കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ', എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

ഒരു പെണ്ണിന് ജീവിക്കാന്‍ ഒരു ആണിന്റെ കൂട്ട് ഉണ്ടായേ തീരൂ എന്നൊന്നും എവിടെയും എഴുതപ്പെട്ടിട്ടില്ല-നോമിയ രഞ്ജന്‍ എഴുതുന്നു


നമ്മുടെ സംസ്‌കാരം അനുസരിച്ച്, ഒരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് വിവാഹം ആണ്. അത് വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം പലര്‍ക്കും ഇല്ല എന്നുള്ളതാണ് വസ്തുത. നമ്മുടെ നാട്ടിലെ കീഴ് വഴക്കങ്ങളും രീതികളും അനുസരിച്ച് പലപ്പോഴും സ്ത്രീക്ക് ആ തീരുമാനത്തില്‍ പ്രത്യേകിച്ച് ഒരു റോളും ഇല്ല. 

കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍, അന്നുമുതല്‍ തുടങ്ങുന്നു അവളുടെ വിവാഹം മുന്നില്‍ കണ്ടുള്ള മാതാപിതാക്കളുടെ സ്വരുക്കൂട്ടല്‍. തീരെ കുഞ്ഞായിരിക്കുമ്പോള്‍ അവള്‍ കേള്‍ക്കുന്നത് 'പെണ്‍കൊച്ചാ, കണ്ണടച്ച് തുറക്കും മുന്‍പേ അങ്ങ് കെട്ടിക്കാനാവും' എന്നാണെങ്കില്‍ പിന്നെയും അല്പം കൂടി വളരുമ്പോള്‍ കേള്‍ക്കാം, 'ഇവളങ്ങു വളര്‍ന്ന് കെട്ടിക്കാറായല്ലോ' എന്ന്. ഇനി ഒരു ജോലി ഒക്കെ ആയി കഴിഞ്ഞാല്‍ പറയുകേം വേണ്ട, 'ഇവളെ ഇങ്ങനെ അഴിച്ചു വിടാനാണോ പ്ലാന്‍, കെട്ടിക്കുന്നൊന്നുമില്ലേ'. ഇത്രയുമൊക്കെ ആവുമ്പോഴേക്കും നല്ലൊരു വിഭാഗത്തിന്റെയും കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടുണ്ടാവും. (പ്രണയവിവാഹവും ഒളിച്ചോട്ടവും ഒന്നും ഉള്‍െപ്പടുത്താതെയാണ് ഇക്കാര്യം പറയുന്നത്).

പെണ്‍കുട്ടി ഏകദേശം മുപ്പതോട് അടുത്തു കഴിയുമ്പോള്‍ പിന്നെ ചോദ്യങ്ങള്‍ നിര്‍ത്തി കഥകള്‍ മിനയുന്നതിലേക്കു കടക്കും ഇക്കൂട്ടര്‍. ഈ ചോദ്യവും പറച്ചിലും കഥകളും ഒന്നും താങ്ങാനാവാതെ മാതാപിതാക്കളും കുടുംബത്തിലെ തലമൂത്ത മറ്റംഗങ്ങളും കൂടി തീരുമാനിക്കും 'ചുമ്മാ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിക്കാതെ പെണ്ണിനെ അങ്ങ് കെട്ടിച്ചു വിട്ടേക്കാം' എന്ന്. അതായത്, ഒരു പെണ്ണിന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നായ വിവാഹം വേണോ വേണ്ടയോ എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കുന്നത് സമൂഹം ആയി മാറുന്നു. ചുറ്റിനും ഉള്ള ഈ ചോദ്യക്കാരുടെ വായടപ്പിക്കാന്‍ വേണ്ടിയാണ് ആ വിവാഹം നടക്കുന്നത്. കിട്ടുന്നത് നല്ലൊരു പങ്കാളിയെ ആണെങ്കില്‍ പെണ്‍കുട്ടിയുടെ ജീവിതം വലിയ കുഴപ്പങ്ങളില്ലാതെ മുന്‍പോട്ട് പോകും. പക്ഷെ അവിടെയും ചോദ്യങ്ങള്‍ തീരുന്നില്ല. ആ വിവാഹത്തോടെ ഈ ചോദ്യക്കാര്‍ക്ക് കിട്ടുന്നത് ഒരു ഡസന്‍ വേറെ ചോദ്യങ്ങള്‍ കൂടിയാണ്. കുട്ടി, വീട്, കാര്‍, പിന്നെയും കുട്ടി, കുറച്ചൂടൊരു വലിയ കാര്‍ എന്നിങ്ങനെ ചോദ്യങ്ങളുടെ നിര നീളുന്നു.

എന്നാല്‍ മുപ്പതിനോട് അടുക്കുമ്പോള്‍ കേള്‍ക്കുന്ന കഥകളും ചോദ്യങ്ങളും പാടെ അവഗണിക്കാന്‍ കഴിവുള്ള, സമൂഹത്തെ ഭയക്കാതെ സ്വന്തം താല്‍പര്യങ്ങളെയും സ്വപ്നങ്ങളെയും, കരിയറിനെയും ഓക്കേ മുറുകെ പിടിച്ച് വിവാഹം ഒരുപക്ഷേ തന്നെ ലക്ഷ്യങ്ങളില്‍ നിന്നു പിന്തിരിപ്പിച്ചേക്കാം എന്ന് വിശ്വസിക്കുന്ന ഒരു പറ്റം സ്ത്രീകള്‍ ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ഒരു വിവാഹം അല്ല ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം. 'ഞാന്‍ എന്തിനു വിവാഹം കഴിക്കണം അല്ലെങ്കില്‍ വിവാഹിതയാവേണ്ട കാരണം എന്താണ്' എന്ന് അവര്‍ ചോദിക്കുമ്പോള്‍ ചുറ്റിനും നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ഒരു ഉത്തരവും ഉണ്ടാവാറില്ല. സമൂഹത്തിന് മുന്‍പില്‍ ഇക്കൂട്ടര്‍ 'എന്തോ കുഴപ്പം ഉള്ളവര്‍' ആകുന്നു.

സമൂഹത്തിന് മുന്‍പില്‍ ഇക്കൂട്ടര്‍ 'എന്തോ കുഴപ്പം ഉള്ളവര്‍' ആകുന്നു.

ഈ 'കുഴപ്പം' ഉള്ളവരില്‍ ചിലരെങ്കിലും ലിവിംഗ് ടുഗെദര്‍ എന്ന സിസ്റ്റത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നവരുമാവാം. അവരെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു പേപ്പറില്‍ ഉള്ള എഗ്രിമന്റ് ആണ്. ഒരു വ്യക്തിയെ സ്‌നേഹിക്കാനും ഒപ്പം ജീവിക്കാനും ഇങ്ങനൊരു പേപ്പറിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നതില്‍ എന്താണ് തെറ്റുള്ളത്. ഒരു ഉടമ്പടിയും ഇല്ലാതെ ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒക്കെ വിവാഹിതരായി ഒന്നിച്ചു ജീവിക്കുന്നവരുടെ ഇടയിലും ഉണ്ടാവുന്നുണ്ട്. ആത്മാര്‍ത്ഥമായി പരസ്പരം സ്‌നേഹിക്കുന്നവര്‍ ഇതിലേതു രീതിയില്‍ ആയാലും ജീവിതകാലം മുഴുവന്‍ ഒന്നിച്ചു കഴിയും. അല്ലാത്തവര്‍ രണ്ടു വഴിക്കാവുകയും ചെയ്യും. പ്രത്യേകം എഴുതി തയ്യാറാക്കിയ ഉടമ്പടികളോ ബന്ധനകളോ ഇല്ലാത്തതിനാല്‍ തന്നെ 'ലിവിംഗ് ടുഗെതെര്‍' തിരഞ്ഞെടുത്തവര്‍ക്ക് പെട്ടന്ന് തന്നെ ആ ബന്ധത്തില്‍ നിന്നും പുറത്തു വരാനും കഴിയും.

തനിയെ ജീവിക്കുന്ന ഒരു സ്ത്രീക്ക് നമ്മുടെ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. 'കെട്ടാചരക്കു', 'പോക്കുകേസ് ' എന്നിങ്ങനെ പലവിധ പേരുകള്‍ കേള്‍ക്കേണ്ടിയും വന്നേക്കാം. ഒരു പെണ്ണിന് ജീവിക്കാന്‍ ഒരു ആണിന്റെ കൂട്ട് ഉണ്ടായേ തീരൂ എന്നൊന്നും എവിടെയും എഴുതപ്പെട്ടിട്ടില്ല. മാത്രമല്ല ഈ 'കൂട്ട്' ചിലപ്പോഴെങ്കിലും ജീവിതത്തിലെ ഉള്ള സമാധാനം മുഴുവന്‍ ഇല്ലാതാവാനും കാരണമാവാറുണ്ട്. 

ഇനിയുള്ള തലമുറയെ എങ്കിലും 'വിവാഹം മാത്രമല്ല ജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യം' എന്ന് പഠിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍. വിവാഹം കഴിക്കാന്‍ വേണ്ടി സ്വപ്നങ്ങളെ കുഴിച്ചുമൂടാതെ അവയെ പിന്തുടരാന്‍ ഓരോ പെണ്‍കുട്ടിയെയും പ്രാപ്തയാക്കാന്‍ കഴിഞ്ഞെങ്കില്‍. ഓരോ പെണ്കുട്ടിയും ആഘോഷിക്കട്ടെ അവളുടെ ജീവിതം, അതിന്റെ പൂര്‍ണരൂപത്തില്‍ തന്നെ.

(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)