Asianet News MalayalamAsianet News Malayalam

ഈ മഹാമാരി, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നോ? വീട്ടുജോലികൾ ചെയ്ത് സ്ത്രീകൾ കഷ്ടപ്പെടുന്നതായി യുഎൻ

ഇതിൽ ഏറ്റവും ഭയാനകമായ കാര്യം പല സ്ത്രീകളും മഹാമാരിയ്ക്ക് ശേഷം ജോലിയ്ക്ക് പോകുന്നില്ല എന്നതാണ്. 

Women suffer badly during the pandemic times
Author
United States, First Published Nov 26, 2020, 4:25 PM IST

മഹാമാരിയുടെ ഈ കാലഘട്ടം എല്ലാവർക്കും ഒരുപോലെ ദുരിതങ്ങളാണ് സമ്മാനിക്കുന്നതെങ്കിലും, സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് എന്നാണ് ഒരു പുതിയ സർവ്വേ പറയുന്നത്. സ്ത്രീകൾക്ക് തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ ഇല്ലാതാകുന്നുവെന്നും വർഷങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ലിംഗസമത്വം ഈ ഒറ്റ വർഷത്തിൽ നഷ്ടമാകാമെന്നും ഡാറ്റ സൂചിപ്പിക്കുന്നു. ഈ മഹാമാരി സമയത്ത് സ്ത്രീകൾ കൂടുതൽ വീട്ടുജോലികളും, കുടുംബപരിപാലനവും ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത് ശമ്പളമുള്ള ജോലികൾ ചെയ്യാൻ സ്ത്രീകൾക്ക് തടസ്സമാകുന്നു. "25 വർഷമെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ലിംഗസമത്വമെല്ലാം ഒരു വർഷത്തിനുള്ളിൽ പൊയ്‌പ്പോകും” യുഎൻ വനിതാ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ അനിത ഭാട്ടിയ പറയുന്നു.  

ഇത് കൂടാതെ, സ്ത്രീകളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തെയും ഈ മഹാമാരി പ്രതികൂലമായി ബാധിക്കുന്നുവെന്നും ഡാറ്റ പറയുന്നു. മഹാമാരിയ്ക്ക് മുൻപ് പുരുഷന്മാർ ചെയ്തിരുന്ന വീട്ടുജോലിയുടെ മൂന്നിരട്ടി വീട്ടുജോലിയാണ് സ്ത്രീകൾ ഇപ്പോൾ ചെയ്യുന്നതെന്ന് അനിത പറയുന്നു. യുഎൻ നടത്തിയ 38 സർവേകളുടെ ഫലമാണ് ഈ കണ്ടെത്തലുകൾ. പ്രധാനമായും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സർവ്വേ. അതേസമയം വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയും സമാനമായ ചിത്രം കാണിക്കുന്നു. 

 

Women suffer badly during the pandemic times

ഇതിൽ ഏറ്റവും ഭയാനകമായ കാര്യം പല സ്ത്രീകളും മഹാമാരിയ്ക്ക് ശേഷം ജോലിയ്ക്ക് പോകുന്നില്ല എന്നതാണ്. "സപ്തംബർ മാസത്തിൽ മാത്രം, യുഎസിൽ, ജോലിയിൽ നിന്ന് പുറത്തുപോയ പുരുഷന്മാരുടെ എണ്ണം 200,000 ആയിരുന്നെങ്കിൽ, സ്ത്രീകളുടെ എണ്ണം 865,000 ആയിരുന്നു. അതിൽ ഭൂരിഭാഗവും കുടുംബം നോക്കാനായിരുന്നു ജോലി ഉപേക്ഷിച്ചത്. മക്കളെ ഏല്പിച്ച് പോരാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു അവരിൽ മിക്കവർക്കും. ഇങ്ങനെ ജോലി നഷ്ടമാകുന്നത്, സ്ത്രീകളുടെ ക്ഷേമത്തിന് മാത്രമല്ല, സാമ്പത്തികപുരോഗതിക്കും, സ്വാതന്ത്ര്യത്തിനും ദോഷകരമാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.

ടോക്കിയോ ആസ്ഥാനമായുള്ള ഒരു ബ്രാൻഡ് കൺസൾട്ടന്റാണ് ടെൻ വാഡ. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ഒരു പാർട്ട് ടൈം നഴ്സറി ടീച്ചർ ജോലി ചെയ്യുകയായിരുന്നു അവർ. വീട്ടുജോലികളും, കുട്ടിയുടെ കാര്യവും, ഒപ്പം പ്രൊഫഷനും കൂടി നോക്കുമ്പോൾ തളർന്നുപോകുന്നു എന്നവർ പറയുന്നു. ലോക്ക്ഡൗൺ സമയത്ത്, ടെനിയും ഭർത്താവും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നുണ്ടെങ്കിലും അവരുടെ ദിവസങ്ങൾ വളരെ വ്യത്യസ്തമാണ്. "അദ്ദേഹം രാവിലെ 9.30 മുതൽ വൈകുന്നേരം 5- 6.30 വരെ ജോലിചെയ്യുന്നു. ഒരു മുറിയിൽ അടച്ചിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം അദ്ദേഹത്തിനുണ്ട്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. എന്നാൽ, പക്ഷേ എനിക്ക് അതിനുള്ള അവസരമില്ല. ഇത് അൽപം അന്യായമാണ് എന്നെനിക്ക് തോന്നാറുണ്ട്" ടെൻ ബിബിസിയോട് പറഞ്ഞു. മൂന്ന് വയസുള്ള മകളെ പഠിപ്പിക്കലടക്കം വീട്ടിലെ ജോലിയുടെ 80% ചെയ്യുന്നത് ടെനാണ്. സ്ത്രീകൾക്ക് ജോലിഭാരം വർദ്ധിച്ചതിന്റെ ഫലമായി ഉയർന്ന തോതിലുള്ള സമ്മർദ്ദവും മാനസികാരോഗ്യ വെല്ലുവിളികളും ഉൾപ്പെടെയുള്ള ആശങ്കാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുവെന്ന് യുഎൻ വനിതകളുടെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ പപ്പാ സെക്ക് പറയുന്നു.  

Women suffer badly during the pandemic times

അതേസമയം ബൊളീവിയയിലെ സെർകാഡോ പ്രവിശ്യയിൽ നിന്നുള്ള കർഷകയായ ഡെലീന വെലാസ്‌ക്വസ് പറയാനുള്ളത് മറ്റൊന്നാണ്. മുൻപ് എല്ലാ ജോലികളും തനിച്ച് ചെയ്യേണ്ടി വന്നിരുന്നു അവർക്ക്. എന്നാൽ, ഇപ്പോൾ ഈ പകർച്ചവ്യാധി സമയത്ത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നുവെന്നും അവർ വീട്ടുജോലികളിൽ തന്നെ സഹായിക്കുന്നുവെന്നും ഡെലീന പറയുന്നു. സ്കൂളിൽ പോകാത്തത് മൂലം എന്റെ മകൾക്ക് ഇപ്പോൾ വീട്ടുകാര്യങ്ങളിൽ എന്നെ സഹായിക്കാൻ സമയം കിട്ടുന്നു. എന്റെ ഭർത്താവ് ഞങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും അദ്ദേഹത്താൽ കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുന്നുവെന്നും അവർ പറഞ്ഞു. "ഇപ്പോഴാണ് എനിക്ക് കൂടുതൽ വിശ്രമം കിട്ടുന്നത്" ഡെലീന പറഞ്ഞു. 

എന്നിരുന്നാലും ഭൂരിഭാഗം സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ് എന്നാണ് സർവ്വേ ഫലങ്ങൾ പറയുന്നത്. കൂടുതൽ സമയവും ശമ്പളമില്ലാത്ത ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശമ്പളമുള്ള ജോലികളിൽ ഏർപ്പെടാൻ സമയം കിട്ടുന്നില്ല എന്നാണ് പറയുന്നത്. ഇത്തരമൊരു പ്രശ്‌നം നിലവിലുണ്ടെന്ന് അംഗീകരിക്കാനും, കൂടുതൽ കുടുംബ അവധിയോ അല്ലെങ്കിൽ ശമ്പളത്തോടുകൂടിയ അവധിയോ, കൂടുതൽ ശിശു സംരക്ഷണ കേന്ദ്രങ്ങൾ തുറക്കുകയോ പോലുള്ള നടപടികൾ സർക്കാരുകൾ നടപ്പിലാക്കണമെന്ന് യുഎൻ ആവശ്യപ്പെടുന്നു.  

(ചിത്രങ്ങൾ പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios