Asianet News MalayalamAsianet News Malayalam

ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി, ഡ്രോണുപയോഗിച്ച് നിരീക്ഷണം; പരിസ്ഥിതി പ്രവര്‍ത്തകര്‍ അപകടത്തില്‍?

അതുപോലെ തന്നെ, പ്രകൃതി സംരക്ഷകർക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ് ഫിലിപ്പൈൻസ്. കഴിഞ്ഞ വർഷം 48 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്.

Why environmentalists were killed ?
Author
Amazon Rainforest, First Published Sep 18, 2020, 2:56 PM IST

ബ്രസീലിലെ കിഴക്കൻ ആമസോണിലെ വിജനമായ ഒരു വീഥിയുടെ അരികിൽ ഒരു മാർബിൾ സ്ലാബ് ഉണ്ട്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച റിബെയ്‌റോ ഡാ സിൽവയുടെയും, മരിയ ഡോ എസ്പെരിറ്റോ സാന്‍റോയുടെയും സ്‍മാരകമാണത്. 2011 മെയ് 24 -ന് ആ ദമ്പതികൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ആമസോൺ മഴക്കാടുകൾ കൈയേറുന്നതിനെത്തിരെ ശബ്‌ദം ഉയർത്തിയതാണ് അവർ ചെയ്ത തെറ്റ്. അതിനുശേഷം പല പരിസ്ഥി പ്രവർത്തകരെയും നമ്മൾ കണ്ടു. പ്രകൃതിയെയും, കാടുകളെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനായി മുന്നോട് വന്നവർ. എന്നാൽ, ആ പോരാട്ടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. എൻ‌ജി‌ഒ ഗ്ലോബൽ വിറ്റ്‌നസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2019 -ൽ 212 പരിസ്ഥിതി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ ദാരുണമായ കാര്യം മിക്ക കൊലപാതകങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോവുന്നു എന്നാണ്.  

വർഷങ്ങളായി, കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്കെതിരെ മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്നവരാണ് പരിസ്ഥിതി സംരക്ഷകർ. വനങ്ങൾ, തണ്ണീർത്തടങ്ങൾ, സമുദ്രങ്ങൾ, ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവയെ നശിപ്പിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് എതിരെ കാലങ്ങളായി ശബ്ദമുയർത്തുന്നവരാണ് ഇവർ. എന്നാൽ, ഇവരെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും, അക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്നു. കൊളംബിയയിൽ മാത്രം കഴിഞ്ഞ വർഷം 64 പേരാണ് കൊല്ലപ്പെട്ടത്. കൊളംബിയൻ സർക്കാരും ഫാർക്കും തമ്മിലുള്ള 2016 -ലെ സമാധാന കരാറിനുശേഷമുണ്ടായ പ്രാദേശിക അധികാര നേതൃത്വത്തിലെ മാറ്റങ്ങൾ വർദ്ധിച്ചുവരുന്ന അക്രമത്തിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങൾ, ക്രിമിനൽ സംഘങ്ങൾ കൈയേറുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്. കൊളംബിയയിലെ ഒരു പ്രകൃതിസംരക്ഷകയാണ് അന്ജലിക ഓർട്ടീസ്. അവിടത്തെ തദ്ദേശീയ സമൂഹമായ വേയൂവിലെ ഒരംഗമാണ് അവർ. അവരുടെ മണ്ണിലാണ് ഒന്നിലധികം വരുന്ന മൾട്ടി നാഷണൽ കമ്പനികളുടെ പദ്ധതികൾ നടക്കുന്നത്. ഒരു പ്രധാന ഖനന കമ്പനിക്കെതിരെ പ്രതിഷേധിച്ചതിന് പാരാ മിലിട്ടറി ഗ്രൂപ്പുകളുടെ ഭീഷണികളെ നേരിടുകയാണ് അവർ ഇന്ന്.  "എനിക്ക് വധഭീഷണിയും, മറ്റും ലഭിക്കുന്നുണ്ട്, ഡ്രോൺ വഴി ഞാൻ നിരീക്ഷപ്പെടുന്നുണ്ട്. ഞങ്ങളുടെ ദുരിതം കാണാൻ ആരുമില്ല" അവർ പറഞ്ഞു.  

Why environmentalists were killed ?

അതുപോലെ തന്നെ, പ്രകൃതി സംരക്ഷകർക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ് ഫിലിപ്പൈൻസ്. കഴിഞ്ഞ വർഷം 48 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 7 -ന് നടന്ന ഒരു സൈനിക വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ട തദ്ദേശീയ നേതാവ് ഡാറ്റു കെയ്‌ലോ ബോണ്ടോളനും അതിൽ  ഉൾപ്പെടുന്നു. ഭൂപ്രദേശങ്ങളെ വ്യാവസായിക തോട്ടങ്ങളാക്കി മാറ്റാനുള്ള പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെയുടെ പദ്ധതിയ്ക്ക് വിലങ്ങുതടിയായി നിന്നതാണ് കാരണം എന്ന് പറയപ്പെടുന്നു. മനോബോ നേതാവ് കാടുകളിൽ നടക്കുന്ന വാണിജ്യപരമായ കടന്നുകയറ്റങ്ങളെയും ഖനനത്തെയും എതിർത്തിരുന്നു. രാജ്യത്തെ പരിസ്ഥിതിപ്രവർത്തകർ പലപ്പോഴും വധഭീഷണിക്കും, പീഡനത്തിനും ഇരയാകുന്നു. ഗ്ലോബൽ വിറ്റ്‌നസ് പോലുള്ള വിമർശകർ പ്രസിഡന്റ് റോഡ്രിഗോയുടെ പ്രകൃതി ചൂഷണ പദ്ധതികളെ കുറ്റപ്പെടുത്തുമ്പോഴും, അതെല്ലാം വെറും ആരോപണങ്ങളാണ് എന്നദ്ദേഹം വാദിക്കുന്നു. ഫിലിപ്പൈൻസിലെ ഒരു പരിസ്ഥിതി പ്രവർത്തകയാണ് റെനീ. 2016 -ൽ റോഡ്രിഗോയുടെ പരിസ്ഥിതിനയങ്ങളെ വിമർശിച്ചതിന് സാമൂഹ്യമാധ്യങ്ങളിൽ ഒരുപാട് വിമർശനങ്ങളും, അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു അവർക്ക്. തീർത്തും അപമാനകരമായ സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ തനിക്ക് ലഭിച്ചതെന്ന് അവർ പറഞ്ഞു. "എന്നെ ബലാൽസംഗം ചെയ്യുമെന്നും, കൊല്ലുമെന്നുമൊക്കെ ഭീഷണി സന്ദേശങ്ങൾ എനിക്ക് ലഭിച്ചു" റെനീ പറഞ്ഞു.  

ലാറ്റിൻ അമേരിക്കയും ഇതിൽ നിന്നും വ്യത്യസ്തമല്ല. 2019 -ലെ കൊലപാതകങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ലാറ്റിനമേരിക്കയിലാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് രേഖപ്പെടുത്തിയ മരണങ്ങളിൽ 90% സംഭവിച്ചത് ഗോത്ര വർഗ്ഗം താമസിക്കുന്ന ആമസോണിലാണ്. രാജ്യത്തെ പകുതിയോളം തദ്ദേശവാസികളും അവിടെയാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ആക്ടിവിസ്റ്റുകളിൽ 10 ശതമാനത്തിലധികം വരുന്ന സ്ത്രീകൾ, ലൈംഗിക അതിക്രമങ്ങൾ പോലുള്ള ഭീഷണികളും നേരിടുന്നു. ഖനന വ്യവസായമാണ് ഇതിന്റെ മുഖ്യ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പല രാജ്യങ്ങൾക്കും പ്രധാന വരുമാന സ്രോതസ്സ് തന്നെ ഖനന വ്യവസായമാണ്. ബ്രസീലിൽ ദേശീയ വരുമാനത്തിന്റെ നാലുശതമാനം വരും ഖനന ഉൽപാദനം. പലപ്പോഴും കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് ഖനനം വ്യാപിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുമ്പോൾ അവരുടെ മുന്നിൽ ഗോത്രവർഗ്ഗക്കാർ ഒരു തടസ്സമായി നിലകൊള്ളുന്നു. അതുപോലെതന്നെ കാടുകൾ കൈയേറി കൃഷി ചെയ്യാൻ ശ്രമിക്കുന്ന ഭൂവുടമകളുടെ മുന്നിലും അവർ ഒരു വിലങ്ങു തടിയാകുന്നു. ആമസോണിലെ അനധികൃത കൈയേറ്റത്തിന്‍റെയും മരം മുറിക്കലിന്റെയും പേരിൽ നടന്ന സംഘർഷത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദേശം 300 -ലധികം പേരാണ് ഇതുപോലെ മരണപ്പെട്ടത്.

Why environmentalists were killed ?

പാരിസ് കരാർ 2015 ഡിസംബറിൽ ഒപ്പുവച്ചതിനുശേഷം ഓരോ ആഴ്ചയും നാല് പേരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് ഗ്ലോബൽ വിറ്റ്‌നസ് പറയുന്നു. ബാക്കിയുള്ളവർ ആക്രമണം, ഭീഷണിപ്പെടുത്തൽ, ലൈംഗിക അതിക്രമങ്ങൾ എന്നിവയാൽ മൗനം പാലിക്കാനും നിർബന്ധിതരാകുന്നു.  

Follow Us:
Download App:
  • android
  • ios