പല സ്ത്രീകളും സ്വന്തം വീട് വിട്ട് ഒരു ദിവസം പോലും മാറി നിൽക്കാൻ ഇഷ്ടപ്പെടുന്നവരാകില്ല. അതിനവർ പലപല കാരണങ്ങളും കണ്ട് പിടിക്കും. ഞാനില്ലെങ്കിൽ ഈ വീട് മേൽകീഴ് മറിഞ്ഞ് വീഴും എന്നവർ ഉറച്ച് വിശ്വസിക്കും. എന്റെ വീട്, തൊടി, മുറ്റം, മരങ്ങൾ, ചെടികൾ, വീട്ടിനകത്തെ ഫർണീച്ചറുകൾ എന്തിന് അടുക്കളയിലെ പാത്രങ്ങൾ വരെ അവർ നെഞ്ചോട് ചേർത്ത് പിടിക്കും അവളില്ലെങ്കിൽ അതൊക്കെത്തന്നെ തകരാറിലാവും എന്ന് അന്ധമായി വിശ്വസിക്കും...

ഒരു പരിധി വരെ ശരിയുമാണ്. വയസ്സായ മാതാപിതാക്കൾ, ചെറിയ മക്കൾ ഉള്ള കാലമൊക്കെ നമ്മളങ്ങിനെ വീടിനെ ചേർത്ത് പിടിക്കണം. മാതാപിതാക്കൾ മരിച്ച് മക്കളൊക്കെ വലുതായാൽ നമുക്ക് വീടിനെ ഒന്നങ്ങ് അയച്ച് കൊടുക്കാം. എത്ര ചേർത്ത് പിടിച്ചാലും, എത്രയൊക്കെ നമ്മളെ അടയാളപ്പെടുത്തിയാലും ഒരാഴ്ച്ച പോലും എടുക്കില്ല, നമ്മളൊരിക്കൽ നമ്മുടെ വീടുകളിൽ നിന്നും മാഞ്ഞു പോകാൻ.

ഈ വീടില്ലെങ്കിൽ വീടിന്റെ സുരക്ഷയില്ലെങ്കിൽ നിങ്ങൾ തകർന്ന് പോകും. നിങ്ങൾക്കിവിടെയല്ലാതെ ജീവിക്കാനാകില്ല എന്ന് പറയുന്ന പ്രിയജനങ്ങൾ പോലും പിന്നെ വല്ലപ്പോഴും, ഓർക്കുന്നതോ പരാമർശിക്കപ്പെടുന്നതോ ആയ ഒരാൾ മാത്രമായി മാറും നമ്മളും. വീടിനേയും വീട്ടുകാരേയും മാത്രം സ്നേഹിക്കാതെ അവനവനേയും കുറച്ച് സ്നേഹിക്കാൻ പഠിച്ചോളൂ... ഇഷ്ടമുള്ള ബന്ധുവീടുകളിൽ, സുഹൃത്തുക്കളുടെ വീടുകളിൽ സന്ദർശനം, കുഞ്ഞുകുഞ്ഞു യാത്രകൾ, സിനിമ ഇതൊക്കെ നമ്മുടെ ദിവസ്സങ്ങളോട് ചേർത്ത് വെക്കുക,

നമ്മൾ ഇല്ലാതായാലും ഈ ലോകത്തിനും, വീടിനും ഒന്നും ഒരു മാറ്റവും വരില്ല നമ്മുടെ മുറിയിൽ പോലും മറ്റാരെങ്കിലും വന്ന് നിറയും... വീടെന്നത് ആദ്യാവസാനവാക്കല്ല ഒരു സ്ത്രീക്കും. നമുക്കും പുറത്തൊരു ലോകം കാണാനും കേൾക്കാനും ഉണ്ടെന്ന് മറക്കാതിരിക്കുക. വീടിന്റെ കാവൽക്കാരിയായി ഓരോ സ്ത്രീയും സ്വയം അവരോധിക്കയാണ്. ഈ കാവൽപ്പണി ഒരു ഘട്ടം കഴിഞ്ഞാൽ മതിയാക്കണം. കൈ വീശി വിശാലമായ ലോകത്തേയ്ക്കിറങ്ങണം...

നമ്മളേ ഒരുപാട് കാഴ്ച്ചകൾ കാത്ത് നിൽപ്പുണ്ട്...