ദില്ലി: സാനിറ്ററി നാപ്കിന്‍,ഫ്രിഡ്ജ് തുടങ്ങി വിവിധ ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നികുതി നിരക്ക് കുറയ്ക്കാന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28-ാം യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം. 

ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ക്ക് ഈടാക്കിയിരുന്ന 12 ശതമാനം ജിഎസ്ടി പൂര്‍ണമായും എടുത്തു കളഞ്ഞിട്ടുണ്ട്. സാനിറ്ററി പാഡുകള്‍ക്ക് ജിഎസ്ടി ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

മുളയുല്‍പന്നങ്ങള്‍ക്ക് ഈടാക്കായിരുന്ന 12 ശതമാനം ജിഎസ്ടി നികുതിയും എടുത്തുകളഞ്ഞു. മുളയുല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരമ്പാരഗത തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഈ തീരുമാനം ഗുണപ്രദമാക്കും. 

പെയിന്റ് ഉല്‍പന്നങ്ങളുടെ ജിഎസ്ടി 28-ല്‍ നിന്നും 18 ആയി കുറയ്ക്കാനുള്ള തീരുമാനം നിര്‍മ്മാണമേഖലയ്ക്ക് ആശ്വാസമേക്കും.  

66 ഇഞ്ച് വരെ വലിപ്പം വരുന്ന ടിവിയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ആക്കി കുറച്ചിട്ടുണ്ട്. ഫ്രിഡ്ജിന്റെ ജിഎസ്ടിയും 28-ല്‍ നിന്നും 18-ആക്കി പുനര്‍നിര്‍ണയിച്ചു.