നമ്മൾ കാറും, പണവുമൊക്കെ മോഷണം പോയ കഥകൾ കുറെ കേട്ടിട്ടുണ്ടാകും. എന്നാൽ, തലച്ചോറ് മോഷണം പോയ കഥ കേട്ടിട്ടുണ്ടോ? അതും ബുദ്ധിരാക്ഷസനായ ആൽബർട്ട് ഐൻ‌സ്റ്റൈനിന്‍റെ വിശേഷപ്പെട്ട തലച്ചോർ! പാത്തോളജിസ്റ്റ് തോമസ് ഹാർവിയാണ് ഈ പണിയൊപ്പിച്ചത്.  1955 ഏപ്രിൽ 18 -ന് പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഐൻ‌സ്റ്റീന്റെ മരണശേഷം അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ഹാർവി അതിന് മുതിർന്നത്.   

എന്നാൽ, ഐൻ‌സ്റ്റൈന് തന്‍റെ ശരീരമോ, തലച്ചോറോ മറ്റുള്ളവർക്ക് പഠനത്തിനായിട്ട് പോലും നൽകുന്നത് തീരെ താത്പര്യമുണ്ടായിരുന്നില്ല. ഇത് നിരുത്സാഹപ്പെടുത്തുന്നതിനായി അദ്ദേഹം തന്‍റെ ശവസംസ്‍കാരം നടത്തണമെന്നും, ചിതാഭസ്‍മം രഹസ്യമായി വിതറിക്കളയണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നിട്ടും ഹാർവി തലച്ചോറ് എടുക്കുക മാത്രമല്ല, ഐൻ‌സ്റ്റൈന്‍റെ കണ്ണുകൾ നീക്കം ചെയ്യുകയും ഐൻസ്റ്റൈന്‍റെ നേത്രരോഗവിദഗ്ദ്ധനായ ഹെൻറി അബ്രാംസിന് നൽകുകയും ചെയ്തു. അവ ഇപ്പോഴും ന്യൂയോർക്ക് നഗരത്തിലെ ഒരു സുരക്ഷിതസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട്.    

പോസ്റ്റ്‌മോർട്ടം നടത്തി മാസങ്ങൾക്കുള്ളിൽ ഈ സംഭവം ആശുപത്രി അധികൃതർ അറിയുകയും ഹാർവിയോട് തലച്ചോർ തിരിച്ചേല്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അദ്ദേഹം അതിന് സമ്മതിച്ചില്ല. അങ്ങനെ ഹാർവിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഇതിലെ തമാശ എന്തെന്നാൽ പഠനത്തിനായിട്ടാണ് തോമസ് ഹാർവി ഇത് എടുത്തതെങ്കിലും, അദ്ദേഹം ഒരു ബ്രെയിൻ സ്പെഷ്യലിസ്റ്റായിരുന്നില്ല. തലച്ചോറിനെക്കുറിച്ച് അദ്ദേഹത്തിന്റെ വലിയ ധാരണ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം എന്ത് ചെയ്‌തു? അത് എടുത്ത് ഫിലാഡൽഫിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സാങ്കേതിക വിദഗ്ദ്ധൻ അതിനെ ഇരുന്നൂറിലധികം കഷണങ്ങളായി വിഭജിച്ചു. തുടർന്ന് ഐൻസ്റ്റൈന്റെ തലച്ചോറിന്റെ ഭാഗങ്ങൾ ലോകമെമ്പാടുമുള്ള ഗവേഷകർക്ക് പഠനത്തിനായി ഹാർവി അയച്ചു കൊടുത്തു. 

തന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച് എടുത്തുകൊണ്ടുവന്ന ബ്രെയിൻ, പക്ഷേ ദുരന്തങ്ങളാണ് ഹാർവിയുടെ ജീവിതത്തിൽ സമ്മാനിച്ചത്. മോഷണത്തിന് ശേഷം, ഹാർവിയുടെ ജോലി പോയി, വിവാഹമോചനം നടന്നു, മസ്തിഷ്കം എടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിന് ശേഷം അദ്ദേഹത്തിന് പിന്നീടൊരിക്കലും ആശുപത്രിയിൽ കാലുകുത്താനായില്ല. അദ്ദേഹത്തിന്റെ കരിയർ തന്നെ നഷ്ടമായി. ഇത്രയൊക്കെ ത്യാഗം സഹിച്ച് അതെടുത്തുകൊണ്ട് വന്നിട്ട് വല്ലതും നടന്നോ, അതുമില്ല. ഒരുപാട് വർഷക്കാലം പഠനങ്ങൾ എങ്ങുമെത്താതെ പോയി.   

1985 -ലാണ് ഐൻ‌സ്റ്റൈന്റെ തലച്ചോറിനെ കുറിച്ചുള്ള ആദ്യ പഠനം പുറത്തിറങ്ങുന്നത്. അതോടെ ഹാർവി വീണ്ടും പ്രശസ്തനായി. ഒരു ബെർക്ക്‌ലി ഗവേഷകൻ ന്യൂറോണുകൾ, ഗ്ലിയ എന്നീ രണ്ട് തരം സെല്ലുകളുടെ അസാധാരണ അനുപാതം അദ്ദേഹത്തിന്റെ തലച്ചോറിൽ കണ്ടെത്തി. തുടർന്ന് 1996 -ലും, 1999 -ലും ഒക്കെ പഠനങ്ങൾ നടന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രതിഭയുടെ മൂലകാരണം കണ്ടെത്താൻ അപ്പോഴും ഒരു പഠനത്തിനും സാധിച്ചില്ല. 

2010 -ൽ ഡോ. ഹാർവിയുടെ പിൻഗാമികൾ മസ്തിഷ്ക കോശങ്ങളും ഫോട്ടോഗ്രാഫുകളും വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള നാഷണൽ മ്യൂസിയം ഓഫ് ഹെൽത്ത് ആൻഡ് മെഡിസിന് കൈമാറുകയുണ്ടായി. 46 ഭാഗങ്ങൾ ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയം ഏറ്റെടുത്തു. കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ, ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞന്റെ തലച്ചോറിൽ ഇപ്പോഴും പഠനങ്ങൾ നടന്നു വരികയാണ്.