Asianet News MalayalamAsianet News Malayalam

ലങ്കയില്‍ അതിനു പേര് 'കേരള കഞ്ചാവ്'

  • ശ്രീലങ്കയില്‍ ഒരു മീന്‍ കൊതിച്ചി!
  • യാസ്മിന്‍ എന്‍.കെയുടെ കോളം തുടരുന്നു
Yasmin NK on Srilankan sea food
Author
First Published Jun 16, 2018, 3:11 PM IST

ശ്രീലങ്കൻ ട്രിപ്പ് തീരുമാനിച്ചപ്പോഴെ മനസ്സിലുറപ്പിച്ചിരുന്നു ആവോളം മീൻ അകത്താക്കണം എന്ന്. കടലീന്ന് പൊന്തിവന്ന രാജ്യമല്ലേ, തോനെ മീനുണ്ടാകും എന്ന ആശ. അത് ശരിയാണെന്ന് വരും ദിവസങ്ങൾ തെളിയിച്ചു. 

Yasmin NK on Srilankan sea food

മീൻ കൊതിച്ചിയായിരുന്നു പണ്ടേക്ക് പണ്ടേ. മീൻ വറുത്തത്, പൊള്ളിച്ചത്, മീൻ വറ്റിച്ചത്, മീൻ തോരൻ, മീൻ മുളകിട്ടത് എന്തും ഇഷ്ടം. മീനിന്റെ കൂടെ ചോറു കഴിക്കുക എന്നതാണു ലൈൻ. ചോറ് സൈഡ് ഡിഷായി പോകും എന്ന് സാരം. 

Cooking is an art എന്നാണു സായിപ്പിന്റെ ഭാഷ്യം‌. എന്തും മനസ്സറിഞ്ഞ് ഇഷ്ടത്തോടെ ചെയ്യുമ്പോഴാണു കലാരൂപമായി മാറുന്നത്. ചേർക്കേണ്ട ചേരുവകൾ തരം പോലെ അതാത് സമയത്ത് ചേർത്ത്, സന്തോഷത്തോടെ പാചകം ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസമാണ്. ബ്രിട്ടീഷ് ടർക്കിഷ് നോവലിസ്റ്റായ എലിഫ് ഷഫാക്ക്  ഇസ്താംബൂൾ രുചിക്കൂട്ടുകൾ എത്ര ചാരുതയോടെയാണെന്നോ തന്റെ നോവലുകളിൽ ചേർത്തിളക്കി നമുക്ക് രുചിക്കാൻ തരിക. ഷഫാക്കിന്റെ 'ഹോണർ' എന്ന നോവലിൽ, എലിയാസ് തന്റെ പ്രണയിനിക്ക് വേണ്ടി ബേക്കലവ ഉണ്ടാക്കുന്നുണ്ട്. വായിച്ചറിഞ്ഞ ബേക്കലവയുടെ രുചി അറിഞ്ഞ് കോഴിക്കോടൻ അങ്ങാടിയിൽ ബേക്കലവ തേടി അലയുക. ഇസ്താംബൂൾ രുചികളെ കോഴിക്കോട്ടേക്ക് ആവാഹിക്കാൻ പറ്റുമോന്ന് അന്വേഷണം. ദുരയാണത് എന്നറിയായ്ക അല്ല, എങ്കിലും ഒരു ദേശത്തെ എളുപ്പത്തിൽ അറിയാനാകുക അവിടുത്തെ തനത് വിഭവങ്ങൾ രുചിക്കുമ്പോഴാണ്. 

വയറ്റിലൂടെയാണ് ഹൃദയത്തിലേക്കുള്ള വഴി എന്നത് എത്രമേൽ അർത്ഥവത്തായ ഒരു വാചകമാണെന്ന് ഓരോ ദേശത്തും ഇരുന്ന് അവരുടെ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുമ്പോഴാണു അറിയാനാവുക.

Yasmin NK on Srilankan sea food

ശ്രീലങ്കൻ ട്രിപ്പ് തീരുമാനിച്ചപ്പോഴെ മനസ്സിലുറപ്പിച്ചിരുന്നു ആവോളം മീൻ അകത്താക്കണം എന്ന്. കടലീന്ന് പൊന്തിവന്ന രാജ്യമല്ലേ, തോനെ മീനുണ്ടാകും എന്ന ആശ. അത് ശരിയാണെന്ന് വരും ദിവസങ്ങൾ തെളിയിച്ചു. 

ദാംബുള്ളക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ആദ്യം മീൻ കിട്ടിയത്. ചെറിയ ഒരു കട, സ്തീകൾ നടത്തുന്ന ഹോട്ടൽ ആണ്. ഹോംലി ഫുഡ്. വാളൻ പുളിയിട്ട ചാറിൽ കുളിർന്ന് കിടക്കുന്ന മീൻ കഷ്ണങ്ങൾ. പൊട്ടിച്ച് വായിൽ വെച്ചാൽ അറിയാം ഇവൻ വെള്ളത്തീന്ന് കയറീട്ട് അധികനേരം ആയിട്ടില്ലാന്ന്. പുഴ മീനായിരുന്നു. അസാധ്യ രുചി.

പണ്ട് ഉപ്പയും സെയ്താല്യാക്കയും കൂടി പുഴയിൽ മീൻ പിടിക്കാൻ പോകും. നമ്മളെയൊന്നും കൂട്ടില്ല. വീട്ടിറമ്പറത്ത് ഇരുന്നാൽ പുഴയിൽ ഒഴുകിക്കളിക്കുന്ന റാന്തൽ വെളിച്ചവും വഞ്ചിക്കാരുടെ കൂക്കും കേൾക്കാം. കാത്തിരുന്ന്, എപ്പഴോ ഉറങ്ങിപ്പോകും. രാവിലെ കണ്ണും തിരുമ്മി വരുമ്പോൾ കാണാം അടുക്കളപ്പുറത്തിരുന്ന് ഉമ്മയും കുഞ്ഞിപ്പെണ്ണും കൂടി പരലും കോട്ടിയും നന്നാക്കി ചെമ്പിൽ വാരിയിടുന്നു. കോട്ടി വറുത്ത്, പരൽ മുളകിട്ട് വെക്കും. ആ പരലിന്റെ അതേ രുചിയായായിരുന്നു ദാംബുള്ളയിൽ നിന്നും കിട്ടിയ ആ മീനിനും. രുചിവഴികളിൽ രണ്ട് ദേശങ്ങൾ ഇഴപിരിയും വിധം.

ചോറും കറിയും, അതാണു ശ്രീലങ്കക്കാരുടെ ഇഷ്ടവിഭവം. ചോറും മീൻ മുളകിട്ടതും, ചക്കപ്പുഴുക്കും, ചീരത്തോരനുമൊക്കെ കൂട്ടി ചോറുണ്ണുമ്പോൾ നമ്മൾ ശ്രീലങ്കേൽ തന്നെ ആണല്ലോല്ലേന്ന് ഇടക്കിടെ സന്ദേഹപ്പെടേണ്ടി വരിക. അത്രയ്ക്കുമുണ്ട് രുചിസാമ്യം. ചക്ക സീസൺ ആയത് കൊണ്ടാകും ഇടിച്ചക്ക കൊണ്ടുള്ള വിഭവങ്ങളും ധാരാളമായി കണ്ടു. അത് പക്ഷെ നമ്മുടെ പ്രിപ്പറെഷനാണു രുചി. ഇടിച്ചക്ക ചെറുതായി അരിഞ്ഞ് വേവിച്ച് മാറ്റിവെച്ച്, വെളിച്ചെണ്ണയിൽ കുനുകുനെ അരിഞ്ഞ് വെച്ച കുഞ്ഞുള്ളി മൂപ്പിച്ച്, അതിലേക്ക് ഉണക്ക് മുളക് ചതച്ചതും കറിവേപ്പിലയും ഇട്ട് ഒന്ന് മൂക്കുമ്പോൾ വേവിച്ച് വെച്ച ഇടിചക്ക ഇട്ട് തട്ടിപ്പൊത്തി വെക്കുക. ഉള്ളിയും ഉണക്കമുളകും മൂത്ത് വരുമ്പോൾ ഇടിചക്ക ഇടുന്നതിന്റെ ഇടയിൽ ഉമ്മാന്റെ ഒരു സീക്രട്ട് ചേരുവക ഉണ്ടായിരുന്നു. അതിന്റെ ഗുട്ടൻസ് പിന്നെയാണ് പിടികിട്ടിയത്. അരി വറുത്ത് പൊടിച്ചത് ഒരു പിടി. ഇത്തരം സീക്രട്ട് ഇന്‍ഗ്രീഡിയൻസ് ഒരു വിഭവത്തിന്റെ രുചി കൂട്ടി, നമ്മളെ അതിന്റെ അടിമകളാക്കിക്കളയും.

Yasmin NK on Srilankan sea food

വെള്ളയപ്പമാണു ശ്രീലങ്കക്കാരുടെ മറ്റൊരു ദേശീയ ഭക്ഷണം എന്നു തോന്നുന്നു. നേരം ഇരുട്ടിയാൽ റോഡ് സൈഡിലെ കൊച്ചു ഹോട്ടലുകളുടെ മുൻവശത്ത് അപ്പം ചുടാൻ തുടങ്ങും. വശങ്ങളെല്ലാം മൊരുമൊരാ മൊരിഞ്ഞ് അല്പം മധുരച്ചുവയുള്ള അപ്പം. തേങ്ങാപ്പാലിൽ അരി അരക്കുന്നത് കൊണ്ടാണു ആ ഇളംമധുരം എന്ന് തോന്നുന്നു. വെറുതെ തിന്നാം. വേറെ കറി വേണമെന്നില്ല എന്ന ഗുണവും കൂടിയുണ്ട്. വേണമെങ്കിൽ ഉണക്ക ചെമ്മീൻ ചമ്മന്തി കൂട്ടി തിന്നാം. ഉണക്ക ചെമ്മീൻ ചമ്മന്തിയാണു താരം. അസാമാന്യ രുചി. അപ്പം മുതൽ ഫ്രൈഡ് റൈസ് വരെ ഇവന്മാർ ഈ ചമ്മന്തി കൂട്ടിയാണു അടിക്കുന്നത്. ശ്രീലങ്കൻ രുചികളിൽ ഇപ്പോഴും മിസ്സ് ചെയ്യുന്ന ഒരേയൊരു സാധനവും അത് തന്നെയാണ്.

സിലോൺ ടീ ലോക പ്രശസ്തമാണ്. പണ്ട് കാലത്ത് മലപ്പുറത്ത് നിന്നും കൊളംബിൽ പോയി ചായപ്പൊടി ബിസിനസ് നടത്തിയവർ നിരവധി ആയിരുന്നു. ചായപ്പൊടി കയറ്റുമതി ഇപ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നാലും ശ്രീലങ്കക്കാർക്ക് നല്ല ചായ ഉണ്ടാക്കാൻ അറിയില്ലാന്ന് തോന്നുന്നു.

Yasmin NK on Srilankan sea food

അരഗ്ലാസ്സ് പാലും അര ഗ്ലാസ് വെള്ളവും, തിളക്കാൻ തുടങ്ങുമ്പോൾ ഒന്നര സ്പൂൺ തേയില, തിള വന്ന്, പാത്രത്തിന്റെ വക്ക് വരെ പൊന്തുമ്പൊൾ തീ കുറച്ച്, രണ്ട് തിളയും കൂടി. തീ ഓഫാക്കി കപ്പിലേക്ക് പകർന്ന് ആവശ്യത്തിനു മധുരം ചേർത്ത് ചൂടോടെ കുടിക്കുക. നല്ലൊരു ചായ കിട്ടിയാൽ ഒരു വിധം സൂക്കേടൊക്കെ അതോടെ സുല്ലാണ്.

കടയിൽ കയറി ചായ ചോദിച്ചാൽ പാലു മണക്കുന്ന ഒരു വെള്ളം കൊണ്ട്ത്തരും. പാലിന്റെ പ്രശ്നമാകും എന്നു കരുതി, വിത്തൗട്ട് മിൽക്ക്, ബ്ലാക് ടീ എന്ന് പറഞ്ഞാൽ അവൻ തലയാട്ടി, കുറച്ചൂടെ മധുരം ഇട്ട് ഇളക്കി അതേ സാധനം മുന്നിൽ കൊണ്ട് വന്ന് വെക്കും. അപ്പോഴാണു നമ്മൾ അടുത്ത അടവ് പുറത്തെടുക്കുക.
"അത് വന്ത് അണ്ണാച്ചീ...
മിൽക്ക് പോടവേണ്ടാം..  ടീ മട്ടും പോതുമേ.. " 
എല്ലാം മനസ്സിലായ് എന്ന മട്ടിൽ പോയ അവൻ പിന്നേയും പോയി അതേ സാധനം കൊണ്ട് തരും. സിംഹള അല്ലാതെ അവനു ഒരു ഭാഷയും അറിയില്ല. നമുക്ക് സിംഹളയും അറിയില്ല.  ഇതെല്ലാം കണ്ട് നിൽക്കുന്ന ഏതേലും ഒരു തമിഴൻ രംഗപ്രവേശനം ചെയ്യും. പിന്നെ അവന്റെ വക ക്ലാസാണ്. ചുരുക്കി പറഞ്ഞാൽ ആ കടയിൽ ചായ കുടിക്കാൻ വന്ന മൊത്തം ആളുകളും പുറത്തെ വഴിപോക്കരും ഞങ്ങളുടെ ചുറ്റും കൂടീട്ടുണ്ടാകും. ആകെ ജഗപൊക. അവർക്ക് നമ്മൾ ഒരുപാട് കാലത്തിനു ശേഷം വീട്ടിലേക്ക് വിരുന്ന് വന്ന ബന്ധുക്കാരാണ്. ആ മട്ടിലാണു സംസാരവും ഇടപെടലുകളും മൊത്തം. വിദൂരമായ ഒരു ദേശത്ത് ആളുകളുടെ സ്നേഹം അനുഭവിക്കാനാകുക എന്നതിൽ പരം ഭാഗ്യം വേറെന്തുണ്ട്.

Yasmin NK on Srilankan sea food

കഞ്ചാവ് ഉല്പാദനവും കൈമാറ്റവുമൊക്കെ രാജ്യത്ത് നിയമ വിരുദ്ധമാണെങ്കിലും സാധനം പരക്കെ സുലഭമാണു. KG എന്നറിയപ്പെടുന്ന കേരള കഞ്ചാവ് ആണ് ലോക്കൽ. ഇടുക്കിയിൽ നിന്നാണു വരുന്നത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എത്രത്തോളം വിശ്വസിക്കാൻ കഴിയും എന്ന് ഉറപ്പില്ല. 'കുഷ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവനാണു എലീറ്റ്. വിലയും കൂടും. അലീസ ഉണ്ടാക്കുമ്പോൾ ഇവിടുത്തെ മുസ്ലിമുകൾ കുഷ് അല്പം പൊടിച്ചിടാറുണ്ട് എന്ന് റെസ്റ്റോറന്റിലെ പയ്യൻ പറഞ്ഞത് വിശ്വസിക്കാനുള്ള പാകം ആയിരുന്നില്ല. എന്റെ തലയിലെ തട്ടം കണ്ടപ്പോൾ അവൻ അടിച്ച പുളു ആണെങ്കിലൊ.

ശ്രീലങ്കൻ സ്മോക്കേഴ്സ് ക്ലബ് വളരെ സജീവമാണ്. ആരോഗ്യകരമായ പുക. അതാണു അവരുടെ സിദ്ധാന്തം. ലോക്കൽ സാധനങ്ങൾ പലതും അത്യന്തം അപകടകാരിയാണ് എന്ന മുന്നറിയിപ്പ്. കഞ്ചാവ് ഉണക്കുന്ന സമയത്ത് അതിൽ സ്പ്രേ ചെയ്യുന്ന കീടനാശിനികൾ മതിയത്രെ കിളി പോകാൻ.

തിന്നും കുടിച്ചും ആളുകളെ കണ്ടും ഒരു ദേശത്തിലൂടെ അലയുക എന്നത്  ഒരു സഞ്ചാരിയുടെ സ്വപ്നം. അതെന്തായാലും ആ സ്വപ്നം രക്തത്തിൽ അലിയാതെ കാത്താൽ അവനവനു കൊള്ളാം. എരിപൊരിസഞ്ചാരം, ദഹനക്കേട്, ഉറക്കക്കുറവ് എന്നിവ ഫലം. യാത്ര മാത്രമാണു മറുമരുന്ന്. സൂക്ഷിക്കുക‌.

 

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

കാലാപാനിയിലേക്ക് വീണ്ടും

ഈ പുഴകളൊക്കെ യാത്രപോവുന്നത്  എങ്ങോട്ടാണ്?

ഭക്തര്‍ ദൈവത്തെ തെറി  വിളിക്കുന്ന ഒരുല്‍സവം!

വാ, പെണ്ണുങ്ങളേ, നമുക്കൊരു  യാത്ര പോവാം!

കുടജാദ്രിയിലേക്കുള്ള വഴി!

ബസ് യാത്രകളില്‍ ഒരു സ്ത്രീ  ഏറ്റവും ഭയക്കുന്ന നിമിഷം!

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, മഞ്ഞറിയുമ്പോള്‍ ഒരുവള്‍ കുട്ടിക്കാലം തൊടുന്നു!

പ്രകാശം പരത്തുന്ന പെണ്‍ചിരികള്‍!

അമര്‍സിംഗ് ഒരിക്കലും  പാക്കിസ്ഥാനില്‍ പോയിട്ടില്ല!

ആ പാട്ട് നിറയെ പ്രണയമായിരുന്നു!

പ്രണയമായിരുന്നു അവന്റെ കുറ്റം; അതിനാണ് അവനെ അവര്‍ കൊന്നത്!

അറിയാത്ത ബാഹുബലിയുടെ നാട്ടില്‍

കൈയും കാലും വെട്ടിമാറ്റപ്പെട്ട ക്ഷേത്രശില്‍പ്പങ്ങള്‍

മീന്‍ യാത്രകള്‍!

ശ്രീലങ്കയിലെ നല്ല മനുഷ്യര്‍!

Follow Us:
Download App:
  • android
  • ios