കിം ജോങ് ഉന്നിന്‍റെ കീഴിൽ ഉത്തര കൊറിയയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത അനീതികളെ കുറിച്ച് ലോകത്തിന് മുന്നിൽ തുറന്നു സംസാരിക്കാൻ ധൈര്യം കാണിച്ച ഡിഫെക്ടറാണ് ഇയോൻമി പാർക്ക്. 2014 -ൽ വൺ യങ് വേൾഡ് ഉച്ചകോടിയിൽ വച്ചാണ് അവർ ആദ്യമായി ഉത്തരകൊറിയയിലെ നരകജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. അന്ന് അവരുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ ഒരുപാട് പേരുടെ ഹൃദയത്തെ നീറ്റി. 13 -ാം വയസ്സിലാണ് ഇയോൻമി അമ്മയോടൊപ്പം ഉത്തര കൊറിയയിൽ നിന്ന് ഓടിപ്പോന്നത്. 2007 -ൽ തണുത്തുറഞ്ഞ യാലു നദി കടന്ന് ചൈനയിലെത്തിയ അവരെ കാത്തിരുന്നത് കൊടിയ ദുരിതങ്ങളായിരുന്നു. അമ്മയെയും മകളെയും ഒരു മനുഷ്യക്കടത്തുകാരൻ ബലാത്സംഗം ചെയ്യുകയും, ഇരുവരെയും ലൈംഗിക അടിമകളായി വിൽക്കുകയും ചെയ്‍തു. വെറും 300 ഡോളറിനാണ് സംഘം അവളെ വിറ്റത്. അവളുടെ ജീവിതത്തിന് അവരിട്ട വില അതായിരുന്നു. 

ഇപ്പോൾ അമേരിക്കയിലെ വസതിയിൽ ഇരുന്ന് ആ ഇരുണ്ട ഭൂതകാലത്തെ കുറിച്ചോർക്കുമ്പോൾ വല്ലാത്ത മരവിപ്പ് മാത്രമാണ് ബാക്കി. പട്ടിണിമൂലം ഉത്തര കൊറിയയിലെ തെരുവുകളിൽ ശവശരീരങ്ങൾ കാണുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നുവെന്ന് ഇയോൻമി പറയുന്നു. ജീവൻ നിലനിർത്താനായി പ്രാണികളെ പോലും ഭക്ഷിക്കേണ്ടി വന്നതിന്റെ ഭീകരത അവർ വിവരിച്ചു. രാജ്യത്തിൽ തണുപ്പും, ഇരുട്ടും, പട്ടിണിയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് യെൻ‌മി പാർക്ക് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഭരണകൂടത്തിന്റെ ആണവ പദ്ധതികളെ കുറിച്ച് അവർ കുറ്റപ്പെടുത്തി. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഉത്തര കൊറിയയിൽ സുഹൃത്തുക്കളില്ല, സഖാക്കൾ മാത്രമേ ഉള്ളൂവെന്നും അവർ പറഞ്ഞു.  ഉത്തര കൊറിയ കൊടുംപട്ടിണിയുടെ പിടിയിലാണെന്നും അവർ കൂട്ടിച്ചേർത്തു. 

എന്നാൽ, ഈ കാര്യത്തെ കുറിച്ച് യുഎൻ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഉത്തരകൊറിയയിൽ 10 ദശലക്ഷത്തിലധികം ആളുകൾ, അതായത് രാജ്യത്തിന്റെ 40 ശതമാനത്തോളം, 'കടുത്ത ക്ഷാമം' നേരിടുന്നുവെന്ന് യുഎൻ കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, രാജ്യത്ത് കേസുകളൊന്നുമില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴുള്ള കൊറോണ വൈറസ് നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർത്തുവെന്നാണ് പറയപ്പെടുന്നത്. 'അവിടെ ധാരാളം ആളുകൾ മരിക്കുന്നത് നമുക്ക് കാണാം. തെരുവിൽ മൃതദേഹങ്ങൾ കാണുന്നത് ഞങ്ങൾക്ക് ഒരു സാധാരണ കാര്യമായിരുന്നു. ഞാൻ മുംബൈയിലെ ചേരികൾ സന്ദർശിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ചേരികളിലും പോയിട്ടുണ്ട്. പക്ഷേ, ഉത്തരകൊറിയയിലെ പട്ടിണിയോളം വേറെ എവിടെയും കണ്ടിട്ടില്ല" അവർ പറഞ്ഞു. 

ഇയോൻമിയുടെ മുത്തശ്ശിയും അമ്മാവനും പോഷകാഹാരക്കുറവ് മൂലമാണ് മരിച്ചത്. കുട്ടിക്കാലത്ത് പ്രാണികളെ വരെ കഴിച്ച് ജീവൻ നിലനിർത്താൻ അവർ നിർബന്ധിതയായിട്ടുണ്ട്. ആണവായുധങ്ങൾക്കായി രാജ്യം ചെലവഴിക്കുന്ന തുകയുടെ 20 ശതമാനം മാത്രം മതി അവിടത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ. 'എന്നാൽ, ഭരണകൂടം ഞങ്ങളെ പട്ടിണിക്കിടുന്നു' അവർ പറഞ്ഞു. അമാനുഷിക ശക്തിയുള്ള ദൈവത്തിന്റെ പ്രതിരൂപമായാണ് കിം കുടുംബത്തെ രാജ്യം കാണുന്നത്.    

ഉത്തര കൊറിയൻ സംഘങ്ങൾ ചൈനയിലേക്ക് സ്ത്രീകളെ കടത്തുന്നതായി ഇയോൻമി മുൻപും സൂചിപ്പിച്ചിട്ടുണ്ട്. ഒറ്റക്കുട്ടി നയം കാരണം സ്ത്രീകൾ ചൈനയിൽ കുറവാണ്. ഇങ്ങനെ കടത്തുന്ന സ്ത്രീകൾ വേശ്യകളായി ജോലി ചെയ്യുന്നു. സ്വന്തം ശരീരം വിറ്റുകിട്ടുന്ന പണം അവർ രാജ്യത്ത് പട്ടിണി കിടക്കുന്ന കുടുംബത്തിന് അയച്ചു കൊടുക്കുന്നു. ഷാങ്ഹായിലെയും ബീജിംഗിലെയും വേശ്യാലയങ്ങൾ സ്ത്രീകൾ രക്ഷപ്പെട്ട് പോകാതിരിക്കാൻ അവർക്ക് മയക്കുമരുന്ന് നൽകുന്നു. അവർക്കൊപ്പം രണ്ട് വർഷം കഴിഞ്ഞ ഇയോൻമിയും അമ്മയും തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് ഗോബി മരുഭൂമി കടന്ന് മംഗോളിയയിലേക്ക് രക്ഷപ്പെട്ടത്. അവർ പിന്നീട് സിയോളിലേക്കും, ന്യൂയോർക്ക് സിറ്റിയിലേക്കും ഒടുവിൽ ചിക്കാഗോയിലേയ്ക്കും എത്തിച്ചേർന്നു. പക്ഷേ, ഉത്തര കൊറിയയിലെ അവരുടെ ബന്ധുക്കളുടെ അവസ്ഥ അത്ര സുരക്ഷിതമായില്ല. ബന്ധുക്കളിൽ ചിലരെ കാണാതായിയെന്ന് അവർ പറയുന്നു. അവരെ വധിക്കുകയോ, ഉത്തര കൊറിയയിലെ ജയിൽ ക്യാമ്പുകളിലേക്ക് അയയ്ക്കുകയോ ചെയ്‍തിരിക്കാമെന്ന് അവർ ഭയപ്പെടുന്നു.

കിമ്മിന്റെ മാരകമായ ന്യൂക്ലിയർ ടെസ്റ്റിംഗ് പ്രോഗ്രാമിനെക്കുറിച്ച് ലോകത്തിന് അറിയാമെങ്കിലും, അതിനെതിരെ ശക്തമായി സംസാരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഇയോൻമി. അവർ ഇപ്പോൾ ചിക്കാഗോയിൽ ഭർത്താവിനും, ഇളയ മകനുമൊപ്പമാണ് താമസം. ഇത്രയൊക്കെ ദുരനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും, ഉത്തര കൊറിയയിൽ ജനിച്ചതിൽ തനിക്ക് കടപ്പാടുണ്ടെന്ന് അവർ പറഞ്ഞു. “ഞാൻ ആ അടിച്ചമർത്തലിലും, ഇരുട്ടിലും ജനിച്ചില്ലായിരുന്നെങ്കിൽ, പുറത്തുള്ള വെളിച്ചം ഞാൻ കാണുമായിരുന്നില്ല. പുറത്തുള്ള ആളുകൾ, ഈ വെളിച്ചം തിരിച്ചറിയുന്നില്ല. പകരം, ഇരുട്ട് മാത്രമാണ് കാണുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വെളിച്ചമാണ് കൂടുതലും കാണുന്നത് ” അവൾ പറഞ്ഞു. 'ഞാൻ ജീവിക്കുന്ന ഈ ലോകം എത്ര സുന്ദരമാണെന്ന് തിരിച്ചറിയാൻ, ഉത്തര കൊറിയയിലെ എന്റെ കുട്ടിക്കാലം എന്നെ സഹായിച്ചു' അവർ കൂട്ടിച്ചേർത്തു. 

വായിക്കാം:

ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ