എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി. കാരണം, "നീ ഇതേ അർഹിക്കുന്നുള്ളൂ" എന്നയാൾ എന്‍റെ മുഖത്തടിച്ചപോലെ പറഞ്ഞില്ലല്ലോ. എന്‍റെ ജോലിക്ക് കൃത്യം എത്രായിരം രൂപ വിലയിടാം എന്നത് എനിക്കിന്നും പിടികിട്ടാത്ത ഒരു കാര്യമാണ്. ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഞാൻ ഒരു ജോലിക്കു ശ്രമിച്ചപ്പോഴും, ആദ്യം വന്ന ഓഫർ തന്നെ ഞാൻ സ്വീകരിക്കുകയാണുണ്ടായത്.
പ്രിലിമിനറി ടെസ്റ്റുകൾ പാസായി. ടെക്നിക്കൽ ഇന്‍റർവ്യൂ സ്റ്റേജുകളും ക്ലിയർ ചെയ്തു. അവസാന കടമ്പ - HR ഇന്‍റർവ്യൂ. പാനലിലുള്ളവർ ചോദിച്ച മറ്റെല്ലാ ചോദ്യങ്ങൾക്കും നെഞ്ചും വിരിച്ചുതന്നെ ഞാൻ ഉത്തരം പറഞ്ഞു. അവസാനത്തെ ചോദ്യം. അതുവരെ ചേർത്തുവെച്ചിരുന്ന ധൈര്യമെല്ലാം ചോർത്തിക്കളയുന്ന, എന്നുമെന്നും ആകെയൊരു പരിഭ്രമത്തിലേക്കെന്നെ തള്ളിവിടുന്ന ആ ഒടുക്കത്തെ ചോദ്യം.. " നിങ്ങൾ എന്ത് ശമ്പളം പ്രതീക്ഷിക്കുന്നു?" അതിന്‍റെ മുന്നിൽ മാത്രം ഞാൻ, അല്ലെങ്കിൽ നമ്മൾ പെണ്ണുങ്ങളെല്ലാം, പരുങ്ങുന്നതെന്തുകൊണ്ടാണ്? നമുക്ക് കിട്ടേണ്ട ശമ്പളം ധൈര്യമായി ചോദിച്ചുവാങ്ങാൻ നമുക്ക് മടിതോന്നുന്നത് എന്തുകൊണ്ടാവും? അത്രനേരവും നമ്മൾ പറഞ്ഞുപൊലിപ്പിച്ചിരുന്ന ഐഡിയലിസവും ഫെമിനിസവും ഒക്കെ, നമുക്കുവേണ്ടി പ്രവർത്തിക്കാൻ നമുക്ക് ഏറ്റവും പ്രാഥമികമായ രീതിയിൽ കിട്ടുന്ന അവസരത്തിനുമുന്നിലെത്തുമ്പോൾ പോയ്മറയുന്നത് എവിടെക്കാവും? അവിടെ നമുക്ക് അർഹമായതിലും ഒരു പടി താഴെയുള്ള ഒരു ശമ്പളത്തിലേക്ക് നമ്മൾ പെണ്ണുങ്ങൾ ഒതുങ്ങുന്നത് എന്തിനാവും?
അവൻ വിളിച്ചിരുന്നു. ഞാൻ പുതുതായി ചേർന്ന പത്ര സ്ഥാപനത്തിൽ അവനും ജോലിക്ക് ജോയിൻ ചെയ്തിരിക്കുന്നു എന്ന സന്തോഷവാർത്ത, പഴയ സ്ഥാപനത്തിൽ അവൻ തന്‍റെ മെന്‍റർ എന്ന് കണക്കാക്കിയിരുന്ന എന്നെത്തന്നെ ആദ്യം വിളിച്ചു കേൾപ്പിക്കാൻ. അവൻ കാഷ്വലായി പറഞ്ഞുപോയ അവന്‍റെ ശമ്പളത്തുക, എന്‍റെ ഇടനെഞ്ചിലൂടെയാണ് ഇടിവെട്ടുപോലെ ഇറങ്ങിപ്പോയത്. എന്‍റെ പാതി മാത്രം എക്സ്പീരിയൻസുള്ള അവന് ഏതാണ്ട് എന്‍റെ അത്ര തന്നെ അവർ ഓഫർ ചെയ്തിരിക്കുന്നു.
ഞങ്ങൾ ഒന്നിച്ചിരുന്ന് എത്രയോവട്ടം നമ്മുടെ ഫീൽഡിലെ ശമ്പളദാരിദ്ര്യത്തെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു. ഞാനും അവനും ഞങ്ങളുടെ പഴയ സ്ഥാപനം വിട്ടിറങ്ങാൻ കാരണം ഇതേ ദാരിദ്ര്യമായിരുന്നു. സാമാന്യം ഭേദപ്പെട്ടത് എന്ന് തോന്നിച്ച ഒരു ഓഫർ കിട്ടിയപ്പോൾ ഞാൻ ചാടി. പിന്നാലെ അവനും. എന്നാലും, നാലുമാസം മുമ്പ് വരെയും എഴുതിയ ആർട്ടിക്കിളുകൾ എന്നെ കാണിച്ച് തിരുത്തിച്ച് പബ്ലിഷ് ചെയ്തിരുന്ന ഈ ചെറുക്കൻ എന്‍റത്രയും തന്നെ ശമ്പളം വാങ്ങിക്കുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല ഞാനൊരിക്കലും.
ആകെ പൊന്നീച്ചപ്പരുവത്തിൽ ഞാനിരുന്നു കുറേനേരം
അവൻ തിരിച്ചെന്നോടും ശമ്പളത്തെക്കുറിച്ചു ചോദിച്ചപ്പോൾ എന്തൊക്കെയോ പൊട്ടത്തരങ്ങൾ വിളിച്ചുപറഞ്ഞു ഞാൻ. അല്ലെങ്കിലും ഞാനവനോട് എന്തുപറയാനാണ്. എന്‍റെ വർക്ക് അത്രയ്ക്കേ ഉള്ളൂ എന്നോ? അതോ, ഞാൻ തന്നെ അത്രയ്ക്കേ ഉള്ളു എന്നോ? കരണം പുകച്ചുകൊണ്ട് ആരോ ഒന്ന് പൊട്ടിച്ചപോലെ, ഒന്നിലും ശ്രദ്ധിക്കാനാവാതെ, ആകെ പൊന്നീച്ചപ്പരുവത്തിൽ ഞാനിരുന്നു കുറേനേരം...
പിന്നീടുള്ള ഒന്നുരണ്ടാഴ്ച ഞാൻ ഈ സങ്കടം തന്നെ മനസ്സിലിട്ടു പെരുമാറിക്കൊണ്ടിരുന്നു. ഒടുവിൽ എങ്ങനെയോ ധൈര്യം സംഭരിച്ചുകൊണ്ട്, എന്നെയും അവനെയും ജോലിക്കെടുത്ത വ്യക്തിയെ അയാളുടെ ക്യാബിനിൽ ചെന്നുകണ്ടു. ഇൻഡസ്ട്രി സ്റ്റാൻഡേർഡ്സിനെപ്പറ്റിയും, HR നോംസിനെപ്പറ്റിയും ഒക്കെയുള്ള ഗിരിപ്രഭാഷണങ്ങൾക്കു ശേഷം, അയാൾ എന്നോട് പറയാതെ പറഞ്ഞ കാര്യം ഒന്നുമാത്രമായിരുന്നു. "നിനക്ക് വേണ്ടത് നീ ചോദിച്ചു വാങ്ങാത്തതിന് ഞാനെന്തുചെയ്യാനാ പെണ്ണെ?"
എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി. കാരണം, "നീ ഇതേ അർഹിക്കുന്നുള്ളൂ" എന്നയാൾ എന്‍റെ മുഖത്തടിച്ചപോലെ പറഞ്ഞില്ലല്ലോ. എന്‍റെ ജോലിക്ക് കൃത്യം എത്രായിരം രൂപ വിലയിടാം എന്നത് എനിക്കിന്നും പിടികിട്ടാത്ത ഒരു കാര്യമാണ്. ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഞാൻ ഒരു ജോലിക്കു ശ്രമിച്ചപ്പോഴും, ആദ്യം വന്ന ഓഫർ തന്നെ ഞാൻ സ്വീകരിക്കുകയാണുണ്ടായത്. ഈ അവസാനത്തെ ഇന്‍റർവ്യൂ ആവട്ടെ, ഒരു കാർ യാത്രയ്ക്കിടയിൽ വെറും അഞ്ചുമിനിറ്റുകൊണ്ട് തീരുകയും ചെയ്തു.
അതിലും കഷ്ടമുള്ള കാര്യമെന്തെന്നോ? ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല! 2016 ൽ Glassdoor രണ്ടായിരം അമേരിക്കക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് 68 % പേരും അവർക്ക് ഓഫർ ചെയ്യപ്പെട്ട ശമ്പളം യാതൊരു വിധത്തിലുള്ള വിലപേശലും കൂടാതെ സ്വീകരിച്ചു എന്നാണ്. അവർ വിലപേശിയപ്പോൾ പോലും അവർക്ക് ഒരിക്കലും പുരുഷന്മാർക്ക് കിട്ടിയത്ര വാങ്ങിയെടുക്കാനും കഴിഞ്ഞില്ല. Carnegie Mellon University പ്രൊഫഷണൽ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനം തെളിയിച്ചത് 57 % പുരുഷന്മാർ ശമ്പളക്കാര്യത്തിൽ വിലപേശൽ നടത്തിയപ്പോൾ, അത് സ്ത്രീകളിൽ വെറും 7% മാത്രമായിരുന്നു.
ഞാൻ നേരിട്ട് ഇതേവിഷയത്തെപ്പറ്റി സംസാരിച്ച പലപല വ്യാവസായിക മേഖലകളിൽ ജോലിചെയ്യുന്നസ്ത്രീകളിൽ പലർക്കും ഇതേ അനുഭവമായിരുന്നു. മുംബൈയിൽ ജേണലിസ്റ്റായ പരീതാ പട്ടേൽ എന്നോടു സമ്മതിച്ചത്, തന്‍റെ വിലപേശാനുള്ള കഴിവുകേടിൽ താൻ 'ലജ്ജിക്കുന്നു' എന്നാണ്. " എന്നോട് പലരും എന്‍റെ വർക്കിനെപ്പറ്റി പ്രശംസിച്ചിട്ടുണ്ടെങ്കിലും, ഒരു ടേബിളിന്‍റെ അപ്പുറമിപ്പുറം ഇരുന്ന് ശമ്പളത്തെപ്പറ്റി സംസാരിക്കുമ്പോൾ, അവർ ആദ്യം പറയുന്ന തുകയ്ക്ക് മേലോട്ട് ആവശ്യപ്പെടാൻ ഞാൻ മടിച്ചു പോവുകയാണ്." ഒരു ഫിസിയോതെറാപ്പിസ്റ്റായ നിധി അഗർവാൾ പറഞ്ഞു. സിനിമാ രംഗത്ത് ഇത് കൂടുതൽ പതിവുള്ളതാണെന്ന് ദില്ലിയിൽ അഭിനയരംഗത്ത് പ്രവർത്തിക്കുന്ന സന്യ പറഞ്ഞു. ബിബിസിയിലെ സ്ത്രീ അവതരാകർക്ക് അവർ ചെയ്യുന്ന ജോലിയിൽ ഒട്ടും വ്യത്യാസമില്ലാതിരിക്കെത്തന്നെ പുരുഷന്മാരേക്കാൾ വളരെ കുറച്ച് ശമ്പളമാണ് കൊടുത്തിരുന്നത്. ബോളിവുഡിലെയും മലയാളം സിനിമാ രംഗത്തെയും പ്രതിഫലങ്ങളിലുള്ള ഏറ്റക്കുറച്ചിലിനെപ്പറ്റി എടുത്തുപറയേണ്ട കാര്യമില്ലല്ലോ.
സ്ത്രീകളിലെ ഈയൊരു സ്ഥിതിവിശേഷത്തിന് പശ്ചാത്തലമൊരുക്കുന്നത്, നമ്മളൊക്കെ കണ്ടും കേട്ടും വളർന്ന മറ്റൊരു കുടുംബജീവിതാനുഭവമുണ്ട്. വീട്ടിലെ പണികളിൽ പലതും കൂലിയൊന്നും പറ്റാതെ ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട അടിമകളായിട്ടാണ് നമ്മുടെ അമ്മമാരെയും അമ്മായിമാരെയും ഒക്കെ വർഷങ്ങളായി കണ്ടുപോരുന്നത്. സ്ത്രീകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവഗുണമായി വിനയത്തെ പ്രതിഷ്ഠിക്കുന്നതോടെ ധിക്കാരപൂർവം ചോദിച്ചുവാങ്ങുക എന്നത് ആ മൂല്യത്തിന്‍റെ ലംഘനമായി ചിലപ്പോൾ ചില സ്ത്രീകൾക്കെങ്കിലും തോന്നുന്നുണ്ടാവാം.
തങ്ങൾ വിലപേശുന്നത് റിക്രൂട്ടർമാരിൽ നിന്നും തങ്ങളെ അകറ്റിക്കളയുമോ എന്നവർ പേടിക്കുന്നു
ജോലിചെയ്യുന്ന പുരുഷന്‍റെ ചുമലിൽ വീട്ടിലേക്ക് ചാക്കരി വാങ്ങേണ്ടുന്നതിന്‍റെയും ഫീസടക്കേണ്ടുന്നതിന്‍റെയുമൊക്കെ കാല്പനികഭാരം എടുത്തുവെക്കുന്നുണ്ട് സമൂഹം. എന്നാൽ തൊഴിലെടുക്കുന്ന സ്ത്രീക്ക് പലപ്പോഴും ആ കുടുംബം പുലർത്തുന്ന (bread winning ) റോൾ കല്പിച്ചുകൊടുക്കാത്തതുകൊണ്ട്, ശമ്പളം കിട്ടുന്ന തുക മേക്കപ്പ് സാധനങ്ങൾ വാങ്ങാനും, ഫേഷ്യൽ ചെയ്യാനും, ലെതർ ബാഗ് വാങ്ങാനും മറ്റുമുള്ള പോക്കറ്റ് മണി സംഘടിപ്പിക്കാൻ വേണ്ടിയാവുമ്പോൾ, 'അതിനൊക്കെ അത്ര മതി ' എന്ന ഭാവം അറിയാതെ കടന്നുവരും, അതുമായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ സ്വരങ്ങളിൽ.
ഇവിടെ പ്രശ്നം കിട്ടുന്ന പണത്തിന്‍റേതു മാത്രമല്ല. പണം കൊണ്ട് ഇവിടെ പ്രതിനിധീകരിക്കപ്പെടുന്നത് എന്ത്. കാലങ്ങളായി നമ്മുടെ നാട്ടിൽ, സ്ത്രീ ചെയ്യുന്ന ജോലി, പുരുഷൻ ചെയ്യുന്നതിനേക്കാൾ മൂല്യം കുറഞ്ഞ ഒന്നായി നമ്മുടെ സമൂഹം കാണുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം. വിലപേശുന്നതിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന തന്‍റെ സാമൂഹിക പ്രതിച്ഛായയെപ്പറ്റി സ്ത്രീ ബോധവതിയാവുന്നു എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. തങ്ങൾ വിലപേശുന്നത് റിക്രൂട്ടർമാരിൽ നിന്നും തങ്ങളെ അകറ്റിക്കളയുമോ എന്നവർ പേടിക്കുന്നു. 'അർഹിക്കുന്ന ശമ്പളം' ചോദിച്ചുവാങ്ങുന്നത് പുരുഷനിൽ ഒരു നേതൃഗുണമായി കണക്കാക്കപ്പെടുമ്പോൾ, അതേ സ്വഭാവം സ്ത്രീയിൽ അവരുടെ 'ആക്രാന്ത'മായും ലോഭമായും കണക്കാക്കപ്പെടുന്നു. ഇക്കാര്യത്തിൽ, ഭാവിയിൽ വന്നേക്കാവുന്ന കേസുകൾ പേടിച്ചാണെങ്കിലും, വളരെ നല്ല മാർഗ്ഗരേഖകളും മറ്റും പിന്തുടരുന്ന സ്ഥാപനങ്ങളിൽ പോലും, തങ്ങളുടെ നേട്ടങ്ങളെ ഉയർത്തിക്കാട്ടാൻ സ്ത്രീകൾക്ക് കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്. പുരുഷന്മാർ ഇല്ലാത്ത ക്രെഡിറ്റു പോലും അവകാശപ്പെടുന്നിടത്താണ് ഇതെന്നോർക്കണം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, മാറിവരുന്ന കാലത്തിനൊപ്പം, ഈ അവസ്ഥയിലും മാറ്റങ്ങൾ വന്നുകാണുന്നുണ്ട്. തങ്ങൾക്കുള്ള മൂല്യത്തെപ്പറ്റി ഇന്ന് കൂടുതൽ ബോധവതികളാവുന്നുണ്ട് നമ്മുടെ സ്ത്രീകൾ, പണ്ടേക്കാളും, ഇരുപത്തിരണ്ടുകാരിയായ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, സുരഭി ഷായുടെ വാക്കുകളിൽ ഇന്നത്തെ അവസ്ഥ പറഞ്ഞവസാനിപ്പിക്കാമെന്നു തോന്നുന്നു. " ചോദിക്കും മുമ്പേ എല്ലാം വെള്ളിത്താലത്തിൽ വെച്ച് നീട്ടിക്കിട്ടിയിട്ടുള്ള ആണുങ്ങൾക്ക് എന്തിലും അലക്ഷ്യതയാവാം. ദീർഘവീക്ഷണത്തോടെ ചിലപ്പോഴെങ്കിലും വിട്ടുവീഴ്ചകൾ ചെയ്യാൻ അവർക്കറിയില്ല. എനിക്കും എന്‍റെ കൂട്ടുകാരികൾക്കും ഞങ്ങളോടും, പിന്നെ ഞങ്ങളെ കുറച്ചു കാണുന്ന സമൂഹത്തോടും പലതും തെളിയിക്കാനുണ്ട്. ആ ത്വര കണ്ടറിയാൻ ഇവിടത്തെ റിക്രൂട്ടേഴ്‌സിന് കഴിയുന്നില്ലെങ്കിൽ, നഷ്ടം അവർക്കുമാത്രമാണ്, ഞങ്ങൾക്കല്ല!"
(Ref: https://www.arre.co.in/gender/employment-women-negotiating-salary-equal-pay/)
