ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനയുമായി ജിഎസ്ടി വരുമാനം. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറില്‍ ലഭിച്ചത്. ഡിസംബറില്‍ 1.15 ലക്ഷം കോടിയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചചത്.  സാമ്പത്തിക രംഗം കരകയറുന്നതിന്റെ സൂചനയാണ് ഉയര്‍ന്ന് ജിഎസ്ടി വരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

തുടര്‍ച്ചയായി മൂന്നാം മാസമാണ് ജിഎസ്ടി ഒരു ലക്ഷം കോടിക്ക് മുകളില്‍ ലഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ജിഎസ്ടിക്കെതിരെയുള്ള പ്രചാരണങ്ങളില്‍ നിന്നും കരകയറുന്നതിന്റെ ലക്ഷണമാണ് ഉയര്‍ന്ന ജിഎസ്ടി വരുമാനമെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. 115174 കോടിയാണ് ഡിസംബറിലെ വരുമാനം. കഴിഞ്ഞ മാസത്തേക്കാള്‍ 12 ശതമാനം കൂടുതല്‍. നവംബറില്‍ 87 ലക്ഷം ജിഎസ്ടിആര്‍-മൂന്ന് ബി റിട്ടേണ്‍സ് ഫയല്‍ ചെയ്തു.

കഴിഞ്ഞ 21 മാസത്തെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനമാണ് ഡിസംബറില്‍ ലഭിച്ചതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കുന്നത്. ഏപ്രിലില്‍ 32,172 കോടിയായിരുന്നു കളക്ഷന്‍. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ വരുമാനം പടിപടിയായി വര്‍ധിച്ചു. ഒക്ടോബറിലാണ് ഒരു ലക്ഷം കോടി എത്തിയത്. വാണിജ്യരംഗം തിരിച്ചെത്തിയതിന്റെ സൂചനയാണ് ഉയര്‍ന്ന ജിഎസ്ടി വരുമാനമെന്ന് വിദഗ്ധര്‍ വിലയിരുത്തി.