തിരുവനന്തപുരം: കേരളത്തിലെ നെല്ല് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. 2019-20-ൽ, നെല്ലിന്റെ ഉൽപ്പാദനവും ഉൽപ്പാ​ദനക്ഷമതയും 2018-19 നെ അപേക്ഷിച്ച് യഥാക്രമം 1.52 ശതമാനവും 5.24 ശതമാനവും വർധിച്ചു. 

കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും ഉയർന്ന ഉൽപ്പാദന ശേഷി 2019-20 ൽ രേഖപ്പെടുത്തുകയും ചെയ്തു. ഹെക്ടറിന് 3073 കിലോയിലേക്ക് ഉൽപ്പാദനം ഉയർത്താൻ കേരളത്തിനായി. കര നെൽ കൃഷിയുടെ വിസ്തൃതിയും 46 ശതമാനം വർധിച്ചു. 

പോയ വർഷം സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനത്തിലും വർധന റിപ്പോർട്ട് ചെയ്തു. 14.9 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. പച്ചക്കറി ഉല്പാദനത്തില്‍ 2018-19 നെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനയാണുണ്ടായത്. സംസ്ഥാന കൃഷി വികസന, കർഷക ക്ഷേമ വകുപ്പ്, വെജിറ്റബിൾ ആന്റ് പ്രമോഷൻ കൗൺസിൽ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നീ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വികസന പദ്ധതികളിലൂടെ ലഭിക്കുന്ന പിന്തുണയാണ് ഉൽപ്പാദന വർധനവിന് കാരണമെന്ന് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.

എല്ലാ മേഖലകളിലും പോലെ, കൊവിഡ്-19 പകർച്ചവ്യാധി കൃഷിയെ പല വിധത്തിൽ ബാധിച്ചതായും റിപ്പോർട്ട് പറയുന്നു. മിക്ക കാർഷിക വിളകളുടെയും ആഭ്യന്തര വില കുത്തനെ ഇടിയാൻ ഇത് ഇടയാക്കി. സർക്കാർ ഇടപെടൽ മൂലം പല വിഷമതകളുടെയും ആഘാതം കുറയ്ക്കാനായി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി. ഭക്ഷ്യോൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ സുബിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചതായും റിപ്പോർട്ടിലൂടെ സർക്കാർ‌ വ്യക്തമാക്കി.