കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഇപ്പോഴും അംഗീകരിക്കാൻ മടിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ടാൻസാനിയയിലെ കുര്യ ഗോത്രവർഗ്ഗക്കാരിൽ ഇത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു ആചാരമാണ്. ടാൻസാനിയയിലെ ഒരു ഗ്രാമമായ നയംമാങ്കോയിലാണ് സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്നത്. നിംബെൻറോബു (nyumba ntobhu) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇത് പക്ഷേ പ്രണയം കൊണ്ടോ, ശാരീരികാകർഷണം കൊണ്ടോ ഒന്നുമല്ല. മറിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്ക് സ്ത്രീകൾ തന്നെ തെരഞ്ഞെടുത്ത ഒരു മാർഗ്ഗമാണ് ഇത്. 

കുര്യ ഗോത്രത്തിലെ ഭൂരിഭാഗം സ്ത്രീകളും അവരുടെ ഭർത്താക്കന്മാരിൽ നിന്ന് ശാരീരികമോ, മാനസികമോ ആയ പീഡനം ഏൽക്കേണ്ടി വരുന്നവരാണ്. ടാൻസാനിയയിലെ ഏറ്റവും ഉയർന്ന ഗാർഹിക പീഡനനിരക്കാണിത്. വർദ്ധിച്ചുവരുന്ന ഈ പീഡനങ്ങളിൽ നിന്ന് രക്ഷ നേടാനാണ് സ്ത്രീകൾ സ്ത്രീകളെ തന്നെ വിവാഹം ചെയ്യുന്നത്. പേരിനൊരു വിവാഹം ചെയ്യുകയല്ല, മറിച്ച് ഒരുമിച്ച് ഒരു കുടുംബമായി കഴിയുകയാണ് ഇവർ. ലൈംഗികബന്ധമൊഴിച്ച്, ജോലിയ്ക്ക് പോവുക, കുഞ്ഞുങ്ങളെ നോക്കുക, വീട്ടുജോലികൾ ചെയ്യുക തുടങ്ങി ഒരു കുടുംബത്തിലെ എല്ലാ കാര്യങ്ങളും അവർ പരസ്പര പങ്കാളിത്തത്തോടെ ചെയ്യുന്നു. 

ആചാരപ്രകാരം ആൺമക്കൾ ഇല്ലാത്ത പ്രായമായ വിധവകളാണ് ചെറുപ്പകാരികളായ സ്ത്രീകളെ വിവാഹം ചെയ്യുന്നത്. ഇങ്ങനെ വിവാഹം കഴിച്ചാൽ പിന്നെ എങ്ങനെ പരമ്പര നിലനിൽക്കുമെന്നൊരു ചോദ്യം ആർക്കും തോന്നാം. വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ഒരു പുരുഷനെ കണ്ടെത്താനുള്ള അവകാശമുണ്ട്. അത് വെറും അനന്തരാവകാശികൾ ഉണ്ടാകാനുള്ള ഒരു വഴി മാത്രമാണ്. ഈ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മേൽ ആ പുരുഷന് ഒരവകാശവുമുണ്ടാകില്ല. ഗോത്രനിയമപ്രകാരം, പുരുഷനു മാത്രം അവകാശപ്പെട്ട സ്വത്ത് ഇത് വഴി സ്ത്രീകളിൽ തന്നെ നിക്ഷിപ്തമാകുന്നു. ചില സന്ദർഭങ്ങളിൽ മുതിർന്ന സ്ത്രീയ്ക്ക് ഒന്നിലധികം സ്ത്രീകളെയും വിവാഹം ചെയ്യാം. മുതിർന്ന സ്ത്രീകൾ തന്റെ പങ്കാളികളായ സ്ത്രീകളെ മരുമകളുടെ സ്ഥാനത്താണ് കാണുന്നത്. അവൾക്കുണ്ടാകുന്ന കുട്ടികൾ പേരക്കുട്ടികളുടെ സ്ഥാനത്തും. എന്നാൽ, അതേസമയം മറ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന സ്വവർഗരതിയും, പ്രണയവും ഇവിടെ കേട്ടുകേൾവി പോലുമില്ലാത്ത ഒന്നാണ്.

മറ്റ് പരമ്പരാഗത വിവാഹങ്ങൾ പോലെ, ഇതിലും പെൺപണമായി കന്നുകാലികളെ നൽകുന്നു. പെൺപണം പ്രായമായ സ്ത്രീയുടെ വീട്ടുകാർ ഇളയ പങ്കാളിയുടെ കുടുംബത്തിന് നൽകുകയാണ് പതിവ്. ഗാർഹിക പീഡനം, ചേലാകർമ്മം എന്നിവയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായി ചെറുപ്പക്കാരികൾ ഇതിനെ കണ്ടുവരുന്നു. പ്രായമായ സ്ത്രീയാണ് കുട്ടികളുടെ രക്ഷാധികാരി. സാധാരണയായി മുതിർന്ന സ്ത്രീയുടെ കുടുംബപ്പേരാണ് കുട്ടിയ്ക്ക് നൽകുക. സ്ത്രീയ്ക്ക് കുട്ടിയെ നൽകുന്ന പുരുഷന് ഭക്ഷണമോ ആടോ പകരമായി നൽകും. ചില അപൂർവ സന്ദർഭങ്ങളിൽ, കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട് ആണുങ്ങൾ മടങ്ങിയെത്താറുമുണ്ട്. അതൊഴിവാക്കാൻ സാധാരണയായി അവർ ചെയ്യുന്നത് ഗ്രാമത്തിൽ അറിയപ്പെടാത്ത ഒരാളെ ഇതിനായി തെരഞ്ഞെടുക്കുന്നു. ഈ പുരുഷന്മാരെ “street men” എന്നാണ് വിളിക്കുന്നത്.

സാധാരണയായി സ്ത്രീകൾക്ക് അവിടെ സ്വത്തിൽ അവകാശമില്ല. വിധവകളായ സ്ത്രീകളുടെ സ്വത്തുക്കൾ ഏതെങ്കിലും പുരുഷബന്ധുകൾക്കാണ് പോയി ചേരുന്നത്. കൂടാതെ സ്ത്രീകൾക്ക് പ്രായമായാൽ രണ്ടാമത് വിവാഹം കഴിക്കാനും സാധിക്കില്ല. കാരണം ഗർഭം ധരിക്കാൻ സാധിക്കാത്ത സ്ത്രീകളെ അവിടത്തെ പുരുഷന്മാർ വിവാഹം ചെയ്യാൻ താല്പര്യപ്പെടുന്നില്ല. അങ്ങനെ പ്രായമായ വിധവകളുടെ ജീവിതം ആകെ വഴിമുട്ടുന്ന സാഹചര്യത്തിലാണ് പലരും സ്ത്രീ പങ്കാളികളെ തെരഞ്ഞെടുക്കുന്നത്. പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം ചെയ്യുന്നതോടെ സ്വത്തുക്കൾ അവർക്ക് തന്നെ വന്നു ചേരുന്നു. കൂടാതെ ആ പെൺകുട്ടികൾ വിധവയായ സ്ത്രീക്ക് കുട്ടികളെയും നൽകുന്നു. അങ്ങനെ അവർക്കും ഒരനന്തരാവകാശിയുണ്ടാകുന്നു. 

ഇനി പെൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ, പുരുഷ അതിക്രമങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമാണ് ഈ സ്ത്രീ വീടുകൾ. അവിടെ അവർക്ക് ഭർത്താക്കന്മാരുടെ അടിയും ചവിട്ടും കൊള്ളാതെ സമാധാനമായി ജീവിക്കാം. "ആർക്കും ഞങ്ങളെ തൊടാൻ കഴിയില്ല. ആരെങ്കിലും ഞങ്ങളുടെ സ്വത്ത് കൈക്കലാക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചാൽ, ഗോത്രവർഗ മൂപ്പന്മാർ അവരെ ശിക്ഷിക്കും, കാരണം അവർക്ക് ഞങ്ങളുടെ വീട്ടിൽ അവകാശമില്ല. എല്ലാ അധികാരവും ഞങ്ങൾക്കാണ്" അവിടത്തെ നിവാസിയായ ഐസോംബെ പറയുന്നു.