താങ്ങാന്‍ കഴിയാത്ത വയറുവേദനയേയും ശാരീരികാസ്വസ്ഥ്യത്തേയും തുടര്‍ന്നാണ് ലബനന്‍ സ്വദേശിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ടെടുത്തതോ അബദ്ധത്തില്‍ കരളില്‍ തറച്ച പല്ലുകുത്തിയും. അറുപത്തിയൊന്നുകാരിയായ സ്ത്രീക്ക് രണ്ടുമാസമായി തുടര്‍ച്ചയായി അടിവയറില്‍ ശക്തമായ വേദനയുണ്ടായിരുന്നു. ഒപ്പം കടുത്ത പനിയും. 

ഒരുപാട് ആശുപത്രികളില്‍ പരിശോധന നടത്തിയെങ്കിലും അസഹ്യമായ വേദനയുടേയും ശാരീരികാസ്വാസ്ഥ്യങ്ങളുടെയും കാരണം മനസിലായിരുന്നില്ല. ഏറ്റവും ഒടുവില്‍ സിടി സ്കാനില്‍ സ്ത്രീയുടെ കരളില്‍ മൂന്നിഞ്ച് വലിപ്പത്തില്‍ ഒരു തടിപ്പ് കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ ആന്‍റി ബയോട്ടിക്കുകളാണ് നല്‍കിയത്. പക്ഷെ, പിന്നീട് നടത്തിയ എംആര്‍ഐ സ്കാനില്‍ തടിപ്പ് കൂടിയതായി കണ്ടെത്തി. മാത്രമല്ല ഇവരില്‍ കണ്ടെത്തിയ ലക്ഷണങ്ങളില്‍ നിന്ന് പുറത്തുനിന്നും പ്രവേശിച്ച എന്തോ ഒരു വസ്തു ഇവരുടെ ഉള്ളില്‍ മുറിവേല്‍പ്പിച്ചതായും കണ്ടെത്തി. വയറിനും കരളിനും ഇടയില്‍ പഴുപ്പുമുണ്ടായിരുന്നു. അങ്ങനെയാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുന്നത്. അതിലാണ് കരളില്‍ പല്ലുകുത്തി തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഒരാളുടെ കരളില്‍ പല്ലുകുത്തി തറച്ച സംഭവം ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ലബനനിലെ സെയിന്‍റ് ജോര്‍ജ് ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററിലാണ് ഇവര്‍ ചികിത്സ തേടിയത്.