2020 -ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കടുത്ത അനിശ്ചിതത്വം തുടരുമ്പോഴും, കെന്‍റക്കിയിലെ ബൂൺ കൗണ്ടിയിലെ ഒരു ചെറിയ കമ്മ്യൂണിറ്റിയായ റാബിറ്റ് ഹാഷിനു ചൊവ്വാഴ്ചയോടെ പുതിയ മേയറെ തെരഞ്ഞെടുത്തിരിക്കയാണ്. പുതിയ മേയറായി ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്  ആറ് മാസം പ്രായമുള്ള ഫ്രഞ്ച് ബുൾഡോഗായ വിൽബറിനെയാണ്. ഇത് കേൾക്കുമ്പോൾ ഒരു നായയെ മേയറായി തെരഞ്ഞെടുക്കുകയോ എന്നൊരു സംശയം ആർക്കും തോന്നാം. ഇത് ഒരു യഥാർത്ഥ തെരഞ്ഞെടുപ്പല്ല. മറിച്ച് ജനപ്രിയ ധനസമാഹരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന ഒന്നാണ്. ഇതിൽനിന്ന് സമാഹരിക്കുന്ന പണം ചരിത്രപരമായ പട്ടണത്തിന്‍റെ സംരക്ഷണത്തിനും പരിപാലനത്തിനും ഉപയോഗിക്കുന്നു. കഴിഞ്ഞ 22 വർഷമായി നടക്കുന്ന ഈ പ്രതീകാത്മക 'തെരഞ്ഞെടുപ്പ്' റാബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ ഏറ്റവും വലിയ ധനസമാഹരണ പരിപാടിയാണ്.  ഇതൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പല്ലെങ്കിലും, എല്ലായ്പ്പോഴും പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇതും നടക്കുന്നത്.  

2020 -ൽ നടന്ന തെരഞ്ഞെടുപ്പിൽ 22,985 വോട്ടുകളിൽ 13,143 വോട്ടുകളും വിൽബറിനാണ് ലഭിച്ചത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, 2017 മുതൽ ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന മേയർ ബ്രിനെത്ത് പാവ്‌ട്രോ എന്ന നായയെ തോൽപിച്ചാണ് വിൽബർ പുതിയ മേയറായിരിക്കുന്നത്. 'രാജ്യത്ത് സത്യസന്ധമായ ഒരേയൊരു തെരഞ്ഞെടുപ്പ്' ഇതാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. പരമ്പരാഗതമായി നായ്ക്കൾ സ്ഥാനാർത്ഥികളാകുന്ന ഈ മേയർ തെരഞ്ഞെടുപ്പിൽ നഗരം പണത്തിന്റെ രൂപത്തിൽ വോട്ട് ചെയ്യുന്നു. റാബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ ഒരു ഫേസ്ബുക്ക് പേജിൽ പട്ടണത്തിന്റെ മേയറെ ആരാധകർ പ്രഖ്യാപിച്ചുവെന്ന അടിക്കുറിപ്പോടെ അമേരിക്കൻ പതാകയുടെ നിറങ്ങളുള്ള ടൈ ധരിച്ച് നായയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നു. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെ വിൽബർ അതിൽ പോസ് ചെയ്തിരിയ്ക്കുന്നു!

Just a little over 48 hours to go in the campaign.. If you haven’t donated yet but would like to help Wilbur achieve his...

Posted by Mayor Wilbur of Rabbit Hash KY on Sunday, 1 November 2020

"ഈ വർഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ നിന്നുള്ള ഫലങ്ങൾ. റാബിറ്റ് ഹാഷിലെ മേയറായി 2020 -ൽ വിൽബറിനെ  തെരഞ്ഞെടുത്തിരിക്കുന്നു!!!! വിൽബറുമായും ആമി നോളണ്ടുമായും ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങൾ" അടിക്കുറിപ്പ് പറയുന്നു. പങ്കെടുത്ത മറ്റ് സ്ഥാനാർത്ഥികളുടെ വിവരങ്ങളും സൊസൈറ്റി പോസ്റ്റിൽ പങ്കുവച്ചു. ജാക്ക് റാബിറ്റ് എന്ന ബീഗിളിനും പോപ്പി എന്ന ലാബ്രഡറിനും പതിനായിരത്തിലധികം വോട്ടുകൾ ലഭിച്ചതായി അതിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും, അവരെ വെറും കയ്യോടെ മടക്കി അയക്കാൻ ടൗൺ തയ്യാറല്ല. രണ്ട് നായ്ക്കൾക്കും റാബിറ്റ് ഹാഷ് അംബാസഡർമാരുടെ പദവി നൽകി സൊസൈറ്റി ആദരിച്ചു. 

തനിക്ക് വോട്ട് ചെയ്‍ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് വിൽബറിനുവേണ്ടി മനുഷ്യ വക്താവ് ആമി നോളണ്ട് ഒരു പ്രസ്‍താവന ഇറക്കിയിട്ടുണ്ട്. അതിൽ കെന്‍റക്കിയിലെ ഹാംലെറ്റ് പട്ടണമായ റാബിറ്റ് ഹാഷിനെ സംരക്ഷിക്കുകയെന്നത് ആവേശകരമായ, സാഹസികമായ, അർത്ഥവത്തായ ഒരു കാര്യമാണെന്നും അവര്‍ പറയുന്നു. പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് വിൽ‌ബർ‌. എല്ലാ ആവലാതികളും കേൾക്കാനും എല്ലാവരേയും സഹായിക്കാനും എപ്പോഴും തയ്യാറാകുമെന്ന് വിൽ‌ബറിനുവേണ്ടി ആമി നോളണ്ട് വാഗ്ദാനം ചെയ്യുന്നു.

1990 -കളുടെ അവസാനത്തിലാണ് ഈ പാരമ്പര്യം ഉടലെടുത്തതെന്ന് വിശ്വസിക്കുന്നു. ഡോൺ ക്ലെയർ എന്നൊരാളാണ് ഈ വ്യത്യസ്‍ത ആശയത്തിന് പിന്നിൽ. ചരിത്ര സൊസൈറ്റിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി എന്തുകൊണ്ട് ടൗൺ മേയറായി ഒരു മൃഗത്തെ തെരഞ്ഞെടുത്തുകൂടാ എന്നൊരാശയം അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്. അതേസമയം ഇത്തരം മനുഷ്യേതര തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ അവിടെ അപൂർവമല്ല. പലയിടത്തും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യരായ സ്ഥാനാർത്ഥികളായി അവർ കണക്കാക്കപ്പെടുന്നു.