വെള്ളപ്പാണ്ട് രോഗം ബാധിച്ചതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച 36-കാരിയായ യുവതി തന്‍റെ ദുരതം വിവരിച്ചു. രോഗം മൂലം മുടി നരയ്ക്കുകയും കൊഴിയുകയും ചെയ്തതോടെ ഭർത്താവ് പൊതുയിടങ്ങളിൽ നിന്ന് മാറ്റിനിർത്തി. പിന്നാലെ16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം.
ചൈനയിലെ മധ്യ ഹെനാൻ പ്രവിശ്യയിലെ ഷാങ്‌ക്യുവിൽ നിന്നുള്ള 36 -കാരി വിട്ടുമാറാത്ത ഒരു ത്വക്ക് രോഗമായ വിറ്റിലിഗോ മൂലമുണ്ടായ മുടി കൊഴിച്ചിൽ മൂലം ഭർത്താവ് വിവാഹമോചനം നേടിയെന്നും ചികിത്സയ്ക്ക് പണം നൽകുന്നില്ലെന്നും പരാതിപ്പെട്ടു. തന്‍റെ രോഗാവസ്ഥ കാരണം ഭർത്താവ് തന്നെ പൊതുപരിപാടികളിൽ കൊണ്ടുപോകുന്നത് നിർത്തി. തന്‍റെ രൂപം ഭർത്താവിന് നാണക്കേടുണ്ടാക്കുമെന്ന് ആരോപിച്ചെന്നും യുവതി പറയുന്നു. രണ്ട് വർഷം മുമ്പാണ് യുവതിക്ക് രോഗാവസ്ഥ കണ്ടെത്തിയതെന്നും പിന്നാലെ ഇവരുടെ മുടിയുടെ വലിയൊരു ഭാരം നരച്ചെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം, പിന്നാലെ ഒറ്റപ്പെടൽ
മുടികൊഴിച്ചിൽ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് യുവതിക്ക് വെള്ളപ്പാണ്ട് ബാധിച്ചെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഇത് ചർമ്മം, മുടി എന്നിവയിലെ പിഗ്മെന്റ് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു രോഗമാണ്. ഇതോടെ രോഗബാധയുള്ള സ്ഥലത്തെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവിടെ വെള്ള നിറം പ്രകടമാവുകയും ചെയ്യും. രോഗം മൂർച്ഛിച്ചതോടെ ലീയുടെ മുടി കൊഴിച്ചിൽ കൂടുതൽ ശക്തമായി. ലീയ്ക്ക് കാഴ്ചയിൽ പെട്ടെന്ന് പ്രായമായതായി തോന്നിയെന്ന് ഹെനാൻ ടിവി റിപ്പോർട്ട് ചെയ്യുന്നു. രോഗം മൂർച്ഛിച്ച് തൊലിയുടെ നിറം മാറിത്തുടങ്ങിയതോടെ സ്വന്തം വീട്ടിൽ നിന്നും താൻ പതുക്കെ പുറത്താക്കപ്പെടുന്നതായി ലീയ്ക്ക് തോന്നി. ചികിത്സയ്ക്കുള്ള യാത്രകൾ അവരൊറ്റയ്ക്കായി. ഭർത്താവ് ലീയുടെ രോഗാവസ്ഥയെക്കുറിച്ച് ഒരിക്കൽ പോലും ചോദിച്ചില്ല, മാത്രമല്ല., ചികിത്സാ ചെലവുകൾ നൽകാൻ അയാൾ തയ്യാറായില്ല. ലീയുടെ രൂപം തനിക്ക് നാണക്കേടുണ്ടാക്കുമെന്ന് പരാതിപ്പെട്ട ഭർത്താവ്. അവരെ പൊതു പരിപാടികൾക്ക് കൊണ്ടുപോകുന്നത് നിർത്തി. മുടി കൊഴിച്ചിൽ കാരണം, മറ്റ് കുട്ടികൾ അവളെ "ദി റൊമാൻസ് ഓഫ് ദി കോണ്ടോർ ഹീറോസ്" എന്ന ടെലിവിഷൻ നാടകത്തിലെ ആകർഷകമല്ലാത്ത കഥാപാത്രമായ ക്യു ക്വിയാഞ്ചി എന്ന് വിളിച്ച് കളിയാക്കി.
ഒടുവിൽ വിവാഹമോചനം
രോഗം മൂർച്ഛിച്ചതിന് പിന്നാലെ 16 വർഷം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ടു. ലിയും ഭർത്താവും വിവാഹമോചനം നേടി, കുട്ടിയുടെ സംരക്ഷണാവകാശം ലീക്കായിരുന്നു. ചികിത്സയ്ക്കോ കുട്ടികളുടെ കാര്യം നോക്കാനോ അദ്ദേഹം സാമ്പത്തിക സഹായമൊന്നും നൽകുന്നില്ലെന്നും ലീ മാധ്യമങ്ങളോട് പരാതിപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾ നോക്കണമെന്നും ചികിത്സ തുടരണമെന്നും ലി ആഗ്രഹം പ്രകടിപ്പിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ലിയുടെ വാർത്ത ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. വെള്ളപ്പാണ്ട് പകരുന്ന രോഗമല്ലെന്നും അത് തൊലിപ്പുറത്തെ നിറം മാറ്റം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും നിരവധി പേർ കുറിച്ചു. ശരീരത്തിന്‍റെ ഏത് ഭാഗത്തെയും വെള്ളപ്പാണ്ട് ബാധിക്കാമെന്നും ആഗോള ജനസംഖ്യയുടെ രണ്ട് ശതമാനം ആളുകളിലും ഈ രോഗം ബാധിച്ചവാരാണെന്നും ഹെനാൻ ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.


