 1983-ൽ മോഷണം പോയിരുന്നു. 2021 -ലാണ് തിരിച്ചുകിട്ടിയത്. ഇത്തവണത്തെ മോഷണം അങ്ങേയറ്റം കൃത്യതയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നതിൽ ആർക്കും തർക്കമില്ല. രാജ്യത്തിന്‍റെ അഭിമാനപ്രശ്നമായിരിക്കുന്നു ഇത്. ലൂവർ അങ്ങനെയാണ് ഫ്രാൻസിന്. ഫ്രാൻസിലെ മ്യൂസിയങ്ങൾ കൂടുതലായി ലക്ഷ്യമിടുന്നത് എന്തുകൊണ്ടെന്നൊരു ചോദ്യം പലരും ഉന്നയിക്കുന്നു. സംഘടിത കുറ്റകൃത്യത്തിന്‍റെ ഭാഗമാണോയെന്ന സംശയവുമുണ്ട്. തൽകാലം ഒന്നും അത്ര വ്യക്തമല്ല.