ദില്ലിയിൽ താമസിക്കുന്ന ഒരു വിദേശിയായ യുവാവ് ഷെയര്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ബ്ലിങ്കിറ്റിൽ നിന്നും ഓർഡർ ചെയ്ത സാധനങ്ങൾ വെറും ആറ് മിനിറ്റിനുള്ളിൽ ലഭിച്ചതാണ് യുവാവിനെ അമ്പരപ്പിച്ചത്. 

ഇന്ത്യയിലെ ഓൺലൈൻ ഡെലിവറിക്ക് വൻ സ്പീഡാണ്. വിദേശത്ത് നിന്നും വരുന്ന പലരേയും ഈ വേ​ഗത ഞെട്ടിക്കാറുണ്ട്. അത്തരത്തിലുള്ള അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ ദില്ലിയിൽ താമസിക്കുന്ന വിദേശിയായ ഒരു യുവാവാണ് ബ്ലിങ്കിറ്റിന്റെ ഈ അതിവേ​ഗത്തിലുള്ള ഡെലിവറിയിൽ അമ്പരന്നിരിക്കുന്നത്. ഈ അനുഭവം പിന്നീട് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ ക്വിക്ക്-കൊമേഴ്‌സ് എത്ര വേഗത്തിലാണെന്ന് തന്റെ യുഎസിലുള്ള ചങ്ങാതിമാരെ കാണിക്കാനായിട്ടാണ് ചാർളി ഇവാൻസിന്റെ പോസ്റ്റ്. വൈകുന്നേരം 5.43 -നാണ് ചാർളി വെള്ളവും ഒരു സ്ക്രൂഡ്രൈവറും ബ്ലിങ്കിറ്റിൽ‌ ഓർഡർ ചെയ്തത്.

എന്നാൽ, ചാർളിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വൈകുന്നേരം 5.49 -ന് സാധനങ്ങൾ എത്തി. ചാർളി ആകെ ഞെട്ടിപ്പോയി. ബ്ലിങ്കിറ്റ് ദൈവമാണ് എന്നാണ് ചാർളി പറയുന്നത്. 'ഗയ്സ്, ഇപ്പോൾ സമയം വൈകുന്നേരം 5.43 ആയി, ഞാൻ ബ്ലിങ്കിറ്റിൽ ഇപ്പോൾ ഓർഡർ ചെയ്തതേയുള്ളൂ. ഈ ആപ്പിന്റെ സർവീസ് എത്ര വേഗത്തിലാണെന്ന് ഞാൻ എന്റെ യുഎസ് സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുകയാണ്. ഈ ആപ്പിൽ നിങ്ങൾക്ക് എന്തും ലഭിക്കും, അതും വളരെ വേഗത്തിൽ തന്നെ ലഭിക്കും' എന്നും ചാർളി തന്റെ വീഡിയോയിൽ പറയുന്നു. പിന്നീട്, ഡെലിവറി ഡ്രൈവർമാരുടെ കഠിനാധ്വാനത്തെ കുറിച്ചുമെല്ലാം യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും, ആറ് മിനിറ്റുകൊണ്ട് ചാർളി ഓർഡർ ചെയ്ത സാധനങ്ങളെത്തി.

View post on Instagram

അമേരിക്കയിൽ, സാധനങ്ങളുടെ ഡെലിവറി വളരെ മെല്ലെയാണ്. അതിനാൽ തന്നെ ഇന്ത്യയിലെ ഈ അതിവേ​ഗത്തിലുള്ള ഡെലിവറി മിക്കവാറും വിദേശത്ത് നിന്നും വരുന്നവരെ അമ്പരപ്പിക്കാറുണ്ട്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇന്ത്യയിലെ ക്വിക്ക് ഡെലിവറി വേറെ ലെവലാണ്, പ്രത്യേകിച്ച് ദില്ലിയിൽ' എന്നാണ് ഒരാളുടെ കമന്റ്. അനേകങ്ങളാണ് സമാനമായ കമന്റുകൾ നൽകിയിരിക്കുന്നത്.