പുതിയ സ്‌ക്രീനിംഗ് നിയമങ്ങൾ കമ്പനികളുടെയും നിക്ഷേപകരുടെയും പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ചൈന അടക്കമുളള അയൽ രാജ്യങ്ങളിൽ നിന്നുള്ള ചില നിക്ഷേപ നിർദേശങ്ങൾ വേഗത്തിൽ പരിശോധിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് സർക്കാർ ഏർപ്പെടുത്താനുദ്ദേശിക്കുന്ന ഫാസ്റ്റ്ട്രാക്ക് സംവിധാനത്തെപ്പറ്റി റിപ്പോർട്ട് ചെയ്തത്. 

കൊറോണ വൈറസ് വ്യാപിക്കുന്ന അവസരങ്ങളിലെ ഏറ്റെടുക്കൽ ഒഴിവാക്കാൻ, ഭൂമി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും മുൻ‌കൂട്ടി സർക്കാർ അനുമതി ആവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതായത് ഇനി ഇത്തരം ഭൂ പ്രദേശങ്ങളിൽ നിന്നുളള നിക്ഷേപത്തിന് ഓട്ടോമാറ്റിക് റൂട്ടിലൂടെ നിക്ഷേപം നടത്താൻ കഴിയില്ല.

ഈ പ്രക്രിയയ്ക്ക് ആഴ്ചകളെടുക്കുമെന്നും ഇതുമൂലം ഡീലുകളും നിക്ഷേപ സമയക്രമങ്ങളുടെയും താളം തെറ്റുമെന്നും ചൈനീസ് കമ്പനി ഉപദേഷ്ടാക്കൾ അഭിപ്രായപ്പെട്ടു. ഓട്ടോ സ്ഥാപനങ്ങളായ എസ്‌ഐ‌സിയുടെ എം‌ജി മോട്ടോർ, ഗ്രേറ്റ് വാൾ, നിക്ഷേപകരായ അലിബാബ, ടെൻസെന്റ് എന്നിവ ഇന്ത്യയിൽ വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ സർക്കാർ നിക്കം.

ദില്ലിയിലെ ചൈനീസ് എംബസി പുതിയ സ്ക്രീനിംഗ് നയത്തെ "വിവേചനപരം" എന്നാണ് പറഞ്ഞത്. 

സെൻ‌സിറ്റീവ് അല്ലാത്ത മേഖലയിലേക്ക് വരുന്ന നിക്ഷേപ നിർദ്ദേശങ്ങളും നിക്ഷേപവും 15 ദിവസത്തിനകം പരിശോധിച്ച് അംഗീകരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് നയ രൂപീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഏതൊക്കെ മേഖലകളെ സെൻ‌സിറ്റീവ് ആയി കണക്കാക്കുമെന്നും നിക്ഷേപത്തിന്റെ പരിധി എന്തായിരിക്കുമെന്നും വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും വാർത്ത ഏജൻസി വ്യക്തമാക്കി. 

"നിക്ഷേപ നിർദ്ദേശങ്ങൾ എത്രയും വേഗം ട്രാക്കുചെയ്യാൻ ഞങ്ങൾ ശ്രമിക്കും. ഇത് ചില മേഖലകൾക്ക് വേഗതയുള്ളതാകാം, മറ്റുള്ളവയിൽ കുറച്ച് സമയമെടുക്കും," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഏഴ് ദിവസം മുതൽ നാല് ആഴ്ച വരെ അംഗീകാര സമയപരിധിയോടെയുളള ഫാസ്റ്റ് ട്രാക്ക് സംവിധാനമാണ് സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാൽ, വാണിജ്യ -വ്യവസായ മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.