ദില്ലി: ബജറ്റ് നിർമ്മാണ പ്രക്രിയയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഹൽവ ചടങ്ങ് പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിൽ നടന്നു.

ബജറ്റ് തയ്യാറെടുപ്പുകളുടെ "ലോക്ക്-ഇൻ" പ്രക്രിയയ്ക്ക് മുമ്പായി എല്ലാ വർഷവും പതിവായി ഹൽവ ചടങ്ങ് നടത്തും. നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിൽ ബജറ്റ് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനും അച്ചടി ആരംഭിക്കുന്നതിനും മുന്നോടിയായാണ് ഈ ചടങ്ങ് നടത്താറുളളത്. ഈ വർഷം ബജറ്റിന് കടലാസ് പതിപ്പുകൾ ഉണ്ടാകില്ല. 

ഇത്തവണ കൊവിഡ് പശ്ചത്തലത്തിൽ ബജറ്റ് അവതരണത്തിൽ നിരവധി മാറ്റങ്ങളാണ് വരുത്തിട്ടുളളത്. അതിനാൽ ഈ വർഷം ഹൽവാ ചടങ്ങ് നടത്തില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, രാജ്യത്ത് കൊവിഡ് കേസുകൾ നിയന്ത്രണമായതിനാലും മറ്റ് സുരക്ഷ ക്രമീകരണത്തോടും ഹൽവാ ചടങ്ങ് സംഘടിപ്പിക്കാൻ കേന്ദ്രം പിന്നീട് തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ചടങ്ങ് വൈകിയത്. 

എം പിമാർക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ധനകാര്യ മന്ത്രാലയം 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്' സേവനം ആരംഭിച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ അപ്ലിക്കേഷനിൽ ലഭ്യമാകും.

ചടങ്ങുകൾക്ക് ശേഷം, 2021-22 ലെ കേന്ദ്ര ബജറ്റ് സമാഹാരത്തിന്റെ സ്ഥിതി അവലോകനം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ധനമന്ത്രി ആശംസകൾ അറിയിക്കുകയും ചെയ്തു.

പാർലമെൻ്റിലെ ബജറ്റ് സമ്മേളനം ജനുവരി 29 മുതൽ ആരംഭിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനാണ്. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ് നടക്കുക.