വായനയുടെ അധോലോകത്തെ കൊച്ചുപുസ്തകങ്ങള്‍ യാക്കോബ് തോമസ് എഴുതുന്നു
ഗൗരവമായ വായന നടക്കുന്ന ലൈബ്രറികളില് ഇവയ്ക്ക് പ്രവേശനമില്ല, പുസ്തകങ്ങള് വില്ക്കപ്പെടുന്ന ബുക് സ്റ്റാളുകളിലോ മറ്റോ കിട്ടാറുമില്ല. മറിച്ച് നിഗൂഢമായിട്ടാണ് ഇവയുടെ വില്പനയും ചെലവാകലുമെല്ലാം. കൈമാറലിലൂടെയാണ് ഇവ വായിക്കപ്പെടുന്നത്. മിക്കപ്പോഴും തുടക്കവും ഒടുക്കവുമില്ലാത്ത കീറിപ്പറിഞ്ഞ് ഏടുകളായിട്ടാണ് ഇവ കിട്ടുക. പുസ്തകക്കൂട്ടത്തിലോ മറ്റോ സൂക്ഷിക്കാനാവാത്ത ഇവ അരയിലും പോക്കറ്റിലും മറ്റുമാണ് സൂക്ഷിക്കുക. എന്നല്ല ആരും കാണാത്ത ഇടങ്ങളിലൊക്കെ ഒളിപ്പിച്ചുവച്ചാണ് ഇവയെ പാരായണം ചെയ്യുന്നതുതന്നെ.
പുസ്തകം എന്നു കോള്ക്കുമ്പോഴേ മലയാളിയുടെ മനസില് ചിലപ്പോള് കടന്നുവരുന്നതാണ് കൊച്ചുപുസ്തകം അഥവാ കമ്പിപ്പുസ്തകം എന്നത്. അശ്ലീലമെന്നു മുദ്രകുത്തി വായനയുടെ അധോലോകത്ത് മാത്രം സ്ഥാപിച്ചിരിക്കുന്നവയാണ് ഇവ. ഇന്റര്നെറ്റിന്റെ പ്രചാരത്തിനു മുമ്പ് - തൊണ്ണൂറുകള്ക്കുമുമ്പ്- കേരളീയ ആണ്കൗമാരങ്ങളുടെ ആണത്തരൂപീകരണത്തിലെ പ്രധാന വായനാ സാമഗ്രിയായിരുന്നു ഈ പുസ്തകങ്ങള്. പലരൂപത്തിലാണിവ കാണുക. മാസികാ രൂപത്തിലും നോവലുകള്പോലെയുള്ളവയായും. കൃത്യമായ പേരോ മറ്റോ കാണില്ല, എഴുത്തുകാരും പ്രത്യക്ഷപ്പെടില്ല. മറിച്ച് ആദിയും അന്തവുമില്ലാത്ത വിധത്തിലാണിവ. ഗൗരവമായ വായന നടക്കുന്ന ലൈബ്രറികളില് ഇവയ്ക്ക് പ്രവേശനമില്ല, പുസ്തകങ്ങള് വില്ക്കപ്പെടുന്ന ബുക് സ്റ്റാളുകളിലോ മറ്റോ കിട്ടാറുമില്ല. മറിച്ച് നിഗൂഢമായിട്ടാണ് ഇവയുടെ വില്പനയും ചെലവാകലുമെല്ലാം. കൈമാറലിലൂടെയാണ് ഇവ വായിക്കപ്പെടുന്നത്. മിക്കപ്പോഴും തുടക്കവും ഒടുക്കവുമില്ലാത്ത കീറിപ്പറിഞ്ഞ് ഏടുകളായിട്ടാണ് ഇവ കിട്ടുക. പുസ്തകക്കൂട്ടത്തിലോ മറ്റോ സൂക്ഷിക്കാനാവാത്ത ഇവ അരയിലും പോക്കറ്റിലും മറ്റുമാണ് സൂക്ഷിക്കുക. എന്നല്ല ആരും കാണാത്ത ഇടങ്ങളിലൊക്കെ ഒളിപ്പിച്ചുവച്ചാണ് ഇവയെ പാരായണം ചെയ്യുന്നതുതന്നെ. വായിക്കുന്നവരൊക്കെ പാപമാണെന്ന മട്ടില് കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളുടെ ധര്മവും വ്യക്തമാണ്, ലൈംഗികാഭിനിവേശം സാധ്യമാക്കുക. കേരളത്തിലെ ആണ്കൗമാരങ്ങളെ ലൈംഗികവിദ്യാഭ്യാസം നല്കുന്നതില് ഇത്തരം പുസ്തകങ്ങള്ക്കുള്ള പങ്ക് അനിഷേധ്യമാണ്.
ഇതിലെ അറിവുകള് ആണുങ്ങളെ അബദ്ധങ്ങളിലാണ് ചാടിക്കുകയെന്നതാണ് വാസ്തവം
വായനയുടെ അധോലോകം
മലയാളത്തിലെ പൊതുബോധത്തില് കൊച്ചു/കമ്പിപുസ്തകം എന്ന വിളിപ്പേരില് സൂചിതമാകുന്നത് വിപുലമായ ഇറോട്ടിക്ക് സാഹിത്യം മൊത്തമാണെന്നുകാണാം. 'മറ്റേത്' എന്ന് മലയാളി സൂചിപ്പിക്കുന്നവ. കേവലം ലൈംഗികതാ മാസികകള് മാത്രമല്ല. ഇറോട്ടിക് സാഹിത്യത്തിന്റെ വിപുലമായ ചരിത്രം മിക്ക സമൂഹങ്ങളിലും വലിയ വിവാദങ്ങള്ക്ക് വഴിതെളിച്ചിട്ടുണ്ടെന്നുകാണാം. പ്രാചീന ഗ്രീസിലും മറ്റും രൂപപ്പെടുന്ന ഇവ ആധുനിക കാലത്ത് യൂറോപ്പിലൊക്കെ വലിയ കോലാഹലങ്ങള് സൃഷ്ടിക്കുന്നു. ഡെക്കറമണ് കഥകളും ലേഡി ചാറ്റര്ലിയുടെ കാമകനും ലോലിതയും ഫാനി ഹില്ലുമൊക്കെ അരുതുകളുടെ കൂട്ടത്തില് പെടുത്തിയാണ് പൊതുവില് അടയാളപ്പെടുത്തുന്നത്. ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വലിയ സംവാദങ്ങള് സൃഷ്ടിക്കുകയായിരുന്ന ഇത്തരം കൃതികള് വായനയെന്ന പ്രക്രിയയെ ശ്ലീലം / അശ്ലീലം എന്ന വേര്തിരിവില് നിന്ന് മോചിപ്പിക്കുകയായിരുന്നു. നമ്മുടെ നാട്ടില് ഇവയോട് കിടപിടിക്കുന്ന കൃതികളൊന്നും തന്നെയില്ലെന്നു പറയാം.ലൈംഗികത പറയുന്ന സാഹിത്യത്തെയൊക്കെ മണിപ്രവാളമെന്ന പേരില് മുദ്രയടിക്കുകയും മാറ്റിനിര്ത്തുകയും ചെയ്യുന്ന പതിവുണ്ട്. ആ പ്രവര്ത്തനങ്ങളുടെ മറ്റൊരു തലമാണ് മാസികാ രൂപത്തില് കിട്ടുന്ന കൊച്ചുപുസ്തകങ്ങളെ വായനയുടെ അധോലോകത്തിലേക്ക് തള്ളുന്നത്.
ഇവയിലെ കഥകളും ആഖ്യാനങ്ങളും പറയുന്നത്, ലൈംഗികതയെന്നതുതന്നെ ആണിന്റെ ലിംഗാധികാരമാണെന്നുള്ളതാണ്. പെണ്ണെന്ന ശരീരത്തിന്റെ എല്ലാം യോനിയാണെന്നും അതിലേക്കുള്ള ആണിന്റെ പ്രവേശനമാണ് ലൈംഗികതയെന്നും ഇവ പഠിപ്പിക്കുന്നു. ഇതിനു പറ്റിയ ഒരു കഥ പറയുകയാണ് ഈ പുസ്തകങ്ങളുടെ ആഖ്യാനരീതി. അതിനിടയില് നഗ്നചിത്രങ്ങളും.
ചിത്രങ്ങള് തന്നെ സവിശേഷമായ ആഖ്യാനമായിട്ടാണ് ഇവയില് കാണുക. ശരീരത്തിലെ അവയവങ്ങള്ക്ക് മാനകഭാഷയിലെ വാക്കുകള്ക്കുപരി ആണ്തെറിയെന്നു പറയുന്ന വാക്കുകളാകും ഉപയോഗിക്കുക എന്നതും പ്രധാനമാണ്. ഇതിലെ അറിവുകള് ആണുങ്ങളെ അബദ്ധങ്ങളിലാണ് ചാടിക്കുകയെന്നതാണ് വാസ്തവം. സംഭോഗമെന്നു പറയുന്നത് വളരെ സമയം നീണ്ടുനില്ക്കുന്നതാണെന്നും അതിലൂടെയാണ് സ്ത്രീ ലൈംഗിക സുഖമറിയുന്നതെന്നും അതിനാല് പുരുഷന്റെ ലിംഗത്തിന്റെ കരുത്താണ് ലൈംഗികതയുടെ അടിസ്ഥാനമെന്നൊക്കെയുള്ള അബദ്ധങ്ങള് 'ശരിയായ' അറിവുകളായി കേരളീയ ആണ്ഭാവനയിലുറപ്പിച്ചതില് കമ്പിപുസ്തക വിനിമയങ്ങള്ക്ക് പങ്കുണ്ട്.
ലൈംഗികത പാപമായിരിക്കുന്ന ആധുനിക സാഹചര്യത്തില് അവയെക്കുറിച്ച് അറിയാനുള്ള പ്രാഥാമിക ഉപകരണങ്ങളായിട്ടാണ് ഇവ ആണ് സമൂഹത്തില് വേരോടിയിരുന്നത്. സ്വയംഭോഗം ചെയ്യാനുള്ള പ്രചോദനവുമായി പ്രാക്ടിക്കല് ധര്മവും അവ നിര്വഹിച്ചിരുന്നു. ഇന്റര്നെറ്റ് പ്രചാരണത്തോടെ അവയുടെ സ്ഥാനം പോണ് കൈയടക്കുകയെങ്കിലും നെറ്റില് വ്യാപകമായി കമ്പിക്കഥകള് പ്രചാരത്തിലുണ്ടെന്നുള്ളതാണ് വാസ്തവം.
കുടുംബത്തിനു പുറത്ത് തേടുന്നതാണ് മിക്കഭാവനകളുടെയും കാതല്
മതേതര ഇടം
കേവലമായി ലൈംഗിക ഭാവനകളെ ഉദ്ദീപിക്കുന്ന കഥകളായി കാണാതെ ഇവയിലെ ആഖ്യാനത്തെ വിശകലനം ചെയ്താല് കേരളീയ സമൂഹത്തിലെ ലൈംഗികതാ ബോധ്യങ്ങളിലേക്ക് ചില വഴികള് കിട്ടുന്നതാണ്. ലൈംഗിക ഉദ്ദീപന ഭാവനയ്ക്കപ്പുറം ഒരു പാഠമായി അവ നില്ക്കുന്നുണ്ടെന്നാണ് വായിക്കേണ്ടത്. കമ്പിക്കഥകളിലെ കഥാലോകം ആധുനിക കേരളത്തിന്റെ മതേതര ഇടമാണ് അടയാളപ്പെടുത്തുന്നതെന്നു പറയാം. വര്ഗപരമായി താഴെത്തട്ടിലുള്ള സ്ത്രീ പുരുഷന്മാരും അതി സമ്പന്നരും കന്യാസ്ത്രീകള് പോലുള്ളവരും വിദ്യാര്ഥികളുമൊക്കെ ഇവിടെ കടന്നുവരുന്നു. ചെറുപ്പക്കാരുടെ ഭാവനാലോകത്തിനാണ് ഇവിടെ ഊന്നലെന്നുമാത്രം.
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും പരസ്പരം ഇണചേരുന്നു. ചെറുപ്പത്തിന്റെ കായികമിടുക്കും ഭാവനകളുമാണ് ലൈംഗികതയെന്നിവ ഉറപ്പിക്കുന്നുണ്ട്. വ്യാപകമായി സ്ത്രീകളും പുരുഷന്മാരും ലൈംഗിക ദാരിദ്യമനുഭവിക്കുന്നുവെന്നും അതിനെ പരിഹരിക്കേണ്ടതുണ്ടെന്നും ഇവ സൂചിപ്പിക്കുന്നുണ്ട്. കുടുംബത്തിനുള്ളില് ലൈംഗികത വേണ്ടവിധത്തില് അനുഭവിക്കപ്പെടുന്നില്ല എന്നതാണ് മിക്ക ആഖ്യാനങ്ങളും പറയുന്നതെന്നത് ശ്രദ്ധേയം. അതിനാല് കുടുംബത്തിനു പുറത്ത് തേടുന്നതാണ് മിക്കഭാവനകളുടെയും കാതല്. കുടുംബത്തിനു പുറത്ത് ലൈംഗികത തേടുന്നുവെന്നു മാത്രമല്ല വിവാഹം എന്ന സ്ഥാപനത്തെ തന്നെ അംഗീകരിക്കാതെ വിവാഹത്തിനുമുമ്പുള്ള ലൈംഗികതാ താത്പര്യങ്ങളായുമിവ ആഖ്യാനിക്കുന്നുവെന്നതാണ്. എന്നാല് കുടുംബത്തെ ഇവ ചോദ്യം ചെയ്യുന്നുമില്ലെന്നു കാണാം.
ഇവ ആണിന്റെ ലിംഗകരുത്തിലാണ് ലൈംഗികതയുടെ മര്മമെന്നുറപ്പിക്കുകയും ചെയ്യുന്നു.
ആണത്ത നിര്മിതി
അടിസ്ഥാനപരമായി ലൈംഗികത പ്രണയംപോലുള്ളവയുമായി ബന്ധമില്ലാത്തതാണെന്നും മറിച്ച് ശാരീരികമായ വികാരങ്ങളുടെ ആവിഷ്കാരമാണെന്നും അത് ശാരീരികകരുത്തുള്ളവരുമായി ചെയ്ത് പരിഹരിക്കാവുന്നതാണെന്നും പഠിപ്പിക്കുകയാണിവ. കിടപ്പറ മാത്രമല്ല ഏതിടവും സ്വകാര്യമാക്കി അതിനുപയോഗിക്കാമെന്നും ഇവയുടെ അടിസ്ഥാന പാഠമാണ്. ഇങ്ങനെ കുടുംബാതീതമായ സങ്കല്പങ്ങളൊക്കെ ഉയര്ത്തുന്ന ഇവ ആണിന്റെ ലിംഗകരുത്തിലാണ് ലൈംഗികതയുടെ മര്മമെന്നുറപ്പിക്കുകയും ചെയ്യുന്നു.
കേരളീയ ആണ്കൗമാരങ്ങളെ പൗരുഷം പഠിപ്പിച്ച് ആണത്തമുള്ളവരാക്കി മാറ്റിയത് അജ്ഞാതരായ ഈ എഴുത്തുകാരുടെ വിവരണങ്ങളും ഫോട്ടോകളുമാണ്. ആണ്- പെണ്ശരീരത്തെക്കുറിച്ചുള്ള, രണ്ടും ഭിന്നമാണെന്ന വാര്പ്പുമാതൃകകളുടെ പ്രത്യയശാസ്ത്രവല്കരണവും ഇവ നിര്വഹിക്കുന്നു. പെണ് ശരീരത്തെ നോക്കിക്കണ്ട് ഭോഗിക്കുകയും ബലാത്കാരം ചെയ്യുകയാണെന്നുമുള്ള സങ്കല്പങ്ങളും ഇവയില്ക്കാണാം. പെണ്ണും ആണും തമ്മിലുള്ള ഭിന്നലൈംഗികതയാണ് ശരിയെന്നും അല്ലാതുള്ള ലൈംഗികതാരീതി സ്വയംഭോഗം മാത്രമാണെന്നും ഇവ പറയുന്നു.
ഇവയുടെ ഗണത്തില് തന്നെയാണ് പൈങ്കിളിവാരികകളും രതിസാഹിത്യത്തിലെ എല്ലാ പുസ്തകങ്ങളും വരുന്നതെന്ന് ശ്രദ്ധേയം. മാന്യര്ക്കും ബുദ്ധിജീവികള്ക്കും വീട്ടില് കയറ്റാന് തോന്നാത്തവയാണ് ഈ പുസ്തകങ്ങള്. ലൈംഗികതെയയും ശരീരത്തെയും മറച്ചുവയ്ക്കേണ്ടതായി കാണുന്ന ആധുനിക കേരളത്തിലെ സാമുഹ്യപരിസരത്തിലാണ് പൈങ്കിളി, ഗൗരവപുസ്തകം എന്ന ദ്വന്ദം ഉടലെടുക്കുന്നതും ലൈംഗികതാസ്പര്ശമുള്ളതെല്ലാം അശ്ലീലമായി അധോലോകത്തിലേക്കും അബോധത്തിലേക്കും തള്ളിവിടപ്പെട്ടതും. ഈ ആധുനികതയില് മികച്ച ഇറോട്ടിക് സാഹിത്യം പോലും പൊതുസ്ഥലത്ത് വായിക്കുന്നത് കുറ്റകരമാകുന്നു.
പാശ്ചാത്യ നാടുകളില് ഏറെ വിവാദമുണ്ടാക്കിയ ലേഡിചാറ്റര്ലിയുടെ കാമുകന് പോലുള്ള പുസ്തകങ്ങള് സ്റ്റാഫ്റൂമിലിരുന്ന് വായിച്ചതിന് സുഹൃത്തുക്കളില് നിന്ന് മോശം സൂചനകള് കിട്ടിയതിനെക്കുറിച്ച് കെ പി അപ്പനെ പോലുള്ള നിരൂപകരെഴുതിയിട്ടുള്ളത് സ്മരണീയമാണ്. എന്നാല് അത്തരം പുസ്തകങ്ങളും ഇവിടെ പറയുന്ന കൊച്ചുപുസ്തകങ്ങളും സമാനമല്ലെങ്കിലും അവയെ എല്ലാം കൊള്ളരുതാത്ത, വഴിതെറ്റിക്കുന്ന പുസ്തകങ്ങള് എന്നമട്ടിലാണ് മലയാളി പൊതുബോധം വായിച്ചിട്ടുള്ളത്.
എന്നാവും പാപബോധമില്ലാതെ ജനാധിപത്യബോധത്തോടെ ഇവയെ വിമര്ശിച്ച് വായിക്കുക?
ആണിന്റെ മാത്രമായിരുന്നോ
ഈ പുസ്തകങ്ങള്?
ആണിന്റെ മാത്രമായിരുന്നോ ഈ പുസ്തകങ്ങളെന്ന ചോദ്യം പ്രസക്തമാണ്. സ്ത്രീകള് കമ്പിപുസ്തകം വായിച്ചതിന്റെ ആഖ്യാനങ്ങള് ചിലത് അതിലേക്കുള്ള വഴികളാകുന്നുണ്ട്. മലയാളത്തിലെ രാഷ്ട്രീയകഥകളില് ശക്തമായ ധാരയെ സൃഷ്ടിച്ചഎം സുകുമാരിന്റെ ആദ്യകാല കഥകളില് ഒന്നായ 'രഥോല്സവം' കൊച്ചുപുസ്തകത്തെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തമാണ്.
അവിവാഹിതകള് ഒട്ടേറെയുള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ സുബലക്ഷ്മിയുടെയും മീനാക്ഷിയുടെയും കഥയില് അവരുടെ വികാരജീവിതത്തെ നിയന്ത്രിക്കുന്നതും പാകപ്പെടുത്തുന്നതും പറയുന്നത് ചട്ടയൊക്കെയുള്ള ചുമന്ന മഷിവീണ ഒരു പുസ്തത്തിലൂടെയാണ്. രഥോല്സവം നടക്കുന്ന സമയത്താണ് പുറത്തൊക്കെയുള്ള ചെറുപ്പക്കാര് നാട്ടിലേക്ക് വരുന്നത്. അങ്ങനെ പുറത്ത് ജോലിചെയ്യുന്ന രഘുവും നാട്ടിലേക്ക് വരികയും സുബലക്ഷ്മിയെയും മീനാക്ഷിയെയും കാണുകയും ചെയ്യുന്നു. സൗഹൃദം പുതുക്കി പല പുസ്തകങ്ങള് വായിക്കാന് സുബലക്ഷ്മിക്ക് നല്കുന്ന കൂട്ടത്തിലാണ് ഈ പുസ്തകവും നല്കുന്നത്.
'ഒടുവിലത്തെ പുസ്തകത്തിനു മാത്രം ചട്ടയിട്ടിരുന്നു. ആ പുസ്തകത്തിന്റെ ആദ്യത്തെ പേജ് മറിച്ചു. ചുവന്ന മഷിവീണ് ആകെ വികൃതമായിട്ടുണ്ട് ആദ്യത്തെ പേജ്. രണ്ടാമത്തെ പേജും മറിച്ചു. അവള് സ്തംഭിച്ചിരുന്നുപോയ്. വിറയ്ക്കുന്ന വിരലുകള് കൊണ്ട് പേജുകള് മറിച്ചു. മനസില് കാണാറുള്ള രംഗങ്ങളുടെ ഫോട്ടോ രൂപങ്ങള്. ആര്ത്തിയോടെ നോക്കി. കൈവിറയല് നിന്നു. രക്തത്തിനു ചൂടുകൂടി'.
ശരീരത്തെ ആകെ ഇളക്കി മറിക്കുന്ന വേദന ഉണ്ടാക്കുന്ന ഒന്നാണ് കൊച്ചുപുസ്തകങ്ങള്. ഇതേ പുസ്തകം തന്നെ രഘു മീനാക്ഷിയ്ക്കും നല്കിയിരുന്നു. അത് അവള് സുബലക്ഷ്മിക്ക് നല്കുമ്പോഴാണ് കഥ അവസാനിക്കുന്നത്.
ലിസിയുടെ വിലാപ്പുറങ്ങളിലെ (നോവല്) ആണ്പിള്ളേരുടെ കൊച്ചുപുസ്തകങ്ങള് പതിവായി വായിച്ച് ആസ്വദിക്കുന്ന പെണ്കുട്ടികളുടെ ആഖ്യാനം ശ്രദ്ധേയമാണ്. തമാശ അതല്ല. പെണ്കുട്ടികളുടെ കണ്ണുവെട്ടിച്ച് വായിക്കുകയും ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന ഈ കൊച്ചുപുസ്തകങ്ങള്ടെ ഒളിയിടം കണ്ടെത്തി അവരില്ലാത്തപ്പോള് പെണ്കിടാങ്ങളും അത് വായിച്ച് അന്തം വിട്ടിരിക്കും.
'തൊഴുത്തിന്റെ തട്ടിന്പുറത്തിരുന്ന് ചില പദങ്ങളും സംശയങ്ങളും ആരോട് ചോദിക്കും എന്നറിയാതെ തൊട്ടടുത്ത വീടുകളിലെ കുമാരിയും ആഗ്നസും മുഖത്തോടുമുഖം നോക്കി. അതിലെ പ്രധാന സാങ്കേതികം ശീഘ്രസ്ഖലനമെന്ന പദമാണ്. അവിടെയാണ് അര്ഥമറിയാതെയുള്ള ഒരു വഴിമുട്ടല്. ....ഈ കൊച്ചുപുസ്തകങ്ങള് കൊള്ളാമല്ലോ. നല്ല എരീം പുളീം (പു. 222).
ജീവിതത്തിന്റെ വൈവിധ്യത്തെ ഏതെങ്കിലും ചില കാഴ്ചപ്പാടിലോ സദാചാരത്തിലോ കെട്ടിയിട്ട് ചില നല്ലതുമാത്രം ആസ്വദിക്കുന്നവരല്ല ഇതിലെ പെണ്കഥാപാത്രങ്ങള്. നല്ലത് -ചീത്ത എന്ന വേര്തിരിവിനെ ഉലച്ചുകൊണ്ട് ജീവിതത്തെ തന്ത്രപരമായി ആഘോഷിക്കുകയാണവര്. അതുകൊണ്ടാണ് ഈ കൊച്ചുപുസ്തകങ്ങളുടെ കാര്യം പറഞ്ഞ് ആണ്പിള്ളേര്ക്ക് അടി വാങ്ങിച്ചുകൊടുക്കാന് അവര് ശ്രമിക്കാഞ്ഞത്. അവര്ക്കും വീണ്ടും വായിക്കാന് വേണ്ടി.
മലയാളി വായനയെ ചീത്ത / നല്ലത് എന്ന് തരംതിരിക്കുന്ന വഴിതെറ്റല് പോലെയുള്ള ആശയങ്ങള് സൃഷ്ടിക്കുന്ന സങ്കീര്ണമായ ഒന്നാണ് കൊച്ചുപുസ്തകങ്ങള്. മലയാളി ശരീരബോധ്യങ്ങളിലേക്കുള്ള ഒരു കാഴ്ചയായ ഇവയെ മലയാളി സമൂഹം എന്നാവും പുസ്തകങ്ങളുടെ അധോലോകത്തുനിന്ന് പുറത്തുകൊണ്ടുവരിക? പാപബോധമില്ലാതെ ജനാധിപത്യബോധത്തോടെ ഇവയെ വിമര്ശിച്ച് വായിക്കുക?
