മുംബൈ: ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതോടെ ഉടലെടുത്ത നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപാ നോട്ടുകളുടെ പ്രതിദിന അച്ചടി മൂന്നിരട്ടിയാക്കി ഉയര്‍ത്തി. നാസിക്കിലെ കറന്‍സി നോട്ട് പ്രസിലാണ് പുതിയ കറന്‍സികള്‍ അച്ചടിക്കുന്നത്. നവംബര്‍ മധ്യത്തില്‍ 35 ലക്ഷം 500 രൂപാ കറന്‍സി പ്രതിദിനം അച്ചടിച്ചിരുന്നതാണ് ഇപ്പോള്‍ ഒരു കോടിയായി ഉയര്‍ത്തിയത്. 

100 രൂപ, 20 രൂപ, 10 രൂപ നോട്ടുകളും ഇവിടെ അച്ചടിക്കുന്നുണ്ട്. മൂന്നുംകൂടി ഒമ്പത് കോടി നോട്ടുകള്‍. 2000 രൂപയുടെ നോട്ടുകള്‍ നാസിക്കിലെ പ്രസില്‍ അച്ചടിക്കുന്നില്ല. ഞായറാഴ്ചകളില്‍ അവധിയില്ലാതെ, വിശ്രമിക്കാന്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായി 11 മണിക്കൂറാണ് നാസിക്കിലെ പ്രസില്‍ ഇപ്പോള്‍ പ്രിന്റിംഗ് നടക്കുന്നത്. നവംബര്‍ എട്ടിനു ശേഷമുള്ള 43 ദിവസംകൊണ്ട് വിവിധ തുകയുടെ 82.8 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് ഇവിടെനിന്നു പോയിട്ടുണ്ട്. ജനുവരി 31നു മുമ്പ് 80 കോടി നോട്ടുകള്‍കൂടി റിസര്‍വ് ബാങ്കിലേക്ക് അയയ്ക്കാനാവുമെന്നാണ് കരുതുന്നതെന്ന് പ്രസ് അധികൃതര്‍ അറിയിച്ചു.