Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും നല്ല ആളുകളുള്ള, ഏറ്റവും സത്യസന്ധതയുള്ള രാജ്യം ഇതാണോ?

2011 -ൽ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ സുനാമിയെത്തുടർന്ന് നിരവധി പേർക്ക് സ്വത്തുക്കളും, ഭക്ഷണവും, വീടും ഇല്ലാതായി. എന്നാൽ ആ പ്രതികൂല സാഹചര്യങ്ങളിൽപ്പോലും, തങ്ങളുടെ ആവശ്യങ്ങളെല്ലാം മാറ്റിവച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി അവർ പ്രവർത്തിക്കുമായിരുന്നു.

Why japan is so obsessed about honesty
Author
Tokyo, First Published Jan 17, 2020, 3:32 PM IST
  • Facebook
  • Twitter
  • Whatsapp

നമ്മുടെ നാട്ടിൽ എന്തെങ്കിലും കളഞ്ഞുപോയാൽ അത് തിരികെ കിട്ടുമെന്ന പ്രതീക്ഷ അധികമൊന്നും കാണില്ല. വളരെ അപൂർവമാളുകളൊഴിച്ചാൽ അത് തിരികെ ഏല്പിക്കാൻ സന്മനസ്സുള്ളവർ നമുക്കിടയിൽ കുറവാണ്. എന്തിനാണ് ആവശ്യമില്ലാത്തതൊക്കെ എടുത്ത് തലയിൽ വയ്ക്കുന്നത് എന്ന ഭാവമാണ് ചിലർക്ക്. മറ്റ് ചിലരാകട്ടെ അത് സ്വന്തമാക്കാൻ  ശ്രമിക്കുകയും ചെയ്യും. ചുരുക്കത്തിൽ 'പോയ സാധനം, പോയി' എന്ന്‌ വിചാരിക്കാനേ തരമുള്ളൂ. പക്ഷേ, ടോക്കിയോയിൽ സ്ഥിതി വ്യത്യസ്‍തമാണ്. 

ടോക്കിയോ നഗരത്തിൻ്റെ ജനസംഖ്യ 14 ദശലക്ഷത്തിന് മീതെവരും. ഇത്രയധികം ആളുകൾ താമസിക്കുന്ന ഒരിടം എന്ന നിലയിൽ, ദശലക്ഷക്കണക്കിന് സാധനങ്ങളാണ് ഓരോ വർഷവും ഇവിടെ കാണാതാകുന്നത്. എന്നാൽ, അതിൽ അമ്പരപ്പിക്കുന്ന ഒരു കാര്യമെന്തെന്നാൽ അവയിൽ മിക്കതും സുരക്ഷിതമായി തിരികെ ഉടമസ്ഥൻ്റെ കൈകളിൽതന്നെ എത്തിച്ചേരുമെന്നുള്ളതാണ്. 2018 -ൽ നഷ്ടമായ 545,000 ഐഡി കാർഡുകളാണ് ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് അവരുടെ ഉടമകൾക്ക് തിരികെ നൽകിയത്. അതായത് നഷ്ടപ്പെട്ട ആകെ ഐഡികളുടെ 73 ശതമാനത്തോളം തിരികെ നൽകാൻ പൊലീസിന് സാധിച്ചു. അതുപോലെ, 130,000 മൊബൈൽ ഫോണുകളും (83%) 240,000 വാലറ്റുകളും (65%) ഉടമസ്ഥർക്ക് തിരികെ ലഭിക്കുകയുണ്ടായി. അതുമാത്രവുമല്ല, മിക്കപ്പോഴും നഷ്ടപ്പെട്ട അന്നുതന്നെ അവയെല്ലാം തിരികെ ലഭിക്കും എന്നതാണ് അത്ഭുതം.

Why japan is so obsessed about honesty 

“ഞാൻ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുമ്പോൾ, അവിടത്തെ ചൈന ടൗണിൽവെച്ച് വാലറ്റ് നഷ്ടപ്പെട്ട ഒരാളെക്കുറിച്ചുള്ള ഒരു വാർത്ത വായിക്കാനിടയായി. നഷ്ടമായ ആ വാലറ്റ് കണ്ടെത്തിയ മറ്റൊരാൾ അത് പൊലീസിന് കൈമാറുകയായിരുന്നു" ന്യൂയോർക്കിലെ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ മനഃശാസ്ത്രജ്ഞനായ കസുകോ ബെഹെറൻസ് പറയുന്നു. അവിടെ അതൊരു അപൂർവ സംഭവമായതുകൊണ്ടു അവിടത്തെ പ്രാദേശിക വാർത്താ ചാനൽ, സാധനം തിരികെ ഏല്പിച്ച വ്യക്തിയെ അഭിമുഖം നടത്തുകയും, 'സത്യസന്ധനായ മനുഷ്യൻ' എന്ന വിളിക്കുകയും ചെയ്തു. എന്നാൽ, ബെഹെറൻസിൻ്റെ ജന്മനാടായ ജപ്പാനിൽ അതൊരു അപൂർവ സംഭവമല്ല എന്നദ്ദേഹം പറയുന്നു. ജാപ്പനീസ് ആളുകൾ തീർച്ചയായും അത് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ജപ്പാനിൽ പൊലീസ് സ്റ്റേഷനുകൾ, മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി, എണ്ണത്തിൽ വളരെ കൂടുതലാണ്. കൊബാൻ എന്നാണ് ഈ പോലീസ് സ്റ്റേഷനുകൾ ജപ്പാനിൽ അറിയപ്പെടുന്നത്. ടോക്കിയോയിൽ മാത്രം 100 ചതുരശ്ര കിലോമീറ്ററിൽ 97 കൊബാനുകളുണ്ട്. കൊബാനിലെ ഉദ്യോഗസ്ഥർ സൗഹാർദ്ദപരമായി പെരുമാറുന്നവരാണ്. അഹങ്കാരം കാണിക്കുന്ന കൗമാരക്കാരെ നിലക്ക് നിർത്താനും, പ്രായമായവരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാനും അവർ എപ്പോഴും റെഡിയാണ്. നേരെ മറിച്ച്, നമ്മുടെ നാട്ടിലാണെങ്കിൽ പൊലീസിനെ കണ്ടാൽ ഓടി ഒളിക്കേണ്ട അവസ്ഥയാണ്. കാരണം, എല്ലാവരുമല്ലെങ്കിലും, ചില പൊലീസുകാർ നാട്ടുകാരോട് പെരുമാറുന്നത് അത്രക്ക് മോശമായിട്ടായിരിക്കും. എന്നാൽ, ജപ്പാനിലെ സർവകലാശാലയിലെ അഭിഭാഷകനും നിയമ പ്രൊഫസറുമായ മസാഹിരോ തമുര പറയുന്നത് ജപ്പാനിലെ കുട്ടികൾ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാൽ ബഹുമാനത്തോടെ അഭിവാദ്യം ചെയ്യുമെന്നാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പ്രായമായവരെ വിളിച്ച് അവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ സുഖവിവരം അന്വേഷിക്കുകയും ചെയ്യും.

അപ്പോൾ പറഞ്ഞുവന്നത് നഷ്ടപ്പെട്ട സാധങ്ങൾ തിരിച്ചു കിട്ടുന്ന കാര്യമാണ്. ന്യൂയോർക്കിലും  ടോക്കിയോയിലും നഷ്ടമാകുന്ന ഫോണുകളെയും വാലറ്റുകളെയും കുറിച്ചുള്ള ഒരു പഠനത്തിൽ, ടോക്കിയോ നിവാസികൾക്ക് നഷ്ടമായ 88 ശതമാനം ഫോണുകളും പൊലീസിന് തിരികെ നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. നേരെമറിച്ച് ന്യൂയോർക്കിലെ 'നഷ്ടപ്പെട്ട' ഫോണുകളിൽ വെറും ആറ് ശതമാനം മാത്രമാണ് തിരികെ ലഭിച്ചത്. ഇനി വാലറ്റുകളുടെ കണക്ക് നോക്കിയാൽ ടോക്കിയോയിൽ 80 ശതമാനം വാലറ്റുകളും തിരികെ ലഭിക്കുകയാണുണ്ടായത്. ന്യൂയോർക്കിൽ വെറും പത്തു ശതമാനമാണ് തിരികെ ലഭിച്ചത്. 

സാധനങ്ങൾ തിരികെ നൽകുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അവരുടെ ധർമ്മബോധം. 2011 -ൽ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ സുനാമിയെത്തുടർന്ന് നിരവധി പേർക്ക് സ്വത്തുക്കളും, ഭക്ഷണവും, വീടും ഇല്ലാതായി. എന്നാൽ, ആ പ്രതികൂല സാഹചര്യങ്ങളിൽപ്പോലും, തങ്ങളുടെ ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി അവർ പ്രവർത്തിക്കുമായിരുന്നു. ക്ഷമക്കും, സഹിഷ്ണുതക്കും പ്രാധാന്യം നൽകുന്ന ബുദ്ധമത സ്വഭാവവുമായി ഇതിനെ ഉപമിക്കുന്നു. തന്നേക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക ജാപ്പനീസുകാരുടെ സ്വഭാവത്തിൻ്റെ സവിശേഷതയാണ്. സാധാരണ ഇത്തരമൊരു ദുരന്തം ഉണ്ടായാൽ അവിടെ മോഷണവും, പിടിച്ചുപറിയും വർധിക്കും. എന്നാൽ, ജപ്പാനിൽ ആ സമയത്ത് അത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നു. ഇത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയുമുണ്ടായി.  

ജപ്പാനിൽ ഉത്ഭവിച്ച ഒരു മതമാണ് ഷിന്റോയിസം. ഷിന്റോയിസത്തിൽ, പാറകൾ മുതൽ മരങ്ങൾ വരെ എല്ലാത്തിനും ആത്മാവുണ്ടെന്നാണ് വിശ്വാസം. ജാപ്പനീസ് ആളുകൾക്ക് അതുകൊണ്ടു തന്നെ തങ്ങളെ  എല്ലായ്‌പ്പോഴും ആരെങ്കിലും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലോ എന്ന ചിന്ത ഉണ്ടാകാമെന്നും, അത് അവരിൽ ഒരു “ഭയം” വളർത്തിയെടുക്കാം എന്നും ബെഹ്രെൻസ് പറയുന്നു. അവർ എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. സത്യത്തിൽനിന്ന് വ്യതിചലിക്കാൻ അവർക്ക് ഭയമാണ്. സ്വാഭാവികമായും നഷ്ടപ്പെട്ട വസ്തു കൈമാറാൻ അവരെ പ്രേരിപ്പിക്കുന്നതും അതേ വിചാരമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

എന്തിൻ്റെ പേരിലായാലും, ജാപ്പനീസുകാർ കാണിക്കുന്ന ആത്മാർത്ഥതയും, പരസ്പര സ്നേഹവും എല്ലാവർക്കുമൊരു മാതൃകയാണ്. സ്വാർത്ഥത മാത്രം നിലനിൽക്കുന്ന ഇന്നത്തെ ഈ ലോകത്തിൽ അവരെ പോലുള്ള നല്ല മനുഷ്യർ പകർന്നു തരുന്ന പാഠങ്ങൾ വളരെ വലുതാണ്. 

Follow Us:
Download App:
  • android
  • ios