യമനിലെ യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. ഒരുപക്ഷെ, യമനിലെ എന്നല്ല, ലോകത്തിലെ തന്നെ യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍ അവരാണ്. 

അങ്ങനെ ലോകത്തിനെയാകെ വേദനിപ്പിക്കുന്ന ഒരു ചിത്രമാണ് യെമനില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഏഴു വയസുകാരി അമല്‍ ഹുസൈനിന്‍റെ ചിത്രമാണത്. 

അവസാനിക്കാത്ത വിശപ്പും രോഗവും കാരണം ഈ ഏഴുവയസുകാരിയും മരണത്തിന് കീഴടങ്ങി. അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അമലിന്‍റെ മരണം. അമലിന് കൂടുതല്‍ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ, ചികിത്സ നല്‍കാനാവാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ''എന്‍റെ ഹൃദയം തകരുന്നു, അവളെപ്പോഴും ചിരിക്കുന്ന കുട്ടിയായിരുന്നു. ഇനിയെനിക്ക് മറ്റ് കുഞ്ഞുങ്ങളെ കുറിച്ച് കൂടി ചിന്തിക്കണം'' എന്നാണ് അമലിന്‍റെ മാതാവ് പറഞ്ഞത്. 

യുദ്ധം കാരണം നാല് വര്‍ഷമായി യെമനിലെ ജനങ്ങളില്‍ 14 മില്ല്യണ്‍ ആളുകളെങ്കിലും പട്ടിണിയിലാണ്. യുനിസെഫിന്‍റെ കണക്കനുസരിച്ച് ഇതില്‍ പകുതിയിലധികവും കുഞ്ഞുങ്ങളാണ്.  പോഷകാഹാരക്കുറവ് മൂലം നവജാതശിശുക്കളടക്കം നിരവധി കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. 

2015 മുതലുള്ള കണക്കനുസരിച്ച്, യുദ്ധത്തിന്‍റെ ഭാഗമായി  10,000 പേരെങ്കിലും ഇതുവരെ മരിച്ചു. മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്, കണക്കിലും അഞ്ചിരട്ടി മരണമെങ്കിലും യുദ്ധത്തിന്‍റെ ഭാഗമായി ഉണ്ടായിട്ടുണ്ടാകുമെന്നാണ്. മാനവികത നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ആണ് ഇതെന്ന് ഐക്യരാഷ്ട്രസംഘടനയും പറഞ്ഞിരുന്നു.