Asianet News MalayalamAsianet News Malayalam

അതിവേഗ റെയില്‍പാത യാത്രക്കാര്‍ക്ക് വേണ്ടി മാത്രമല്ല!; സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണങ്ങള്‍ ഇവയാണ്

രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍  ചേര്‍ത്ത്  ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ  മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. 

silver line semi high speed rail project help to reduce road traffic
Author
Thiruvananthapuram, First Published Feb 12, 2020, 5:09 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനിന്‍റെ സ്റ്റേഷനുകളെ സംസ്ഥാനത്തെ നിലവിലുള്ള മിക്ക പ്രധാന പട്ടണങ്ങളുമായും ബന്ധിപ്പിക്കുമെന്ന് കെ- റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍. തിരുവനന്തപുരം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നതുകൊണ്ട് ഏത് സില്‍വര്‍ ലൈന്‍ സ്റ്റേഷനില്‍നിന്നും ഈ വിമാനത്താവളങ്ങളില്‍ ഒന്നിലേയ്ക്കെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ പത്തു സ്റ്റേഷനുകളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പുത്തന്‍ പൊതു ഗതാഗത സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സംസ്ഥാനത്തെ നിലവിലുള്ള റെയില്‍വെ സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന  വലിയൊരു വിഭാഗം ജനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സില്‍വര്‍ലൈനിനെക്കറിച്ച് നിയമസഭാംഗങ്ങള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക അവതരണത്തില്‍ സംസാരിക്കുകയായിരുന്നു കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍. 

റെയില്‍ പദ്ധതിയുടെ ആകാശ സര്‍വെ പൂര്‍ത്തിയായി. വിശദ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്‍റ് അടുത്ത മാസത്തോടെ തയാറാകും. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലൂടെ ഏകദേശം 7,500 വാഹനങ്ങളെ ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ  റോഡുകളില്‍നിന്ന് വിമുക്തമാക്കാന്‍ കഴിയും. മാത്രമല്ല തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ റെയില്‍പാതകളിലെ തിരക്ക് ഒഴിവാക്കാനും ഈ പാതകളിലൂടെയുള്ള ഗതാഗതം സുഗമമാക്കാനും കഴിയും. ഇങ്ങനെ പ്രതിദിനം റോഡുപയോഗിക്കുന്ന 46,100 പേരും ട്രെയിനുകളില്‍ സഞ്ചരിക്കുന്ന 11,500 പേരും സില്‍വര്‍ ലൈനിലേയ്ക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ വിലനിലവാരമനുസരിച്ചുതന്നെ 530 കോടി രൂപയുടെ പെട്രോളും, ഡീസലുമാണ് പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയുക. 

ചരക്കുനീക്കത്തിലുണ്ടാകുന്ന മാറ്റവും കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. സില്‍വര്‍ ലൈന്‍ വഴിയുള്ള ചരക്കു ഗതാഗത സംവിധാനമായ റോറോ (റോള്‍-ഓണ്‍, റോള്‍-ഓഫ്) സര്‍വീസ് വഴി അഞ്ഞൂറോളം ചരക്കുവാഹനങ്ങള്‍ റോഡില്‍നിന്ന് പിന്മാറും. ഇത് സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതതിരക്ക് മാത്രമല്ല ദിനംപ്രതി വര്‍ധിക്കുന്ന റോഡപകടങ്ങളും കുറയ്ക്കും. 

പ്രത്യേക ടൂറിസ്റ്റ് സര്‍വീസുകളും

ഇന്ന് കേരളത്തിലെത്തുന്ന ആഭ്യന്തര-വിനോദ സഞ്ചാരികള്‍ ട്രെയിന്‍യാത്രയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. സില്‍വര്‍ ലൈനിലെ പതിവു സര്‍വീസുകള്‍ ഇവര്‍ക്ക് പ്രയോജനപ്പെടും. മാത്രമല്ല, ഭാവിയില്‍ ഈ പാതയിലൂടെ പ്രത്യേക ടൂറിസ്റ്റ് സര്‍വീസുകള്‍ നടത്താനും കഴിയും.  

സില്‍വര്‍ ലൈന്‍ വഴി  നഗരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം എളുപ്പമാകുന്നതുവഴി സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ച സാധ്യമാകും. നഗരകേന്ദ്രീകരണം വന്‍തോതില്‍ ഒഴിവാക്കപ്പെടും. ഗ്രാമപ്രദേശങ്ങളില്‍നിന്നുപോലും എളുപ്പത്തില്‍ നഗരങ്ങളിലെത്താന്‍ ജനങ്ങള്‍ക്ക് കഴിയുന്നതുകൊണ്ട് താമസം, ഭക്ഷണം എന്നിവ വഴിയുള്ള ജീവിതച്ചെലവ് വന്‍തോതില്‍ കുറയും. 

ഇന്നത്തെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍  കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുന്നതും ഉള്ള റോഡുകള്‍ വീതികൂട്ടുന്നതും പ്രയാസമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഏറ്റെടുക്കേണ്ടിവരുന്നത് 1226.45 ഹെക്ടറാണ്. ഇത് ഒരു നാലുവരി പാത നിര്‍മിക്കുന്നതിനുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ പകുതി മാത്രമാണ്. പുതിയ റോഡുകള്‍ക്കുവേണ്ടിവരുന്ന സാമ്പത്തിക ബാധ്യത ഇങ്ങനെ ഗണ്യമായി കുറയ്ക്കാന്‍ സില്‍വര്‍ ലൈനിലൂടെ കഴിയുമെന്നു മാത്രമല്ല റോഡുകള്‍ക്കുവേണ്ടി നഷ്ടപ്പെടുന്ന ഭൂമിയും ഭൂവുടമകളുടെ കഷ്ടപ്പാടും കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.   

ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച രീതിയിലുള്ള നഷ്ടപരിഹാരമാണ് പദ്ധതിയില്‍ വക കൊള്ളിച്ചിരിക്കുന്നത്. ഇതിനുപുറമെയാണ് പദ്ധതി വഴിയുള്ള പതിനായിരക്കണക്കായ തൊഴിലവസരങ്ങള്‍. നിര്‍മാണ കാലയളവില്‍ പ്രതിവര്‍ഷം അര ലക്ഷം തൊഴിലവസരങ്ങളാണ് പദ്ധതിയൂടെ ലഭിക്കുക. 

മലിനീകരണം കുറയ്ക്കാനാകുന്നത് വലിയ നേട്ടം

സംസ്ഥാനത്ത് നിലവില്‍  റോഡുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നതുകൊണ്ട് അന്തരീക്ഷ മലിനീകരണം ഗണ്യമായി ഇല്ലാതാക്കപ്പെടുന്നുവെന്നു മാത്രമല്ല, നൂറു ശതമാനം ഹരിതോര്‍ജം ഉപയോഗിക്കുന്നതിലൂടെ സില്‍വര്‍ ലൈന്‍ കേരളത്തിനായി മികച്ച പാരിസ്ഥിതിക-സാമൂഹിക- സാമ്പത്തികനേട്ടമാണ്  കൈവരിക്കുന്നത്. നിര്‍മാണ, പ്രവര്‍ത്തന ഘട്ടങ്ങളില്‍ ഈ പദ്ധതി സൗരോര്‍ജം പോലെയുള്ള ഹരിതോര്‍ജമാണ് ഉപയോഗിക്കുന്നത്. 

രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍  ചേര്‍ത്ത്  ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ  മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. കാസര്‍കോട് - തിരൂര്‍ 222 കിലോമീറ്റര്‍  പാത നിലവിലെ റെയില്‍വേ പാതയ്ക്ക് സമാന്തരമായുള്ളതാണ്. തിരൂര്‍ - തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്റര്‍ പാത നിലവിലെ റെയില്‍ പാതയില്‍നിന്നും അകലെയാണ്. സാങ്കേതിക സവിശേഷതകളും നിലവിലെ റെയില്‍പാതയിലെ കൊടുംവളവുകളും കാരണം  പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുക.

പാരീസിലെ സിസ്ട്ര, ജിസി-യാണ് കെ-റെയില്‍ നുവേണ്ടി സാധ്യതാ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതനുസരിച്ച് അഞ്ചു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നത് 66,079 കോടി രൂപയാണ്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും ചേര്‍ന്ന് രൂപം നല്‍കിയ കേരള റെയില്‍ വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതിച്ചെലവിന്‍റെ ഗണ്യമായ ഭാഗം അന്താരാഷ്ട്ര ധനസഹായ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയിലൂടെയാണ് കണ്ടെത്തുന്നത്. 

Follow Us:
Download App:
  • android
  • ios