വർഷം ചെല്ലുന്തോറും ജനസംഖ്യ കൂടിവരുന്ന ഒരു പ്രവണതയാണ് നമ്മൾ പൊതുവെ കണ്ടുവരുന്നത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്‍തമായി ഒരു പുതിയ പഠനം പറയുന്നത്, ഈ നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ജനസംഖ്യ ഗണ്യമായി കുറയുമെന്നാണ്. അടുത്ത 30 വർഷത്തിനുള്ളിൽ ഇത് 200 കോടി വർദ്ധിക്കുമെന്നായിരുന്നു യു എൻ പ്രവചിച്ചിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായി അടുത്തകാലത്തായി നടത്തിയ ഒരു പഠനം പറയുന്നത്,  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യ യുഎൻ പ്രവചനത്തേക്കാൾ 200 കോടി കുറവായിരിക്കും എന്നാണ്.    
 
യുഎസിലെ വാഷിംഗ്‍ടൺ സർവകലാശാല നയിച്ച ഈ പഠനം പ്രസിദ്ധീകരിച്ചത് ലാൻസെറ്റാണ്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസിന്‍റെ 2017 പഠനത്തിൽ 195 രാജ്യങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുപ്രകാരം, ലോക ജനസംഖ്യ 2064 -ൽ 970 കോടിയായി ഉയരുമെങ്കിലും, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി കുറയുമെന്നും പറയുന്നു. ജപ്പാൻ, സ്‌പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യ പകുതിയാകും. എന്നാൽ, ഉപ-സഹാറൻ ആഫ്രിക്കയിലെ ജനസംഖ്യ അടുത്ത 80 വർഷത്തിനുള്ളിൽ മൂന്നിരട്ടിയാകുമെന്നും അതിൽ പറയുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ചൈനയും ഇന്ത്യയും 2050 -ന് മുമ്പ് ജനസംഖ്യാ വർദ്ധനവ് രേഖപ്പെടുത്തുമെന്നും, അതിനുശേഷം ജനസംഖ്യ കുത്തനെ കുറയുമെന്നും പഠനത്തിൽ പറയുന്നു. കൂടാതെ, ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നും അതിൽ പറയുന്നു. 140 കോടി ജനങ്ങളുള്ള ചൈനയിൽ 2100 ഓടെ അത് കുത്തനെ 73 കോടിയായി കുറയുമ്പോൾ, ഇന്ത്യയിൽ 2100 ഓടെ ജനസംഖ്യ 110 കോടിയാകുമെന്നും പഠനത്തിൽ പറയുന്നു.     

അതുപോലെതന്നെ ലോകത്തിൽ പ്രായമായവരുടെ എണ്ണവും വളരെ കൂടുതലാകുമെന്നും, യുവാക്കൾ കുറയുമെന്നും പഠനം പറയുന്നു. 2100 ഓടെ 65 വയസ്സിനു മുകളിലുള്ള 237 കോടി ആളുകളായിരിക്കും ലോകത്തുണ്ടാവുക. 20 വയസ്സിന് താഴെയുള്ളവർ 170 കോടിയും. നിലവിൽ 80 വയസ്സിന് മുകളിലുള്ളവർ 14 കോടിയാണ്. അത് 86.6 കോടി ആകും. കൂടാതെ ജനസംഖ്യ കുറയുമ്പോൾ കുടിയേറ്റങ്ങൾ കൂടും. ആളുകൾ തൊഴിൽതേടി വിദേശത്തേക്ക് ചേക്കേറാൻ സാധ്യത കൂടും. 2100 -ൽ ഇന്ത്യയിൽ രണ്ടാമത്തെ വലിയ നെറ്റ് ഇമിഗ്രേഷൻ ഉണ്ടാകുമെന്നാണ് പ്രവചനം. 2100 -ഓടെ അരലക്ഷത്തോളം ആളുകൾ രാജ്യത്തേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതുപോലെ തന്നെ ജനസംഖ്യ കുറയുമ്പോൾ ജോലിചെയ്യുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. പഠനപ്രകാരം 2100 -ൽ, ലോകത്തിലെ ഏറ്റവും കൂടുതൽ ജോലിചെയ്യുന്നവർ ഇന്ത്യയിലായിരിക്കും. തൊട്ടുപിന്നിൽ നൈജീരിയ, ചൈന, യുഎസ്. ഏഷ്യയിലെ ഒരു പ്രധാന ശക്തിയായി ഇന്ത്യ വളരുമെന്നും അതിൽ പ്രവചിക്കുന്നു. 2050 -ഓടെ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം അമേരിക്കയെ മറികടക്കുമെങ്കിലും 2100 ഓടെ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് അവർ പ്രവചിക്കുന്നു. ഇന്ത്യയാകട്ടെ ജിഡിപി റാങ്കിംഗിൽ ഏഴാംസ്ഥാനത്ത് നിന്ന് മൂന്നാമതായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, യുകെ എന്നിവ ലോകത്തിലെ ഏറ്റവും വലിയ 10 സമ്പദ്‌വ്യവസ്ഥകളായി തുടരും. 

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, അവകാശങ്ങൾക്കും ഊന്നൽ നൽകുന്ന സാമൂഹ്യ പരിസ്ഥിതിയാണ് ഈ നല്ല മാറ്റത്തിന്റെ പിന്നിൽ. ജനസംഖ്യ കുറയുന്നത് കാലാവസ്ഥയ്ക്കും, ഭക്ഷ്യ വിതരണ സംവിധാനത്തിനും ഒക്കെ നല്ലതാണെങ്കിലും, ചില മേഖലകളെ അത് പ്രതിക്കൂലമായി ബാധിക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. "പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ ഉൽപാദനം എന്നിവയിൽ ഗുണപരമായ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാകുന്നത്. പക്ഷേ, തൊഴിൽ, സാമ്പത്തിക വളർച്ച, സാമൂഹിക പിന്തുണാ സംവിധാനങ്ങൾ എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കാം” പഠനം പറയുന്നു.