Asianet News MalayalamAsianet News Malayalam

ഇന്ന് ലോക കാന്‍സര്‍ ദിനം; തോറ്റു കൊടുക്കുകയല്ല വേണ്ടത്, അതിജീവിക്കാം

"എല്ലാവരും എന്നായാലും മരിക്കും.. അതുവരെയുള്ള ഓരോ ദിവസവും അറിഞ്ഞു ജീവിക്കാനാണ് ഞാൻ ഒരു കാൻസർ ബാധിതൻ അല്ലെങ്കിൽ കാൻസറിനെ അതിജീവിച്ചവൻ എന്ന നിലയിൽ ശ്രമിക്കുന്നത്.. " ശ്വാസകോശാർബുദം ബാധിച്ചിരിക്കുന്ന പൊതുപ്രവർത്തകനായ ശ്രീകുമാർ പറഞ്ഞു. "കാൻസർ ബാധിച്ചവനെ ഒപ്പം പിടികൂടുന്ന ഒന്നുണ്ട്. കുറ്റബോധം.

world cancer day life of survivors
Author
Thiruvananthapuram, First Published Feb 4, 2019, 11:51 AM IST

ഇന്ന് ലോക കാൻസർ ദിനമാണ്. കാൻസറിനെക്കുറിച്ചോർത്ത് ഭയന്നും വിറച്ചും സങ്കടപ്പെട്ടും ജീവിതം മടുത്തും കഴിച്ചുകൂട്ടേണ്ട ഒരു ദിവസമല്ലിന്ന്. കാൻസറെന്ന ഭീകരനെ തളച്ച, അതിനെ അതിജീവിച്ചുകൊണ്ട് സ്വാഭാവിക ജീവിതം തിരികെപ്പിടിക്കാൻ പോരാടുന്ന നമുക്കിടയിലെ ധീരവ്യക്തിത്വങ്ങളെ അഭിനന്ദിക്കേണ്ട ദിവസമാണ്. സ്ഥിതിവിവരപ്പട്ടികകളിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ജീവിത  ശൈലീ രോഗമാണ് കാൻസർ. ഏത് പ്രായത്തിൽ വരും, ഏത് സ്റ്റേജിൽ തിരിച്ചറിയാനുള്ള ഭാഗ്യം കിട്ടും എന്നുമാത്രം മലയാളി ചിന്തിക്കാൻ തുടങ്ങിയ കാലം. 

കാൻസർ ആരുടെ ജീവിതത്തിലേക്കും വിളിക്കാതെ കേറിവരുന്നൊരു രോഗമാണ്. നമ്മുടെ ശത്രുക്കൾക്കുപോലും വരുത്തല്ലേ എന്ന് നമ്മൾ പ്രാർത്ഥിക്കുന്ന രോഗം. പ്രാർത്ഥനകൾ പലപ്പോഴും വിഫലമാവാറാണ് പതിവ്. ഇന്ന് ഇന്ത്യയിൽ ഇരുപത്തഞ്ചു ലക്ഷത്തിലധികം കാൻസർ രോഗികളുണ്ട്. ഓരോ വർഷവും പതിനൊന്നു ലക്ഷത്തിലധികം പേരിൽ പുതുതായി കാൻസർ കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. ലോകത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ എട്ട് ശതമാനവും ഇന്ത്യയിലാണ്.  

സർജറിയെ അതിജീവിച്ചാൽ ചിലപ്പോൾ ഒരു നാലുകൊല്ലം കൂടി നീട്ടിക്കിട്ടിയേക്കാം പരമാവധി

"എനിക്ക് കാൻസർ വന്നത് കുടലിൽ ആയിരുന്നു. 2014 -ൽ. ഞാൻ ആദ്യം ചോദിച്ച ചോദ്യം എന്തായിരുന്നെന്നോ..? എനിക്കിനി എത്ര കാലമുണ്ട്...?" കോളേജധ്യാപകനായ നാല്‍പതുകാരൻ ഗിരീഷ് കുമാർ ഓർക്കുന്നു. "നിർവികാരമായ മുഖത്തോടെ അന്ന് ഡോക്ടർ പറഞ്ഞത് പരമാവധി ഒരു കൊല്ലം എന്നാണ്. ഞാൻ തകർന്നു പോയി. പിന്നെ, ഡോക്ടർ പറഞ്ഞു, സർജറിയെ അതിജീവിച്ചാൽ ചിലപ്പോൾ ഒരു നാലുകൊല്ലം കൂടി നീട്ടിക്കിട്ടിയേക്കാം പരമാവധി. കീമോ കഴിഞ്ഞ് ഞാൻ സർജ്ജറി ചെയ്തു. എന്റെ കുടലിന്റെ ഒരു കഷ്ണം മുറിച്ചുനീക്കി. ഇത് എന്റെ നാലാമത്തെ കൊല്ലമാണ്. അവർ പറയുന്നതെല്ലാം അതേപടി അനുസരിച്ച് കൃത്യമായ മരുന്നുകളും പരിശോധനയുമായി ഞാൻ മുന്നോട്ടുപോവുന്നു..

ഓരോ ദിവസവും ഉണർന്നെണീറ്റ് ഞാനെന്റെ മക്കളുടെ മുഖത്തേക്ക് നോക്കും. പിന്നെ, ഭാര്യയുടെയും.. അവരോടൊക്കെ എനിക്ക് വല്ലാത്ത സ്നേഹം തോന്നും.. അവരെ വിട്ടുപോവാൻ വയ്യെന്ന് എന്നെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ തിരക്കുകളിൽ മനസ്സിനെ വ്യാപാരിപ്പിച്ച് അസുഖത്തെപ്പറ്റി അല്പനേരത്തേക്കെങ്കിലും മറക്കാൻ ശ്രമിക്കും.. വീട്ടിലുണ്ടാക്കിയതല്ലാതെ ഒരു ഭക്ഷണവും കഴിച്ചുകൂടാ. അധികനേരം പുറത്ത് ചെലവിടണമെങ്കിൽ വിശന്നിരിക്കണം. അങ്ങനെ ചില അസൗകര്യങ്ങളുണ്ടെങ്കിലും, ഈ ലോകത്ത് എന്റെ പ്രിയപ്പെട്ടവരോടൊപ്പം കിട്ടുന്ന ഓരോ ദിവസവും എനിക്ക് അനുഗ്രഹം പോലെയാണ്.. "

ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ രേവതിക്ക് സ്റ്റേജ് 4 ബ്രെസ്റ്റ് കാൻസർ ഡയഗ്‌നോസ് ചെയ്യപ്പെട്ട ദിവസം ഇന്നും മറക്കാൻ കഴിയുന്നില്ല. അസുഖം ബാധിച്ച മുല മുറിച്ചുനീക്കി. അവിടെ പ്രോസ്തെറ്റിക് ബ്രസ്റ്റ് വെച്ചു ജീവിതത്തിലേക്ക് തിരിച്ചു നടന്നു തുടങ്ങി അവർ. കാൻസറുമായുള്ള തന്റെ അഭിമുഖത്തെപ്പറ്റി ഒരു പുസ്തകം തന്നെ അവർ എഴുതിക്കഴിഞ്ഞു. ഹൗസ്‌ വൈഫും ഒരു പതിനെട്ടുകാരന്റെ അമ്മയുമായ ലക്ഷ്മിയുടെ ജീവിതത്തിലേക്ക് ബ്രെസ്റ്റ് കാൻസർ വിരുന്നുവരുന്നത് ചെറിയൊരു നെഞ്ചുവേദനയുടെ രൂപത്തിലാണ്. പിന്നെ, നെഞ്ചിൽ ഒരു മുഴയുണ്ടോ എന്ന സംശയം. മാമ്മോഗ്രാമിൽ സ്റ്റേജ് 2  അർബുദം. പട്ടാളക്കാരനായ ഭർത്താവ് അവധിക്ക് നാട്ടിൽ വന്ന സമയത്തായിരുന്നു കാൻസർ തിരിച്ചറിയുന്നത്.

കാൻസർ ബാധിതർക്കും ഭേദമായി ജീവിതത്തിലേക്ക് മടങ്ങിവരുന്നവർക്കുമായി ഒരു പകൽവീടും അവർ നടത്തുന്നു

എന്തായാലും കീമോ തെറാപ്പി സെഷനുകളിലും തുടർന്നുണ്ടായ ഓപ്പറേഷനുകളിലും കുടുംബം ലക്ഷ്മിയുടെ കൂടെ നിന്നു. ഇപ്പോൾ അസുഖം പൂർണ്ണമായും ഭേദപ്പെട്ടു. ആറുമാസത്തിലൊരിക്കൽ ചെക്കപ്പ്. അത്രമാത്രം. അവിചാരിതമായി വന്നുപെട്ട അർബുദരോഗം ജീവിതത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെപ്പറ്റിയുമുള്ള തന്റെ കാഴ്ചപ്പാടിനെത്തന്നെ ആകെ മാറ്റിമറിച്ചു എന്ന് ലക്ഷ്മി. ജീവിതത്തിൽ നിത്യവും എന്തെങ്കിലുമൊക്കെ പോസിറ്റിവിറ്റി കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ് താനെന്ന് അവർ പറഞ്ഞു. 

സോഫ്റ്റ് വെയർ എഞ്ചിനീയറായ സുനിത ഗർഭപാത്രത്തെ ബാധിച്ച കാൻസറിന്റെ ആറാമത്തെ കീമോയ്ക്കുള്ള തയ്യാറെടുപ്പിലാണ്. 2013 -ലാണ് സുനിതയ്ക്ക് കാൻസർ ഉണ്ടെന്നറിയുന്നത്. അന്നവർ പറഞ്ഞത് ഞാൻ പരമാവധി നാലുവർഷമേ ജീവിച്ചിരിക്കൂ എന്നാണ്. പക്ഷേ, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒക്കെ  പ്രാർത്ഥനകളും പിന്തുണയുമാവും ഇത് ഏഴാമത്തെ കൊല്ലമാണ്. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടു പോവുന്നുണ്ട്. കാൻസർ രോഗികൾക്കായുള്ള സാന്ത്വന ചികിത്സാ പരിപാടികളിൽ സജീവമാണ് ഇന്ന് സുനിത. കാൻസർ രോഗികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാനും അവരിൽ പോരാട്ടവീര്യം ജ്വലിപ്പിച്ചു നിർത്താനുമുള്ള പ്രവർത്തനങ്ങളിലാണ് ഇവരുടെ ശ്രദ്ധ. കാൻസർ ബാധിതർക്കും ഭേദമായി ജീവിതത്തിലേക്ക് മടങ്ങിവരുന്നവർക്കുമായി ഒരു പകൽവീടും അവർ നടത്തുന്നു. ഗർഭാശയ, സ്തനാർബുദങ്ങളെപ്പറ്റി കൃത്യമായ ഇടവേളകളിൽ ക്‌ളാസ്സുകൾ സംഘടിപ്പിച്ച് അവയുടെ നേരത്തെയുള്ള കണ്ടെത്തലിന് വഴിയൊരുക്കുകയാണ് ഇവരുടെ മറ്റൊരു പ്രവർത്തനം. ഇതിനായി ഇടയ്ക്കിടെ വിദഗ്ധഡോക്ടർമാരുടെ നേതൃത്വത്തിലുളള സെമിനാറുകളും ഡിറ്റക്ഷൻ ക്യാമ്പുകളും ഇവരുടെ NGO സംഘടിപ്പിക്കുന്നുണ്ട്. 

"എല്ലാവരും എന്നായാലും മരിക്കും.. അതുവരെയുള്ള ഓരോ ദിവസവും അറിഞ്ഞു ജീവിക്കാനാണ് ഞാൻ ഒരു കാൻസർ ബാധിതൻ അല്ലെങ്കിൽ കാൻസറിനെ അതിജീവിച്ചവൻ എന്ന നിലയിൽ ശ്രമിക്കുന്നത്.. " ശ്വാസകോശാർബുദം ബാധിച്ചിരിക്കുന്ന പൊതുപ്രവർത്തകനായ ശ്രീകുമാർ പറഞ്ഞു. "കാൻസർ ബാധിച്ചവനെ ഒപ്പം പിടികൂടുന്ന ഒന്നുണ്ട്. കുറ്റബോധം. തന്റെ തെറ്റുകൊണ്ടാണ് തനിക്കീ അസുഖം വന്നത് എന്ന അടങ്ങാത്ത കുറ്റബോധം. തന്റെ മക്കളുടെയും പറക്കമുറ്റാത്ത മക്കളുടെയും മുഖത്ത് പിന്നെ നേരെ നോക്കാൻ അവനാവില്ല. ഞാൻ സിഗരറ്റു വലിക്കാതിരുന്നെങ്കിൽ, അല്ലെങ്കിൽ മദ്യപിക്കാതിരുന്നെങ്കിൽ എന്റെ മക്കൾക്ക് ഇത്ര പെട്ടെന്ന് അച്ഛനെ നഷ്ടമാവുന്ന അവസ്ഥ വരുമായിരുന്നില്ല എന്നുള്ള ബോധം തിരിച്ചുപിടിക്കാനാവാത്ത ഒന്നാണ്. ആ ഒരു തോന്നലിനെയാണ് കാൻസറിനുമുമ്പ് നമ്മൾ അതിജീവിക്കാനുള്ളത്. " ഇത്തരത്തിലുള്ള മാനസികമായ പ്രയാസങ്ങളുടെയും ഉത്കണ്ഠകളെയുമൊക്കെ അതിജീവിക്കാനുള്ള സപ്പോർട്ട് ഗ്രൂപ്പുകൾ ഇനിയും നമ്മുടെ നാട്ടിൽ ഉയർന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എനിക്ക് കാൻസറുണ്ടോ..?

കാൻസർ അഥവാ അർബുദം എന്ന രോഗം ഇന്ന് പണ്ടേപ്പോലെ ഭയപ്പെടേണ്ട ഒന്നല്ല. ഇന്നുള്ള 70% കാൻസറുകളുടെയും കാരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. 60% അർബുദങ്ങളും നമുക്ക് വരാതെ സൂക്ഷിക്കാനാവും. 80% കാൻസറുകളും  യഥാസമയം കണ്ടുപിടിക്കപ്പെട്ടാൽ (സ്റ്റേജ് 1, 2) പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നവയാണ്. കാൻസർ നമ്മുടെ ശരീരത്തെ ബാധിച്ചുതുടങ്ങുമ്പോഴേ ഡോക്ടറുടെ അടുത്തെത്തുക എന്നതാണ് പ്രധാനം. അർബുദം ബാധിക്കുന്ന പത്തുപേരിൽ ഏഴുപേരും ടെർമിനൽ സ്റേജിൽ മാത്രമാണ് ഡോക്ടറുടെ അടുത്ത് എത്തിച്ചേരുന്നത്. അസ്വാഭാവികമായുണ്ടാവുന്ന അസുഖലക്ഷണങ്ങളെ അവഗണിക്കാതെ വേണ്ട പരിശോധനകൾ നടത്തുക എന്നതുമാത്രമാണ് ഇത് ഒഴിവാക്കാനുള്ള ഒരേയൊരു മാർഗ്ഗം. പതിവിൽ കവിഞ്ഞ ക്ഷീണം, ദേഹത്തുവരുന്ന അസാധാരണമായ പാടുകൾ, മുഴകൾ, അരിമ്പാറകൾ, നിറവ്യത്യാസം  എന്നിവ, നിർത്താതെയുള്ള ചുമ, അകാരണമായ രക്തസ്രാവം, ചുരുങ്ങിയ കാലയളവിനുള്ളിലുണ്ടാവുന്ന അകാരണമായ ഭാരക്കുറവ് എന്നിവ തുടർ പരിശോധനകൾക്ക് വിധേയമാക്കേണ്ട ലക്ഷണങ്ങളാണ്. 

അർബുദം നമ്മളെ രണ്ടുതരത്തിൽ ബാധിക്കാം. പാരമ്പര്യമായി അർബുദം വരാനുളള സാധ്യത 10% ആണ്. ചില കാൻസറുകൾ ദോഷകരമായ കെമിക്കലുകളും, പൊടി, പുക, റേഡിയേഷൻ തുടങ്ങിയവയോടുള്ള ഇടപെടൽ കൊണ്ടു വരുന്നതാണ്. ശേഷിക്കുന്നവ നമ്മുടെ ജീവിതശൈലിയിലെ ഘടകങ്ങൾകൊണ്ടും.. നമ്മുടെ ഭക്ഷണ രീതികൾ, ദുശ്ശീലങ്ങൾ, വിശ്രമം, വിനോദം അങ്ങനെ പലതിനെയും ആശ്രയിച്ചിരിക്കും അത്. പ്രോസ്ട്രേറ്റ്, കിഡ്‌നി, ബ്ലാഡർ, ബ്രെസ്റ്റ് കാൻസറുകൾ പൂർണ്ണമായും ഭേദപ്പെടുന്നവയാണ്. എഴുപതുകളിൽ ആളെക്കൊല്ലിയായിരുന്ന ലുക്കീമിയ രോഗം ഇന്ന് 70 ശതമാനത്തിലധികം ചികിത്സയിലൂടെ ഭേദപ്പെടുന്നുണ്ട്. ശ്വാസകോശം, കരൾ, തൊണ്ട യുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകളിലാണ് താരതമ്യേന കുറഞ്ഞ അതിജീവനനിരക്ക്. അവയുടെ ചികിത്സാരംഗത്ത് ത്വരിതഗതിയിൽ ഗവേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്. 

കാൻസർ ചികിത്സാ രംഗത്തെ മുന്നേറ്റങ്ങൾ    

ചികിത്സാരംഗത്ത് ഇന്നുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ കാൻസർ ചികിത്സയെ കൂടുതൽ ഫലപ്രദമാക്കിയിട്ടുണ്ട്. കാൻസറിനോട് പൊരുതാൻ നമ്മുടെ പ്രതിരോധ കോശങ്ങളെ സജ്ജമാക്കുന്ന ഇമ്യൂണോ തെറാപ്പി, കൃത്യമായി കാൻസർ രോഗങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന പുതിയ മരുന്നുകൾ ഉപയോഗിച്ചുള്ള ടാർഗെറ്റഡ് തെറാപ്പി എന്നിവ ഉദാഹരണങ്ങളാണ്. ജീൻ റീപ്ളേസ്മെന്റ് പോലുള്ള ജനിതക സാങ്കേതികരംഗത്തെ പുതിയ ട്രെൻഡുകളും കാൻസർ ചികിത്സയിൽ ഗവേഷകരെ സഹായിക്കുന്നുണ്ട്. 

കാൻസർ ബാധിച്ചാൽ ജീവിതം മടുക്കുകയോ, സങ്കടപ്പെട്ട് വേണ്ട ചികിത്സ തേടാതെ വ്യാജവൈദ്യന്മാരുടെ അടുക്കൽ ചെന്ന് ഒറ്റമൂലികൾ പ്രയോഗിച്ച് അസുഖം വഷളാക്കുകയോ അല്ല വേണ്ടത്. കൃത്യമായ ചികിത്സ, ചിട്ടയോടുള്ള ഭക്ഷണം, സമീകൃതമായ ജീവിത ശൈലി എന്നിവയിലൂടെ ആർക്കും അതിജീവിക്കാവുന്ന ഒരു സാധാരണ രോഗം മാത്രമാണ് കാൻസർ ഇന്ന്. ആ ബോധ്യം സ്വയം ഉണ്ടായിരിക്കുകയും, മറ്റുളളവരെ അതേപ്പറ്റി ബോധവാന്മാരാക്കുകയും ചെയ്യാനാനുള്ള ഒരു അവസരമാവട്ടെ നമുക്കെല്ലാവർക്കും  ഈ 'ലോക  കാൻസർ  ദിനം.' 


  
 

Follow Us:
Download App:
  • android
  • ios