സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കും എന്നത് നമുക്കറിയാം. എന്നാൽ അതിന്റെ കാരണം സ്വഭാവവും, ശാരീരിക പ്രത്യേകതകളുമാണ് എന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ അത് പുരുഷന്റെയും സ്ത്രീകളുടെയും ലൈംഗിക ക്രോമസോമുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 

മനുഷ്യകോശങ്ങളിൽ, ലൈംഗിക ക്രോമസോം കോമ്പിനേഷനുകൾ പുരുഷന്മാരിൽ സാധാരണയായി XY എന്നും സ്ത്രീകളിൽ XX എന്നുമാണ്. സ്ത്രീകളിൽ കാണുന്ന ഈ രണ്ട് എക്സ് ക്രോമസോമുകൾ അവരെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നും അങ്ങനെ അവർക്ക് കൂടുതൽ കാലം ജീവിക്കാൻ കഴിയുമെന്നും ഗവേഷകർ കണ്ടെത്തി. മറിച്ച്, പുരുഷമാരിലെ ക്രമരഹിതമായ ക്രോമസോം കോമ്പിനേഷൻ അവരുടെ ആയുസ്സ് കുറക്കുമെന്നും കണ്ടെത്തി. സ്ത്രീകളിൽ രണ്ട് എക്സ് ക്രോമസോമുകൾ ഉള്ളപ്പോൾ, ദോഷകരമായ പരിവർത്തനം എല്ലാ സെല്ലുകളെയും ബാധിക്കുന്നില്ല. ഓരോ സെല്ലിലും ഒരു എക്സ് ക്രോമസോം മാത്രമേ സ്ത്രീകളിൽ സജീവമാകൂ. ഈ അധിക എക്സ് ജീൻ അസുഖങ്ങളിൽനിന്ന് സ്ത്രീകളെ ശക്തമായ സംരക്ഷിക്കുന്നു. നേരെമറിച്ച്, പുരുഷന്മാർക്ക് ഒരു എക്സ് ക്രോമസോം മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ അതിൽ നടക്കുന്ന ഏതെങ്കിലും ദോഷകരമായ പരിവർത്തനങ്ങൾ എല്ലാ കോശങ്ങളെയും ഒരുപോലെ ബാധിക്കുന്നു. ഇത് അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു. 

ബയോളജി ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനത്തിനായി, പ്രാണികൾ, മത്സ്യം, സസ്തനികൾ എന്നിവയുൾപ്പെടെ 229 ഇനങ്ങളുടെ ലൈംഗിക ക്രോമസോമുകളുടെയും ആയുസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഒരേ ലിംഗത്തിലുള്ള രണ്ട് ക്രോമസോമുകളുള്ള മൃഗങ്ങൾ ഏകദേശം 18 ശതമാനം കൂടുതൽ ജീവിക്കുന്നുവെന്ന് അവർ കണ്ടെത്തി. എന്നാൽ ഇത് മാത്രമല്ല ദീർഘായുസ്സിനെ സ്വാധീനിക്കുന്ന മറ്റ് അനവധി ഘടകങ്ങളും ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജീവിതത്തിൽ കൂടുതൽ അപകടസാധ്യതകൾ തരണം ചെയ്യുന്നതും, ജീവിത പോരാട്ടവും, പോഷകാഹാര കുറവും ആയുസ്സ് കുറയ്ക്കുന്ന കാര്യങ്ങളായി ഗവേഷകർ ചൂണ്ടികാണിക്കുന്നു. “ഈ കണ്ടെത്തലുകൾ ദീർഘായുസ്സിനെ ബാധിക്കുന്ന അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഇത് ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള വഴികളിലേക്ക് വിരൽ ചൂണ്ടുന്നു” ഗവേഷകർ റിപ്പോർട്ടിൽ എഴുതി.