ചരിത്രത്തിൽ ആദ്യമായി യുഎസ് ക്രൂഡ് ഓയിൽ നിരക്ക് പൂജ്യം ഡോളറിന് താഴേക്ക് പോയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വലിയ കുറവുണ്ടായില്ല. 

ചില സംസ്ഥാന സർക്കാരുകളുടെ വാറ്റ് നികുതി കൂടിയത് കാരണം മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഇന്ധന വിലയിൽ വർധനവുണ്ടാവുകയാണ് ചെയ്തത്. ഇന്ധന റീട്ടെയിലർമാർ ഒരു മാസത്തിലേറെയായി രണ്ട് ഇന്ധനങ്ങളുടെയും വിൽപ്പന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. മാർച്ച് 16 നാണ് പെട്രോൾ, ഡീസൽ വില അവസാനമായി കുറച്ചത്.

ഇന്ത്യയിലെ ഇന്ധന വിലയിൽ സ്വാധീനമുളള ബ്രെന്റ് ക്രൂഡ് ഓയിൽ വില ഈ വർഷം ഇതുവരെ നിന്ന് 60 ശതമാനം ഇടിഞ്ഞു. എന്നാൽ, ഡീസലിന്റെ വിലയിൽ 10 ശതമാനവും പെട്രോളിന്റെ വിലയിൽ 8.5 ശതമാനത്തിന്റെയും കുറവ് മാത്രമാണുണ്ടായത്. ജനുവരി 11 ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഈ കുറവുണ്ടായത്. 

ലോക്ക് ഡൗൺ സമയത്ത് യാത്ര, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയിൽ തടസ്സമുളളതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത 60 ശതമാനത്തിലധികം ഇടിഞ്ഞു. ഇതിനെ തുടർന്ന് ശുദ്ധീകരണ ശേഷി കുറയ്ക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ നിർബന്ധിതരായി. പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത് മൂലമുളള നഷ്ടവും ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ (ഒഎംസി) അലട്ടുന്നു. 

മിക്ക റിഫൈനർമാരും ഏകദേശം രണ്ട് മാസം മുമ്പാണ് ക്രൂഡ് വാങ്ങുന്നത്, അതിനാൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന വിലകളെ അടിസ്ഥാനമാക്കിയാകും വാങ്ങൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടാവുക. ഏപ്രിൽ 17 ന് ഇന്ത്യൻ ബാസ്കറ്റ് ക്രൂഡിന്റെ വില ബാരലിന് 20.56 ഡോളറായിരുന്നുവെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

മെയ് മുതൽ കുറഞ്ഞേക്കും

ക്രൂഡ് വിലയിൽ ഗണ്യമായ ഇടിവുണ്ടായി. അന്താരാഷ്ട്ര ശുദ്ധീകരിച്ച ഉൽ‌പന്ന വിലയിലും കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഡീസൽ മാർജിൻ പ്രതിവർഷം ബിബിഎല്ലിന് ആറ് ഡോളറിൽ താഴെയാണ്. എന്നാൽ, ആഭ്യന്തര മാർജിൻ ഇപ്പോൾ അന്താരാഷ്ട്ര മാർജിനെക്കാൾ മികച്ചതാണ്. അതിനാൽ, നിലവിലുള്ള വിലനിലവാരം നിലനിർത്താൻ ഒ‌എം‌സികൾ ശ്രമിക്കും, ”റിഫിനിറ്റിവ് ഓയിൽ റിസർച്ചിന്റെ ഡയറക്ടർ യാൻ ചോങ് യാവ് ദേശീയ മാധ്യമമായ ലൈവ്മിന്റിനോട് പറഞ്ഞു.

“വിലയുടെ കുത്തനെ ഇടിവ് മാർച്ച് ആദ്യം മുതൽ ആരംഭിച്ചു, അതിനാൽ കാലതാമസം കണക്കിലെടുക്കുമ്പോൾ, മെയ് മുതൽ മാത്രമേ വില കുറയുകയുള്ളൂവെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” യാവ് കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐ‌എ‌എ) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്, 2020 ൽ ഇന്ത്യയുടെ വാർഷിക ഇന്ധന ഉപഭോഗം 5.6 ശതമാനം കുറയും. ഇന്ത്യയുടെ പെട്രോൾ ആവശ്യകത ഒമ്പത് ശതമാനവും ഡീസൽ ആവശ്യകത 6.1 ശതമാനവും കുറയും. എന്നാൽ, മാർച്ചിലെ റിപ്പോർട്ടിൽ 2.4 ശതമാനം കൂടുമെന്നായിരുന്നു പ്രവചനം. 

ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന് ലിറ്ററിന് 69.59 രൂപയും ഡീസലിന് ഇന്ന് ലിറ്ററിന് 62.29 രൂപയുമാണ് നിരക്ക്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 76.31 രൂപയും ഡീസലിന് ലിറ്ററിന് 66.21 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 72.28 രൂപ വിലവരും ഡീസലിന് ഇപ്പോൾ ലിറ്ററിന് 65.71 രൂപയാണ് വില.

ബെംഗളൂരുവിൽ പെട്രോൾ ഇപ്പോൾ 73.55 രൂപയിലും ഡീസൽ 65.96 രൂപയിലുമാണ് വിൽക്കുന്നത്. ഹൈദരാബാദിൽ പെട്രോളിന് 73.97 രൂപയും ഡീസലിന് 67.82 രൂപയുമാണ് ചാർജ് ഈടാക്കുന്നത്. കൊൽക്കത്തയിൽ പെട്രോളിന് 73.30 രൂപയും ഡീസലിന് 65.62 രൂപയും ഈടാക്കുന്നു.