വാട്ട്സ്ആപ്പ് വഴി ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച യുവ നേതാവിന് യുവതി മറുപണി നല്‍കി. ശ്രീലക്ഷ്മി സതീഷ് എന്ന യുവതിയാണ് അജ്ഞാത യുവാവിന് പണികൊടുത്തത്. വാട്‌സ്ആപ്പില്‍ നമ്പര്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ശ്രീലക്ഷ്മിക്ക് നിരന്തരം കോളുകളും എസ്.എം.എസുകളും വരാന്‍ തുടങ്ങി. നിരന്തരം ശല്യം ചെയ്ത ഒരാളില്‍ നിന്ന് തന്നെയാണ് തന്‍റെ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്ന വിധം ശ്രീലക്ഷ്മി മനസിലാക്കിയത്.

തന്‍റെ നാട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ശ്രീലക്ഷ്മി മനസിലാക്കി. ഇയാള്‍ ഒരു പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഏതായാലും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ശ്രീലക്ഷ്മി തീരുമാനിച്ചു. 

വിവരം അറിഞ്ഞ അയാളുടെ അച്ഛന്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ വന്ന് മാപ്പ് പറഞ്ഞു. തന്‍റെ കാല് പിടിക്കാന്‍ പോലും ആ അച്ഛന്‍ തയ്യാറായെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വെറും മാപ്പ് പറച്ചിലില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രീലക്ഷ്മി തയ്യാറായിരുന്നില്ല. 

നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ അഭയയിലോ ശ്രീചിത്രഹോമിലോ, ഗാന്ധിഭവനിലോ 25,000 രൂപ സംഭാവന ചെയ്യണമെന്ന് ശ്രീലക്ഷ്മി ആവശ്യപ്പെട്ടു. ഇത് പ്രകാരം ഇന്നലെ ഇയാള്‍ 25,000 രൂപ സംഭാവന നല്‍കി. ഇതിന്റെ രസീത് സഹിതമാണ് ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം ഇയാളുടെ പേര് വെളിപ്പെടുത്താന്‍ ശ്രീലക്ഷ്മി തയ്യാറായില്ല. 

ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്