ബാങ്ക് അക്കൗണ്ടുകളില്‍ 48 ശതമാനവും ഉപയോഗിക്കാത്തവയാണെന്നും വോള്‍ഡ് ബാങ്ക്

ദില്ലി: 19 കോടി ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് ലോകബാങ്ക്. എന്നാല്‍ രാജ്യത്തെ 80 ശതമാനത്തിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് എന്ന നേട്ടം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ജന്‍ധന്‍, ആധാര്‍ പദ്ധതികളിലൂടെ സാധിച്ചതായും ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ ഗ്ലോബല്‍ ഫിന്‍ഡെക്സ് ഡേറ്റാബേസ് വ്യക്തമാക്കുന്നു.

എല്ലാവരെയും ബാങ്ക് അക്കൗണ്ട് ഉടമകളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി തുടങ്ങിയത്. ഇന്ത്യയില്‍ നിലവിലുളള ബാങ്ക് അക്കൗണ്ടുകളില്‍ 48 ശതമാനവും ഉപയോഗിക്കാത്തവയാണെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ നിര്‍ജീവ ബാങ്ക് അക്കൗണ്ടുകളുളള രാജ്യവും ഇതോടെ ഇന്ത്യയായി മാറി.

വികസ്വര രാജ്യങ്ങളിലെ നിര്‍ജീവ അവസ്ഥയിലുളള ബാങ്ക് അക്കൗണ്ടുകളുടെ ശരാശരി 25 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ ശരാശരിയെക്കാള്‍ ഇരട്ടി നിര്‍ജീവ ബാങ്ക് അക്കൗണ്ടുകളുണ്ട്.