നമ്മില്‍ പലരെയും പോലെ ഇടതുപക്ഷഭരണത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച ആളായിരുന്നു നദീര്‍. എന്തെല്ലാം പാളിച്ചകളുണ്ടായാലും ഇടതുപക്ഷമല്ലാതെ തെരഞ്ഞെടുക്കാന്‍ മറ്റൊന്നില്ലെന്ന ബോധ്യം. അതു കൊണ്ടാണ് ഗുലാബിന്റെ നേതൃത്വത്തില്‍ നടന്ന 'പച്ചമരത്തണലില്‍' എന്ന കൂട്ടായ്മയില്‍ ഊണും ഉറക്കവുമൊഴിഞ്ഞ് എ.പ്രദീപ്കുമാറിനെ അധികാരത്തിലെത്തിക്കാന്‍ അവന്‍ പ്രവര്‍ത്തിച്ചത്. 

എന്തൊക്കെയായിരുന്നു അവന്റെ പ്രവര്‍ത്തന മേഖലകള്‍? കോഴിക്കോട് നടന്ന ചുംബന സമരത്തിന് നേതൃത്വം കൊടുത്തവരില്‍ അവനുണ്ടായിരുന്നു. കല്യാണ്‍സില്‍ക്‌സില്‍ സ്ത്രീതൊഴിലാളികളുടെ സമരത്തിനും ജാനുവിന്റെ നേതൃത്വത്തിലുള്ള നില്‍പ്പു സമരത്തിനും ക്വീര്‍പ്രൈഡിനും അവനടക്കമുള്ള ആക്ടിവിസ്റ്റുകളുടെ പിന്തുണ ഉണ്ടായിരുന്നു. 'ഗുല്‍മോഹര്‍' എന്ന ഓണ്‍ലൈന്‍ മാസികയുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ പങ്കാളിയായിരുന്നു. 

അവന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ കടന്നു പോവൂ. സ്വതന്ത്രചിന്തയുള്ള ഒരാക്ടിവിസ്റ്റിനെയാണ് നിങ്ങളവിടെ കാണുക. ഏതെങ്കിലും കള്ളിയിലൊതുക്കാനാവില്ല അതിനെ. കലാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കുറിപ്പുകളുണ്ട്. ഇന്ത്യനേരിടുന്ന ഭീകരതയെക്കുറിച്ചുള്ള വേവലാതികളുണ്ട്. മടുപ്പും തെറികളുമുണ്ട്. പോലീസ് നരനായാട്ടിനെക്കുറിച്ചുള്ള പൊട്ടിത്തെറികളുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഇവരോടുള്ള ഐക്യപ്പെടലുകളുണ്ട്.  

അവന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ കടന്നു പോവൂ. സ്വതന്ത്രചിന്തയുള്ള ഒരാക്ടിവിസ്റ്റിനെയാണ് നിങ്ങളവിടെ കാണുക. ഏതെങ്കിലും കള്ളിയിലൊതുക്കാനാവില്ല അതിനെ.

കേരളത്തില്‍, സ്വതന്ത്രചിന്ത അപകടകരമാണ്
സ്വതന്ത്രചിന്തയും സര്‍ഗാത്മകതയും നിറഞ്ഞ ഒരു മനസ്സു തന്നെയാണ് അവന് വിനയായത്. കേരളം പോലെ ഏറ്റവും യാഥാസ്ഥിതികമായ ഒരു ഇടത്തില്‍ സ്വതന്ത്രചിന്ത അപകടകരമാണ്. ഒന്നുകില്‍ കരിയറിസ്റ്റാവുക, അല്ലെങ്കില്‍ ഏതെങ്കലും രാഷ്ട്രീയപാര്‍ട്ടികളുടെ ചിന്താശൂന്യരായ അണികളാവുക, അതുമല്ലെങ്കില്‍ ഹിംസയെ തൃപ്തിപ്പെടുത്തുന്ന വര്‍ഗീയ സംഘടനകളില്‍ അംഗങ്ങളാവുക ഇതൊക്കെയാണ് കേരളീയ യുവത്വത്തില്‍ നിന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. കേരളത്തില്‍ ജീവിക്കാന്‍ ഏറ്റവും സുരക്ഷിത മാര്‍ഗവും അതു തന്നെ. അത്തരത്തില്‍ ശാഖയിലെയും ജാഥയിലെയും അണികളാക്കാനാണ് നാം നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കുന്നത്. 

വ്യതിരിക്തമായ എല്ലാ ജീവിതരീതികളും ഇവിടെ നിരീക്ഷണത്തിലാണ്. സ്വതന്ത്രമായ സ്ത്രീപുരുഷസൗഹൃദം, ജൈവകൃഷി, പരിസ്ഥിതി സ്‌നേഹം, സംഘടിതരല്ലാത്ത ജനവിഭാഗങ്ങളോടുള്ള ഐക്യപ്പെടല്‍ ഇവയെല്ലാം നമുക്കും നമ്മുടെ പോലീസിനും മാവോ വാദത്തിന്റെ അടയാളങ്ങളാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസുകാര്‍. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി എന്നും അതു പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോഴത് ഭരണകൂടത്തെത്തന്നെ മറികടന്ന് പ്രവര്‍ത്തിക്കുന്നോ എന്നത് ഏറ്റവും ആശങ്കാജനകമായ കാര്യമാണ്. കേന്ദ്രത്തില്‍ സാമ്പത്തികമായ അടിയന്തിരാവസ്ഥയാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയമായ അടിയന്തിരാവസ്ഥ തന്നെയോ എന്ന സംശയം മണത്തു തുടങ്ങുന്നു. നമ്മുടെ ഉത്തരേന്ത്യന്‍ ഐ പി എസുകാര്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് പരിമിതമായ അറിവുകളേ ഉള്ളൂ. അവരവിടെ പരിചയപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നു ഭിന്നമായി സമരങ്ങളുടെയും ത്യാഗങ്ങളുടെയും മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെയും ഒരു വലിയ പാരമ്പര്യം ഇവിടെയുണ്ടന്ന് അവരെ ഓര്‍മ്മിപ്പിക്കേണ്ടതാണ്. 

കമലിനെയും നദീറിനെയും സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തതാണെന്നും അവരെ വിട്ടയച്ചിട്ടുണ്ടെന്നും ഡിജിപി ലോക് നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറയുന്ന സമയത്ത് വാറണ്ടുപോലുമില്ലാതെ പോലീസ് നദീറിന്റെ വീട്ടില്‍ റെയ്ഡുചെയ്യുകയായിരുന്നു എന്നത് എന്താണ് സൂചിപ്പിക്കുന്നത്? 

സ്വതന്ത്രമായ സ്ത്രീപുരുഷസൗഹൃദം, ജൈവകൃഷി, പരിസ്ഥിതി സ്‌നേഹം, സംഘടിതരല്ലാത്ത ജനവിഭാഗങ്ങളോടുള്ള ഐക്യപ്പെടല്‍ ഇവയെല്ലാം നമുക്കും നമ്മുടെ പോലീസിനും മാവോ വാദത്തിന്റെ അടയാളങ്ങളാണ്.

സിപിഎം നിലപാടുകള്‍
ഈ നിയമത്തിനെതിരെ സി പിഎം എടുത്ത നിലപാടുകള്‍ പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിക്കുന്നു, മനോരമ ചാനലില്‍ വന്ന് യു എ പി എ ചുമത്തിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്ന് ഡി.വെ.എഫ്.ഐ നേതാവ് എംബി രാജേഷ് പറയുന്നു. ഇടതുപക്ഷ ഭരണത്തിലല്ലേ രാവുണ്ണിക്ക് ഒരു റൂം എടുത്തു കൊടുത്തു എന്ന പേരില്‍ ഒരു ചെറുപ്പക്കാരനെ ഇടതുപക്ഷത്തിന്റെ പോലീസ് യു എ പി എ ചുമത്തി അറസ്റ്റു ചെയ്തത് എന്ന ഷാനിയുടെ ചോദ്യത്തിനുമുന്നില്‍ എംബി രാജേഷ് 'ബബബ' ആവുന്ന കാഴ്ച ദയനീയമാണ്.


പിണറായി വിജയന്റെയോ അദ്ദേഹത്തിന്റെ പോലീസിന്റെയോ നടപടികളെ ന്യായീകരിക്കേണ്ടവരല്ല ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ എന്നതിന്റെ  സൂചന കോടിയേരിയുടെ പ്രസ്താവനയിലുണ്ട്. പോലീസിന്റെ മനോവീര്യമല്ല ജനങ്ങളുടെ മനോവീര്യമാണ് ഭരണാധികാരികള്‍ പ്രധാനമായി കാണേണ്ടത്. നദീറിന്റെ പ്രശ്‌നത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടവരില്‍ ഒരാളായ ഗുലാബ്ജാന്റെ പ്രതികരണം ശ്രദ്ധേയമാണ്. എപ്പോഴും ഭരണകൂടത്തെയും പാര്‍ട്ടിയെയും രണ്ടായിത്തന്നെ കാണണം എന്നദ്ദേഹം ഊന്നിപ്പറയുന്നു. ഇടതുപക്ഷ സാംസ്‌കാരികനായകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അനുഭാവികള്‍ക്കു പോലും അതു കഴിയുന്നില്ല എന്നതാണ് ദുരന്തം. ഭരണത്തിന്റെയും അക്കാദമികളുടെയും ഇടനാഴികളില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമത്തില്‍ ഓരോ വാക്കും സൂക്ഷിച്ചുപയോഗിക്കേണ്ടതാണെന്ന് അവര്‍ക്ക് കൃത്യമായും അറിയാം. ആത്മഹത്യാപരമായ ഈ നിശ്ശബ്ദത നിലനില്‍ക്കുമ്പോഴും  ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ച, സ്വതന്ത്രമായി ചിന്തിക്കുന്ന ഇടതുപക്ഷ സഹയാത്രികരുടെ സോഷ്യല്‍ മീഡിയാ പ്രതികരണങ്ങളാണ് സത്യത്തില്‍ കമലിന്റെയും നദീറിന്റെയും വിട്ടയക്കലിനു കാരണമായത്.

കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല. അല്‍പബുദ്ധികളായ രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിശൂന്യരായ സംഘി സുഡാപ്പികള്‍ക്കും മാത്രം വളര്‍ന്നു തിടം വെക്കാന്‍ പറ്റുന്ന മണ്ണാണിത്. അല്‍പബുദ്ധികളായ രാഷ്ട്രീയക്കാര്‍ എന്നു പറഞ്ഞത് തെറ്റെന്നു തോന്നുന്നവര്‍ ഡിസംബര്‍ 19 ന് ഷംസീറിന്റെ മനോരമചാനലിലെ ചര്‍ച്ച കാണൂ. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് ഒരു അതിക്രമവും കാണിക്കില്ല എന്ന മതവിശ്വാസമല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു പറയാനില്ല. പക്ഷേ പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോടിയേരി പോലും പോലീസിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജെ എന്‍ യുവിലെ തലയില്‍ ആള്‍പ്പാര്‍പ്പുള്ള എസ് എഫ് ഐക്കാര്‍ പ്രതിഷേധം നടത്തുന്നു. 

കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല. അല്‍പബുദ്ധികളായ രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിശൂന്യരായ സംഘി സുഡാപ്പികള്‍ക്കും മാത്രം വളര്‍ന്നു തിടം വെക്കാന്‍ പറ്റുന്ന മണ്ണാണിത്.

മാവോവാദികളെ ഉണ്ടാക്കുന്ന വിധം
ഇതു വരെ ആറളം കണ്ടിട്ടില്ലെന്ന് പറയുന്ന നദിയെ ആറളത്തെ ആദിവാസികള്‍ എത്ര പെട്ടെന്നാണു തിരിച്ചറിഞ്ഞത്! കമല്‍ സി യെ കാണാന്‍ വന്ന നദിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നുവത്രെ! കമലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പകല്‍ മുഴുവന്‍ അവനുണ്ടായിരുന്നു. ആശുപത്രിയിലും അവനായിരുന്നു കൂട്ട്. ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് അവന്‍ ഗള്‍ഫില്‍ നിന്നും വന്നത്. ഈ രാജ്യദ്രോഹി എങ്ങിനെയാണ് പോലീസിനെ വെട്ടിച്ച് ഗള്‍ഫില്‍ പോയി വന്നത്! 

താടിയും മുടിയും നീട്ടിയവര്‍ മാവോവാദികളാവുന്ന നാടാണിത്. നേരം ഇരുട്ടി വെളുക്കുമ്പോള്‍ ആരും മാവോ വാദികളാവും. ഇത് ഛത്തിസ്ഗഡ് അല്ല, ഒറീസ്സയല്ല. നൂറുശതമാനം സാക്ഷരതയും രാഷ്ട്രീയപ്രബുദ്ധതയുമുണ്ടെന്നു വിശ്വസിക്കുന്ന ഇടതുപക്ഷ കേരളം. നമ്മള്‍ സ്ഥിരം പാടുന്ന പാട്ടുണ്ടല്ലോ, ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടിവന്നു, ഒടുവില്‍ അവര്‍ എന്നെത്തേടി വന്നു എന്നൊക്കെയുള്ളത്. ഇപ്പോ ഓര്‍ക്കുമ്പോ അറപ്പാകുന്നു. ഈ ഇടതുപക്ഷനിസ്സംഗത ഭയം ജനിപ്പിക്കുന്നു. 

നവംബറില്‍ യു എ പി എയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് നദിയുടേതായുണ്ട്. പോലീസിന്റെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് നിരന്തരം എഴുതുന്നുണ്ട് അവന്‍. പലപ്പോഴും അന്യസംസ്ഥാനത്തൊഴിലാളികളും ആദിവാസികളും ഭിന്നലിംഗക്കാരും പോലീസില്‍ നിന്നും നേരിടുന്ന അപമാനങ്ങളെക്കുറിച്ച്. ഇത്തരം നിരന്തരമായ വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത്. ശീതള്‍ശ്യാമും ബല്‍റാമും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ വെച്ച് ഒരു സംഘം സഖാക്കള്‍ മോശമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് സിപിഎം നേതൃത്വം തന്നെ മാപ്പു പറഞ്ഞത് ഓര്‍ക്കുന്നോ? ഭിന്നലിംഗക്കാരെക്കുറിച്ച് സമൂഹത്തിന്റെ മുന്‍വിധികളെ മാറ്റിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ആക്ടിവിസ്റ്റുകളല്ലാതെ മറ്റാരുമല്ല. ചുംബനസമരവും ആളുകള്‍ക്കു ഉമ്മവെച്ചു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്നു കരുതുന്ന നിഷ്‌ക്കളങ്കര്‍ ഇപ്പോഴുമുണ്ട്. ആറുമണികഴിഞ്ഞാല്‍ സ്ത്രീകളെ സംബന്ധിച്ച് 144 പ്രഖ്യാപിച്ച ഏകസംസ്ഥാനം നമ്മുടെ കേരളമാണ്. ഇടതുപക്ഷബോധം പോലും ഇവിടെ അത്രമേല്‍ സ്ത്രീവിരുദ്ധമാണ്. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ആ സമരം. ആണധികാരത്തിനും സദാചാരപോലീസിങ്ങിനും എതിരെ ആയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളീയന്റെ മനോഭാവങ്ങളിലാണ് മാറ്റമുണ്ടാക്കുന്നത്. ഇത് വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. 

ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടിവന്നു, ഒടുവില്‍ അവര്‍ എന്നെത്തേടി വന്നു എന്നൊക്കെയുള്ളത്. ഇപ്പോ ഓര്‍ക്കുമ്പോ അറപ്പാകുന്നു. ഈ ഇടതുപക്ഷനിസ്സംഗത ഭയം ജനിപ്പിക്കുന്നു. 

അതേ നിയമം അവനെ തേടി വരുമ്പോള്‍
നവംബര്‍ 7 ന് നദീര്‍ തന്റെ വാളിലെഴുതി, നജീബിന്റെ ഉമ്മ ഒറ്റയ്‌ക്കൊരു ക്യൂവിലാണ്. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ജനത മുഴുവന്‍ ഒരൊറ്റ ക്യൂവില്‍ അണിനിരക്കുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളാവുന്നു.   മാവോയിസം വിഢ്ഢിത്തമാണെന്ന ലേഖനം മലയാളത്തിലെ പ്രധാനവാരികയായ മാതൃഭൂമിയില്‍ അവന്‍ എഴുതിയിട്ടുണ്ട്. എന്നിട്ടും, അവന്‍ തന്നെ പര്യസമായി തള്ളിക്കളഞ്ഞ ആശയത്തിന്റെ  പേരില്‍, അവന്‍ തന്നെ മുന്നറിയിപ്പു നല്‍കിയ അതേ നിയമം അവനെ തേടി വന്നിരിക്കുന്നു എന്നതു വിരോധാഭാസം തന്നെ. അക്രമത്തിനു പ്രേരിപ്പിച്ചതിനു തെളിവുണ്ടെങ്കില്‍ മാത്രമേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കാവൂ എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ ഇടതുപക്ഷ ഭരണത്തില്‍ തന്നെ അത് ലംഘിക്കപ്പെടുന്നത് എത്ര ഭയാനകമാണ്.

 

ഭീകരകലാപങ്ങള്‍ക്കും ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന ഘട്ടത്തിലേ ഈ നിയമം ഉപയോഗിക്കാവൂ എന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും എഴുതിയതിന്റെ പേരിലോ ദേശീയഗാനമാലപിക്കുന്ന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തതിന്റെ പേരിലോ യു എ പി എ ഉപയോഗിക്കരുതെന്നും ഇന്നത്തെ ദേശാഭിമാനിയില്‍ (ഡിസം 21) പ്രകാശ് കാരാട്ട് പറയുന്നു. മാത്രമല്ല ഇക്കാര്യം കേരള പോലീസിനെ മനസ്സിലാക്കിക്കേണ്ടതുണ്ടെന്നും.  ഭരണഘടനനല്‍കുന്ന സ്വാതന്ത്ര്യം പൗരന് ഉറപ്പാക്കാനാണ് അല്ലാതെ അവന്റെ മേല്‍ അധികാരം സ്ഥാപിക്കാനല്ല നികുതിപ്പണം കൊടുത്ത് പോലീസിനെ തീറ്റിപ്പോറ്റുന്നത് എന്നു മനസ്സിലാക്കിക്കലാണ് പ്രധാനം. 

അവനെ അറസ്റ്റു ചെയ്തില്ലല്ലോ വിട്ടയച്ചില്ലേ എന്ന ന്യായങ്ങള്‍ ഇനി ഉയര്‍ന്നു വരും. മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളുമുണ്ടാവും. നല്ലതു തന്നെ. പക്ഷേ സോഷ്യല്‍ മീഡിയയുടെ ജാഗ്രത ഇല്ലായിരുന്നെങ്കില്‍ അവന്‍ ഉള്ളില്‍ തന്നെ കിടക്കുമായിരുന്നു. സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെ ക്യൂ നിന്ന് പരുവപ്പെട്ട നാം ഏതു പോലീസ് ഭാഷ്യവും തൊണ്ട തൊടാതെ വിഴുങ്ങും. എത്ര പെട്ടെന്നാണ് ആദിവാസികള്‍ നദീറിനെ തിരിച്ചറിഞ്ഞത്! ആരാണ് തിരിച്ചറിഞ്ഞത്? ആരാണീ തിരക്കഥ തയ്യാറാക്കിയത്? ഒരു വശത്ത് ഫിഡല്‍ കാസ്‌ട്രോയെയും ചെഗുവേരയെയും ഉദ്ധരിക്കുന്ന ഹിപ്പോക്രസിയെക്കാള്‍ നല്ലത് മന്ദബുദ്ധിയായ സംഘി ആവുന്നതാണ് നന്ന് എന്ന് നമ്മുടെ കുട്ടികള്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.