വിജയനെതിരെ സക്കറിയ, അതിനെതിരെ ഒവി ഉഷ, മധുസൂദനന്‍ നായര്‍, ആഷാ മേനോന്‍,  പിന്നെ നടന്നത്...

ചടങ്ങ് അപൂര്‍വ്വമായൊരു തല്‍സമയ സംവാദത്തിനാണ് വഴിയൊരുക്കിയത്. വേദിയിലുണ്ടായിരുന്ന, വിജയന്റെ സഹോദരിയും എഴുത്തുകാരിയുമായ ഒ.വി ഉഷയും വിജയനെക്കുറിച്ച് ഒരു പാട് എഴുതിയിട്ടുള്ള നിരൂപകന്‍ ആഷാ മേനോനും പ്രശസ്ത കവി മധുസൂദനന്‍ നായരും തല്‍സമയം തന്നെ സക്കറിയയുടെ നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നു. അതിനെല്ലാം സക്കറിയ അവിടെവെച്ചുതന്നെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി നല്‍കുകയും ചെയ്തു. 

ഒ വി വിജയന്‍ ആര്‍എസ്എസിനെ പിന്തുണച്ചിട്ടുണ്ടോ? 

മലയാള സാഹിത്യ, സംസ്‌കാരിക രംഗങ്ങളെ നേരത്തെ തന്നെ ചൂടുപിടിപ്പിച്ച ഒരു ചോദ്യമായിരുന്നു ഇത്. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ നിരവധി തവണ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ വിജയന്‍ ഹിന്ദുവര്‍ഗീയതയ്ക്ക് എതിരായ നിലപാടുകള്‍ മയെപ്പടുത്തി എന്നായിരുന്നു സക്കറിയയയുടെ വിമര്‍ശനം. സംഘപരിവാര്‍ സംഘടനകളോടുള്ള നിലപാടുകളിലെ മാറ്റങ്ങള്‍, ഇതുപോലൊരു കാലത്ത്, വിജയനെപ്പോലെ ജാഗ്രതയുള്ള ഒരു ധിഷണാശാലി ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സക്കറിയ വ്യക്തമാക്കിയിരുന്നു. വിജയന്‍ ജീവിച്ചിരിക്കുന്ന കാലത്തും ശേഷവും വിവിധ ഇടങ്ങളില്‍ സക്കറിയ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അക്കാലത്ത് തന്നെ, നിരവധി പേര്‍ ഇതിനെ ചോദ്യം ചെയ്യുകയും എഴുത്തുകാരന്റെ നിലപാടിനെക്കുറിച്ചുള്ള വലിയ സംവാദങ്ങളിലേക്ക് അവ വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. 

അതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു കഴിഞ്ഞ ദിവസം തസറാക്കില്‍ നടന്ന ചടങ്ങിലും സക്കറിയ. ഒ.വി. വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ 2018 ജൂലായ് 1, 2 തിയതികളില്‍ തസ്രാക്കില്‍വച്ചുനടന്ന മധുരം ഗായതി കഥയുല്‍സവത്തിന്റെ രണ്ടാം ദിനത്തിലാണ് സക്കറിയ വിജയന്റെ നിലപാടുകളെ വിമര്‍ശിച്ചത്. മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന് ഇളക്കം തട്ടിക്കുന്ന നിരവധി സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണ സക്കറിയയുടെ വിജയന്‍ വിമര്‍ശനം. 

എന്നാല്‍, ആ ചടങ്ങ് അപൂര്‍വ്വമായൊരു തല്‍സമയ സംവാദത്തിനാണ് വഴിയൊരുക്കിയത്. വേദിയിലുണ്ടായിരുന്ന, വിജയന്റെ സഹോദരിയും എഴുത്തുകാരിയുമായ ഒ.വി ഉഷയും വിജയനെക്കുറിച്ച് ഒരു പാട് എഴുതിയിട്ടുള്ള നിരൂപകന്‍ ആഷാ മേനോനും പ്രശസ്ത കവി മധുസൂദനന്‍ നായരും തല്‍സമയം തന്നെ സക്കറിയയുടെ നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നു. അതിനെല്ലാം സക്കറിയ അവിടെവെച്ചുതന്നെ ഉരുളയ്്ക്കുപ്പേരി പോലുള്ള മറുപടി നല്‍കുകയും ചെയ്തു. 

ആ സംവാദത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറും ബ്ലോഗറുമായ ഷാജി മുള്ളൂക്കാരന്‍ അവ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു. 1200 വ്യൂസ് ഇതിനകം നേടിയ ആ വീഡിയോ ഇതാ ഇവിടെ: