Asianet News MalayalamAsianet News Malayalam

'ഞാന്‍ ഒരു മന്ത്രവാദിനിയാണ്' എന്ന് പ്രഖ്യാപിച്ച സ്ത്രീ, എന്തിനായിരുന്നു അത്?

ഓരോ വർഷവും നിരവധി സ്ത്രീകളാണ് ഇതിന്റെ പേരിൽ കൊല്ലപ്പെടുന്നത്. പലപ്പോഴും, പീഡിപ്പിച്ചും, അടിച്ചും, ബലാത്സംഗം ചെയ്യപ്പെട്ടുമൊക്കെയാണ് ആ പാവം സ്ത്രീകൾ മരണപ്പെടുന്നത്.

Wicca follower Ipsita Roy Chakraverti
Author
Calcutta, First Published Sep 17, 2020, 10:37 AM IST
  • Facebook
  • Twitter
  • Whatsapp

നമ്മൾ സ്ഥിരം കണ്ടു ശീലിച്ച ഒരു മന്ത്രവാദിനി സങ്കല്പമല്ല നെറ്റ്ഫ്ലിക്സില്‍ റിലീസായ 'ബുൾബുള്‍' എന്ന സിനിമയിൽ നമ്മൾ കണ്ടത്. പുരുഷാധിപത്യത്തിനെതിരെ പോരാടുന്ന, ഗാർഹികപീഡനത്തിനും, സ്ത്രീകൾക്കെതിരായ അനീതിക്കുമെതിരെ ശബ്‌ദമുയർത്തുന്ന ഒരു ‘മന്ത്രവാദിനി’ കഥാപാത്രമായിരുന്നു അത്. മുൻപ് മന്ത്രവാദിനി എന്ന പദം ഒരു സ്ത്രീയുടെ നെഗറ്റീവ് പ്രതിച്ഛായയെയാണ് ഉയർത്തിക്കാട്ടിയിരുന്നത്. പുരുഷന്മാരോട് പ്രതികാരം ചെയ്യുന്ന, ഭയമുണ്ടാക്കുന്ന ഒരു സങ്കൽപ്പമായിരുന്നു അത്. എന്നാൽ, നമ്മൾ പരിചയിച്ചിരുന്ന സങ്കല്പത്തിന് വിപരീതമായിരുന്നു ബുൾബുൾ എന്ന കഥാപാത്രം. അതേസമയം, യഥാർത്ഥ ജീവിതത്തിലും 'ഞാൻ ഒരു മന്ത്രവാദിനിയാണ്' എന്ന് ഉറക്കെ പറഞ്ഞ ഒരു സ്ത്രീയുണ്ട്. ഇപ്സിത റോയ് ചക്രവർത്തി എന്ന ഇന്ത്യൻ പുരോഹിത. പ്രകൃതി ആരാധനയും, മന്ത്രവാദവുമൊക്കെ ഉൾകൊള്ളുന്ന വിക്ക എന്ന മതത്തിന്റെ കടുത്ത അനുയായിയാണ് അവർ.  

1986 -ലാണ് താൻ ഒരു 'മന്ത്രവാദി' ആണെന്ന് ഇപ്സിത പരസ്യമായി പ്രഖ്യാപിച്ചത്. മന്ത്രവാദിനി എന്ന് സംശയിച്ച് സ്ത്രീകളെ തല്ലിക്കൊല്ലുന്ന ഒരു സ്ഥലത്താണ് അവർ ഈ പരസ്യപ്രഖ്യാപനം നടത്തിയത്. ഓരോ വർഷവും നിരവധി സ്ത്രീകളാണ് വെസ്റ്റ് ബംഗാളില്‍ ഇതിന്റെ പേരിൽ കൊല്ലപ്പെടുന്നത്. പലപ്പോഴും, പീഡിപ്പിച്ചും, അടിച്ചും, ബലാത്സംഗം ചെയ്യപ്പെട്ടുമൊക്കെയാണ് ആ പാവം സ്ത്രീകൾ മരണപ്പെടുന്നത്. കൂടാതെ, മന്ത്രവാദിനികളാണെന്ന ആരോപണത്തെത്തുടർന്ന് അപമാനിക്കപ്പെടുന്ന സ്ത്രീകളും കുറവല്ല. ആളുകൾ നോക്കിനിൽക്കേ വിവസ്ത്രയാക്കി തെരുവിലൂടെ ഒരു സ്ത്രീയെ നടത്തിച്ചത് പോലും വാർത്തയായിരുന്നു. അത്തരമൊരു സാമൂഹ്യ സാഹചര്യത്തിലാണ് ഇപ്സിത പരസ്യമായി പറയുന്നത് ഞാൻ ഒരു മന്ത്രവാദിനിയാണെന്ന്. അതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എന്നാൽ, അവർ ആ തിരിച്ചടികളെയൊക്കെ അതിജീവിച്ചു. പകരം, അവർ മന്ത്രവാദത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കാൻ പരിശ്രമിച്ചു, മന്ത്രവാദിനിയെന്ന പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെ ശബ്ദമുയർത്താൻ ചങ്കൂറ്റം കാണിച്ചു. വിക്ക പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി 2006 നവംബറിൽ ചക്രവർത്തി 'വിക്കൻ ബ്രിഗേഡ്' ആരംഭിച്ചിട്ടുണ്ട്. 

അവരെ സംബന്ധിച്ചിടത്തോളം, മന്ത്രവാദം എന്നത് തിന്മയുടെ ആരാധനയല്ല, മറിച്ച് സ്ത്രീ ശാക്തീകരണമാണ്. ഇന്ദിരാഗാന്ധി, നൂർ ജഹാൻ, ഝാൻസി കി റാണി എന്നിവരെ ദായൻസ് (മന്ത്രവാദിനിയുടെ മറ്റൊരു ഹിന്ദി വാക്ക്) എന്നാണ് അവർ വിളിച്ചത്. കാരണം അവർ ശക്തരായിരുന്നു, ധീരകളായിരുന്നു. "25,000 വർഷത്തിന് മുൻപാണ് വിക്ക ഉടലെടുക്കുന്നത്. നമ്മുടെ പൂർവ്വികർ സ്ത്രീ ദേവതകളെ ആരാധിച്ചിരുന്ന കാലമായിരുന്നു അത്. ലോകമെമ്പാടും കണ്ടെത്തിയ പ്രതിമകളും കൊത്തുപണികളും അതിനുള്ള തെളിവുകൾ നൽകുന്നു. യോദ്ധാവിനെപ്പോലെ ശക്തയും, അതേസമയം, കരുണാമയയും, കരുതലുള്ളവളുമായിരുന്നു അവൾ. കാലക്രമേണ പുരുഷാധിപത്യ വ്യവസ്ഥയുടെ കീഴിൽ സംഘടിത മതം രൂപം കൊണ്ടു. പുരോഹിതരുടെ ഒരു പുതിയ വിഭാഗം ഉയർന്നുവന്നു. സ്ത്രീകൾ നയിക്കുന്ന പഴയ രീതികളെ നിരോധിച്ച് പുതിയ കർശനമായ മാനദണ്ഡങ്ങൾ നിലവിൽ വന്നു. പതുക്കെ, ദേവതകളെ ഒന്നുകിൽ ഇല്ലാതാക്കുകയോ അല്ലെങ്കിൽ പുരുഷദേവന്റെ ഭാര്യമാരായി കണക്കാക്കുകയോ ചെയ്തു" ഇപ്സിത പറഞ്ഞു.   

പക്ഷേ, അപ്പോഴും ശക്തയും, സ്വതന്ത്രയുമായ ഒരു വിക്കൻ സ്ത്രീയെ യാഥാസ്ഥിതിക സമൂഹം വെറുത്തിരുന്നു. ഈ സ്ത്രീകളെ തിന്മയുടെ പ്രതീകങ്ങളാക്കി പുരുഷ സമൂഹം മാറ്റി. ‘വിച്ച്’ എന്ന വാക്ക് തന്നെ വിക്ക എന്ന വാക്കിന്റെ വികലമായ ഒരു പരിണാമമാണെന്ന് പറയപ്പെടുന്നു. പഴയ ഇംഗ്ലീഷ് പദമായ 'wicks' അല്ലെങ്കിൽ 'craft of the wise' എന്ന പദത്തിൽ നിന്നാണ് വിക്ക ഉണ്ടാകുന്നത്. ആദ്യത്തെ രോഗശാന്തിക്കാർ, ഉപദേഷ്ടാക്കൾ, പുരോഹിതന്മാർ, നേതാക്കൾ എല്ലാം വിക്കൻ സ്ത്രീകളാണ്. fairy tales -ൽ മന്ത്രവാദിനികളെ മൂക്കുനീണ്ട അരിമ്പാറയുള്ള വികൃത രൂപങ്ങളായാണ് ചിത്രീകരിക്കുന്നത്. എന്നാൽ, പുരാതന വിക്കന്മാർ വളരെ സുന്ദരികളായ സ്ത്രീകളായിരുന്നു. പ്രകൃതിയിൽ മറഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങൾ അവർക്കറിയാമായിരുന്നു, അതുപയോഗിച്ച് ചർമ്മത്തിന് തിളക്കം കൂട്ടാനും, മുടി തിളക്കമുള്ളതാക്കാനും അവർക്ക് കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. 
 
ഇന്നത്തെ മതങ്ങൾ ശാസ്ത്രത്തിൽ നിന്ന് ബഹുദൂരം അകലെയാണെന്നും, അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇപ്സിത പറയുന്നുണ്ട്. മന്ത്രവാദിനികൾ എന്നാൽ സാധാരണ മനുഷ്യർ തന്നെയാണ്. അവർക്ക് സൂപ്പർ പവേഴ്സ് ഇല്ല, മറിച്ച് ഉറച്ച മനസ്സും, ദയവുള്ള ഒരു ഹൃദയവുമാണ് ഉള്ളതെന്ന് അവർ പറയുന്നു. 

Follow Us:
Download App:
  • android
  • ios