ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ നേരിയ മുന്നേറ്റം ഉണ്ടാകുമെന്ന് റോയിട്ടേഴ്സ് സര്‍വേ. പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ അഭിപ്രായ സര്‍വേയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുളളത്. 

ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കില്‍ നിന്ന് ഒക്ടോബര്‍ -ഡിസംബര്‍ പാദത്തില്‍ രാജ്യം മുന്നേറ്റം പ്രകടിപ്പിക്കുമെന്നാണ് സര്‍വേയില്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. 2019 കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ രാജ്യത്തിന്‍റെ ജിഡിപി 4.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 

സ്വകാര്യ ഉപഭോഗത്തില്‍ വളര്‍ച്ചയുണ്ടായതായും ഗ്രാമീണ ആവശ്യകതയില്‍ നേരിയ പുരോഗതി ഒക്ടോബര്‍ -ഡിസംബര്‍ കാലഘട്ടത്തില്‍ ഉണ്ടായതായും അവര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 18 മുതല്‍ 24 വരെയാണ് റോയിട്ടേഴ്സ് അഭിപ്രായ സര്‍വേ സംഘടിപ്പിച്ചത്. റോയിട്ടേഴ്സ് അഭിപ്രായ സര്‍വേ സംബന്ധിച്ച എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

അഭിപ്രായം രേഖപ്പെടുത്തിയ 90 ശതമാനം സാമ്പത്തിക വിദഗ്ധരും ജിഡിപി നിരക്ക് സമാനകാലയളവില്‍ അഞ്ച് ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.